കൂടുതല്‍പ്പേരും ഭഗവാനെ ഉറക്കെ വിളിക്കുന്നു, കുറഞ്ഞപക്ഷം അവര്‍ക്ക് സങ്കടം വരുമ്പോഴെങ്കിലും. ആരാണീ ഭഗവാന്‍? എന്താണ് ഭഗവാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? നമുക്കു ഒന്നു ശ്രമിച്ചു നോക്ക‍ാം.

മലയാളത്തില്‍ ന‍ാം വിഗ്രഹിച്ചു സമാസം പറയാറുണ്ടല്ലോ.

ബലവാന്‍ എന്നാല്‍ ബലം ഉള്ളവന്‍, അപ്പോള്‍ ഭഗവാന്‍? ഭഗം ഉള്ളവന്‍ എന്നാണോ?
ശീലാവതി എന്നാല്‍ (നല്ല) ശീലം ഉള്ളവള്‍, അപ്പോള്‍ ഭഗവതി? (നല്ല) ഭഗം ഉള്ളവള്‍ എന്നാണോ?
നിങ്ങള്‍തന്നെ പറയൂ.

ഭഗം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കിലും കൂടുതല്‍പ്പേരും (കുറഞ്ഞപക്ഷം ആണുങ്ങള്‍) ഭഗശിശ്നിക എന്ന വാക്ക് കേട്ടുകാണും!

ഭഗശിശ്നിക എന്നാല്‍ പുരുഷന്മാരുടെ ലിംഗത്തിനോട് സാദൃശ്യമുള്ള, യോനിയുടെ മുകള്‍ഭാഗത്തുള്ള അവയവം. ഭഗാങ്കുരം, ഭഗകര്‍ണിക, കൃസരി, യോനിച്ഛദം എന്നും അറിയപ്പെടുന്നു. കന്ത് എന്ന് ചിലര്‍ അശ്ലീലമായി ഉപയോഗിക്കുന്നു. ആംഗലേയം Clitoris.

അപ്പോള്‍ എന്താ ഭഗം എന്ന വാക്കിനര്‍ത്ഥം? അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഊഹിച്ചു കണ്ടുപിടിക്ക‍ാം!

ശരി, നമുക്കു ചില ബന്ധപ്പെട്ട മലയാളം / സംസ്കൃതം വാക്കുകളുടെ അര്‍ത്ഥം ശബ്ദസാഗരം മലയാളം നിഘണ്ടുവില്‍ നോക്ക‍ാം.

ഭഗം:
•   സ്ത്രീയുടെ ഗുഹ്യം, യോനി
•   ലിംഗത്തിനും ഗുദത്തിനും ഇടക്കുള്ള ഭാഗം
•   ഐശ്വര്യം, ഭാഗ്യം
•   ശോഭ, സൗന്ദര്യം
•   ശ്രേഷ്ഠത
•   സര്‍വ്വശക്തി
•   സമ്പൂര്‍ണ്ണമായ ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം ഇവ ആറും കൂടിയത്

ഭഗവത്:
•   ഭഗമുള്ള (ഐശ്വര്യമുള്ള, ദിവ്യമായ)

ഭഗവാന്‍:
•   ഈശ്വരന്‍
•   സമ്പൂര്‍ണ്ണമായ ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നിവയുള്ളവന്‍
•   ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നീ ഷഡ്ഗുണങ്ങളോട് കൂടിയവന്‍

യോനി:
•   സ്ത്രീകളുടെ ഗുഹ്യാവയവം
•   ഗര്‍ഭപാത്രം, ഗര്‍ഭാശയം
•   ജനനസ്ഥലം
•   ഉദ്ഭവം, സ്രോതസ്സ്, ഉറവ്
•   വിശ്രമസ്ഥലം, സൂക്ഷിപ്പുസ്ഥലം
•   പാത്രം, ഇരിപ്പിടം
•   വാസസ്ഥലം

ലിംഗം:
•   അടയാളം
•   ശിവലിംഗം
•   പുരുഷന്റെ അടയാളം
•   പുരുഷന്റെ ലൈംഗികാവയവം
•   സൂക്ഷ്മശരീരം

ഇതുവരെ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയം ആയിരുന്നു! ഇനി നമുക്ക് ചിന്താവിഷയത്തിലേക്ക് വര‍ാം.

