അമൃതാനന്ദമയി അമ്മ
ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാനോടൊപ്പം നടക്കുകയായിരുന്നു അര്‍ജുനന്‍. വഴിയില്‍ കായ്ഫലമുള്ള ഒരു തെങ്ങു കണ്ടു. ധാരാളം നാളികേരം ഉണ്ടായിരുന്ന ആ തെങ്ങിനെ ചൂണ്ടി ഭഗവാന്‍ അര്‍ജുനനോട് പറഞ്ഞു:
‘നോക്കൂ, ഈ മാവ് നിറച്ചു കായ്ച്ചിരിക്കുന്നു എത്രമാത്രം മാങ്ങകളാണതില്‍!’
ഇതുകേട്ട അര്‍ജുനന്‍ പറഞ്ഞു:’ശരിയാണ്, ഈ മാവില്‍ നിറയെ മാങ്ങകളാണ്.’
കുറച്ചുകൂടി മുന്‍പോട്ടു നടക്കുമ്പോള്‍ ഒരു മയില്‍ പീലിവിടര്‍ത്തിയാടുന്ന മനോഹരമായ കാഴ്ചയാണ് ഇരുവരും കണ്ടത്. പെട്ടെന്ന് ഭഗവാന്‍ അര്‍ജുനനോടു പറഞ്ഞു :’നോക്കൂ, ആ പഞ്ചവര്‍ണ്ണതത്തയെ കാണാന്‍ എന്തൊരു ഭംഗി!’
അര്‍ജുനന്‍ പറഞ്ഞു:’ശരിയാണ് ഭഗവാന്‍, ഈ പഞ്ചവര്‍ണ്ണതത്തയെ കാണാന്‍ വളരെ ഭംഗിയുണ്ട്.’
ഇതുകേട്ട ശ്രീകൃഷ്ണഭഗവാന്‍ തിരിഞ്ഞ് അര്‍ജുനനെ നോക്കി എന്നിട്ടു ചോദിച്ചു:’എന്താ അര്‍ജുനാ, നിനക്ക് ഒന്നിനെക്കുറിച്ചും സ്വന്തമായി അഭിപ്രായമില്ലേ? ഞാന്‍ ആദ്യം നിന്നെ ഒരു തെങ്ങു കാണിച്ച് മാവാണെന്ന് പറഞ്ഞു. നീ അത് സമ്മതിച്ചു. അതിനുശേഷം ഒരുമൈലിനെ കണ്ടപ്പോള്‍ തത്തയാണ് എന്നു പറഞ്ഞു. നീ അതും സമ്മതിച്ചു. കഷ്ടം!സ്വന്തമായി ഒരു അഭിപ്രായം പോലും നിനക്കില്ലാതെ പോയല്ലോ!’
ഇതുകേട്ട അര്‍ജുനന്‍ പുഞ്ചിരിയോടെ ഭഗവാനോട് പറഞ്ഞു:’ഭഗവാനേ, ഞാന്‍ ആരോടാണ് സംസാരിക്കുന്നത് എന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. ഈശ്വരന്റെ സ്വരൂപമായ അങ്ങയുടെ വാക്കുകള്‍ക്കാണ് ഞാന്‍ മറുപടി പറയുന്നത്. മാത്രമല്ല, ഞൊടിയിടകൊണ്ട് കേരവൃക്ഷത്തെ മാവാക്കാനും മനോഹരമായ മയിലിനെ പഞ്ചവര്‍ണ്ണതത്തയാക്കാനും അങ്ങേയ്ക്ക് കഴിയുമെന്ന് എനിക്കറിയാം. അങ്ങിനെ എന്തിനെയും ഏതിനെയും മാറ്റിമറിക്കാന്‍ കഴിവുള്ള അങ്ങയുടെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയാണ്, പിന്‍തുടരുകയാണ്. ഇതു മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്.’
