ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം
മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ബാബു രാജേന്ദ്രപ്രസാദും ശ്രീമത് ജമന്‍ലാലാജിയും ‘ശ്രീ രമണാശ്രമ’ ത്തില്‍ വരികയും, ആശ്രമത്തിലെ അതിഥികളായി ഒരാഴ്ചവട്ടം താമസിക്കുകയും ചെയ്തു. ഇവര്‍ ആശ്രമം വിടുന്ന അവസരത്തില്‍ ” മഹാത്മാഗാന്ധി എന്നെ ഇങ്ങോട്ടയച്ചതാണ് . എന്ത് സന്ദേശമാണ് ഗാന്ധിജിക്ക് നല്കുവാനുള്ളത് ” എന്ന് ബാബു രാജേന്ദ്രപ്രസാദ് ശ്രീ രമണമഹര്‍ഷികളോട് വിനയാന്വിതം അഭ്യര്‍ത്ഥിച്ചു.
ശ്രീ മഹര്‍ഷികള്‍ : – “സന്ദേശം എന്തിന് ? രണ്ടു ഹൃദയങ്ങള്‍ പാരസ്പരികമായി അറിയുകയും ആശയങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ഒരു സന്ദേശം എന്തിന്ന് ? അവിടെ വര്‍ത്തിക്കുന്ന ആ ശക്തി തന്നെ ഇവിടെയും വര്‍ത്തിക്കുന്നു. “
പൊതുജനസേവനത്തെ അടിസ്ഥാനമാക്കിക്കൊണ്ട് , “സദ്‌ബുദ്ധി” എങ്ങിനെ നിലനിര്‍ത്തിക്കൊണ്ടു പോകാമെന്ന് ജമന്‍ലാലാജി ശ്രീ മഹര്‍ഷികളോട് ചോദിച്ചു.
ശ്രീ മഹര്‍ഷികള്‍ : – “എല്ലാ ജീവജാലങ്ങളും അവയുടെ പരിതഃസ്ഥിതികളില്‍ ആശയോടു കൂടി ജീവിക്കുന്നു. അതുകൊണ്ട് എല്ലാറ്റിലും കരുണാപൂര്‍വ്വമായ ബുദ്ധിചെലുത്തേണ്ടതാണ് . എന്നാല്‍ മനുഷ്യന്‍ പക്ഷിമൃഗാദികളില്‍നിന്ന് പാടെ വിഭിന്നനാണ്. അവനു മാത്രമേ ലോകത്തെ ശരിയായ രൂപത്തില്‍ ഗ്രഹിക്കുവാന്‍ കഴിയുകയുള്ളൂ. ലോകഗതിപ്രകാരം പ്രവര്‍ത്തിക്കുവാനും പരിതഃസ്ഥിതികള്‍ പ്രതികൂലമാണെങ്കില്‍ യത്നം കൊണ്ടു ശരിപ്പെടുത്തുവാനും മനുഷ്യനുമാത്രമേ സാധിക്കുകയുള്ളൂ. സ്വന്തം അഭീഷ്ടസാദ്ധ്യത്തിനായി പ്രയത്നിക്കുമ്പോള്‍ ദീര്‍ഘവും വിസ്തൃതവുമായ വീക്ഷണഗതി അവന്‍ അവലംബിക്കുന്നു. യത്നങ്ങള്‍ പരാജയപ്പെടുമ്പോള്‍ , അതെപ്പറ്റി ചിന്തിക്കുന്നു ; ശരിയായ മാര്‍ഗ്ഗം അപ്പോള്‍ തുറന്നുകാട്ടുകായും ചെയ്യുന്നു.”
“നാശരഹിതമായ ശാന്തിയും സമാധാനവും ഗ്രഹിക്കുവാനുള്ള ആഗ്രഹത്തിന്നു, സ്വന്തം രൂപത്തിന്റെ അനശ്വരത്വത്തെ ഗ്രഹിക്കുക എന്നര്‍ത്ഥമാകുന്നു. പരിശ്രമംകൊണ്ട് സ്വന്തം രൂപത്തെ മനുഷ്യന്‍ ആരായുകയും അറിയുകയും ചെയ്യുന്നു. അങ്ങിനെ അറിഞ്ഞാല്‍ അറിയേണ്ടതായി എന്തൊക്കെയുണ്ടോ അതെല്ലാം അറിഞ്ഞു കഴിഞ്ഞു.”
“മനുഷ്യന്റെ വിശേഷബുദ്ധിക്കുമാത്രമേ ഈ അന്തര്‍മുഖസംശോധനം സാധിക്കുകയുള്ളൂ. നിരന്തരമായ ആത്മസംശോധനാവൃത്തി കൈക്കൊള്ളുന്ന പക്ഷം , ഏതോ അദൃശ്യമായ ഒരു ഉപരിവസ്തുവെക്കുറിച്ച് മനുഷ്യന് ജിജ്ഞാസയുണ്ടാകുന്നു. യത്നം കൂടാതെ ആ ഉപരിവസ്തുവെ പ്രാപിക്കാവുന്നതല്ല. വൈരാഗ്യത്തോടുകൂടി യത്നിക്കുമ്പോള്‍ , സര്‍വ്വാതീതമായ ശക്തിമാത്രം നിലനില്‍ക്കുന്നതായി അനുഭവപ്പെടുന്നു. ഇതാണ് ആത്മസാക്ഷാല്‍കാരം ; ഇതാണ് പരിപൂര്‍ണ്ണത്വം ; ഇതുതന്നെ പ്രാപ്യസ്ഥാനവും .
മനുഷ്യന്റെ വിശേഷബുദ്ധി (സദ്‌ബുദ്ധി) കൊണ്ടുള്ള പരമമായ പ്രയോജനം ഇപ്പോള്‍ വ്യക്തമായല്ലോ”