അമൃതാനന്ദമയി അമ്മ
അമ്മയുടെ ചെറുപ്പകാലത്തെ ചില കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍മവരുന്നു. കടല്‍ത്തീരത്തെ കുടുംബത്തിലായിരുന്നു അമ്മയുടെ ജനനം. വീട്ടില്‍ പശു ഉണ്ടായിരുന്നു. വീട്ടുജോലികള്‍ എല്ലാം അമ്മചെയ്തിരുന്നു. തൂത്തുകൊണ്ടിട്ടിരിക്കുന്ന കുപ്പയില്‍കിടക്കുന്ന കടലാസില്‍ അറിയാതെ ചവിട്ടിയാല്‍പ്പോലും അമ്മ തൊട്ടുതൊഴുവുമായിരുന്നു. കാരണം അങ്ങനെ ചെയ്തില്ലങ്കില്‍ പ്രസവിച്ച അമ്മയില്‍ നിന്നും അടികിട്ടും. അത് വെറും കടലാസല്ല സരസ്വതീ ദേവിയാണെന്ന് അമ്മ പറഞ്ഞു തരും. ചാണകത്തില്‍ ചവിട്ടിയാലും തൊട്ടു തൊഴണം. ചാണകത്തില്‍നിന്നാണ് പുല്ലുവളരുന്നതിനുള്ള വളം ഉണ്ടാവുന്നത്. പുല്ലു പശു തിന്നുന്നു. വീട്ടിന്റെ വാതില്‍പ്പടിയില്‍ ചവിട്ടരുത്. അഥവാ ചവിട്ടിയാല്‍ തന്നെ തൊട്ടുതൊഴണം എന്ന് അമ്മ പറഞ്ഞുതരുമായിരുന്നു. നമ്മെ ഒരു ഘട്ടത്തില്‍ നിന്നും മുന്നോട്ടുനയിക്കുന്ന വഴിയായതു കൊണ്ടായിരിക്കാം അങ്ങിനെ പറയുന്നത്.
ഇങ്ങനെ നോക്കുമ്പോള്‍ സര്‍വതിലും മൂല്യമുണ്ട്. ഒന്നിനെയും തള്ളുവാനില്ല. മിഥ്യയെന്നാല്‍ ഇല്ലാത്തതല്ല, മാറിക്കൊണ്ടിരിക്കുന്നതാണ്. ഏതൊന്നിനെയും ആദരവോടും ബഹുമാനത്തോടും കൂടി വേണം നമ്മള്‍ കാണുവാനെന്ന് ചെറുപ്പത്തിലേ പഠിക്കുന്നു. ഭാഗവതവും ഭഗവാനും രണ്ടല്ല ; ഈ ലോകവും ഈശ്വരനും രണ്ടല്ല. അങ്ങിനെ നമ്മള്‍ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കണം. ഈ ഉള്‍ക്കാഴ്ച ഉണ്ടാവണം മക്കള്‍ക്ക്. അതുകൊണ്ട് ഇന്നും എന്തില്‍ ചവിട്ടിയാലും അമ്മ അറിയാതെ തൊട്ടുതൊഴും. ഈശ്വരന്‍ എന്നില്‍ നിന്ന് ഭിന്നമല്ല എന്നറിയാമെങ്കിലും അമ്മ എല്ലാറ്റിനെയും നമിക്കുന്നു. മുകളിലെത്താന്‍ നിര്‍മ്മിച്ചിരിക്കുന്ന പടികളും മുകളിലത്തെ നിലയും പണിതീര്‍ക്കുന്നത് ഒരു വസ്തുകൊണ്ടാണ്. രണ്ടും നിര്‍മ്മിച്ചിരിക്കുന്നത് ഇഷ്ടികയും സിമ്മന്റും കോണ്‍ക്രീറ്റുംകൊണ്ടാണ്. എന്നാലും മുകളില്‍ എത്തുവാനുള്ള പടികളെ തള്ളാന്‍ അമ്മയ്ക്കാവില്ല. വന്ന പാത മറക്കാന്‍ അമ്മയ്ക്ക് പറ്റില്ല ലക്ഷ്യത്തിലെത്തുവാന്‍ സഹായിക്കുന്ന എല്ലാ ആചാരങ്ങളെയും അമ്മ ആദരിക്കുന്നു. ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചില മക്കള്‍ ചോദിക്കാറുണ്ട്.
