“ഫിസിക്സിലെ ധ്വനിസിദ്ധാന്തം” എന്ന തലവാചകത്തോടെ ഭാഷാപോഷിണി സെപ്റ്റംബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ ഇ സി ജി സുദര്‍ശനനുമായി ശ്രീ കെ എം വേണുഗോപാല്‍ നടത്തിയ അഭിമുഖം തീര്‍ച്ചയായും വായിക്കേണ്ടുന്നതാണ്. അതില്‍ പ്രധാനപ്പെട്ടവ എന്ന് തോന്നിയ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു താഴെ ടൈപ്പ് ചെയ്തിരിക്കുന്നു.
ഭൗതികശാസ്ത്രത്തിലെ ഗഹനമായ തത്ത്വങ്ങള്‍ വിശദീകരിക്കാന്‍ സുദര്‍ശനന് അപ്പോള്‍ പെയ്ത മഴ, കണ്‍വെട്ടത്തുള്ള ജലധാരായന്ത്രം, ഇന്നലെ രാത്രിയില്‍ കണ്ട ഓട്ടന്‍തുള്ളല്‍ എന്നിവ മതിയായിരുന്നു. അത് തീരെ ചെറിയ കുട്ടിയോ വലിയ കലാകാരനോ പറയുംപോലെ സരളമായിരുന്നു.
പ്രകൃതിയിലെ പ്രതിഭാസങ്ങളെ നോക്കുകയും അതിന് പിന്നില്‍ എന്ത് എന്ന് ആലോചിക്കുകയും ചെയ്യുന്നതാണ് സയന്‍സിന്റെ തുടക്കം. ഒരു ശാസ്ത്രജ്ഞന്റെ വിദ്യാഭ്യാസം അവിടെയാണ് തുടങ്ങുന്നത്. മഴ വരുമ്പോള്‍ കുട നിവര്‍ത്തി പിടിച്ചിട്ടു കാര്യമില്ലതാവുമ്പോഴാണ് ഭൂഗുരുത്വതോടൊപ്പം കാറ്റും പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയുന്നത്.
ഏതെങ്കിലും വസ്തുവിനെപ്പറ്റി എഴുതിവച്ചിരിക്കുന്നതെല്ലാം പഠിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. “എന്താണത്” എന്നറിയില്ല. നിങ്ങള്‍ ഒരു വസ്തുവില്‍ത്തന്നെ നോക്കിയിരിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം വിരിഞ്ഞു വരുന്നു, മനസ്സിലായിത്തുടങ്ങുന്നു. അപ്പോള്‍ കാറ്റും മഴയും വരുമ്പോള്‍ നിങ്ങളതിനെ ശപിക്കുന്നില്ല. രണ്ടു ശക്തികളുടെ ഒരുമിക്കലാണല്ലോ അത് എന്ന് ബോധ്യപ്പെടുന്നു. സാധാരണക്കാര്‍ കാണാത്തതാണ് ഇത്.
ക്വാണ്ടം തിയറിയില്‍ നമുക്ക് നേരിട്ടു പരിചയമില്ലാത്ത കാര്യങ്ങളാണ് പറയുന്നത് – ഇലക്ട്രോണുകളെപ്പറ്റി. നമ്മള്‍ ഇലക്ട്രോണ്‍ കണ്ടിട്ടില്ല. അല്പം ഇലക്ട്രിക് ചാര്‍ജ്ജുള്ള ഒരു ചെറു കണികയാണെന്ന് സങ്കല്‍പ്പിക്കാം. അത് ഒരു ഭാഗം മാത്രം. പ്രകാശം തുടര്‍ച്ചയായല്ല മുറിഞ്ഞു മുറിഞ്ഞാണ് വരുന്നത് എന്ന് പറയുന്നു. എന്തിനാ അങ്ങനെ വിചാരിക്കുന്നത്? അത് തുടര്‍ച്ചയായി പ്രവഹിക്കുന്നു എന്ന് വിചാരിച്ചാല്‍ പോരെ? പ്രകാശത്തിനു ആ പ്രകൃതം ഉണ്ടെന്നു സങ്കല്‍പ്പിച്ചാലെ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറ്റൂ. ചുട്ടുപഴുത്ത ഒരു പാത്രത്തില്‍ നിന്നുണ്ടാവുന്ന വെളിച്ചം പോലെ.
നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്യത്തെപ്പറ്റിയാണ് പുതിയ ഫിസിക്സ് പറയുന്നത്. അവിടെ പദാര്‍ത്ഥ സ്വഭാവ സൂത്രവാക്യങ്ങള്‍ ഉണ്ടാകാം. പക്ഷെ, അത് നേരിട്ടനുഭവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് ചില ശാസ്ത്രജ്ഞന്‍മാര്‍ ചിലപ്പോള്‍ കണികയാണെന്നും ചിലപ്പോള്‍ തരംഗമാണെന്നും പറയുന്നത്. കണികയ്ക്ക് അതൊന്നും പ്രശ്നമല്ല. ആരാണ് അളക്കുന്നത് എന്നൊന്നും കണിക അന്വേഷിക്കുന്നില്ല.
ഹൈസ്കൂളില്‍ മലയാളം മുന്‍ഷി പകര്‍ന്നു തന്ന വിഷയാവബോധവും ഒരു കാര്യത്തിന് അനേക തലങ്ങളുണ്ടാകാം എന്ന അറിവും കണ്ടുപിടിത്തങ്ങള്‍ക്ക് വളരെ സഹായകമായിട്ടുണ്ട്. ശിവഭുജംഗസ്ത്രോത്രം മുന്‍ഷി ചൊല്ലിക്കേള്‍ക്കുമ്പോള്‍ ശിവന്‍ നിന്നു നൃത്തംചെയ്യുന്നതുപോലെ തോന്നും. ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം. പിന്നീട് കോളേജില്‍ പോയി പഠിക്കുമ്പോഴും ഇത്രയും ആഴത്തിലൊന്നും നമ്മള്‍ പഠിക്കുന്നില്ല. വാച്യാര്‍ത്ഥം മനസ്സിലാക്കുമ്പോഴും അതിന് പിന്നില്‍ മറ്റു അര്‍ത്ഥങ്ങള്‍ വന്നു നില്ക്കുന്നു.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ഒരു കവിതയില്‍ “ഈശോവാസ്യ ഉപനിഷത്തിനെ” പരാമര്‍ശിച്ചിരുന്നത് കണ്ടപ്പോള്‍ എന്താണ് ഉപനിഷത്ത് എന്ന ചോദ്യമായി. ആത്യന്തിക സത്യത്തെപ്പറ്റിയാണ് അത് പറയുന്നത് എന്നറിഞ്ഞു. എന്താണ് ആ പരമമായ സത്യം? സ്കൂളില്‍ ഉണ്ടായിരുന്ന നൂറോളം പുസ്തകങ്ങള്‍ വായിച്ചു. മഹാഭാരതത്തിന്റെയും മറ്റും ഭാഗങ്ങള്‍ ആയിരുന്നു കൂടുതലും.
“ഞാന്‍” എന്ന പേരില്‍ ഒരു ഉപന്യാസമുണ്ടായിരുന്നു. ആരാണ് ഞാന്‍? ശരീരമാണോ? അല്ല. ഹൃദയമാണോ? അല്ല. ഇതെല്ലാം എന്റെതാണ്, പക്ഷെ ഞാന്‍ ഇതൊന്നുമല്ല. രണ്ടു കയ്യും രണ്ടു കാലും പൊക്കി ചാടുന്നതുപോലെയായിരുന്നു അത്. അച്ഛന്റെ ശേഖരത്തില്‍ നിന്നു ഗുരു, ജ്ഞാനം, വിമോച്ചനത്തിന്റെ അര്‍ത്ഥം, എന്നിങ്ങനെ പല വിഷയങ്ങള്‍ വായിച്ചു. ഈ പുസ്തകങ്ങള്‍ വളരെ ലളിതമായ ഭാഷയിലാണ് എഴുതപ്പെട്ടിരുന്നത്.
