അമൃതാനന്ദമയി അമ്മ

ജ്ഞാനം ഉദിക്കുന്നതുവരെ അറിവില്ലായ്മയെക്കുറിച്ച് മനസ്സിലാകില്ല. അറിവില്ലായ്മ എപ്പോള്‍ തുടങ്ങിയെന്ന് മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ശരീരമാണ് പ്രധാനം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് അറിവില്ലായ്മയാണ്. ആത്മാവിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ശരീരമാണ് പ്രധാനം എന്ന് തോന്നുന്ന അവസ്ഥയാണ് പലര്‍ക്കും. മനസ്സിനെ അടക്കാനുള്ള കഴിവാണ് എല്ലാവരും ആര്‍ജിക്കേണ്ടത്. എല്ലാത്തിനെയും സ്വാഗതം ചെയ്യാനുള്ള മനസ്സ് എന്നു പറയുമ്പോള്‍ നന്മയെ സ്വീകരിക്കാനുള്ള മനസ്സ് എന്നാണ് അമ്മ അര്‍ത്ഥമാക്കുന്നത്. ആ ഭാവമാണ് മക്കള്‍ വളര്‍ത്തിയെടുക്കേണ്ടത്. ആത്മീയബോധം വളര്‍ന്നാല്‍ ദുഃഖത്തിലും സമാധാനം കിട്ടും. മാത്രമല്ല സന്തോഷവേളകളിലും നമ്മുടെ മനസ്സ് സ്ഥിരമായിരിക്കും.

നമ്മുടെ ദുഃഖങ്ങള്‍ ഈശ്വരന് സമര്‍പ്പിച്ചാല്‍ പകുതി വിഷമംമാറും. പക്ഷേ ഇപ്പോള്‍ എന്താണ് നമുക്ക് ചുറ്റും നടക്കുന്നത്? ദുരിതങ്ങളും ദുഃഖങ്ങളും സ്വയം ചുമക്കുന്നു. അതോടെ മനോവിഷമം വര്‍ധിക്കുകയാണ്. തന്മൂലം ​മക്കള്‍ മനോരോഗങ്ങള്‍ക്ക് അടിമപ്പെടുന്നു.

മാത്രമല്ല, ഒരു തെറ്റ് മറയ്ക്കുവാന്‍ നമ്മള്‍ എത്രയേറെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു? തെറ്റ് ആവര്‍ത്തിക്കാന്‍ ഉപദേശം തരുന്ന കൂട്ടുകാരും ഉണ്ടാവാം. വിവാഹം ആലോചിച്ച് പെണ്ണുകാണാന്‍പോയപ്പോള്‍ ഒരു കുട്ടുകാരനെക്കൂടി കൊണ്ടുപോയ ഒരു ചെറുപ്പക്കാരന്റെ അനുഭവമുണ്ട്. അവര്‍ ഭാവി വധുവിന്റെ വീട്ടില്‍ച്ചെന്ന് പെണ്ണിനെ കണ്ടതിന് ശേഷം സംസാരിച്ചിരിക്കുകയായിരുന്നു. പെണ്ണിന്റെ അച്ഛന്‍ ധനികനായിരുന്നു. ഒരു ധൈര്യത്തിനാണ് വാചാലനായ കൂട്ടുകാരനെ കൊണ്ടുപോയത്. കാപ്പിയും പലഹാരവും കഴിച്ചതിനുശേഷം സംസാരം തുടങ്ങി. പെണ്ണിന്റെ അച്ഛന്‍ ചോദിച്ചു: ‘ബിസിനസ്സ് എങ്ങനെ നടക്കുന്നു?’

വളരെ വിനയത്തോട, പെണ്ണുകാണാന്‍ എത്തിയ പയ്യന്‍ പറഞ്ഞു: ‘ചെറിയ ബിസിനസ്സാണ്, വലിയ കുഴപ്പമില്ലാതെ പോകുന്നു.’ ധൈര്യത്തിന് കൂടെ കൊണ്ടുപോയ കൂട്ടുകാരന്‍ ഇടപെട്ടു. ‘എന്താ നീ ഇങ്ങനെ പറയുന്നത്. സാറേ, ഇവന് ഇരുപത്തി ഏഴ് കടകള്‍ ഉണ്ട്. പല ജില്ലകളിലും ഇവന്‍ ബ്രാഞ്ച് തുറക്കാന്‍ പോകുകയാണ്. ഇവന്റെ വിനയം കൊണ്ടാണ്. ഇങ്ങനെ ചെറുതാക്കി പറയുന്നത്.’

പെണ്ണിന്റെ അച്ഛന്‍ വീണ്ടും ചോദിച്ചു:’എവിടെയാണ് വീട് വെച്ചിരിക്കുന്നത്?’

പയ്യന്‍ മറുപടിപറഞ്ഞു.’ചെറിയാരു വീട് സ്വന്തമായുണ്ട്.’ ‘സാര്‍, ഇവന്‍ എളിമ പറയുകയാണ്. ഇവന്‍ താമസിക്കുന്ന ടൗണിലെ ഏറ്റവും വലിയ ബംഗ്ലാവ് ഇവന്റെയാണ്. രണ്ടു മൂന്ന് വീടുകള്‍ കൂടി പണിതീര്‍ന്നുകാണ്ടിരിക്കുന്നു.’

കാറുകളെക്കുറിച്ച് സംസാരിച്ചുവരവെ പെണ്ണിന്റെ അച്ഛന്‍ ചോദിച്ചു: ‘ഏതുകാറാണ് ഇപ്പോഴുള്ളത്?’