കുട്ടിക്ക് മഞ്ഞപ്പിത്തം വന്നു. ഉപ്പു കഴിക്കാന്‍ പാടില്ല. കഴിച്ചാല്‍ രോഗം വര്‍ദ്ധിക്കും. പക്ഷേ ഉപ്പില്ലാത്ത ഭക്ഷണം അവന് ഇഷ്ടവുമില്ല. ഉപ്പുള്ളതു കണ്ടാല്‍ അവന്‍ എടുത്തുകഴിക്കും. അപ്പോള്‍ എന്തുചെയ്യും? അവന്റെ അമ്മ വീട്ടില്‍ വെക്കുന്ന ഒരു ഭക്ഷണത്തിലും ഉപ്പിടില്ല കുട്ടിക്കുവേണ്ടി, അസുഖമില്ലങ്കില്‍ക്കൂടി മറ്റുള്ളവരും ഉപ്പ് ഒഴിവാക്കും. ഇതുപോലെ അമ്മയ്ക്കാവശ്യം ഇല്ലെങ്കിലും മക്കള്‍ക്കുവേണ്ടി അമ്മ മാതൃകയാവുന്നു.
എല്ലാറ്റിലും എല്ലാവരിലും ദിവ്യത്വം ദര്‍ശിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നത് സനാതന ധര്‍മമാണ്. അതുകൊണ്ട് സനാതന ധര്‍മ്മത്തില്‍ നിത്യനരകം എന്നൊരു കാഴ്ചപ്പാടില്ല. എത്ര വലിയ പാവം ചെയ്താലും നല്ലചിന്തയിലൂടെയും നല്ല കര്‍മ്മത്തിലൂടെയും സ്വയം ശുദ്ധീകരിക്കാനും ഒടുവില്‍ ഈശ്വരനെ സാക്ഷാത്ക്കരിക്കാനും കഴുയുമെന്ന് സനാതന ധര്‍മം നമ്മെ പഠിപ്പിക്കുന്നു. എത്രതെറ്റു ചെയ്തവനും ആത്മാര്‍ത്ഥമായ പശ്ചാത്താപം വന്നാല്‍ രക്ഷപ്പെടാം. പശ്ചാത്താപത്തില്‍ കഴുകിപ്പോകാത്ത പാവമില്ല എന്ന് മക്കള്‍ മനസ്സിലാക്കണം. പക്ഷേ, അത് ആന കുളിക്കുന്നതു പോലെ ആവരുത്. ആനകുളിച്ചുകയറി അധികനേരം കഴിയണ്ട, വീണ്ടും പൊടി ദേഹത്തു വിതറും. ഇതുപോലെയാണ് പലരും. നമ്മുടെ ജീവിത്തില്‍ മുന്നോട്ട് പോകുമ്പേള്‍ പലതെറ്റുകളും സംഭവിച്ചെന്നിരിക്കും. അതോര്‍ത്ത് മക്കള്‍ തളരരുത്. തറയില്‍ വീണാല്‍, നല്ല സുഖമാണല്ലോ ഇവിടെ കിടക്കാന്‍, എന്ന് ചിന്തിക്കരുത്. വീണതിനെക്കുറിച്ചോര്‍ത്ത് തകരരുത്, എഴുന്നേറ്റ് മുന്നോട്ടുപോകാന്‍ ശ്രമിക്കണം.
ചിലമക്കള്‍ കടലാസില്‍ പെന്‍സില്‍ കൊണ്ട് എഴുതുന്നത് കണ്ടിട്ടുണ്ടോ? തെറ്റ് പറ്റിയാല്‍ റബ്ബര്‍ ഉപയോഗിച്ച് മായ്ക്കും. എന്നിട്ട് തിരുത്തി എഴുതും. പക്ഷേ, ഒരുഭാഗത്തു തന്നെ പിന്നെയും പിന്നെയും തെറ്റെഴുതി, തുടരെത്തുടരെ റബ്ബര്‍ കൊണ്ട് മായ്ക്കാന്‍ ശ്രമിച്ചാല്‍ കടലാസ് കീറിപ്പോവുകയേയുള്ളൂ. തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. തെറ്റ് സംഭവിക്കുക സ്വഭാവികമാണ്. എന്നാലും, ജാഗ്രത പുലര്‍ത്തുക.
