അമൃതാനന്ദമയി അമ്മ
മഹാനായ ചിത്രകാരന്‍ ഒരിക്കല്‍ അതിസുന്ദരിയായ ഒരുയുവതിയുടെ ചിത്രം വരച്ചു. അതുകണ്ടവരെല്ലാം അവളുടെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ആ ചിത്രകാരനോട് അവള്‍ അയാളുടെ കാമുകിയാണോ എന്ന് തിരക്കി. ‘അല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍, അവരോരുത്തരും അവളെ തങ്ങള്‍ക്കു വിവാഹം കഴിക്കണമെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കുകയില്ലെന്നും വാശിപ്ടിക്കാന്‍ തുടങ്ങി. ‘ഈ സുന്ദരി എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കറിയണം.’ അവര്‍ ആ ചിത്രകാരനെ നിര്‍ബന്ധിച്ചു. ചിത്രകാരന്‍ അവരോടെല്ലാമായി പറഞ്ഞു.’ക്ഷമിക്കണം, വാസ്തവത്തില്‍ ഈ സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ല ഇവള്‍ക്കു ഭാഷയും മതവും രാജ്യവുമില്ല. ഇവളില്‍ ഞാന്‍ കാണുന്നത് ഒരു വ്യക്തിയുടെ സൗന്ദര്യമല്ല. എന്റെ ഉള്ളില്‍ കണ്ട സൗന്ദര്യമാണ് ഇവളുടെ കണ്ണും മൂക്കും മുഖവും അംഗങ്ങളുമായി ഞാന്‍ വരച്ചത്. അതുകൊണ്ട് നിങ്ങള്‍ ഈ ചിത്രത്തില്‍ അന്ധമായി വിശ്വസിക്കരുത്. പക്ഷേ, അവരാരും അയാളുടെ വാക്കുകള്‍ വിശ്വസിച്ചില്ല.
‘ഇവളെ സ്വന്തമാക്കാന്‍ നിങ്ങള്‍ കള്ളം പറയുകയാണ്’ അവര്‍ ചിത്രകാരനോട് രോഷത്തോടെ പറഞ്ഞു.
‘അല്ല, ലോകം മുഴുവന്‍ അന്വേഷിച്ചാലും ഈ സുന്ദരിയെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇവള്‍ എല്ലാ സൗന്ദര്യത്തിന്റെയും സത്താണ്.’ പക്ഷേ, ചിത്രകാരന്റെ വാക്കുകള്‍ അവഗണിച്ച്, അവര്‍ ആ ചിത്രത്തെ വിശ്വസിച്ചു. ആ സുന്ദരിയെ സ്വന്തമാക്കാനുള്ള ആഗ്രഹത്താല്‍ അവര്‍ പരസ്പരം കലഹിച്ചു. അവസാനം തമ്മിലടിച്ച് സ്വയം നശിച്ചു.
ഇതുപോലെയാണ് നമ്മളും. ചിത്രത്തിലും ഗ്രന്ഥത്തിലും മാത്രം ഒതുങ്ങുന്ന ഈശ്വരനെ അന്വേഷിക്കുകയാണ് പലരും. ആ തിരച്ചിലിനിടയില്‍ നമുക്കു നമ്മെത്തന്നെ നഷ്ടപ്പെടുകയാണ്. നമ്മള്‍ എന്ത് ആരോപിക്കുന്നുവോ, അതാണ് നാം കാണുന്നത്. പകയുടെയും വിദ്വേഷത്തിന്റെയും കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ലോകത്തെ അങ്ങനെയേ കാണാനാവൂ. എന്നാല്‍ സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും കണ്ണുകള്‍കൊണ്ട് നോക്കിയാല്‍ എല്ലായിടവും ഈശ്വരന്റെ സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയും.
ശാസ്ത്രം പറയുന്നു, ഓരോ നിറമുള്ള കണ്ണാടിവെച്ചാണ് ലോകത്തെ നമ്മള്‍ കാണുന്നതെന്ന്. ആ കണ്ണാടിയിലൂടെ കാണുന്നത് നമ്മുടെ ലോകവും മതവും. അതനുസരിച്ച് നമ്മള്‍ പ്രതികരിക്കുന്നു. അങ്ങനെ മനുഷ്യനെ മനുഷ്യനായിപ്പോലും പലപ്പോഴും നമുക്ക് കാണാന്‍ കഴിയാതെ പോകുന്നു.
