ഒരു പുതിയ തുടക്കം അല്ലെങ്കില്‍ ഒരു പുതിയ സ്ഥാപനം തുടങ്ങുന്നതിനു രാഹുകാലം വര്‍ജ്ജിക്കുന്നു. മതഭേദമില്ലാതെ വളരെയേറെ മലയാളികള്‍ ഇത് പിന്തുടരുന്നുണ്ട്. എനിക്ക് രാഹുകാലത്തോട് താല്പര്യമില്ല, അക്കാര്യം നോക്കാറുമില്ല.

രാഹുകാലത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ മലയാളം ബ്ലോഗ് ലോകത്തില്‍ നടന്നതായി ഗൂഗിള്‍ പറയുന്നു. കലേഷ്‌ കുമാറിന്റെ രാഹുകാലം കണ്ടുപിടിക്കാന്‍ എളുപ്പവഴി എന്ന ലേഖനവും അനൂപ് തിരുവല്ലയുടെ രാഹുകാലവും തെറ്റിദ്ധാരണകളും എന്ന ലേഖനവും ഉമേഷിന്റെ 2008-ലെ കലണ്ടറും കുറേ അലപ്രകളും എന്ന ലേഖനവും ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരുന്നു.

സാധാരണയായി രാഹുകാലം ദിവസവും ഒന്നര മണിക്കൂര്‍ ആണ്. രാവിലെ ആറുമണിക്ക് സൂര്യോദയം എന്നും വൈകിട്ട് ആറുമണിക്ക് സൂര്യാസ്തമയം എന്നും സങ്കല്‍പ്പിച്ചാണ് ഇങ്ങനെ കണക്കാക്കിയിരിക്കുന്നത്.

തിങ്കള്‍ (7:30 – 9:00), ചൊവ്വ (15:00 – 16:30), ബുധന്‍ (12:00 – 13:30), വ്യാഴം (13:30 – 15:00), വെള്ളി (10:30 – 12:00), ശനി (9:00 – 10:30), ഞായര്‍ (16:30 – 18:00)

ഓരോ സ്ഥലത്തെയും സൂര്യോദയവും സൂര്യാസ്തമയവും വ്യത്യസ്തമായിരിക്കും. അതിനാല്‍ രാഹുകാലവും അല്പസ്വല്പം മാറുന്നു.

ഓരോ സ്ഥലത്തെയും അക്ഷ‍ാംശവും രേഖ‍ാംശവും (latitude and longitude) അനുസരിച്ച് അവിടത്തെ പ്രാദേശിക സൂര്യോദയവും സൂര്യാസ്തമയവും കണ്ടുപിടിക്കാന്‍ കഴിയും. NOAA പ്രസിദ്ധീകരിച്ചിട്ടുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചു അമേരിക്കയിലെ വാഷിംഗ്‌ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഇക്കോളജി ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയിട്ടുള്ള ഒരു സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ചു കൃത്യതയോടെ പ്രാദേശിക സൂര്യോദയവും സൂര്യാസ്തമയവും കണ്ടുപിടിക്ക‍ാം.

നിങ്ങളുടെ സ്ഥലത്തെ അക്ഷ‍ാംശവും രേഖ‍ാംശവും അറിയില്ലെങ്കില്‍ ഈ ഗൂഗിള്‍ മാപ്പ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണം സഹായിക്കും.

മുകളില്‍ പറഞ്ഞ സ്പ്രെഡ്ഷീറ്റില്‍ രാഹുകാലത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടിചേര്‍ത്ത് ഈയുള്ളവന്‍ നിങ്ങള്‍ക്കായി ഒരു രാഹുകാലം കാല്‍ക്കുലേറ്റര്‍ മെനഞ്ഞെടുത്തു. കണക്കു കൂട്ടലുകള്‍ ഉളളതിനാല്‍ ഇതു പ്രവര്‍ത്തിക്കാന്‍ സ്പ്രെഡ്ഷീറ്റിലെ മാക്രോ (Macro) ആവശ്യമാണ്‌ എന്നോര്‍ക്കുക. മാക്രോ സെക്ക്യൂരിറ്റി മീഡിയം ആയി തെരഞ്ഞെടുക്കണം. ചെയ്യണം. ഈ കാല്‍ക്കുലേറ്റര്‍ ഓപ്പണ്‍ ഓഫീസ് കാല്‍ക്-ലും പ്രവര്‍ത്തിക്കും.

രാഹുകാലം കാല്‍ക്കുലേറ്റര്‍ (Rahukaalam Calculator) (സ്പ്രെഡ്ഷീറ്റ്) ഡൌണ്‍ലോഡ് ചെയ്യൂ.

എനിക്ക് ജ്യോതിഷത്തില്‍ താല്പര്യമില്ല. എന്നിരുന്നാലും വിശ്വസിക്കുന്നവര്‍ കുറഞ്ഞ പക്ഷം ശരിയായി അത് കണക്കാക്കി വിശ്വസിച്ചോട്ടെ! ഇന്ത്യയിലായാലും ഗള്‍ഫിലായാലും അമേരിക്കയിലായാലും യൂറോപ്പിലായാലും ഈ കണക്കുകള്‍ ശരിയാവും എന്നാണ് വിശ്വാസം. ഈ സ്പ്രെഡ്ഷീറ്റ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ചു നോക്കൂ.

ഇതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായിപ്പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക, അറിയിക്കുക; തിരുത്ത‍ാം.

– ശ്രീ