ദൈവം ഉണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവാറും ആള്‍ക്കാര്‍ സമ്മതിക്കും ദൈവം ഉണ്ടെന്ന്.
ദൈവം ഇല്ലെന്നു പറയുന്നവര്‍ കൂടുതലും ഒരു ഫാഷനുവേണ്ടിയാണ് അങ്ങനെ പറയുന്നതെന്നാണ് ഈയുള്ളവന് തോന്നിയിട്ടുള്ളത്. അല്ലാതെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അവര്‍ക്കറിയില്ല. അതിനെക്കുറിച്ച് ഗൌരവമായി ചിന്തിച്ചിട്ടുമില്ല. അങ്ങനെ ചിന്തിക്കാന്‍ മടിച്ചിട്ട്, ദൈവം ഇല്ല എന്നങ്ങു പറയാം, കാര്യം എളുപ്പത്തില്‍ സാധിക്കുമല്ലോ! പക്ഷെ, കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഇത്തരക്കാരില്‍ കൂടുതല്‍പ്പേരും സമാധാനത്തിനായി “ദൈവമേ” എന്ന് വിളിക്കാറുണ്ട്.
ദൈവം എന്നാല്‍ ഞാനും നീയും അല്ലാതെ, നമുക്കെത്താന്‍ കഴിയാത്തത്ര ഉയരങ്ങളിലുള്ള, ആരാലും നശിപ്പിക്കപ്പെടാത്ത, ഒരാള്‍ എന്ന് കാണുവാനാണ് കൂടുതല്‍പ്പേര്‍ക്കും താത്പര്യം. അതായത്, തനിക്ക് ദൈവം ആകാന്‍ പറ്റില്ല; ദൈവം തനിക്ക് എത്താന്‍ പറ്റുന്ന ഒന്നല്ല; അതിനാല്‍ ദൈവത്തെ ആരാധിക്കണം; ദൈവത്തെ ഭയക്കണം – ഒരുതരം വീരാരാധന പോലെ. അങ്ങനെയല്ലേ മിക്കവാറും കരുതുന്നത്?
ദൈവം എന്ന് പറയുമ്പോള്‍ എല്ലാവരും ആകാശത്തേക്ക് / മുകളിലേക്ക് നോക്കും, അല്ലെ? എന്തിന്? ഇതുവരെ ആകാശം അഥവാ സ്പേസ് എത്താന്‍ പറ്റാത്ത ഒരു സ്ഥലം ആയിരുന്നു. ഉയരങ്ങള്‍ ആണ് മനുഷ്യന് എന്നും പ്രചോദനം നല്കുന്നത്. അതായത് ഉയര്‍ച്ചക്ക് കാരണക്കാരനായ ഒരാള്‍ ആണ് ദൈവം. എന്താണ് ഉയര്‍ച്ച? ഭൌതികമായ നേട്ടങ്ങള്‍ മാത്രമാണോ? അതോ മാനസികമായ, ആത്മീയമായ ഉയര്‍ച്ചകൂടിയാണോ? ചിന്തിക്കേണ്ടതാണ്.
ഒരു സാധാരണക്കാരന്‍ ഇത്തരം സങ്കല്പങ്ങള്‍കൊണ്ടും ക്ഷേത്രത്തില്‍ പോയി വിഗ്രഹാരാധന ചെയ്തും വഴിപാടു നടത്തിയും വീട്ടില്‍ നിലവിളക്ക് കത്തിച്ചു നാമം ജപിച്ചും വൃതം എടുത്തും മറ്റും ദൈവത്തെ ആരാധിക്കുന്നു. അവനവന്റെ മനസ്സിനെ അങ്ങനെ സമാശ്വസിപ്പിക്കുന്നു. അങ്ങനെ മനുഷ്യന് പലതരതിലുള്ള ഈശ്വരസങ്കല്പം ഉണ്ടായി.
വേദം, ഉപനിഷത്ത്, പുരാണങ്ങള്‍, ഗീത, എന്നൊക്കെ കേട്ടാല്‍ അവര്‍ ഓടി മറയുന്നു, കാരണം അവ സാധാരണക്കാരന് ഗ്രഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. ഒന്നോ രണ്ടോ അര്‍ത്ഥമറിയാത്ത സ്തോത്രങ്ങളോ മറ്റോ ചൊല്ലി അവര്‍ സമാധാനം കണ്ടെത്തുന്നു.
സാധാരണക്കാര്‍ ആത്മീയത വാക്കില്‍ നിന്നുപോലും ഓടി ഒളിക്കാന്‍ എന്തൊക്കെയായിരുക്കും കാരണങ്ങള്‍? അവരെ ദൈവം എന്നാല്‍ ഭയമാണ് എന്ന് ആരാണ് പഠിപ്പിച്ചത്? അവര്‍ സ്വതന്ത്രര്‍ ആവുന്നതിനു പകരം അടിമകളായി ചിന്തിക്കുന്നത് എന്തുകൊണ്ട്?
