സ്വാമി രാമതീര്‍ത്ഥന്‍ 1873-ല്‍ പഞ്ചാബില്‍ ജനിച്ച് ലാഹോറില്‍ പഠിച്ച് എം എ ഗണിതം കേമനായി ജയിച്ച് ലാഹോര്‍ മിഷന്‍ കോളേജില്‍ മാത്തമാറ്റിക്സ് പ്രൊഫസറായി ജോലിചെയ്തു. അക്കാലത്ത് അദ്ദേഹം ഉപനിഷത്തുകളും വേദാന്തഗ്രന്ഥങ്ങളും നിരന്തരം അധ്യയനം ചെയ്ത് ആത്മവിചാരത്തില്‍ നിമഗ്നനായി ഭവിച്ചു. 1898-ല്‍ അദ്ദേഹം ഹരിദ്വാറിലേക്ക് പോയി തപോവനത്തില്‍ കയറി ബ്രഹ്മപുരീക്ഷേത്രത്തില്‍ ഇരുന്നു ഏകാഗ്രചിത്തനായി ആത്മസാക്ഷാത്കാരം പ്രാപിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു.
സ്വാമി രാമതീര്‍ത്ഥന്റെ നിര്യാണാനന്തരം, വളരെക്കാലം കഴിഞ്ഞു, അദ്ദേഹത്തിന്റെ ചില ഭക്തന്മാരും സുഹൃത്തുക്കളുംകൂടി അമേരിക്കയിലും ഭാരതത്തിലും മറ്റും ആവേശപൂര്‍വ്വം നടത്തിയ അന്വേഷണങ്ങളുടെ ഫലമായിട്ട് കിട്ടിയ പ്രസംഗങ്ങളും ലേഖനങ്ങളും ചേര്‍ത്ത് “In Woods of God Realization” എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥപരമ്പരയെ അടിസ്ഥാനമാക്കി ശ്രീ റ്റി ആര്‍ നാരായണന്‍ നമ്പ്യാര്‍ തര്‍ജ്ജമചെയ്ത് കൊല്ലം ശ്രീരാമ വിലാസം പ്രസ്സില്‍ അച്ചടിച്ച ഗ്രന്ഥപരമ്പരയാണ് ശ്രീ രാമതീര്‍ത്ഥ പ്രതിധ്വനികള്‍ .
ലോകത്തില്‍ ഒരേയൊരു രോഗമേയുള്ളൂ. അതിനു ചികിത്സയായി ഒരേയൊരു മരുന്നും. ബ്രഹ്മം മിഥ്യയാണെന്നും ജഗത്ത് സത്യമാണെന്നും അറിയാനിടയാക്കുന്ന വിപരീത ചിത്തവൃത്തി ഒന്നുമാത്രം സദാ ഏതെങ്കിലും ഒരുവക ദുഃഖത്തിലോ അല്ലെങ്കില്‍ മറ്റൊരുതരം ദുഃഖത്തിലോ പ്രതിഫലിക്കുന്നു. സകല ആപത്തുക്കള്‍ക്കും ഉള്ള ഒരൊറ്റ ഔഷധം “ശരീരം മുതലായതൊന്നും ഇല്ലേയില്ല” എന്നുഗ്രഹിച്ച് അവയെ ബ്രഹ്മാഗ്നിയില്‍ ഹോമിച്ചുകളയുക എന്നത് മാത്രമത്രെ. –
രാമതീര്‍ത്ഥസൂക്തികള്‍
ശ്രീ രാമതീര്‍ത്ഥ പ്രതിധ്വനികള്‍ എന്ന ഈ മലയാള തര്‍ജ്ജമയ്ക്ക് എട്ടു വാല്യങ്ങള്‍ ഉണ്ട്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓരോന്നും ഡൌണ്‍ലോഡ് ചെയ്യാം.
- തരംഗം 1 – മാതൃഭൂമി ഭാരതം
- തരംഗം 2 – ധ്രുവനക്ഷത്രം അകത്ത്
- തരംഗം 3 – ഓജസ്സിന്റെ ഉറവസ്ഥാനം
- തരംഗം 4 – സാക്ഷാത്കാര സഹായങ്ങള്‍
- തരംഗം 5 – പ്രപഞ്ചസമഷ്ടിബോധവും അതെങ്ങനെ സാക്ഷാത്കരിക്കാമെന്നും
- തരംഗം 6 – മത(ധര്‍മ്മ)ത്തിന്റെ ചൈതന്യം
- തരംഗം 7 – വേദാന്തപര്‍വ്വതത്തില്‍നിന്നുള്ള കാഴ്ചകാണല്‍
- തരംഗം 8 – ദശാദേശങ്ങള്‍ (സ്വാമി രാമതീര്‍ത്ഥന്റെ സംക്ഷിപ്ത ജീവചരിത്രം)
സ്വാമി രാമന്റെ ശാസനങ്ങളെ നിശ്ചയമായും പ്രചരിപ്പിക്കണം. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിലെല്ലാമുള്ള ഏറ്റവും വലിയ മഹാത്മാക്കളില്‍ ഒന്നായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ആരാധിക്കുന്നു. – ഗാന്ധിജി
എന്റെ ഹൃദയത്തെ ആനന്ദപാരമ്യത്താല്‍ തുടിപ്പിക്കുന്ന ഒരു നാമമാണ് സ്വാമി രാമതീര്‍ത്ഥന്റേത്. ഇതേവരെ ആത്മസാക്ഷാത്കാരം സിദ്ധിച്ചവരില്‍ ഇത്ര വലിയവനായ ഒരു മഹാത്മാവിനെ ഞാന്‍ കണ്ടിട്ടില്ല. ആത്മശുദ്ധീകരണത്തെയും ആത്മാനുഭൂതിയെയും പരാമര്‍ശിക്കുന്ന തല്‍സന്ദേശം അടുത്ത തലമുറയ്ക്ക് വലിയ ഒരു അനുഗ്രഹം ആയിരിക്കും. – പണ്ഡിത മദനമോഹന മാളവ്യ