നമ്മുടെ സനാതന ധര്‍മം അയോഗ്യരെന്നു പറഞ്ഞ് ആരെയും എന്നെന്നേക്കുമായി തള്ളിക്കളയുന്നില്ല. ആസ്പത്രി പണിതിട്ട് ,രോഗികള്‍ വേണ്ട എന്ന് തീരുമാനിക്കുന്നത് പോലെയാണ്, ആധ്യാത്മികതയില്‍ ഒരുവനെ അയോഗ്യനെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തുന്നത്. കേടായ വാച്ച് മക്കള്‍ കണ്ടിട്ടില്ലേ? സൂചിയുടെ കറക്കം നിലച്ച വാച്ച് ദിവസവും രണ്ടു നേരം കൃതൃമായ സമയം കാണിക്കും. അതിനാല്‍ സ്വീകരിക്കലാണ് വേണ്ടത്.
‘നീ കൊള്ളില്ല,നീ കൊള്ളില്ല,’ എന്നുപറഞ്ഞ് ആരെയും ഒഴിവാക്കരുത്. അങ്ങനെ നമ്മള്‍ ആരോടും പറയരുത്. അങ്ങനെ രണ്ടുതവണ കുട്ടികളോട് പറഞ്ഞാല്‍, അവര്‍ക്കുപോലും ദേഷ്യം വരും. അപ്പോള്‍ മുതിര്‍ന്നവരോട് പറഞ്ഞാലോ? അവനില്‍ പ്രതികാരബുദ്ധിയും മൃഗീയതയും വളര്‍ത്തുവാന്‍ അത് സഹായിക്കുന്നു. അവന്‍ വീണ്ടും തെറ്റിലേക്ക് പോകുന്നു. അതേസമയം അവനിലെ നന്മയെ പുകഴ്ത്തുകയും ചീത്തയെ ക്ഷമയോടും സ്നേഹത്തോടും തിരുത്തുകയും വേണം. എങ്കില്‍ ഏതൊരുവനേയും ഉയര്‍ത്താന്‍ കഴിയും.
അമ്മയുടെ ചെറുപ്പകാലത്തില്‍ പഠിച്ച നല്ലശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ തുടരുന്നത് എന്തുകൊണ്ടെന്ന് അമ്മ പറഞ്ഞല്ലോ? ഇതുപോലെ നമ്മുടെ സനാതനധര്‍മം നമുക്ക് പകര്‍ന്നുതരുന്ന മൂല്യങ്ങള്‍ മക്കള്‍ ജീവിതത്തില്‍ പകര്‍ത്തണം.
കാട്ടാളനായ രക്നാകരന്റെ ജീവിതം ഒരു പാഠമാണ്. കുടുംബത്തെ പുലര്‍ത്തുവാനാണ് മഹര്‍ഷിമാരെ കൊള്ളയടിക്കാന്‍ രക്നാകരന്‍ ചെന്നത്. രക്നാകരനെ കൊള്ളക്കാരന്‍ എന്നു പറഞ്ഞു മഹര്‍ഷിമാര്‍ അകറ്റി നിര്‍ത്തിയില്ല അങ്ങനെ അകറ്റി നിര്‍ത്തിയിരുന്നെങ്കില്‍ വാല്മീകിമഹര്‍ഷി ജനിക്കില്ലായിരുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പേര് ഉച്ചരിക്കാന്‍ അറിയാതിരുന്ന രത്നാകരന്‍ മഹര്‍ഷിയായി മാറി. രാമായണം രചിച്ചു. രാമകഥ കോടിക്കണക്കിന് മനുഷ്യര്‍ക്ക് വഴിക്കാട്ടിയായി.
ഒരുവന്‍ തെറ്റുചെയ്യുന്നത്. താനാരാണെന്ന് അറിവില്ലാത്തതുമൂലമാണ്. അതിനാല്‍ ഏതൊരാളെയും തള്ളാതെ അവര്‍ക്കു വേണ്ട അറിവു നല്‍കാനാണ് മക്കള്‍ ശ്രമിക്കേണ്ടത്. ശ്രദ്ധാപൂര്‍വമായ ഒരു ശ്രമം മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
കടപ്പാട്: മാതൃഭുമി