ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

ബ്രഹ്മവിദ്യാസംഘത്തിലെ ഒരംഗമായിരുന്ന രാഘാവാചാര്യര്‍ എന്ന സുപ്പര്‍വൈസര്‍ ശ്രീ മഹര്‍ഷികളോട് ചില സംശയങ്ങള്‍ ചോദിക്കുവാന്‍ പല പ്രാവശ്യം പോയിരുന്നു. അദ്ദേഹം ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുമ്പോഴെല്ലാം സമീപത്തില്‍ വളരെപ്പേര്‍ ഉണ്ടായിരിക്കും. അപ്പോഴെല്ലാം സങ്കോചം കൊണ്ട് മടങ്ങുകയും ചെയ്യും. ഒരിക്കല്‍ ഏതാനും ചോദ്യങ്ങള്‍ തന്നെ ചോദിക്കുവാന്‍ അദ്ദേഹം തീര്‍ച്ചപ്പെടുത്തി.

1. “സന്ദര്‍ശകന്മാരില്‍ നിന്ന് അകന്നു ഒരു അഭിമുഖ സംഭാഷണത്തിന്നു അങ്ങ് ദയവായി എനിക്ക് അവസരം നല്‍കുമോ ?
2. “ഞാന്‍ ഒരംഗമായിരിക്കുന്ന ‘ബ്രഹ്മവിദ്യാസംഘ’ ത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ് ?
3. “അങ്ങയുടെ ശരിയായ രൂപം ദര്‍ശിക്കത്തക്ക അര്‍ഹത എനിക്കുണ്ടെങ്കില്‍ , കരുണാപൂര്‍വ്വം കാട്ടിത്തരുമോ ? “

ഈ ചോദ്യങ്ങള്‍ ദൃഢതരമായി സങ്കല്പിച്ച് അദ്ദേഹം ശ്രീ മഹര്‍ഷികളെ സമീപിക്കുകയും ഉപചാരാനന്തരം അസനസ്ഥനാകുകയും ചെയ്തു. പിന്നീടുണ്ടായ സംഭവത്തെ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ ഇവിടെ ഉദ്ധരിക്കാം.

“ഞാന്‍ ശ്രീ മഹര്‍ഷികളുടെ സന്നിധാനത്തില്‍ ഇരുന്ന അവസരത്തില്‍ വളരെ ജനങ്ങള്‍ ഉണ്ടായിരുന്നു. അത്ഭുതം ! അവരെല്ലാം അല്പനിമിഷങ്ങള്‍ക്കുള്ളില്‍ കാണാതായി ശ്രീ മഹര്‍ഷികളും ഞാനും മാത്രമായി . ഇങ്ങിനെ എന്റെ ചോദ്യത്തിന്, ഞാന്‍ ചോദിക്കാതെ തന്നെ നല്‍കപ്പെട്ട സമാധാനം എന്റെ മനസ്സില്‍ ശക്തിയായി പതിച്ചു.

എന്റെ പക്കലുണ്ടായിരുന്ന ഗ്രന്ഥം ‘ഭഗവത്ഗീത’ യല്ലേ എന്ന് ശ്രീ മഹര്‍ഷികള്‍ ചോദിക്കുകയും, ‘ബ്രഹ്മവിദ്യാസംഘം’ ഉത്തമമായ നിലയില്‍ വേല ചെയ്യുന്നുണ്ടെന്ന് പറയുകയും ചെയ്തു. ഇങ്ങിനെ രണ്ടാമത്തെ ചോദ്യത്തിനും ഉത്തരം ലഭിക്കപ്പെട്ടു.

മൂന്നു ചോദ്യത്തിനും സമാധാനം പ്രതീക്ഷിച്ച് ഞാന്‍ കുറെ സമയം ഇരുന്നു. പിന്നീട് , “ശ്രീ കൃഷ്ണന്‍ അര്‍ജ്ജുനനു വിശ്വരൂപദര്‍ശനം നല്കിയതുപോലെ അങ്ങയുടെ രൂപം കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു “, എന്ന് ഞാന്‍ അപേക്ഷിച്ചു. ശ്രീ മഹര്‍ഷികളുടെ സമീപത്തില്‍ ശ്രീ ദക്ഷിണാമൂര്‍ത്തിയുടെ ദിവ്യരൂപം കാണപ്പെടുകയും പ്രസ്തുത രൂപവും മഹര്‍ഷികളും അല്പസമയത്തിനുള്ളില്‍ കാണാതാവുകയും ആ സ്ഥലത്ത്‌ ഉജ്ജ്വലമായ പ്രകാശധോരണി ഗോചരപ്പെടുകയും ചെയ്തു. ഭയവിഹ്വലനായി ഞാന്‍ കണ്ണുകളടച്ചു. കുറെ കഴിഞ്ഞു നോക്കിയപ്പോള്‍ ശ്രീ മഹര്‍ഷികളെ പൂര്‍വ്വരൂപത്തില്‍ കാണപ്പെടുകയും വിനയപൂര്‍വ്വം നമസ്കരിച്ചു ഞാന്‍ ആശ്രമം വിടുകയും ചെയ്തു. ഒരു മാസം കഴിഞ്ഞു ; പിന്നെയും ഞാന്‍ മഹര്‍ഷികളെ സമീപിച്ചു പ്രസ്തുത സംഭവത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ , “നിങ്ങള്‍ എന്റെ രൂപം കാണ്മാന്‍ ആവശ്യപ്പെട്ടു , ഞാന്‍ അരൂപിയാണ് . പിന്നീടുള്ള വിവരണങ്ങള്‍ നിങ്ങളുടെ വിചാരപ്രകാരം തോന്നിയ സങ്കല്പങ്ങളായിരിക്കാം “, എന്നാണ് ശ്രീ മഹര്‍ഷികള്‍ നല്‍കിയ സമാധാനം.