എല്ലാം ഇംഗ്ലീഷില്‍ പഠിക്കണം എന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. ഇവിടെ അറിയാവുന്ന ഭാഷയില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നില്ല! എല്ലാറ്റിനും അര്‍ത്ഥം തിരയാനുള്ള ശ്രമമായിരുന്നു.
ചില കാര്യങ്ങള്‍ എത്ര മനസ്സിലാക്കിയാലും മുഴുവന്‍ മനസ്സിലാവില്ല. ഒരേ സമയം തരംഗമായും കണികയയും ഇരിക്കാന്‍ പദാര്‍ത്ഥത്തിന് എങ്ങനെ കഴിയുന്നു? എക്സ്റെ ഉണ്ടാവുന്നത് എങ്ങനെയാണ്? നമ്മുടെ നേരിട്ടുള്ള അനുഭവങ്ങളില്‍ ഈ ബാലികേറാമലയുണ്ട്. അതായത് ഒരു പ്രത്യേക ഉയരത്തില്‍ ഈ വഴി പോയി എത്തിപ്പെടാന്‍ പറ്റുന്നില്ല. പലപ്പോഴും നിങ്ങള്‍ക്കവിടെ എത്താം. ഈ വഴിയേ ശരീരവുമായി കയറാന്‍ പറ്റില്ല, മനസ്സിലൂടെ അവിടെ എത്താം. ശാസ്ത്രകാരന്മാരോക്കെ ആദ്യം മനസ്സിലാകുന്ന കാര്യമാണ് ഇതെങ്കിലും അവര്‍ സമ്മതിക്കാറില്ല.
ചില സമയങ്ങളില്‍ അറിയാം എന്ന് കരുതിയത് അറിയുന്നില്ല എന്ന് വരുന്നു. വസ്തുവിന്റെ പ്രകൃതം തന്നെ അനിശ്ചിതമാകുന്നു. ജ്യോമട്രിയില്‍ത്തന്നെ ഇങ്ങനെ അനേക തലങ്ങളുള്ള അര്‍ത്ഥം നമ്മള്‍ കണ്ടു തുടങ്ങുന്നു.
ശാകുന്തളത്തില്‍ കണ്വന്‍ ശാര്‍ങ്ങരവനോട് പറഞ്ഞു വിടുന്ന സന്ദേശത്തിന് നിങ്ങള്‍ അഞ്ചു അര്‍ത്ഥം പറയുന്നു. അഞ്ചു അര്‍ത്ഥവും തെറ്റല്ല. ആ അര്‍ത്ഥം മാത്രമല്ല അതിന്റെ അര്‍ത്ഥം എന്ന ന്യൂനതയെ ആ അര്‍ത്ഥങ്ങള്‍ക്കൊക്കെയുള്ളൂ. ഭാഷക്ക് ഈ സ്വഭാവമുണ്ട്, ഗണിതത്തിനുണ്ട്. മറ്റിടങ്ങളിലും ഇതുണ്ടാവുക സ്വാഭാവികം മാത്രം. ഇതാണ് നമ്മള്‍ എന്ന് നമ്മള്‍ വിചാരിക്കുന്നു.