‘എന്റെ അത്യാവിശ്യകാര്യങ്ങള്‍ നടത്താന്‍ ചെറിയ കാറുണ്ട്.’ പയ്യന്‍ മറുപടി പറഞ്ഞു. കൂട്ടുകാരന്‍ വിട്ടില്ല. ‘ഇവന് ഇപ്പോള്‍തന്നെ മൂന്ന് കാറുണ്ട്. കൂടാതെ വിദേശത്തുനിന്ന് നാലെണ്ണംകൂടി ഉടന്‍ വരും.’

പെട്ടന്നാണ് പെണ്ണുകാണാന്‍ എത്തിയ പയ്യന് ഒരു ചുമ വന്നത്. ചുമകേട്ട് പെണ്ണിന്റെ അച്ഛന്‍ ചോദിച്ചു: ‘എന്താ മോനേ, നിനക്ക് ജലദോഷമുണ്ടോ?’

‘രണ്ടുദിവസമായി ചെറിയാരു ജലദോഷമുണ്ട്.’ പയ്യന്‍ മറുപടി പറഞ്ഞു. കൂട്ടുകാരന്‍ വിട്ടില്ല. ‘സാറേ,ഇവന്‍ വിനയംകാണ്ട് പറയുകയാണ്. ഇവന് ചറിയ ജലദോഷം അല്ല വലിയ അസുഖം തന്നെയാണ്. ക്ഷയത്തിന്റെ പുതിയ ഇനമാണിത്. ഞങ്ങള്‍ പോയി വലിയ ഡോക്ടറെ കണ്ടു. കുറേ വര്‍ഷം മരുന്നു ക‌ഴിക്കണമെന്നു പറഞ്ഞു. എല്ലാം വളരെ വിലകൂടിയ മരുന്നാണ്. ഇവന്‍ അതെല്ലാം വാങ്ങിക്കഴിക്കുന്നു. പണം ഉള്ളതുകൊണ്ട് ഇവന് ആ മരുന്നുകള്‍ വാങ്ങാന്‍ സാധിക്കും.’

വിവാഹാലോചന എവിടെച്ചെന്ന് അവസാനിച്ചു എന്ന് മക്കള്‍ക്ക് മനസ്സിലായല്ലോ? ഇതാണ് ഇപ്പോഴത്തെ പ്രശ്നം. നമ്മുടെ കൂടെ നമ്മെ സഹായിക്കാന്‍ എത്തിയ സ്നേഹിതന്‍ ചെയ്ത പ്രവൃ‍ത്തി കണ്ടോ? ഇതുപോലെ ഒരു കള്ളം പറഞ്ഞ് കള്ളങ്ങളുടെ ചങ്ങലതന്നെ നമ്മള്‍ ഉണ്ടാക്കുന്നു.

തെറ്റുചെയ്യുന്നതും അങ്ങനെത്തന്നയല്ലേ? ആദ്യം ചെയ്ത തെറ്റ് മറച്ചു വെക്കാന്‍ തെറ്റുകളുടെ നിരതന്നെ ചെയ്യേണ്ടിവരുന്ന ആളുകളെ കണ്ടിട്ടില്ലേ? ഇവരൊക്കെ പിടിക്കപ്പെടുമ്പോഴാണ് ഇവരുടെ തെറ്റുകളുടെ കൂമ്പാരം മനസ്സിലാവുന്നത്. ലോകത്തിന്റെ മുന്‍പില്‍ ഇവര്‍ അപഹാസ്യരായിത്തീരും. മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യരുത്. നമ്മുടെ മനസ്സാക്ഷി പറയുന്നത് നന്മചെയ്യാനാണ്. ഈ വാക്കു കേള്‍ക്കാന്‍ ആത്മീയമായി ഉണരണം.

ഋഷീശ്വരന്മാര്‍ ജീവിതത്തെ നീര്‍കുമിളകളോട് ഉപമിച്ചിട്ടുണ്ട്. ജീവിതത്തെയല്ല നമ്മുടെ അഹങ്കാരത്തെയാണ്, അഹംഭാവത്തെയാണ് കുമിളയോട് ഉപമിച്ചത്​എന്ന് അമ്മയ്ക്ക് തോന്നുന്നു. അനന്തമായ കാലത്തില്‍ നമുക്ക് ലഭിച്ച മനുഷ്യജീവിതത്തെ ഈ സോപ്പുകുമിളപോലെ നശിപ്പിച്ചു കളയരുത്. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചയ്യുന്ന ഓരോ കര്‍മ്മങ്ങളും സുഖമരണത്തിനുള്ള തയ്യാറെടുപ്പുകളാണ്. ജനിക്കുക എന്നത് പരമാത്മാവ് നമുക്ക് തന്നിരിക്കുന്ന അനുഗ്രഹമാണ്.

ഈ ജീവിതത്തില്‍ തെറ്റായ ചുവടുകള്‍ മക്കള്‍ വയ്ക്കരുത്. മരണവും ജനനവും നമ്മുടെ ബോധങ്ങള്‍ക്ക് പുറത്ത് സംഭവിക്കുന്നതാണ്. അപ്പോള്‍ ബോധത്തോടെ ജീവിക്കുന്ന ഈ ചെറിയ ജീവിതത്തില്‍ നന്മകള്‍ ചെയ്യാന്‍ മക്കള്‍ ശ്രമിക്കണം. ശരീരം സത്യവും ആത്മാവ് മിഥ്യയുമാണ് എന്ന തെറ്റായ ധാരണയാണ് ഇപ്പോഴുള്ളത്. ആത്മാവിനെ നമ്മള്‍ മറന്നിരിക്കുന്നു ആത്മാവ് എന്ന സത്യത്തെ മക്കള്‍ മറക്കരുത്. മറക്കാതിരിക്കാന്‍ നമുക്കു വേണ്ടത് ആത്മീയജ്ഞാനമാണ്.

കടപ്പാട്: മാതൃഭുമി