അവന് പേരുകേട്ട ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉദ്ദ്യോഗം ലഭിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു. അവന്‍ രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിച്ചു. ജോലിക്ക് കയറിയ ഉടനെ തന്നെ ഒരു ലോണ്‍ തരപ്പെടുത്തി. ഒരു നല്ല കാറു വാങ്ങി. ഒരു സ്റ്റാറ്റസ് ഒക്കെ വേണമല്ലോ. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീട് വയ്ക്കാന്‍ വായ്പ തരാമെന്നു പറഞ്ഞു ബാങ്കുകള്‍ പിറകെ കൂടി. അപ്പോള്‍പ്പിന്നെ ഒരു വായ്പകൂടി തരപ്പെടുത്തി നഗരമദ്ധ്യത്തില്‍ത്തന്നെ ഒരു സൂപ്പര്‍ ഫ്ലാറ്റും വാങ്ങി. സുന്ദരിയായ ഒരു പെണ്ണിനേയും വളച്ചെടുത്തു! മാസാമാസം നല്ല ശമ്പളം ഉണ്ട്, ക്ലബ്ബുകളും രാത്രികാലപാര്‍ട്ടികളുമായി അടിച്ചുപൊളിച്ചു ജീവിക്കുന്നു. ജീവിതം പരമസുഖം!
അങ്ങനെയിരിക്കെയാണ് അമേരിക്കയില്‍ എന്തോ സാമ്പത്തിക പ്രശ്നമെന്നോ മറ്റോ കേട്ടത്. ആ, തനിക്കെന്താ, ഇവിടെ പ്രശ്നം ഒന്നുമില്ലല്ലോ എന്ന് കരുതി. എന്നാല്‍ ഇപ്പോഴോ? രാവിലെ ഉറക്കം ഉണരുമ്പോള്‍ത്തന്നെ പേടിയാണ്, തന്നെ ജോലിയില്‍ നിന്നു പിരിച്ചുവിടുമോ എന്നുള്ള ചിന്ത എപ്പോഴും അലട്ടുന്നു. എന്തിനേറെ, ഈ ചിന്തകള്‍ കാരണം ജോലി നേരെ ചെയ്യുവാന്‍ പോലും പറ്റുന്നില്ല. എപ്പോഴും ടെന്‍ഷന്‍ ആണ്.
ഈ ജോലിയില്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കും? കാറും വീടും ഒക്കെ വായ്പയില്‍ ആണ് ഓടുന്നത്. ഈ അവസ്ഥയില്‍ മറ്റൊരു ജോലി കണ്ടുപിടിക്കാനും പ്രയാസമാണ്. ജോലി പോയാല്‍ തന്റെ സോഷ്യല്‍ സ്റ്റാറ്റസ് എങ്ങനെ നിലനിര്‍ത്തും?
എന്നാല്‍ കൂലിവേല ചെയ്തെങ്കിലും ജീവിക്കാമെന്നുവച്ചാല്‍ അവിടെയും സ്വസ്ഥതയില്ല. ഈ ലോകം നിറച്ചു പ്രശ്നങ്ങള്‍ തന്നെ. യുദ്ധം, ഭീകരവാദം, പട്ടിണി, ലോകമഹായുദ്ധങ്ങള്‍, കൂട്ടക്കൊലകള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, സാമ്പത്തിക മാന്ദ്യം, ജോലി സ്ഥിരതയില്ലായ്മ, കൃഷിനഷ്ടം, വിലക്കയറ്റം, അങ്ങനെ നീറുന്ന നൂറുനൂറു പ്രശ്നങ്ങള്‍.
ഈ പ്രശ്നങ്ങളൊക്കെ എന്നുതീരും? ഈ ലോകത്തി ശാന്തിയും സമാധാനവും എന്നുണ്ടാകും? എന്നിട്ട് എനിക്കെന്നു സമാധാനമായി ജീവിക്കാന്‍ സാധിക്കും?