ഈ കഥയിലെ ഗുണപാഠം മക്കള്‍ക്ക് മനസ്സിലായിയെന്ന് അമ്മ വിശ്വസിക്കുന്നു. നമുക്ക് വേണ്ടത് അര്‍ജുനന്റെ മനോഭാവമാണ്. നമ്മള്‍ എത്ര ചെറുതാണെന്നും അതിലൊക്കെ ഉയരത്തിലാണ് ഭഗവാന്റെ പ്രവൃത്തികളും വാക്കുകളും എന്നും മനസ്സിലാക്കണം. അതുകൊണ്ട് ജഗദീശ്വരന്റെ ഇച്ഛയ്ക്കൊത്തു വേണം നമ്മുടെ ഓരോ പ്രവൃത്തിയും. ഇങ്ങനെ പറയുന്നതു കൊണ്ട് എല്ലാം അന്ധമായി വിശ്വസിക്കുവാനല്ല അമ്മ പറയുന്നത്.
ഈ ഭൂമിയിലെ പല കാര്യങ്ങളും നമ്മുടെ കാഴ്ചപ്പാടിന് അപ്പുറമാണ്. നമ്മുടെ കണ്ണിന് തിമിരം ബാധിച്ചാല്‍ എങ്ങനെ കാണും? മാത്രമല്ല, വെള്ളനിറമുള്ള കുപ്പിയില്‍ ജലം നിറച്ചാല്‍ അത് വെള്ളയായികാണും. മഞ്ഞനിറമുള്ള കുപ്പിയിലോ, ചച്ചനിറമുള്ള കുപ്പിയിലോ ഇതേ ജലം നിറച്ചാല്‍ നമ്മള്‍ കാണുന്ന ജലത്തിന്റെ നിറം കുപ്പിയുടേതാണ്. ഇത് പലപ്പോഴും നമുക്ക് മനസ്സിലാകില്ല. ഇതു പോലെയാണ്, ലോകത്തിലെ പല കാര്യങ്ങളും നമ്മുടെ ചെറിയ കാഴ്ചപ്പാടുകൊണ്ട് കാണുന്നതിലും കൂടുതല്‍ കാര്യങ്ങള്‍കണ്ട ഋഷീശ്വരന്മാര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കണം, അനുസരിക്കണം എന്നു പറയുന്നത്. അതുകൊണ്ട് അവരെ അതേപടി അനുകരിക്കണം എന്നല്ല.
ഭൂമിയിലെ നാലില്‍ മൂന്നുഭാഗവും കടലാണ് (ജലമാണ്) എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ, കടല്‍ത്തീരത്ത് ചെന്നുനോക്കിയാല്‍ നമ്മുടെ നോക്കെത്തുന്ന ദൂരംവരെ മാത്രമേ കടല്‍ കാണാന്‍ കഴിയുകയുള്ളൂ. അതു കൊണ്ട് കടല്‍ കുറവാണ് എന്ന് പറയാന്‍ കഴിയുമോ? സമുദ്രത്തില്‍ത്തന്നെ വളരുന്ന ഒരു മത്സ്യത്തിന്റെ കണ്ണിന്റെചുറ്റുമുള്ള സ്ഥലത്തുമാത്രമേ കടല്‍ ഉള്ളൂ എന്നാണ് അതു വിചാരിക്കുന്നത്. അതുപോലെയാണ് ഇന്നു പലരും.
