അമൃതാനന്ദമയി അമ്മ

നല്ലകാലത്ത് കരുണയോടെ പെരുമാറണം

അമൃതാനന്ദമയി അമ്മ

ഒരിടത്ത് ധനാഢ്യനായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാളുടെ കടയില്‍ മാനേജരായി ഒരാളെ നിയമിച്ചു. കച്ചവടം സംബന്ധിച്ച് ഉടമസ്ഥന്‍ ധാരാളം യാത്ര ചെയ്യുമായിരുന്നു. അപ്പോഴൊക്കെ കടയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മാനേജര്‍ക്കായിരുന്നു. അതതു ദിവസത്തെ വിറ്റുവരവിന്റെ കണക്കുകള്‍ എഴുതിവെയ്ക്കണം. മാത്രമല്ല, ദിവസവുമുള്ള വിറ്റുവരവിലെ പത്തുശതമാനം മാറ്റിവെയ്ക്കണം. ഈ പത്തുശതമാനത്തിലെ ഏഴുശതമാനം ഉടമയുടെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കണം. മൂന്നുശതമാനം അടുത്തുള്ള ഒരു ബാങ്കിലെ അക്കൗണ്ടില്‍ അടയ്ക്കണം. ബാങ്കില്‍ പണം അടയ്ക്കുന്നതിനെപ്പറ്റി കടയുടമ മാനേജര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്കിയിരുന്നു. ഈ അക്കൗണ്ട് നമ്പര്‍ ഒരു അനാഥക്കുട്ടിയുടേതാണ്. അവന്റെ സംരക്ഷണത്തിനുള്ള പണമാണ്. അതുകൊണ്ട് ദിവസവും മൂന്നുശതമാനം ഈ അക്കൗണ്ട് നമ്പറില്‍ അടയ്ക്കണം. തുടക്കത്തില്‍ മാനേജര്‍ കൃത്യമായി പണം അക്കൗണ്ടില്‍ അടച്ചു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ മാനേജരുടെ മനസ്സില്‍ മറ്റൊരു ചിന്തയുദിച്ചു. ഒരു അനാഥന്റെ അക്കൗണ്ടാണ്. ഞാന്‍കൂടി കഷ്ടപ്പെടുന്നതില്‍നിന്ന് മൂന്ന് ശതമാനം എന്തിനാണ് അവന്റെ അക്കൗണ്ടില്‍ അടയ്ക്കന്നത്?

തുടര്‍ന്ന് അയാള്‍ ഒരുശതമാനം മാത്രം ബാങ്കിലടച്ചു. ബാക്കിയുള്ളതുകൊണ്ട് കൂട്ടുകാരുമായിച്ചേര്‍ന്ന് മദ്യപിക്കാനും മറ്റും ദുര്‍ച്ചെലവുകള്‍ ചെയ്യാനും തുടങ്ങി. കച്ചവടക്കാരന്‍ ഒരിക്കലും മാനേജരെ സംശയിച്ചില്ല. മാത്രമല്ല, കൃത്യമായ് പണം അടയ്ക്കുന്നുണ്ടോ എന്നു ചോദിച്ചുമില്ല. നാളുകള്‍ കഴിഞ്ഞപ്പോള്‍ പല ദിവസവും മാനേജര്‍ ഈ പണം അക്കൗണ്ടില്‍ അടച്ചില്ല. മദ്യപാനവും ദുര്‍വൃത്തിയും മൂലം അയാള്‍ രോഗാതുരനായി മാറി. തുടര്‍ന്ന് ജോലിക്കുവരാന്‍ ബുദ്ധിമുട്ടായി. രോഗംവന്ന് വീട്ടിലിരിക്കുമ്പോള്‍ അയാള്‍ക്ക് കടയുടമയുടെ ഒരു കത്തുകിട്ടി. അതില്‍ കടയുടമ ഇങ്ങനെ എഴുതിയിരുന്നു:

‘നിനക്ക് അസുഖമാണന്നറിഞ്ഞു. ഇനി കടയില്‍ വരാന്‍ ബുദ്ധിമുട്ടാണെന്നും അറിഞ്ഞു. അതുകൊണ്ട് ഞാന്‍ സ്ഥാപനം നിര്‍ത്തുകയാണ്. നിന്നോട് എല്ലാദിവസവും ബാങ്കില്‍ മൂന്നു ശതമാനം അടയ്ക്കണം എന്നു പറഞ്ഞത് ഓര്‍മയുണ്ടല്ലോ? ഒരനാഥബാലന്റെ പേരിലാണ് അക്കൗണ്ട് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അത് നിന്റെ പേരിലുള്ള അക്കൗണ്ടായിരുന്നു. ശിഷ്ടകാലം മുഴുവന്‍ നിനക്ക് സുഖമായി കഴിയാനുള്ള പണം ഇപ്പോള്‍ ആ അക്കൗണ്ടില്‍ കാണും. വിവേക ബുദ്ധിയോടെ ആ പണം ഉപയോഗിച്ച് ജീവിക്കണം.’