ഈയിടെ ഒരു മതാചാര്യനുമായി അമ്മ സംസാരിച്ചു. അദ്ദേഹം പറഞ്ഞ ഒരു സംഭവം മക്കളുടെ കണ്ണു തുറപ്പിക്കുവാന്‍ ഉതകുന്നതാണ്. ആ മതാചാര്യനെ സ്വീകരിക്കാന്‍ ഒരു വീട്ടുകാര്‍ തയ്യാറായി. വീടിനോട് ചേര്‍ന്ന് അവര്‍ ഒരു ആസ്പത്രിയും നടത്തിയിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങി വീട്ടിനുള്ളിലേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിക്കാന്‍ താലത്തില്‍ പുഷ്പവും അരിയും എണ്ണനിറച്ച വിളക്കുമായി അനവധി സ്ത്രീകള്‍ നിന്നിരുന്നു. വിശിഷ്ടാതിഥി നടന്നു നീങ്ങുന്ന പാതയില്‍ പുഷ്പം വിതറി സ്വീകരിക്കുകയാണ് പതിവ്. പക്ഷേ, ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. അദ്ദേഹം പറഞ്ഞു. ‘സ്വീകരിക്കാന്‍ നിന്ന സ്ത്രീകള്‍ കൈയിലുള്ള താലത്തില്‍ നിന്ന്, അരിയും എണ്ണയും കൂട്ടിച്ചേര്‍ത്ത് എന്റെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. അതില്‍ സ്നേഹവും സ്വീകരണവുമായിരുന്നില്ല. മറിച്ച്, ദേഷ്യവും നിഷേധവുമായിരുന്നു. ഞാന്‍ കൈകൊണ്ട് മുഖം പൊത്തി എറിയരുതെന്ന് ആഗ്യം കാട്ടി. പക്ഷേ. ഏറു തുടര്‍ന്നു.’
ഇഷ്ടമില്ലാത്തവരെയാണോ സ്വീകരിക്കാന്‍ നിര്‍ത്തിയതെന്ന് പിന്നീടദ്ദേഹം വീട്ടുകാരോട് തിരക്കി.
‘അല്ല, ഇവിടത്തെ ആസ്പത്രിയിലെ ജോലിക്കാരാണവര്‍’ വീട്ടുകാര്‍ പറഞ്ഞു.
‘എന്നാലവര്‍ വെറുപ്പും വിദ്വേഷവുമാണ് കാട്ടിയത്. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ’ ആ മതാചാര്യന്‍ വീട്ടുകാരെ അറിയിച്ചു.
സംശയംതോന്നിയ വീട്ടുകാര്‍ അന്വേഷിക്കാന്‍ ആളെവിട്ടു. അപ്പോള്‍ സ്വീകരിക്കുവാന്‍ നിന്ന സ്ത്രീകള്‍ മുറിയില്‍ കൂടി അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു: ‘ഞാനാ പിശാചിനിട്ടു നല്ലൊരേറു കൊടുത്തെടീ…!’
ആ മതാചാര്യന്‍ അമ്മയോടു പറഞ്ഞു:’ഉടമസ്ഥന്‍ വിളിച്ചപ്പോള്‍ ജോലിക്കാര്‍ സ്വീകരിക്കാന്‍ വന്നുനിന്നു. അത്രതന്നെ. പക്ഷേ, അവര്‍ക്കുമതം എന്തെന്നോ, സംസ്കാരം എന്തെന്നോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, മനുഷ്യനെ പിശാചായികണ്ടു പെരുമാറുന്ന സംസ്കാരമായിരുന്നു അവരുടേത്. മറ്റുള്ളവരെ വെറുക്കാനും സംശയിക്കാനും പഠിപ്പിക്കുന്നതു മതമാണ് എന്ന് അമ്മയ്ക്ക് തോന്നുന്നില്ല. അത് മതാന്ധതയാണ്. മക്കള്‍ ഒരിക്കലും മതാന്ധരായി മാറരുത്. യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹതത്തിന്റെയും ഐക്യത്തിന്റെയും തത്വമാണ്. ആ തത്വങ്ങളാണ് മക്കള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടത്.
കടപ്പാട്: മാതൃഭുമി