കഴുമണി നാരായണശാസ്ത്രി എന്നാള്‍ ശ്രീ മഹര്‍ഷികളുടെ നേരെ അപാരഭക്തിയുള്ള ഒരാളാണ്. അദ്ദേഹം ഒരിക്കല്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിപ്പാന്‍ വന്നു. ഒരു കുല വാഴപ്പഴവും ഉണ്ടായിരുന്നു. വഴിമദ്ധ്യേ ഒരു ഗണപതി വിഗ്രഹം കണ്ട് ഒരു പഴം വിഘ്നേശ്വരന്നു മാനസികമായി സമര്‍പ്പിച്ചു. പിന്നീട്, നടരാജക്ഷേത്രത്തില്‍ പ്രവേശിച്ച് പഴം മുഴുവന്‍ സമര്‍പ്പണം ചെയ്തതായി സങ്കല്‍പ്പിച്ച്, ശ്രീ മഹര്‍ഷികളുടെ സന്നിധിയില്‍ വന്നു ആ പഴക്കുല കാഴ്ച വെച്ചു. അന്തേവാസികളില്‍ ഒരാള്‍ പ്രസ്തുത പഴക്കുല എടുക്കുവാന്‍ ഭാവിച്ചപ്പോള്‍ , “വരട്ടെ , വിഘ്നേശ്വരന് സങ്കല്പപൂര്‍വ്വം സമര്‍പ്പിച്ച ഒരു പഴം നമുക്ക് തരിക ” എന്ന് ശ്രീ മഹര്‍ഷികള്‍ യാദൃച്ചികമായി പറഞ്ഞു. പതജ്ഞലിയുടെ യോഗസൂത്രത്തില്‍ വിവരിക്കുന്ന പരഹൃദയ ജ്ഞാനം ശ്രീ മഹര്‍ഷികള്‍ക്ക് ഉണ്ടെന്ന് ശാസ്ത്രികള്‍ പറയുകയും അത്ഭുതപ്പെടുകയും ചെയ്തു.

മറ്റൊരവസരത്തില്‍ ശാസ്ത്രികള്‍ ശ്രീ മഹര്‍ഷികളെ പരീക്ഷിക്കുവാന്‍ വന്നു. താന്‍ രചിച്ച “വാത്മീകിരാമായണ സംഗ്രഹം ” ശാസ്ത്രി വളരെ ഗോപ്യമായി കൈവശം വെച്ച് , ഈ കൃതി ശ്രീ മഹര്‍ഷികളുടെ സന്നിധിയില്‍ ആദ്യമായി വായിക്കുവാന്‍ സന്ദര്‍ഭവും അനുവാദവും നല്‍കണമെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചു. ഉത്തരക്ഷണത്തില്‍ , ശ്രീ മഹര്‍ഷികള്‍ ശാസ്ത്രികളെ നോക്കി പറയുന്നു : – “രാമായണം പുറത്തെടുത്ത്‌ വായിക്കാത്തത് എന്തുകൊണ്ട് ?“ സ്വന്തം അഭിലാഷം ഇങ്ങനെ സാധിച്ചതില്‍ ശാസ്ത്രികള്‍ സന്തോഷിക്കുകയും ഗ്രന്ഥപാരായണം നിര്‍വ്വഹിക്കുകയും ചെയ്തു.

അധഃകൃതസമുദായത്തില്‍ നിന്ന് കുറെപ്പേര്‍ ശ്രീ മഹര്‍ഷികളുടെ പരിചാരകസംഘത്തിലുണ്ട് . ‘അധഃകൃതര്‍ക്കും സ്ത്രീകള്‍ക്കും വേദശാസ്ത്രജ്ഞാനാഭ്യസനം അനുവദനീയമാണോ ‘ എന്നാ തര്‍ക്കം ആശ്രമത്തില്‍ 1917 ല്‍ ആവിര്‍ഭവിച്ചു . ശ്രീ മഹര്‍ഷികളുടെ അഭിപ്രായത്തിനായി ഈ വിവാദം ഗ്രഹിപ്പിക്കപ്പെട്ടപ്പോള്‍ , നിസ്തര്‍ക്കമായ ഭാഷയില്‍ , “വേദശാസ്ത്രജ്ഞാനം ബ്രാഹ്മണരെപ്പോലെ അധഃകൃതര്‍ക്കും സ്ത്രീകള്‍ക്കും അഭ്യസിക്കുവാന്‍ പൂര്‍ണ്ണമായ അര്‍ഹതയുണ്ട് എന്ന് മഹര്‍ഷി ബലമായി സമര്‍ത്ഥിച്ചു .