ഭഗവും ഭഗവാനും മനസ്സിലായില്ലേ? ഇനി നമുക്ക് യോനിയും ലിംഗവും പരിശോധിക്ക‍ാം.

ശിവക്ഷേത്രങ്ങളില്‍ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്‌ യോനീപീഠത്തിലാണ്. എന്താ അതിനര്‍ത്ഥം?

ലിംഗം എന്നാല്‍ സൂക്ഷ്മശരീരം, അഥവാ ആത്മാവ് (ദേഹി).

യോനി എന്നാല്‍ വാസസ്ഥലം അഥവാ സൂക്ഷ്മശരീരത്തിന്റെ വാസസ്ഥലം. അതായത് നമ്മുടെ സ്ഥൂലശരീരം (ദേഹം) എന്നെടുക്ക‍ാം, അല്ലേ?

അപ്പോള്‍ യോനിയില്‍ പ്രതിഷ്ഠിച്ച ലിംഗം എന്നാല്‍ നമ്മുടെ ശരീരത്തിലുള്ള ആത്മാവ് എന്നര്‍ത്ഥം വരും, ശരിയല്ലേ?

ഇനി പറയൂ, ന‍ാം ആരെയാണ് ശിവക്ഷേത്രങ്ങളില്‍ പൂജിക്കുന്നത്?

ഓരോരുത്തരും ഈ ദേഹമല്ല, ദേഹി (ആത്മാവ്) ആണ് ഞാന്‍ എന്ന് മനസ്സിലാക്കിയാല്‍, അവനവനെ തന്നെയാണ് ന‍ാം ക്ഷേത്രത്തില്‍ തൊഴുന്നതും പൂജിക്കുന്നതും, അല്ലേ?

ക്ഷേത്രത്തില്‍ പോകുമ്പോള്‍ നമ്മള്‍ ആരുംതന്നെ യോനീപീഠം കാണാറില്ല, അല്ലേ? ശിവലിംഗം മാത്രം ഉയര്‍ന്നു കാണ‍ാം. എന്തുകൊണ്ട്?

നമ്മളാരും ഈ ദേഹമല്ല, ദേഹിയാണ് എന്നും ആത്മാവാണ് ഉയര്‍ന്നുനില്ക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനും, ആത്മാവിനെ നമസ്കരിക്കുന്നതിനും ആയിരിക്ക‍ാം.

പക്ഷെ, എന്തിനാ ഒരു കല്ലിനെ പൂജിക്കുന്നത്?

ഒരു സാധാരണ മനുഷ്യന് സങ്കല്പങ്ങള്‍ വളരെ ആവശ്യമാണ്.

നമ്മള്‍ എല്ലാവരും തന്നെ മരിച്ചവരുടെ പടം വീടുകളില്‍ വയ്ക്കുന്നു, എന്തിന്? ആ ഫോട്ടോ കാണുമ്പോഴെങ്കിലും ന‍ാം അവരെ ഓര്‍ക്കുകയും നന്മ പ്രവര്‍ത്തിക്കയും ചെയ്യും. ശരിയല്ലേ?

അതുകൊണ്ടായിരിക്ക‍ാം ക്ഷേത്രങ്ങളില്‍ കൃഷ്ണശിലയില്‍ (നല്ല ഉറച്ച കരിങ്കല്ല്) കൊത്തിയ, ഒരിക്കലും മഴയിലും വെയിലിലും നശിക്കാത്ത ശിലയില്‍ ഓരോ മനുഷ്യന്റെയും പരിശ്ചേദം കൊത്തിവച്ചിരിക്കുന്നത്.

വിഗ്രഹം എന്നാല്‍ വിശേഷാല്‍ ഗ്രഹിക്കേണ്ടത് എന്നര്‍ത്ഥം. കൃഷ്ണശിലയില്‍ കൊത്തിവച്ചിരിക്കുന്ന അമ്പലങ്ങളിലെ വിഗ്രഹങ്ങളെ ന‍ാം വിശേഷാല്‍ മനസ്സിലാക്കണം. അല്ലാതെ ന‍ാം കല്ലിനെ തള്ളിപ്പറയുന്നത് ശരിയാണോ?

ഇനി പറയൂ, വിഗ്രഹാരാധന തെറ്റാണോ?