ചാരുകസേരയില്‍ ഇരുന്നു പത്രത്തിലെ തലവാചകങ്ങള്‍ നോക്കുമ്പോള്‍ അപ്പുറത്തെ വീട്ടിലെ വയസ്സിതള്ള വന്നു ബെല്ലടിക്കുന്നു. അവരുടെ കൊച്ചുമകന് കടുത്ത പനിയാണത്രെ, കുറച്ചു പണം കൊടുക്കുമോ എന്ന്. ഞാന്‍ കൊടുത്തില്ല, ഇന്നു കൊടുത്താല്‍ എന്നും ഇവിടെ കയറിയിറങ്ങും, ശല്യമാകും.
അവരെ പറഞ്ഞയച്ചിട്ടു ഓഫീസിലെ ഇന്നത്തെ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ അതാ കയറി വരുന്നു നാലുപേര്‍. ഓ, അവര്‍ അടുത്തുള്ള ക്ഷേത്രത്തിലെ ഭാരവാഹികള്‍ ആണ്. ക്ഷേത്രത്തിലെ ഉത്സവത്തിന് ഞാന്‍ ഒരു കോമഡി പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യണമെന്ന്. ഞാന്‍ സമ്മതിച്ചു; ദൈവത്തിന്റെ കാര്യമല്ലേ, ദൈവത്തിന്റെ ഭാരവാഹികള്‍ ചോദിച്ചതല്ലേ, ചെയ്യാതെ തരമില്ലല്ലോ. വെറുതെ എന്തിനാ ദൈവകോപം വലിച്ചു തലയില്‍ കയറ്റുന്നത്. അവര്‍ സന്തോഷത്തോടെ പോയി. ദൈവമേ എന്നെ രക്ഷിക്കണേ.
ഒന്നാലോചിച്ചാല്‍ നമ്മുടെ മനസ്സില്‍ എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും ഭയം ഉണ്ടാവും. ഇന്നത്തെ ഓഹരി വിപണിയാവട്ടെ, നാളെ അടക്കാനുള്ള വായ്പയാവട്ടെ, കുട്ടികളെക്കുറിച്ചുള്ള ചിന്തകളാവട്ടെ, ജോലിസ്ഥലത്തെ പ്രശ്നങ്ങളാവട്ടെ, സ്ഥാനക്കയറ്റമാവട്ടെ, അങ്ങനെ ഭയം ഏതെങ്കിലും കാരണത്തില്‍ ഒരുവനെ എപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കും. അല്ലേ? എന്താ അങ്ങനെ?
അയല്‍ക്കാരനെ ഭയം, കൂട്ടുകാരെ ഭയം, നാട്ടുകാരെ ഭയം, വീട്ടുകാരെ ഭയം, ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥനെ ഭയം. എല്ലാവരും നമുക്ക് പാര വയ്ക്കുന്നവരല്ലേ, ഭയക്കാതിരിക്കാന്‍ പറ്റുമോ?
എന്തിനേറെപ്പറയുന്നു ദൈവത്തെയും ഭയം! അമ്പലത്തില്‍ മുറയ്ക്ക് വഴിപാട് നടത്തിയില്ലെങ്കില്‍, പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തില്ലെങ്കില്‍, ദൈവകോപം ഉണ്ടാവില്ലേ. പിന്നെ ഭയക്കാതെ എങ്ങനെ?
ആരെയാ ഇനി വിശ്വസിക്കുക? മാതാപിതാക്കളെ നൂറു ശതമാനം വിശ്വസിക്കാമോ? ഏതെങ്കിലും ഒരു സുഹൃത്തിനെ എല്ലായ്പോഴും വിശ്വസിക്കാമോ? ഇടക്കിടെ കോപിക്കുന്ന ക്ഷേത്രത്തിലെ ദൈവത്തെ വിശ്വസിക്കാമോ? പിന്നെ ഞാന്‍ ആരെ വിശ്വസിക്കും?
എനിക്ക് എന്നെത്തന്നെ വിശ്വസിക്കാമോ? അതുമില്ല, കാരണം ചില സമയത്ത് താന്‍ പോലും അറിയാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നു മുതല്‍ മദ്യപാനം അല്ലെങ്കില്‍ പുകവലി നിര്‍ത്തിയെന്നു തീരുമാനിച്ചിട്ട് ഒരാഴ്ചയ്ക്കകം തന്നെ വീണ്ടും തുടങ്ങുന്നു! ഇന്നു ഞാന്‍ ആരോടും ദേഷ്യപ്പെടില്ല എന്ന് തീരുമാനിച്ചു രാവിലെ ഉറക്കം ഉണരുന്നയാള്‍ ചായക്ക് പഞ്ചസാര കുറഞ്ഞുപോയെന്നു പറഞ്ഞു ഭാര്യയോടു വഴക്കിടുന്നു! യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ തരുണീമണികളെ കാണുമ്പോള്‍ കാമം അടക്കാനാവുന്നില്ല! ഭാര്യ അറിഞ്ഞാലോ എന്ന പേടിയാല്‍ കണ്ണുകളെ അല്‍പനേരത്തേക്ക് പിന്‍വലിക്കുന്നു, പിന്നെയും തഥൈവ!
ഇങ്ങനെയുള്ള തന്നെ എങ്ങനെ വിശ്വസിക്കും? ഞാനെന്താ ഇങ്ങനെ? എന്തിന് ഞാന്‍ എല്ലാറ്റിനെയും ഭയക്കുന്നു? എന്നെപ്പോലും എനിക്ക് വിശ്വാസമില്ലല്ലോ. ഇനി ഞാന്‍ എന്ത് ചെയ്യും?
