ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം
‘സ്വയം സംസ്കരിക്കുക ‘ അല്ലെങ്കില്‍ , ‘സ്വന്തം ആത്മരൂപം ദര്‍ശിക്കുക ‘ ഇതാണ് ശ്രീ മഹര്‍ഷികളുടെ സമ്മതമായ ധര്‍മ്മസിദ്ധാന്തം. ഈ ധര്‍മ്മസിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി , പോള്‍ബ്രണ്ടന്‍, എഫ്.എച്ച്. ഹംഫ്രേ, ശിവപ്രകാശം പിള്ള എന്ന് തുടങ്ങി ശരണാഗതരായ ജിജ്ഞാസുക്കള്‍ക്ക് ഓരോരോ സന്ദര്‍ഭങ്ങളില്‍ ശ്രീ മഹര്‍ഷികള്‍ അരുളിച്ചെയത സവിസ്തരമായ ധര്‍മ്മോപദേശങ്ങളുടെ രത്നച്ചുരുക്കമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് .
ആചാര്യന്‍ ദൈവികശക്തിയില്‍ പൂര്‍ണ്ണമായി മുഴുകി, വ്യക്തിത്വബോധം കേവലം നശിച്ച് , ദൈവത്തിന്റെ ആയുധമായിത്തീര്‍ന്ന്‍ , ദൈവത്തെ അനവരതം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ആചാര്യന്‍. അദ്ദേഹം സംസാരിക്കുവാന്‍ വായ് തുറക്കുമ്പോള്‍ ഫലേച്ഛയും പ്രതീക്ഷയും കൂടാതെ ദൈവീകസത്യങ്ങള്‍ പ്രവഹിക്കുന്നു ; കൈകള്‍ ഉയര്‍ത്തുമ്പോള്‍ ദൈവികശക്തി അവിടെയും പ്രവഹിക്കുന്നു.
ഒരു ആചാര്യന്‍ ചിരകാലയത്നത്താല്‍ മാസ്മരികശക്തി സമ്പാദിച്ച ഒരു വ്യക്തിയാണെന്നുള്ള ബോധം വെറും അബദ്ധമാണ്. മാസ്മരികശക്തികളെ വിലപ്പെട്ടതായി ഒരാചാര്യന്‍ ഒരിക്കലും ഗണിക്കുകയില്ല . അദ്ദേഹത്തിന്റെ ദിനകൃത്യങ്ങളില്‍ പ്രസ്തുത ശക്തികളുടെ ആവശ്യമേ ഇല്ല.
ജ്ഞാനത്തെ ആസ്പദമാക്കിപ്പറയുമ്പോള്‍ , ‘സ്വയം അറിയുന്ന ‘ അതീതമായ പദവിയാണ് യഥാര്‍ത്ഥജ്ഞാനം . ഈ അറിവുതന്നെ പരമാചാര്യന്‍.