ഈ ലോകത്ത് ധാരാളം നേതാക്കന്മാര്‍ വന്നു, ഭരിച്ചു, മരിച്ചു. അവരാരും ശ്രമിച്ചിട്ട് ഈ ലോകത്ത് സമാധാനം എന്നേയ്ക്കും നിലനിര്‍ത്താന്‍ സാധിച്ചില്ല. സമാധാനപ്രിയരായ നേതാക്കന്മാരെ നാം കൊലപ്പെടുത്തിയിട്ടുമുണ്ട്.
ധാരാളം മതങ്ങള്‍ ഉണ്ടായി. ബുദ്ധന്‍ വന്നു, കൃഷ്ണന്‍ വന്നു, ക്രിസ്തു വന്നു, നബിമാര്‍ വന്നു. എല്ലാവരും പലതും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ഈ ലോകത്തിനു എന്തെങ്കിലും മാറ്റം ഉണ്ടായോ?
ദൈവമേ എന്നുപോലും വിളിക്കാന്‍ തോന്നുന്നില്ല. ക്ഷേത്രങ്ങളും പള്ളികളും തകര്‍ത്തെറിയപ്പെടുന്നു. പള്ളികള്‍ക്കുവേണ്ടി കുഞ്ഞാടിന്‍പറ്റങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. സാംസ്കാരിക കേന്ദ്രങ്ങളായിരുന്ന ആരാധനാലയങ്ങള്‍ ഇപ്പോള്‍ ഭീകരകേന്ദ്രങ്ങളായിരിക്കുന്നു.
പണ്ടു അമ്പും വില്ലും ആയിരുന്നു ആയുധങ്ങളെങ്കില്‍ ഇപ്പോള്‍ ജൈവായുധങ്ങളും ആണുബോംബും ഇന്റര്‍നെറ്റും സാറ്റലൈറ്റും ഒക്കെയാണ് ആയുധങ്ങള്‍. കൊല്ലാനും മരിക്കാനും എന്തെളുപ്പം.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഉദ്ഘോഷിക്കുന്ന സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍തന്നെ ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നു. ബിഷപ്പുമാര്‍ കുഞ്ഞാടുകളെ കൊന്നു കിണറ്റിലെറിയുന്നു. ധര്‍മ്മം കാക്കാന്‍ നബി ഉപയോഗിച്ച വാള്‍ ഇപ്പോള്‍ അധര്‍മ്മം ചെയ്യാന്‍ ഉപയോഗിക്കുന്നു. ഇനി എന്തൊക്കെ കാണണം ബാക്കിയുള്ള ഈ ജീവിതത്തില്‍?
എന്റെ രക്ഷക്കിനിയാരുണ്ട്? ഇനി ഞാന്‍ എന്തുചെയ്യും? ഇനി ഒരു പുതിയ ലോകരക്ഷകന്‍ അവതരിക്കുമോ? എന്നായിരിക്കും? അപ്പോഴേക്കും എന്റെ ഈ ഭൂലോകവാസം അവസാനിക്കില്ലേ?
യുഗങ്ങളായി ഇവിടെ യുദ്ധങ്ങളും ജീവിതപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടല്ലോ. ത്രേതായുഗത്തില്‍ അധികാരത്തിനുവേണ്ടി കൈകേയിയമ്മ ശ്രീരാമനെ കാട്ടിലേയ്ക്ക് അയച്ചു. കാട്ടില്‍ വച്ചു ശ്രീരാമന്റെ ഭാര്യയെ പോലും കട്ടുകൊണ്ടുപോയി! ഭാര്യയെ വീണ്ടെടുക്കാന്‍ വേണ്ടി ഒരു സമുദ്രത്തിനു കുറുകെ പാലം കെട്ടി യുദ്ധത്തിനുപോയി. വളരെയേറെപ്പേര്‍ കൊല്ലപ്പെട്ടു.
