അടുത്ത കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആള്‍ദൈവങ്ങളെ കുറിച്ചുള്ള ഒരു ലേഖനസമൂഹം വായിക്കാന്‍ ഇടയായി. എല്ലാ ലേഖനങ്ങളും നാട്ടിലെ സന്യാസിമാരെയും, അമൃതാനന്ദമയി, രവിശങ്കര്‍ തുടങ്ങിയവരെയും പേരുപറയാതെ സ്പര്‍ശിക്കുന്നവ ആയിരുന്നു. ഈ ലോകത്ത് എന്തോ വലിയ ഒരു പ്രശ്നം, ചിലപ്പോള്‍ ലോകാന്ത്യപ്രളയം എന്ന് പറയുന്നതിനേക്കാള്‍ വലിയ ഒരു പ്രശ്നം ആണ് ഈ ആള്‍ദൈവ വിശ്വാസികള്‍ എന്ന് തോന്നിപ്പോകും!

ഈ നാട്ടില്‍ കമ്മ്യൂണിസം എങ്ങനെയാണ് വളര്‍ന്നത്‌? അടിയാന്മാരുടെയും ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മറ്റും ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടാണ് കേരളത്തില്‍ വേരൂന്നിയത് എന്നും ഈയുള്ളവന്‍ സമ്മതിക്ക‍ാം. അതായത് ആശ്വാസം ലഭിക്കാന്‍, സാന്ത്വനം ലഭിക്കാന്‍, മുറവിളി കൂട്ടുന്ന ഒരു സമൂഹത്തിന്റെ വികാരങ്ങളല്ലേ ഇവിടെ പാര്‍ട്ടിയുടെ പ്രചാരത്തിനു സഹായകമായത്? കഷ്ടപ്പെടുന്ന, ചൂഷിതരായ ഒരു കൂട്ടം തൊഴിലാളികള്‍ ഉണ്ടായിട്ടല്ലേ പാര്‍ട്ടി വളര്‍ന്നത്‌?

അതായത്, അത്തരക്കാരുടെ പ്രശ്നങ്ങളും ദുഖങ്ങളും വളമാക്കിയല്ലേ പാര്‍ട്ടി വളര്‍ന്നത്‌? അതില്‍ തെറ്റുണ്ടോ? ഒരു പൊതു സാമൂഹിക പ്രശ്നം ഉണ്ടാവുമ്പോള്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു.

അതുപോലെ, ഇപ്പോള്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരു പ്രശ്നമല്ലേ എന്തുണ്ടായിട്ടും മന:ശാന്തി ഇല്ലായ്മ? മനുഷ്യന്‍ പണത്തിനായി പരക്കം പായുന്നു, നല്ലതും ചീത്തയുമായ പല വഴികളില്‍കൂടിയും അവന്‍ പണം നേടുന്നു. പക്ഷെ, പിന്നീട് അവന്‍ തിരിച്ചറിയുന്നു, എത്ര നേടിയിട്ടും മന:സ്സുഖം മാത്രം നേടാന്‍ കഴിയുന്നില്ല എന്ന്. അതെങ്ങനെ കിട്ടും എന്ന് സ്വയം ചിന്തിച്ചു കണ്ടെത്താനും അവന് സമയമില്ല! ഫാസ്റ്റ്ഫുഡ് പോലെ, വിഴുങ്ങാന്‍ റെഡിയായി മനസ്സമാധാനം കിട്ടുമോ എന്ന് അവന്‍ ശ്രമിക്കുന്നു! അങ്ങനെ അവന്‍ കോര്‍പ്പറേറ്റ് ഭക്തിയില്‍ എത്തുന്നു. ഇടയ്ക്കിടയ്ക്ക് അമൃതപുരിയിലോ പുട്ടപര്‍ത്തിയിലോ ശ്രീ ശ്രീ ആശ്രമത്തിലോ മറ്റോ പോകുന്നു, കുറച്ചു പണം നിക്ഷേപിക്കുന്നു, സായൂജ്യമടയുന്നു.

ഒരു കണക്കിന് നോക്കിയാല്‍ കമ്മ്യൂണിസം ആയാലും വന്‍കിട ആത്മീയ സ്ഥാപനങ്ങള്‍ ആയാലും വളരുന്നത് ഒരേ സങ്കേതം ഉപയോഗിച്ചല്ലേ? സാധാരണക്കാരന്റെ ദുഖങ്ങളില്‍ കൂടി പാര്‍ട്ടിയും ആത്മീയ സ്ഥാപനങ്ങളും വളരുന്നു. അപ്പോള്‍ അതില്‍ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് പറയുക പ്രയാസം തന്നെ.

കേരളത്തിലെ കമ്മ്യൂണിസം സ്വന്തമായി ടി വി ചാനലും വാട്ടര്‍ തീം പാര്‍ക്കും നടത്തുന്നു. അത്മീയാ പ്രസ്ഥാനങ്ങളും ടി വി ചാനലും ആശുപത്രികളും സാമൂഹിക സ്ഥാപനങ്ങളും നടത്തുന്നു.

അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും (മറ്റു രാഷ്ട്രീയക്കാരും) ആത്മീയ സ്ഥാപനങ്ങളെ കുറ്റപ്പെടുത്താന്‍ അര്‍ഹതയുണ്ടോ?

വി എസ്സിനെയോ പിണറായിയെയോ ഉമ്മന്‍ ചാണ്ടിയെയോ അല്ലെങ്കില്‍ അവരുടെ പാര്‍ട്ടിയെയോ അന്ധമായി പിന്തുടരുന്നത് പോലെയല്ലേ വന്‍കിട ആത്മീയ ആചാര്യന്മാരെ വിശ്വാസികള്‍ പിന്തുടരുന്നത്?

ആരാണ് ശരി, ആരാണ് തെറ്റ്? ഏതാണ് ശരി, ഏതാണ് തെറ്റ്? കുറഞ്ഞപക്ഷം, അവനവനു ശരിയായി ഇരിക്കാമോ?