• സംസ്കൃതത്തില്‍ ആണ് മിക്കവാറും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്. ഇപ്പോള്‍ മലയാളം വിവര്‍ത്തനവും വ്യാഖ്യാനങ്ങളും ലഭ്യമാണെങ്കിലും. അതിനാല്‍ വേദാന്ത തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
• മിക്കവാറും പുരാണ പുസ്തകങ്ങള്‍ എല്ലാംതന്നെ വളരെ വലിയതാണ്. ഒരു ജന്മം കൊണ്ടുപോലും എല്ലാ വേദങ്ങളും ഉപനിഷത്തുകളും ഭഗവത്ഗീതയും ഒക്കെ മനസ്സിലാക്കാന്‍ പറ്റില്ല. ആയതിനാല്‍ കൂടുതല്‍പ്പേരും ഒഴിവാക്കുന്നു.
• നാലുവരി സംസ്കൃത ശ്ലോകങ്ങള്‍ക്ക് അര്‍ത്ഥം വ്യാഖ്യാനിക്കുമ്പോള്‍ പോലും അനേകം പേജുകളുള്ള, മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് വേദാന്ത ആചാര്യന്മാര്‍ പറഞ്ഞു തരുന്നത്. ലാളിത്യം എന്ന വാക്ക് അവര്‍ക്ക് അറിയില്ലാത്തതുപോലെ! കുറച്ചു കട്ടിയായി പറഞ്ഞാലേ ആള്‍ക്കാര്‍ വില കല്‍പ്പിക്കുകയുള്ളൂ! ചിലര്‍ പ്രസംഗം മാത്രമേയുള്ളൂ, അവരുടെ ജീവിതത്തില്‍ പകര്‍ത്താറില്ല.
• മന്ത്രങ്ങള്‍ എല്ലാം തന്നെ സംസ്കൃതം ആണ്. ക്ഷേത്രങ്ങളില്‍ പൂജാരികള്‍ പറയുന്നതു എന്താണെന്ന് കൂടി സാധാരണക്കാരന് മനസ്സിലാവില്ല. എന്തിനേറെപ്പറയുന്നു, മിക്കവാറും പൂജാരിമാര്‍ക്ക് പോലും അറിയില്ല അവര്‍ പറയുന്നതിന്റെ വാച്യാര്‍ത്ഥം എന്ത്, സൂക്ഷ്മാര്‍ത്ഥം എന്ത് എന്ന്. അവര്‍ അവരുടെ ജോലി എന്നത് പോലെ ഓരോന്ന് ചെയ്യുന്നു, അത്ര തന്നെ. കൂടുതലൊന്നും അവരോട് ചോദിക്കരുത്! എല്ലാ ക്ഷേത്ര പൂജാരിമാരും അങ്ങനെയാണ് എന്നും ഈയുള്ളവന്‍ പറയുന്നില്ല.
• നേരത്തെ പറഞ്ഞതുപോലെ, മിക്കവാറും പേര്‍ക്കു ഇഷ്ടം മറ്റൊരാളെ ആരാധിക്കാനാണ്. എന്തുകൊണ്ടോ എന്നറിയില്ല, രാജഭരണവും, നാട്ടുപ്രമാണിത്തവും മറ്റുമാകാം, മറ്റൊരാളെ അല്ലെങ്കില്‍ മറ്റൊരു വസ്തുവിനെ ആശ്രയിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള ഒരു രക്ഷപ്പെടല്‍ ആയി മനുഷ്യര്‍ കാണുന്നത്. അവനവന്റെ സ്ഥിരബുദ്ധിയെ, പ്രജ്ഞയെ അശ്രയിക്കുന്നതിനെക്കാള്‍ നല്ലത് എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നതാണല്ലോ! അവനവനു ഉത്തരവാദിത്തവുമില്ല, എന്തു പറ്റിയാലും ദൈവത്തെ സ്തുതിക്കുകയോ പഴിക്കുകയോ ചെയ്യാമല്ലോ!
വളരെ ലളിതമായി ചിന്തിച്ചു ഉറപ്പിക്കാവുന്ന കുറച്ചു തത്ത്വങ്ങളായി ആത്മീയതയെ കുറിച്ചു പറഞ്ഞു / കേട്ടു മനസ്സിലാക്കാവുന്നതല്ലേ? അല്ലാതെ പുരാണ കഥകളുടെയും സംസ്കൃത ശ്ലോകങ്ങളുടെയും മറ്റും പുറകെ പോയി സമയം വൃഥാ പാഴാക്കേണ്ട ആവശ്യമുണ്ടോ?
ഭഗവത്ഗീതയുടെ ജ്ഞാനേശ്വരി വ്യാഖ്യാനം വളരെ ലളിതമാണെന്നു തോന്നുന്നു. ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങള്‍ (അര്‍ജുനവിഷാദയോഗം, സാംഖ്യായോഗം, കര്‍മ്മയോഗം എന്നിവ) വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. എന്താണ് ആത്മീയ സങ്കല്പ്പമെന്നും എങ്ങനെ ഒരു നല്ലവനായി ജീവിക്കണമെന്നും ഒരാളെ നയിക്കാന്‍ ഈ മൂന്ന് അദ്ധ്യായങ്ങള്‍ സഹായിക്കും എന്ന് ഈയുള്ളവന്‍ കരുതുന്നു. ഇവ മൂന്നും ലളിതമായ മലയാളം വാക്കുകള്‍ ഉപയോഗിച്ചു ടൈപ്പ് ചെയ്തു നിങ്ങളില്‍ എത്തിക്കാന്‍ ഈയുള്ളവന്‍ തുടര്‍ന്ന് ശ്രമിക്കാം.