അമൃതാനന്ദമയി അമ്മ

നന്മ സംഭവിക്കുവാന്‍ പ്രയത്നം ആവശ്യമാണ്

അമൃതാനന്ദമയി അമ്മ

പല മക്കളും ഭാവിയിലോ ഭൂതകാലത്തോ ആണ് ജീവിക്കുന്നത്. കഴിഞ്ഞകാലത്ത് അനുഭവിച്ച വേദനകളെപ്പറ്റി വിഷമിക്കുക, അല്ലെങ്കില്‍ ഭാവിയില്‍ എന്താവുമെന്ന് വ്യാകുലപ്പെടുക, ഇതല്ലേ മക്കള്‍ സാധാരണചെയ്യുന്നത്? വര്‍ത്തമാനകാലത്തെ സന്തോഷംപോലും പലരും അറിയുന്നില്ല. ജീവിത്തന്റെ സൗന്ദര്യവും സന്തോഷവും നമ്മള്‍ മറക്കുന്നു. നമ്മുടെ മനസ്സിന്റെ സ്ഥിതിയാണ് ഇതിനു കാരണം. നമ്മള്‍ ഒരു തയ്യല്‍ക്കാരനെപ്പോലെ ആകണം എന്നു പറഞ്ഞാല്‍ തുണിതയ്ക്കണം എന്നല്ല അര്‍ഥം. ഓരോതവണയും നമ്മള്‍ തയ്യല്‍ക്കാരന്റെ അടുത്ത് പോകുമ്പോള്‍ അളവെടുത്താണ് നമുക്ക് വസ്ത്രം തുന്നുന്നത്. കഴിഞ്ഞമാസം ചെന്ന് തയ്പിച്ചപ്പോഴുള്ള അളവ് അയാളുടെ പുസ്തകത്തില്‍ ഉണ്ടെങ്കിലും ഇത്തവണയും അയാള്‍ അളവെടുക്കും. കൈയുടെ വണ്ണം കൂടിയോ കുറഞ്ഞോ, ഉയരം കൂടിയോ എന്നൊക്കെ അയാള്‍ അളന്നു നോക്കും. നേരത്തെ എത്ര വണ്ണം ഉണ്ടായിരുന്നു എന്നത് അയാള്‍ക്കു വിഷയമല്ല ഈ നിമിഷം ഉള്ള അളവ് അനുസരിച്ചാണ് വസ്ത്രം തുന്നേണ്ടത്. ഈ നിമിഷമാണ് നമ്മുടെ മുന്നിലുള്ളത്. മുന്‍വിധിയുമായി ഈ നിമിഷത്തെ സമീപിക്കരുത്. പണ്ട് എന്തു നടന്നു, ഭാവിയില്‍ എന്തുനടക്കും എന്ന് വ്യാകുലപ്പെട്ടു ജീവിച്ചാല്‍ ഈ നിമിഷത്തിന്റെ സൗന്ദര്യം കൂടി നമുക്ക് കിട്ടില്ല.

ട്രെയിന്‍ യാത്രയ്ക്കിടയില്‍ രണ്ട് അപരിചിതര്‍ കണ്ടുമുട്ടിയ കഥ കേട്ടിട്ടില്ലേ? തൊട്ടടുത്തിരുന്ന യാത്രക്കാരനോട് ചെറുപ്പക്കാരനായ യാത്രക്കാരന്‍ സമയം തിരക്കി. സമയം പറയുന്നതിനു പകരം അയാള്‍ ഈ ചെറുപ്പക്കാരനെ ചീത്ത വിളിച്ചു. വീണ്ടും വീണ്ടും ചീത്തവിളിക്കുന്നതു കേട്ട് കമ്പാര്‍ട്ട്മെന്റില്‍ ഇരുന്ന മറ്റൊരാള്‍ ഇതില്‍ ഇടപെട്ടു.’ഇത്രയേറെ ചീത്ത വിളിക്കാന്‍ എന്താണ് കാര്യം? സമയം ചോദിക്കുക മാത്രമല്ലേ അയാള്‍ ചെയ്തത്?’ ഒരാള്‍ ചോദിച്ചു.

