വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ എഴുതി പല ലക്കങ്ങളിലായി പ്രബുദ്ധകേരളം ആദ്ധ്യാത്മിക മാസികയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ഏതാനും ലേഖനങ്ങള്‍ സ്വാമിജിയുടെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ചു ശിഷ്യന്മാര്‍ പ്രസിധീകരിച്ചതാണ് പ്രണവോപാസന എന്ന ഈ ഗ്രന്ഥം. പുറനാട്ടുകര രാമാകൃഷ്ണാശ്രമത്തിലെ ശ്രീ ഈശ്വരാനന്ദ സ്വാമികളാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത്.
“നിര്‍ഗുണവും നിരാകാരവും അദൃശ്യവും അവ്യപദേശ്യവുംഇന്ദ്രിയാഗ്രാഹ്യവും മനോബുദ്ധികള്‍ക്കതീതവുമായ നിത്യസത്യത്തെപ്പറ്റിയുള്ള സങ്കല്പംപോലും സാമാന്യബുദ്ധികള്‍ക്ക് അസാധ്യമായതിനാല്‍ അതിനുള്ള ഒരു സുഗമമാര്‍ഗ്ഗമായാണ് ഉപാസനയെ ഉപദേശിച്ചിട്ടുള്ളത്. ലൌകികവിഷയങ്ങളില്‍ നിന്നെല്ലാം വ്യാവൃത്തമായ മനസ്സിനെ ഏതെങ്കിലും ഒരു ദേവതാരൂപത്തില്‍ സ്ഥിരമാക്കി നിര്‍ത്തി അനുസ്യൂതമായ ധ്യാനഭജനങ്ങളെക്കൊണ്ട് ഏകാഗ്രത നേടുന്നതാണ് ഉപാസന. അതുകൊണ്ട് മനസ്സ് സൂക്ഷ്മവും ശുദ്ധവുമായിത്തീരുന്നു. ശുദ്ധവും നിര്‍മ്മലവുമായ മനസ്സില്‍ ഈശ്വരസ്വരൂപം തെളിഞ്ഞുവിളങ്ങുന്നു. അങ്ങനെ ഉപാസന ഈശ്വരസാക്ഷാത്കാരത്തിനുള്ള ഉപാധിയായിത്തീരുന്നു.”