ബ്രഹ്മം നമ്മുടെ ബുദ്ധിക്കും കാഴ്ചപ്പാടിനും അപ്പുറമാണ്. അതുകൊണ്ട് ബ്രഹ്മം ഇല്ല എന്നുപറയാന്‍ സാധിക്കുമോ? മാത്രമല്ല മത്സ്യം കടല്‍ കണ്ടതു പോലെ ഇതാണ് ബ്രഹ്മം എന്നു പറയുന്നവരും ഉണ്ടാവും. അതുകൊണ്ട് കര്‍മ്മങ്ങളില്‍ കൂടുതല്‍ ബന്ധിക്കപ്പെടരുത്. നമ്മുടെ വീക്ഷണത്തിനും കാഴ്ചയ്ക്കും അപ്പുറം കാര്യങ്ങളുണ്ട്. അത് ജഗദീശ്വരന്‍ തീരുമാനിക്കുന്നതാണ് എന്ന ബോധം ഉള്ളില്‍ വളര്‍ത്തിയെടുക്കണം. നമ്മുടെ പ്രവൃത്തികള്‍ക്കു പിന്നില്‍ ജഗദീശ്വരന്റെ ശക്തിയുണ്ട് എന്ന് ഓര്‍മ വേണം. അല്ലാതെ എന്റെ സാമര്‍ഥ്യം കൊണ്ട് ഞാന്‍ ഇതു ചെയ്തു, എന്ന് മക്കള്‍ വിചാരിക്കരുത്. നമ്മുടെ ഓരോ പ്രവൃത്തിക്കും പിന്നില്‍ ഈശ്വരകൃപയുണ്ട്. നമ്മുടെ ഓരോ കര്‍മവും ഈശ്വരേച്ഛ എന്ന് വിചാരിച്ച് ചെയ്താല്‍പ്പിന്നെ തടസ്സങ്ങള്‍ ഉണ്ടാവില്ല. നമ്മുടെ കാഴ്ചയ്ക്ക് അപ്പുറമാണ് ഭഗവാന്റെ കൃപ. അതുകൊണ്ട് അന്ധമായി അനുഭവിക്കുകയാണ് എന്ന് വിചാരിക്കരുത്.
വിദഗ്ധനായൊരു ഡോക്ടറുടെ അടുത്ത് ചെന്ന് ഡോക്ടര്‍, എനിക്ക് നല്ല തലവേദനയുണ്ട്, രാത്രിയില്‍ പനിയുണ്ട്, കൈയ്യും കാലിനും വേദനയുണ്ട് എന്നു പറയുന്നതല്ലാതെ നമ്മള്‍ സ്വയം മരുന്ന് തീരുമാനിക്കാറില്ല. രോഗലക്ഷണങ്ങള്‍ കേട്ട് ഡോക്ടറാണ് രോഗനിര്‍ണയം നടത്തി മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. പനി ഒരു ലക്ഷണം മാത്രമാണ് എന്നും ഉള്ളില്‍ വലിയ രോഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും കണ്ടെത്തുന്നത് ഡോക്ടറാണ്, നമ്മളല്ല. അതുപോലെയാണ് അല്പജ്ഞാനികളായ നമ്മള്‍ സത്യത്തെയും ബ്രഹ്മത്തെയും വിലയിരുത്തുന്നത്. നമ്മളെക്കാള്‍ കൂടുതലായി പരമമായ സത്യത്തെയും ബ്രഹ്മത്തെയും കുറിച്ച് പഠിച്ച് മനനംചെയ്തവരുടെ വാക്കുകള്‍ നമുക്ക് മാര്‍ഗദീപമാവണം. അവരുടെ വഴിയിലൂടെയും അവര്‍ ചൂണ്ടി കാട്ടിയ പാദയിലൂടെയുമാണ് നമ്മള്‍ സഞ്ചരിക്കേണ്ടത്.
സൂര്യന്‍ കിഴക്കുതിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതുകാണുന്ന കൊച്ചു കുട്ടികള്‍ക്ക് ഭൂമിയുടെ കറക്കത്തെക്കുറിച്ച് അറിയില്ല. അവനോട് അതു പറഞ്ഞാല്‍ അവന്‍ സമ്മതിക്കില്ല. ശാസ്ത്രജ്ഞാനം ഇല്ലാത്ത ആ കൊച്ചുകുട്ടിയെപ്പോലെ നമ്മള്‍ പരമമായ സത്യത്തെക്കുറിച്ച് തെറ്റായ ധാരണകളില്‍ എത്തിച്ചേരാന്‍ പാടില്ല. ഋഷീശ്വരന്മാരുടെയും മഹാത്മക്കളുടെയും വാക്കുകള്‍ ശ്രവിച്ച്, അവരുടെ മാര്‍ഗം പിന്‍തുടര്‍ന്ന് പരമമായ സത്യത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കണം. എങ്കില്‍ ജഗദീശ്വരന്റെ കൃപ നമ്മില്‍ നിറയും. അപ്പോള്‍ നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും തടസ്സം നീങ്ങും.
കടപ്പാട്: മാതൃഭുമി