അമൃതാനന്ദമയി അമ്മ

ഒരാള്‍ കുറെ വസ്തുവും കൊട്ടാരം പോലുള്ള ഒരു വീടും അടഞ്ഞ് കിടക്കുന്നത് കണ്ടു. കൊട്ടാരസദൃശമായ ആ മനേഹരസൗധം അയാള്‍ വാടകയ്ക്കെടുത്തു. അപ്പോള്‍ അയാളുടെ യുള്ളില്‍ ഒരു ചിന്തയുദിച്ചു. താന്‍ ഈ കൊട്ടാരത്തിലെ രാജാവാണ്‌. പിന്നെ അഹങ്കാരത്തിലുള്ള പെരുമാറ്റവും തുടങ്ങി. ഇയാളെ കാണുവാന്‍ ചെന്ന ഒരു സാധുവിനോട് അയാള്‍ അഹങ്കാരത്തോടെ പെരുമാറി. ആ സാധു അയാളോട് ചോദിച്ചു: ‘വാടകയ്ക്കെടുത്ത വീട്ടില്‍ താമസിക്കുന്ന നീ രാജാവിനെപ്പൊലെ പെരുമാറുന്നു. നിന്റെ മനസ്സാക്ഷിയോട് ചോദിക്കൂ, വാസ്തവം എന്താണെന്ന്? സ്വന്തമായി ഒന്നുമില്ല. എന്നാല്‍ ഭാവമോ? എല്ലാം തന്റെ സ്വന്തമാണെന്ന്. കഷ്ടം!’

ഇതുപോലെയാണ് ഇന്ന് മിക്കവരും. സ്വന്തമായിട്ട് ഒന്നുമില്ല. എല്ലാം ദാനം കിട്ടിയതാണ്. എന്നിട്ടോ? അനേകം പുസ്തകങ്ങള്‍ വായിച്ചിട്ട്, കടപ്പുറത്തിരുന്ന് കാക്ക കരയുന്നതുപോലെ കരഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതവുമായി ഇവര്‍ക്ക്, ഇവരുടെ രീതികള്‍ക്ക് യാതൊരു സാമ്യവുമില്ല. എതോ ഭാവനാലോകത്ത് അങ്ങനെ നടക്കുന്നു? ശാസ്ത്രം മനസ്സിലാക്കിയവര്‍ എന്താണ് ചെയ്യുന്നത്? തന്നെ സമീപിക്കുന്നവര്‍ക്ക് ഉയരുവാനുള്ള മാര്‍ഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തര്‍ക്കിച്ച് സമയം കളയില്ല. മറ്റുള്ളവരുടെ മുന്‍പില്‍ തന്റെ സിദ്ധാന്തം അടിച്ചേല്പിക്കാന്‍ ശ്രമിക്കില്ല. ആത്മവിചാരത്തിന് ഓരോ വ്യക്തിക്കും വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. അവനവന്റെ സംസ്കാരം അനുസരിച്ചുള്ള മാര്‍ഗ്ഗമാണ് ഓരോരുത്തരും പിന്‍തുടരേണ്ടത്. അതുകൊണ്ടാണ് ഹിന്ദുമതത്തില്‍ ആത്മവിചാരത്തിന് അനേകം മാര്‍ഗ്ഗങ്ങള്‍ വന്നത്.

അമ്മയുടെ ആശ്രമത്തില്‍ സേവനത്തിന് വലിയ പ്രാധാന്യം നല്കുന്നുണ്ട്. ഇത് പലമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഓരോരുത്തരേയും അവരുടെ തലത്തില്‍ച്ചെന്ന് ഉദ്ധരിച്ചു കൊണ്ടുവരുവാന്‍ വിവിധ വഴികള്‍ അവലംബിക്കണം. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ.