എങ്കിലും ചിലപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ചോദിച്ചു പോകും, “ആരാണ് ഇത്?”. അല്പം ചെറുപ്പകാലത്തെ ഫോട്ടോ കാണുമ്പോള്‍ ചോദിക്കും “ആരാണ്? ആ ആളാണോ ഞാന്‍? ഞാന്‍ ആ ആളായിരുന്നിരിക്കാന്‍ സാധ്യതയുണ്ടോ?” ജീവിതത്തില്‍ ഇങ്ങനെ കണ്ടെത്താന്‍ കഴിയാത്ത വിഷമ പദപ്രശ്നങ്ങള്‍ (unresolved philosophical problems) ഉണ്ട്. ഈ അന്വേഷണം ചിട്ടയായി ആരെങ്കിലും നടത്തിയിട്ടുണ്ടോ? അപ്പോള്‍ നിങ്ങള്‍ക്ക് ഉത്തരം കിട്ടുന്നു. ഉണ്ട്. ഉപനിഷത്തിലുണ്ട്. അത് ഗുരുമുഖത്ത് നിന്നും പഠിക്കണം എന്ന് പറയും. അര്‍ത്ഥം തെറ്റായി മനസ്സിലാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെ പറയുന്നത്.
പദാര്‍ത്ഥങ്ങള്‍ പ്രോട്ടോണുകളായും ഇലക്ട്രോണുകളായും നിര്‍മ്മിതമാണ്. പ്രോട്ടോണിന് ഭാരക്കൂടുതല്‍ ഉണ്ട് എന്നൊക്കെ നമ്മള്‍ പറയും. പ്രോട്ടോണുകള്‍ എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ചോദിച്ചാല്‍ സ്വാഭാവികമായി ഉണ്ടാവുന്ന ഉത്തരം പദാര്‍ത്ഥംകൊണ്ട് എന്നാണ്. അതെങ്ങനെ സാധിക്കും? വലുപ്പത്തെപ്പറ്റിയുള്ള സങ്കല്‍പ്പത്തിന് അര്‍ത്ഥമില്ല എന്നുവരുന്നു.
ഇന്നലെ കല്യാണസൗഗന്ധികം തുള്ളല്‍ കണ്ടു. ഭീമന്‍ പറയുന്നു, “എനിക്കൊരു തത്ത്വമുണ്ട്. മുമ്പോട്ടുള്ള എന്റെ വഴിയില്‍ ആരും തടസ്സപ്പെടുത്തരുത്”. ഹനുമാന്‍ പറയുന്നത്, “തനിക്ക് മറ്റൊരു തത്ത്വമുണ്ട്, എന്റെ വാല്‍ ഞാനായി മാറ്റില്ല. ക്ഷീണിതനാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുത്ത് മാറ്റാം.” പരസ്പരം അനുസരിക്കാത്ത രണ്ടു തത്ത്വങ്ങളാണ് ഇവ. ഓരോന്നായി എടുത്താല്‍ രണ്ടും ശരിയാണ്. രണ്ടും തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കില്ല.
ഞാന്‍ ചെയ്ത പ്രധാന സിദ്ധാന്തം റേഡിയോ ആക്റ്റിവിറ്റിയെപ്പറ്റിയാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണത്തിനു മറ്റൊരാള്‍ക്ക് നോബല്‍ സമ്മാനം കിട്ടി. സ്റ്റീഫന്‍ വൈന്‍ബെര്‍ഗ് ഈയിടെ അത് സമ്മതിച്ചു. സമ്മാനം ഇല്ലെങ്കിലും ശരി. വലിയ കണ്ടുപിടിത്തങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? ബുദ്ധിയില്‍ നിന്നാണോ? അല്ല. ഹൃദയത്തില്‍ നിന്നാണോ? അല്ല. ഹൃദയമിടിച്ചുകൊണ്ടിരിക്കണം ഇത് വരുമ്പോള്‍. പക്ഷെ ആ വലിയ ആശയങ്ങള്‍ എവിടുന്നോ വരുന്നതാണ്. അറിവ് ഇങ്ങോട്ട് വരുന്നതാണ്. “അസ്പഷ്ടം ദൃഷ്ടമാത്രേ” എന്ന് പറയാറില്ലേ അങ്ങനെയാണ് അത് വരുന്നത്.
കടപ്പാട്: ഭാഷാപോഷിണിയോട്, ഈ ലേഖനം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്ത് ശ്രീ ജയശങ്കറിനോട്.