അപ്പോള്‍ ചീത്ത വിളിക്കുന്ന ആള്‍ പറഞ്ഞു:’ഇവര്‍ ഇപ്പോള്‍ എന്നോട് സമയം ചോദിച്ചു. ഞാന്‍ സമയം പറയും. അതു കഴിയുമ്പോള്‍ എന്നോട് ഇവര്‍ കാലാവസ്ഥയെപ്പറ്റി പറയും. അതുകഴിഞ്ഞ് പത്രവാര്‍ത്തയെപ്പറ്റി പറയും തുടര്‍ന്ന് എനിക്ക് ഇഷ്ടമുള്ള ഒരു വിഷയം സംസാരിച്ചു തുടങ്ങും. ഏതോ ജോലി തേടിപ്പോകുന്ന ഇവന്റെ സംസാരം എനിക്ക് ഇഷ്ടപ്പെടേണ്ടിവരും. അതുകൊണ്ട് ഈ ചെറുപ്പക്കാരനെ വീട്ടില്‍ വിളിച്ചുകൊണ്ടു പോകും. എനിക്ക് കാണാന്‍ കൊള്ളാവുന്ന ഒരു മകളുണ്ട്. എന്റെ അളവറ്റ സ്വത്തിന്റെ മുഴുവന്‍ അനന്തരാവകാശി അവളാണ്. വീട്ടില്‍ വരുന്ന ഇവന്റെ സംഭാഷണ ചാതുര്യത്തില്‍ എന്റെ മകള്‍ മയങ്ങി വീഴും. പിന്നെ അവന്‍ എന്നോട് അവളെ കല്ല്യാണം കഴിച്ചുക്കൊടുക്കാന്‍ പറഞ്ഞേക്കാം. സ്വന്തമായി വാച്ചുപോലും വാങ്ങികൊട്ടാന്‍ കഴിവില്ലാത്ത ഇവന് എന്റ മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായോക്കാം.’ ഒറ്റശ്വാസത്തിലാണ് അയാള്‍ ഇതു പറഞ്ഞു നിര്‍ത്തിയത്. നോക്കൂ അയാളുടെ മനസ്സ് എവിടെ വരെ പോയി? ഒരു സഹയാത്രികനെക്കുറിച്ച് എന്തെല്ലാം ചിന്തിച്ചുകൂട്ടി? ട്രെയിനിന്റെ ജനാലയിലൂടെകാണുന്ന ഭംഗിയുള്ള പ്രക‍ൃതിദൃശ്യങ്ങള്‍ അയാള്‍ കണ്ടില്ല. യാത്രയുടെ ഭംഗി അയാള്‍ക്ക് കിട്ടിയില്ല. ഇതുപോലെയാവരുത് മക്കളുടെ മനസ്സ്. ലോകത്തെ ഏറ്റവും വലിയ സഞ്ചാരി നമ്മുടെ മനസ്സാണ്. മനസ്സിനെ നിയന്ത്രിക്കുന്നതില്‍ കുറച്ച് പ്രയത്നം വേണം. ചിലര്‍ പറഞ്ഞു കേട്ടിട്ടില്ലേ, ‘എന്റെ മകന് നല്ലബുദ്ധിയാണ് പക്ഷേ പഠിക്കാന്‍ അവന് ആഗ്രഹമില്ല’ എന്ന്. ആഗ്രഹം ഇല്ലാതെ ബുദ്ധിയുണ്ടായിട്ട് എന്താണ് ഗുണം? അപ്പോള്‍ ബുദ്ധി ഉണ്ടെങ്കിലും പഠിക്കാന്‍ ആഗ്രഹം ഉണ്ടാകണം പ്രയത്നം ഉണ്ടാവണം. നമ്മുടെ ഭാഗത്തുനിന്ന് വേണം പ്രയത്നം തുടങ്ങേണ്ടത്.