അമ്മയുടെ ആശ്രമത്തില്‍ എഞ്ചിനിയര്‍മാരുണ്ട്, ഡോക്ടര്‍മാരുണ്ട്, എഴുത്തുകാരുണ്ട്. പ്രസ്സിലും സ്കൂളിലും ജോലിചെയ്യുന്നവരുണ്ട്. ഉന്നത അറിവുള്ള ജോലികള്‍ അവരുടെ കഴിവനുസരിച്ച് ചെയ്യുന്നു. ഒപ്പം ധ്യാനിക്കുന്നു. ശാസ്ത്രം പഠിക്കുകയും ചെയ്യുന്നു. കര്‍മം ബന്ധമില്ലാതെ ചെയ്യാനാണ് അവര്‍ പഠിക്കുന്നത്. സ്വാര്‍ത്ഥതയും ശരീരാഭിമാനവും കളയാന്‍ ബന്ധമില്ലാത്ത കര്‍മം സഹായിക്കും. മമതയില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ അത് ബന്ധകാരണമല്ല, മുക്തിമാര്‍ഗ്ഗമാണ്.

സാമ്പ്രാണിത്തിരി കൂടിനുള്ളിലാക്കുന്നവര്‍ അമ്മയുടെ ആശ്രമത്തിലുണ്ട്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍ന്മാരും ഇവിടെയുണ്ട്. ഇവിടെ ചിലര്‍ വേദാന്തികളാണെന്ന് അവകാശപ്പെട്ടുകൊണ്ടു വരാറുണ്ട്. തങ്ങളുടേത് ശുദ്ധബോധമാണെന്നാണ് അവര്‍ വാദിക്കാറുള്ളത്. അവരില്‍ ഒരാള്‍ ചോദിച്ചു: ‘അമ്മാ, ആത്മാവ് ഏതാത്മാവിനെ സേവിക്കാനാണ്? ആശ്രമത്തില്‍ എന്തിനാണ് സേവനം? പഠനം മാത്രം പോരെ?’

മക്കളേ, പണ്ടുള്ള മഹാത്മാക്കള്‍ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണ് വാനപ്രസ്ഥത്തിനും സംന്യാസത്തിനു പോയിരുന്നത്. അവരുടെ കര്‍മങ്ങള്‍ മിക്കതും കഴിഞ്ഞിരുന്നു. ചുരുങ്ങിയ നാളുകളേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവര്‍ ചെന്നിരുന്ന ഗുരുകുലങ്ങളില്‍ കര്‍മ്മം ഉണ്ടായിരുന്നു. നല്ല സമര്‍പ്പണത്തോടെ തന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യര്‍, വേദാന്തികളായ ഗുരുക്കന്‍ന്മാരെ സേവിച്ചിരുന്നു. ശിഷ്യര്‍ വിറകുശേഖരിക്കാന്‍ പോയിരുന്നു. പശുവിനെ മേയ്ക്കാന്‍ പോയിരുന്നു. വയലില്‍ വെള്ളം കയറുന്നതു ത‍ടയാന്‍ പോയ അരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞ്, കയറുന്നതു തടയാന്‍ സ്വയം വരമ്പിനോട് ചോര്‍ന്നുകിടന്ന് ഒഴിക്കുതടഞ്ഞു. ഇതൊന്നും അവര്‍ക്ക് വേദാന്തത്തില്‍ നിന്ന് ഭിന്നമായി തോന്നുന്നില്ല. ഇതു വരമ്പല്ലേ, ഇത് ചളിയല്ലേ, ഇതുവെള്ളമല്ലേ, ഞാന്‍ ആത്മാവല്ലേ എന്നൊന്നും അവര്‍ ചിന്തിച്ചിട്ടില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാര്‍.

സുനാമി ദുരിതകാലത്ത് ഓരോ ക്യാമ്പിലും ഭക്ഷണവുമായി പോകുന്ന ബ്രഹ്മചാരികളെയും ബ്രഹ്മചാരിണികളെയും ഇപ്പോള്‍ അമ്മ ഓര്‍മിക്കുന്നു. സ്വന്തം ആഹാരവും പ്രാഥമിക ആവശ്യങ്ങളും മറന്ന് അവര്‍ കാട്ടിയ സേവനങ്ങള്‍ കൊണ്ട് ധാരാളം ആളുകളെ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. ഭൂകമ്പ ദുരന്തം ഉണ്ടായ പ്രശ്നങ്ങളിലും അമ്മയുടെ മക്കള്‍ പ്രവര്‍ത്തിച്ചത് സ്വയം മറന്നായിരുന്നു. അതുകൊണ്ട് ഗുജറാത്തിലെ ചെറിയ ഗ്രാമത്തിലെ ഗ്രാമമുഖ്യനും കൂട്ടുകാരും സുനാമി ദുരിത പ്രദേശത്ത് സേവനവുമായി എത്തി. ‘അമ്മ ഞങ്ങളെ സഹായിച്ചതല്ലേ? ഇപ്പോള്‍ കേരളത്തില്‍ സുനാമി ഉന്ടായപ്പോള്‍ ഞങ്ങളെത്തി’. ‘ഈ വാക്കുകള്‍ അമ്മയ്ക്കും ആശ്രമത്തിലുള്ളവര്‍ക്കും എത്ര സന്തോഷം തന്നു എന്ന് മക്കള്‍ അറിയുമോ?’