ഒരു ഫുള്‍ ചിക്കന്‍ കഴിക്കുമ്പോഴോ രണ്ടുമൂന്നു ബിയര്‍ കഴിച്ചു പൂസാവുമ്പോഴോ കുറച്ചു നേരത്തേക്ക് എല്ലാം മറന്നു സന്തോഷിക്കാന്‍ കഴിയുന്നു, പക്ഷെ, കെട്ടുവിടുമ്പോള്‍ പിന്നെയും പഴയ പ്രശ്നങ്ങള്‍ തന്നെ. എന്നാലെപ്പോഴും മദ്യം കഴിച്ചു സന്തോഷത്തോടെ ഇരിക്കാമെന്നുവച്ചാല്‍, അതിനുള്ള പണവുമില്ല. എന്താ ചെയ്യുക? ഒരു ലോട്ടറി എടുത്താലോ, ഭാഗ്യദേവത കടാക്ഷിച്ചെങ്കില്‍ രക്ഷപ്പെടാമായിരുന്നു!
എന്റെ പ്രശ്നങ്ങള്‍ ആരോടെങ്കിലും പറഞ്ഞു സമാധാനം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് മനസ്സിലാവുന്നത് അവര്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങളില്‍പ്പെട്ടു ഉഴലുകയാണെന്ന്! അതിനാല്‍ എന്നെ ശ്രവിക്കാന്‍ അവര്‍ക്ക് സമയമില്ല. പിന്നെ ഞാന്‍ ആരോട് പറയാനാ? ആര്‍ക്കു കഴിയും എന്റെ പ്രശ്നങ്ങള്‍ എന്നെന്നേയ്ക്കുമായി തീര്‍ത്തു തരാന്‍? താങ്കള്‍ക്ക് കഴിയുമോ?
എന്താ ഈ ലോകം ഇങ്ങനെയായിപ്പോയത്? അല്ലാ, എന്താണീ ലോകം? പ്രശ്‌നങ്ങള്‍ ആണോ ഈ ലോകജീവിതം ഉടനീളം? എന്ന് തീരും എന്റെ പ്രശ്‌നങ്ങള്‍? എന്നുണ്ടാകും എനിക്ക് മനസ്സമാധാനം?
ഈ ലോകം മായയാണെന്ന് കേട്ടുകേള്‍വിയുണ്ട്. ഇവിടെ കാണുന്ന വസ്തുക്കളെല്ലാം സത്യത്തില്‍ ഇല്ലത്രേ! എല്ലാം മായ. എല്ലാ വസ്തുക്കളും പഞ്ചഭൂതക നിര്‍മ്മിതമത്രേ. എനിക്ക് ഭൂതങ്ങളെ പണ്ടേ പേടിയാ, സന്ധ്യയായാല്‍ ഞാന്‍ വെളിയിലേക്ക് ഇറങ്ങുകപോലുമില്ല. ങേ, എന്താ, ആ ഭൂതങ്ങളല്ല ഇപ്പറഞ്ഞ പഞ്ചഭൂതമെന്നോ? പിന്നെ എന്താണാവോ? ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയോ? എന്തോ, എനിക്കൊന്നും മനസ്സിലാകുന്നില്ല. തന്റെ പാണ്ഡിത്യപ്രസംഗം നിര്‍ത്തൂ, എനിക്കതൊന്നും അറിയേണ്ട, സമയമില്ല, ക്ഷമയുമില്ല.
പക്ഷെ, ഈ ലോകം തന്നെ മായയാണെങ്കില്‍, ഇവിടെക്കാണുന്ന ക്ഷേത്രങ്ങളും പള്ളികളും ഒക്കെ മായയാണോ? അവിടെയുള്ള ദൈവവും മായയാണോ? ഈ ഞാനും മായയാണോ? അപ്പോള്‍പ്പിന്നെ ആരാ മായയല്ലാതെ ഉള്ളത്? അയ്യോ, എനിക്കൊന്നും മനസ്സിലാവുന്നില്ലേ…
എല്ലാം മായയാണെങ്കില്‍ ആരാണാവോ ഈ മായാജാലം കാണിക്കുന്നത്? താങ്കളാണോ? ദൈവമാണോ? അതോ ഈ ഞാന്‍ തന്നെയാണോ?
പണ്ടു ഷേക്സ്പീയര്‍ എഴുതിയ ഒരു കവിതാശകലം സ്കൂളില്‍ പഠിച്ചിട്ടുള്ളത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ഈ ലോകം ഒരു നാടകവേദിയാണെന്നും നാമെല്ലാവരും അതില്‍ അഭിനയിക്കുന്ന അഭിനേതാക്കളാണെന്നും മറ്റും. അന്നൊന്നും മനസിലായിരുന്നില്ല. ഇപ്പോഴും അത്ര പിടിയൊന്നുമില്ല! പക്ഷെ, ഞാന്‍ ഈ ലോകത്ത് അഭിനയിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ ഞാന്‍ ആരാ? മേക്കപ്പ് അഴിച്ചാല്‍ ഈ ഞാന്‍ എങ്ങനെയിരിക്കും? ഈ നാടകം അഭിനയിച്ചു തീര്‍ന്നാല്‍ മാത്രമേ എനിക്ക് ഞാനാവാന്‍ പറ്റുകയുള്ളോ? അതുവരെ ഞാന്‍ ആരാ? ഈ നാടകത്തില്‍ വേഷം കെട്ടുമ്പോഴും ഞാന്‍ ഞാനായി വര്‍ത്തിക്കാന്‍ കഴിയുമോ? അതെങ്ങനെ കഴിയും?