ഈ കത്ത് വായിച്ച മാനേജരുടെ അവസ്ഥയാണ് ഇന്ന് പലര്‍ക്കുമുള്ളത്. ‘ഈശ്വരാ, എനിക്കുവേണ്ടി കരുതിവെച്ച അവസ്ഥകള്‍ ‍ഞാന്‍ ദുര്‍വിനിയോഗം ചെയ്തല്ലോ’ എന്ന് പിന്നീട് കരഞ്ഞിട്ടു കാര്യമില്ല. മരണം വരുമ്പോള്‍ കരഞ്ഞു വിളിച്ചിട്ട് എന്തുഫലം? ജീവിതകാലത്ത് നമ്മള്‍ചെയ്ത സദ്പ്രവൃ‍ത്തികള്‍, സാമ്പത്തികമായി നമ്മുടെ കൂടെയുണ്ടാവും.

നമ്മുടെ ശരീരം ഒരു രാജ്യത്തോട് തുല്യമാണ്. കിരീടമുള്ളവനാണ് രാജാവ്. രാജാവിനെയാണ് ആളുകള്‍ ബഹുമാനിക്കുന്നത്. അധികാരവും ചെങ്കോലും കിരീടവും നഷ്ടപ്പെട്ടവനെ ആരും രാജാവായി കരുതുകയില്ല. അതുപോലെയാണ് ആരോഗ്യമുള്ളവന്റെ കല്പനകളെ ശരീരം അനുസരിക്കുന്നത്.

ആരോഗ്യമുള്ള കാലത്ത് മനസ്സിന്റെ നിര്‍ദേശം, തലച്ചോറിന്റെ നിര്‍ദേശം, ഒക്കെ ശരീരം അനുസരിക്കും. കൈ പൊക്കൂ, കാല്‍ ചലിപ്പിക്കൂ, പാട്ട് പാടൂ എന്നൊക്കെപ്പറഞ്ഞാല്‍ കൈയും കാലും വായും ഇതെല്ലാം അനുസരിക്കും. എന്നാല്‍ ആരോഗ്യമില്ലാതെ രോഗിയായി കിടക്കുന്ന ഒരാള്‍ എന്ത് ആഗ്രഹിച്ചാലും ശരീരം അനുസരിക്കില്ല. ആരോഗ്യം ഇല്ലാത്തപ്പോള്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ കൈ തിരിച്ചു പറയും, അടങ്ങിക്കിടക്കൂ എന്ന്. ഇതു പോലെ കാലും തലയും ഒക്കെ അനുസരണക്കേട് കാട്ടും. മാത്രമല്ല അനുസരണക്കേടിന് ഒപ്പം അവര്‍ പറയും:’നിനക്ക് ആരോഗ്യമുണ്ടായിരുന്നപ്പോള്‍, കിരീടമുണ്ടായിരുന്നപ്പോള്‍ നിന്റെ കല്പ്പനകള്‍ ഞങ്ങള്‍ അനുസരിച്ചു. ഇപ്പോള്‍ ആരോഗ്യമില്ലാത്ത, കിരീടമില്ലാത്ത നിന്നെ ഞങ്ങള്‍ വകവെക്കില്ല.’ സ്വന്തം ശരീരത്തിലെ അവയവങ്ങള്‍ പോലും ആനാരോഗ്യകാലത്ത് നമ്മെ അനുസരിക്കില്ല. നമ്മള്‍ പറയുന്നത് കാലും കൈയ്യും മുട്ടും ഒന്നും കേള്‍ക്കില്ല, അനുസരിക്കില്ല. ഓടാനും ചാടാനും പറ്റില്ല. ഇഷ്ടത്തിനു ചവച്ചുകഴിക്കാന്‍ പോലും സാധിക്കില്ല. ചെവിയും കണ്ണും പണിമുടക്കും.

അപ്പോള്‍ പ്രജകള്‍ കൈയൊഴിഞ്ഞ രാജാവായി മാറും, നമ്മള്‍. അതുകൊണ്ട് മക്കള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇനി അമ്മ പറയാം. ആരോഗ്യമുള്ള കാലത്ത് വിവേകത്തോടെ, ബുദ്ധിയോടെ, പെരുമാറണം. മറ്റുള്ളവരെ കരുണയോടെ കരുതണം. അഹങ്കാരംകൊണ്ട് മറ്റുള്ളവരുടെ മേല്‍ കുതിര കയറരുത്. മറ്റുള്ളവര്‍ക്ക് വേദനകള്‍ മാത്രം നല്കിയതിനു ശേഷം ഈശ്വരസന്നിധിയില്‍ച്ചെന്ന് നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞാന്‍ അതിനു ഫലം ഉണ്ടാവില്ല. കാരുണ്യം നിറഞ്ഞ മനസ്സുകളിലാണ് ഈശ്വര കടാക്ഷം ഉണ്ടാവുക. കരുണവളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ നല്ലകാലത്താണ്. അങ്ങനെ വളര്‍ത്തിയെടുക്കുന്ന സദ്ഗുണങ്ങള്‍ ആപദ്ഘട്ടത്തില്‍ നമുക്കു ഗുണം ചെയ്യും.

കടപ്പാട്: മാതൃഭുമി

Back to top button