ചില മക്കള്‍ അമ്മയോട് പറയാറുണ്ട്:’അമ്മാ, പ്രാര്‍ഥിച്ചിട്ടും അമ്പലത്തില്‍ പോയിട്ടും ഞങ്ങള്‍ക്ക് എന്നും ദുഃഖമാണ്. പക്ഷേ, ദൈവത്തെ നിന്ദിക്കുന്ന ഞങ്ങളുടെ അയല്‍ക്കാരന് സൗഭാഗ്യങ്ങള്‍ നിറയുന്നു. ഈശ്വരവിശ്വാസം കൂടി നഷ്ടപ്പെടുന്നു.’ മക്കളെ ഇങ്ങനെ പറയരുത്. ഇതൊക്കെക്കണ്ട് നമ്മള്‍ ആകാശത്തേക്ക്, വായുവിലേക്ക് എടുത്തു ചാടാന്‍ പാടില്ല. മാത്രമല്ല, ഒരു കടലാസ് തോണിപോലെ മുങ്ങിപ്പോകാനും പാടില്ല. നമ്മള്‍ എഴുതുമ്പോള്‍ ഒരു വാചകം കഴിഞ്ഞ് കുത്ത് ഇടുന്നത് എന്തിനാണ്? അടുത്തവാചകം തുടങ്ങാനാണ്. ഇതുപോലെയാവണം നമ്മുടെ ജീവിതവും. വേദനകളില്‍ ഈശ്വരനെ മുറുകെപ്പിടിക്കണം. അല്ലാതെ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമം ഉണ്ടാവരുത്. സഞ്ചാരിയായ മനസ്സ് നമ്മോട് പലതും പറയും. കഷ്ടകാലങ്ങള്‍ തുടരെത്തുടരെ വരുമ്പോള്‍ മനസ്സ് പതറരുത്. നമ്മുടെ മനസ്സിനെ പാകപ്പെടുത്തി എടുക്കണം. അല്ലാതെ ദുഃഖിച്ചുമാത്രം കഴിയുകയല്ല വേണ്ടത്. കാലചക്രം മുന്നോട്ട് ഉരുളുകയാണ്. പ്രാരബ്ധങ്ങള്‍ പലരീതിയില്‍ വരാം. ഉടനെ മാറുന്നത് ഉണ്ടാവാം, കാലം ചെല്ലുമ്പോള്‍ മാറുന്നതും ഉണ്ടാവാം.

അതുകൊണ്ട് വിഷമിച്ച് ജീവിതം അവസാനിപ്പിക്കുവാന്‍ ആലോചിക്കരുത്. വിഷമങ്ങള്‍ പ്രാര്‍ഥനകൊണ്ട് മാറുന്നവയാണ്. പ്രാര്‍ഥനയില്‍ മുറുകെപ്പിടിക്കുക. എല്ലാറ്റിനും പരിഹാരമുണ്ടാവും. ചിലരോഗങ്ങള്‍ മരുന്നുകൊണ്ട് മാറും മറ്റു ചിലരോഗങ്ങള്‍ക്ക് ഓപ്പറേഷന്‍ വേണ്ടിവരും. ഇതുപോലെയാണ് വിഷമങ്ങളും. അതുകൊണ്ട് ഈശ്വരനെ, പരമാത്മാവിനെ മക്കള്‍ മുറുകെപ്പിടിക്കുക. അതിന് പ്രയത്നം ആവശ്യമാണ്. നന്മ സംഭവിക്കുവാന്‍ തീര്‍ച്ചയായും പ്രയത്നം ആവശ്യമാണ്. വെറുതെ ചിന്തിച്ച്, ദുഃഖിച്ച് നടക്കാന്‍ ഒരു പ്രയത്നവും ആവശ്യമില്ല.

കാലവും പ്രയത്നവും ഈശ്വരാനുഗ്രഹവും നമുക്ക് ആവശ്യമാണ്. ഒരു റോസാച്ചെടി നട്ടാല്‍ നമ്മള്‍ അതിന് വളവും വെള്ളവും നല്കണം. മാത്രമല്ല കുറച്ചു നാളുകള്‍ക്ക് ശേഷമാണ് അത് നല്ല പൂക്കള്‍ നല്കുന്നത് ഇതിനിടയില്‍ ഒരു വെള്ളപ്പൊക്കം വന്നാല്‍ ഈ ചെടി നശിച്ചു പോകാം അതുകൊണ്ട് നമ്മുടെ പ്രയത്നത്തോടൊപ്പം ഈശ്വരാനുഗ്രഹവും ആവശ്യമാണ്. മാത്രമല്ല , നമ്മുടെ പ്രയത്നം ഉടന്‍ ഫലം തരണം എന്നുമില്ല. ഒരുകാര്യം അമ്മ പറയാം, ഈശ്വരാനുഗ്രഹം ഉണ്ടെങ്കില്‍ മക്കളുടെ പ്രയത്നത്തിന് തീര്‍ച്ചയായും ഫലംകിട്ടും.

കടപ്പാട്: മാതൃഭുമി

Back to top button