ദ്വാപരയുഗത്തില്‍ ധര്‍മ്മം നിലനിര്‍ത്താന്‍ ശ്രീകൃഷ്ണന്‍ നേരിട്ടു യുദ്ധം ചെയ്തു വളരെയേറെപ്പേരെ കൊലപ്പെടുത്തി. എന്നിട്ട് കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരാല്‍ അനേകംപേര്‍ കൊല്ലപ്പെട്ടു. അവസാനം ശ്രീകൃഷ്ണന്‍ പോലും ഒരു സാധാരണക്കാരന്റെ അമ്പേറ്റു കൊല്ലപ്പെട്ടു. ശ്രീകൃഷ്ണന്റെ ദ്വാരക കടലില്‍ താണുപോയി, കുലംപോലും നിലനിന്നില്ല.
മഹാദേവനായ ശിവന് പോലും ഭസ്മാസുരനെപ്പേടിച്ചു ഓടേണ്ടിവന്നു. അപ്പോള്‍ പിന്നെ ആര്‍ക്കാ എപ്പോഴും സമാധാനത്തോടെ ഇരിക്കാന്‍ കഴിയുക? ക്രിസ്തുദേവനെ കുരിശ്ശില്‍ തറച്ചു.
ഇനിയും ഇതുപോലെ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും, അല്ലേ? അങ്ങനെയാണെങ്കില്‍ ഇനിയും മറ്റൊരു ഒരു ലോകരക്ഷകനെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?
ഒരു സംശയം. ഈ ലോകം മുഴുവന്‍ നന്നായാല്‍ മാത്രമേ എനിക്ക് സമാധാനം ലഭിക്കുകയുല്ലോ? അല്ലാതെ ഒരു മാര്‍ഗ്ഗവുമില്ലേ?
ഈ പ്രശ്നങ്ങളുടെ നടുവില്‍ തന്നെ, എന്തുകൊണ്ട് സമാധാനം കണ്ടെത്തിക്കൂടാ? ഈ പ്രശ്നങ്ങളൊന്നും ഞാനായിട്ട് ഉണ്ടാക്കിയതല്ല. ലോകമുള്ളിടത്തോളം കാലം ഈ പ്രശ്നങ്ങളും ഉണ്ടാകും. പിന്നെ ഞാന്‍ എന്തിന് അതിനെ കരുതി സമാധാനം കളയുന്നു?
സ്വയം സമാധാനം കണ്ടെത്താന്‍ കഴിയാത്ത എനിക്ക് ലോകസമാധാനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍പറ്റുമോ?
ഈ പ്രശ്നങ്ങളൊക്കെ എന്റെ മനസ്സ് കൊണ്ടുവരുന്നതല്ലേ? എന്റെ മനസ്സിനെ ശാന്തമാക്കിയാല്‍ എനിക്ക് എപ്പോഴും സമാധാനം കിട്ടുമല്ലോ.
ഞാന്‍ ടെന്‍ഷന്‍ അടിച്ചതുകൊണ്ട് ഏതെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടുണ്ടോ? മറിച്ച്, ടെന്‍ഷന്‍ മാറ്റിവച്ചു ചിന്തിച്ചപ്പോള്‍ പലപ്പോഴും ഫലപ്രദമായ പരിഹാരങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുമുണ്ട്. അപ്പോള്‍ അതുതന്നെയല്ലേ നല്ല മാര്‍ഗ്ഗം?
ഈ ലോകം ഉണ്ടാക്കിയത് ഞാന്‍ അല്ല. ഈ ലോകത്തെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതും ഞാനല്ല. ഞാന്‍ ടെന്‍ഷന്‍ അടിച്ചതുകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരവും ഉണ്ടാവില്ല. ഞാന്‍ ടെന്‍ഷന്‍ അടിക്കാതെ ചിന്തിച്ചാല്‍ എന്റെ പ്രശ്നങ്ങള്‍ക്കെങ്കിലും പരിഹാരം ഉരുത്തിരിയും. എനിക്ക് സമാധാനം ഉണ്ടായാല്‍ മനസ്സമാധാനത്തോടെ മറ്റുള്ളവരെ സഹായിക്കാനും കഴിയും.
അപ്പോള്‍ അതുതന്നെയല്ലേ നല്ല മാര്‍ഗ്ഗം?
പക്ഷെ എങ്ങനെ മനസ്സിനെ അടക്കാം? ചിന്തനീയം തന്നെ!