ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

നടേശമുതലിയാര്‍ എന്ന ഒരു എലിമെന്ററി സ്കൂള്‍ അദ്ധ്യാപകന്‍ 1917 ല്‍ ശ്രീ മഹര്‍ഷി കളെ സന്ദര്‍ശിക്കുവാന്‍ തിരുവണ്ണാമലയില്‍ വന്നു. സ്പര്‍ശനത്താല്‍ , ‘നരേന്ദ്ര’ നെ വിശ്രുതനായ ‘വിവേകാനന്ദ ‘ നാക്കിത്തീര്‍ത്ത ശ്രീ രാമകൃഷ്ണദേവനെപ്പോലെ , തന്നെ അനുഗ്രഹിക്കത്തക്ക ആദ്ധ്യാത്മിക ശക്തിയുള്ള ഒരാചാര്യനെ നടേശമുതലിയാര്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ചിലരുടെ പ്രേരണ, മുതലിയാരെ തിരുവണ്ണാമലയിലേക്ക്‌ നയിക്കുകയും, അങ്ങിനെ അദ്ദേഹം ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുകയും ചെയ്തു. ഒരിക്കല്‍ നടേശമുതലിയാര്‍ ഗൃഹഭരണം ത്യജിച്ച് സന്ന്യസിക്കുവാന്‍ തീര്‍ച്ചയാക്കി ശ്രീ മഹര്‍ഷികളെ സമീപിച്ചു. ശ്രീ മഹര്‍ഷികള്‍ അദ്ദേഹത്തെ ഇങ്ങിനെ ഉപദേശിച്ചു. :-

“ഒരു പ്രതിബന്ധത്തെ ഭയന്നു, വീട്ടില്‍ നിന്ന് കാട്ടില്‍ പോയാല്‍ പത്തു പ്രതിബന്ധങ്ങള്‍ അവിടെയുണ്ടാകും. ബന്ധവിമോചനാര്‍ത്ഥം ഒരു രാജാവ് രാജമന്ദിരവും സര്‍വ്വഭോഗങ്ങളും വെടിഞ്ഞു പുറപ്പെട്ടു. “ഒരാള്‍ തെക്കൊട്ടുനടന്നാല്‍ ഗംഗാനദിയെ സമീപിക്കാത്തത്‌ പോലെ ഗൃഹത്തില്‍ ബന്ധിക്കുന്നവര്‍ക്ക് ബന്ധവിമുക്തി അശക്യമാണ് ” ഇതായിരുന്നു രാജാവിന്റെ സുനിശ്ചിതമായ അഭിപ്രായം. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഗൃഹജീവിതവും താപസികജീവിതവും തമ്മില്‍ അന്തരമില്ലെന്നു പറഞ്ഞു രാജാവ് രാജ്യത്തേക്ക് തന്നെ തിരിച്ചു. ഗൃഹബന്ധങ്ങളില്‍ ബന്ധപ്പെടാതെ, നിങ്ങള്‍ പോയി ഗൃഹത്തില്‍ത്തന്നെ താമസിക്കുക.”

നടേശമുതലിയാര്‍ , തുടര്‍ന്നുണ്ടായ ക്ലേശങ്ങള്‍മൂലം ഗൃഹവും ഉദ്യോഗവും ത്യജിച്ച്, കാഷായവസ്ത്രം ധരിച്ച് സന്യാസിയായി. കുറെ വര്‍ഷങ്ങള്‍ക്കുശേഷം, തിരികെ ഗൃഹത്തില്‍ചെല്ലുവാനും വീണ്ടും ഉദ്യോഗം സ്വീകരിക്കുവാനും തക്ക സ്ഥിതികള്‍ സന്യാസവൃത്തില്‍ അദ്ദേഹത്തിനു അനുഭവപ്പെട്ടു. ശ്രീ മഹര്‍ഷികളുടെ ഉപദേശം ദൈവീകവിധിപോലെ തന്നില്‍ എങ്ങിനെ പ്രവര്‍ത്തിച്ചു എന്നോര്‍ത്ത്‌ മുതലിയാര്‍ അത്ഭുതപരതന്ത്രനായിതീര്‍ന്നു.

ഹംഫ്രേയിനും, ശിവപ്രകാശം പിള്ളക്കും ശ്രീ മഹര്‍ഷികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ , “ഉപദേശാവലി”യില്‍ ചേര്‍ത്തിട്ടുണ്ട്.