പണ്ട് ഒര് ഗുരുവരുവിന്റെ കൂടെ ഒന്നോ രണ്ടോ ശിഷ്യന്‍ന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അമ്മയുടെ ആശ്രമത്തില്‍ ഇപ്പോള്‍ ആയിരക്കണക്കിന് അന്തേവാസികള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം മുഴുവന്‍ സമയവും ധ്യാനിക്കാന്‍ പറ്റുമോ? ഒക്കുകയില്ല ചിന്തകള്‍ എന്തായാലും മനസ്സില്‍ കടന്ന് വരും. കര്‍മം ചെയ്താലും ചിന്തകള്‍ ഉണ്ടാവും. ആ ചിന്തകളെ നേര്‍വഴിക്ക് നയിച്ച് വിട്ട്. കൈകാലുകളെ കൊണ്ട് കര്‍മം ചെയ്യണം. ആ കര്‍മം ജനങ്ങള്‍‍ക്ക് ഉപകാരപ്രദമാകണം. അമ്മയുടെ ആശ്രമത്തില്‍ സ്വര്‍ഗം വേണം എന്ന് ആഗ്രഹിക്കുന്നവരില്ല. തൊണ്ണൂറ്ശതമാനവും ലോകത്തെ സേവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ പിന്നാലെ സ്വര്‍ഗം ചെന്നാല്‍പ്പോലും അവര്‍ സ്വര്‍ഗത്തോട് ‘റ്റാറ്റ’ പറയും. കാരണം, സ്വര്‍ഗം അവരുടെ ഹൃദയത്തിലുണ്ട്. മറ്റൊരു സ്വര്‍ഗ്ഗത്തിലും പോകേണ്ട ആവശ്യം അവര്‍ക്കുവരുന്നില്ല. കാരുണ്യമുള്ള മനസ്സുതന്നെ അവരുട സ്വര്‍ഗം ഈ ഒരു ഭാവമാണ് ആശ്രമത്തിലെ അന്തേവാസികള്‍ക്കുള്‍ക്കുള്ളത്.

പണ്ട് പലരും, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറായില്ല. അതുകാരണമാണ് നമ്മുടെ സംസ്കാരം ഇത്രയും അധഃപതിച്ചത്. അതിന്റെ ദുരിതമാണ് ഇന്നുള്ളവര്‍ അനുഭവിക്കുന്നത്.

അദ്വൈതം ജീവിതമാണെന്നാണ് പഠിക്കേണ്ടത്. തന്നെപ്പോലെ മറ്റുള്ളവരേയും കാണുന്ന അവസ്ഥ ഉണ്ടാകണം. ഇപ്പോള്‍ നമ്മുടെ ചുറ്റും നടക്കുന്ന മുറവിളികള്‍ കാരണമാണ് അമ്മ ഇതൊക്കെ പറഞ്ഞത്.

ലോകസേവന കര്‍മം ചെയ്യുന്നതിലൂടെ നമ്മുടെ വ്യക്തിമനസ്സ് വ്യാപ്തചൈതന്യവുമായി ഒത്തുചേരുന്നു. മനസ്സിന്റെ വൈരൂപ്യം മാറി ആത്മസ്വരൂപമായിത്തീരുന്നു. ഇതൊക്കെ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്നതിനേക്കാള്‍ പ്രവൃത്തിയില്‍ കാട്ടിക്കൊടുക്കുവാന്‍ അമ്മയുടെ മക്കള്‍ക്ക് കഴിയണം. എങ്കിലേ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. ഇതിനാണ് മക്കള്‍ ശ്രമിക്കേണ്ടത്.

കടപ്പാട്: മാതൃഭുമി