രാജീവ് ഇരിങ്ങാലക്കുട

വിന്ധ്യന്റെ അഹങ്കാരം ശമിപ്പിക്കാനായി ദക്ഷിണേന്ത്യയിലേക്ക് ആഗമിച്ചവന്‍. ദക്ഷിണേന്ത്യയിലെ ആര്യനധിനിവേശത്തിന്റെ നായകന്‍. ലോപമുദ്രയെ പരിണയം ചെയ്യാനായി സമ്പത്ത് അന്വേഷിച്ച് അലഞ്ഞവന്‍. ആ അലച്ചിലിനിടയില്‍ ബ്രാഹ്മണദ്രോഹികളും യജ്ഞവിരോധികളുമായ ഇല്ല്വലനേയും വാതാപിയേയും നിഗ്രഹിച്ച് അനുഗ്രഹിച്ചവന്‍. അത് മഹാഭാരത കഥ. രാമായണകഥ പ്രകാരം രാക്ഷസാന്തകനായ ശ്രീരാമചന്ദ്രന് ആദിത്യഹൃദയ മന്ത്രദീക്ഷ നല്‍കി അനുഗ്രഹിച്ച ആചാര്യന്‍. സമുദ്രദേവനായ വരുണന്റെ അഹങ്കാരം ഇല്ലാതാക്കാനായി സമുദ്രത്തെ ആചമനം ചെയ്ത കുംഭസംഭവന്‍. അഗസ്ത്യമഹര്‍ഷിയെക്കുറിച്ച് അങ്ങനെ എത്രയെത്ര കഥകള്‍! എത്രയെത്ര അഗസ്ത്യന്മാര്‍ എന്നു തോന്നിപ്പിക്കുന്ന വിഭ്രാത്മക കഥകള്‍. അവയുടെ കേന്ദ്രങ്ങളായി ഭാരതമെമ്പാടും നിരവധി അഗസ്ത്യാശ്രമങ്ങളും ഭവനങ്ങളുമുണ്ട്. ഇതെല്ലാം ഐതിഹ്യങ്ങള്‍. എന്നാല്‍ ചരിത്രം പറയുന്നു, അഗസ്ത്യമഹര്‍ഷിയാണ് തമിഴ് ഭാഷയുടെ പിതാവെന്ന്. തമിഴിലെ പ്രഥമ വ്യാകരണഗ്രന്ഥമായ ‘തൊല്‍ക്കാപ്പിയം’ രചിച്ചത് അഗസ്ത്യമഹര്‍ഷിയാണത്രെ. കൂടാതെ പാണ്ഡ്യവംശത്തിന്റെ കുലഗുരുവും.

തമിഴിലെ സിദ്ധപാരമ്പര്യത്തിന്റെ ആദിമൂലമാണ് അഗസ്ത്യന്‍. ജ്യോതിഷം, വ്യാകരണം എന്നുവേണ്ട എല്ലാ അറിവിന്റെയും കുലകൂടസ്ഥന്‍. സര്‍വ്വശാസ്ത്രവിശാരദനായ ആ അഗസ്ത്യമഹര്‍ഷിയുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു അഗസ്ത്യാര്‍കൂടം.

മലയാളികള്‍ക്ക് തലസ്ഥാനനഗരിയില്‍നിന്നും നെടുമങ്ങാട് വഴി ബോണക്കാടെത്തിയാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ താഴ്‌വാരയിലെത്താം. സമുദ്രനിരപ്പില്‍നിന്നും 6879 അടി അകലെയാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാശ്രമമായ കുളത്തൂര്‍ സ്വയംപ്രകാശാശ്രമത്തെക്കുറിച്ച് ഒരു ഗ്രന്ഥം തയ്യാറാക്കുന്നതിനിടയിലാണ് അഗസ്ത്യാര്‍കൂടത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്. തൈയ്ക്കാട്ട് അയ്യാസ്വാമികളിലൂടെ മലയാളമണ്ണിലേക്ക് ആവിര്‍ഭവിച്ച് ശിവരാജയോഗത്തെ അദൈ്വതസിദ്ധാന്തവുമായി സമന്വയിപ്പിച്ച ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുദേവന്റെയുമെല്ലാം ജീവിതം അഗസ്ത്യവിദ്യയെയും അതിന്റെ പ്രഭാവകേന്ദ്രത്തേയും ഓര്‍മ്മിപ്പിക്കുന്നതാണ്.

കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലൂടെ സഞ്ചരിക്കുമ്പോഴാണ് അഗസ്ത്യാര്‍കൂടത്തിന്റെ മഹത്വം കൂടുതല്‍ മനസ്സിലാവുക. സാധാരണക്കാര്‍ക്ക് ഭാവനക്കുപോലും പറ്റാത്ത കഠിന ആത്മീയസാധനകളുടെ വിളംബരമായ സമാധിസ്ഥലികളുടെ കേന്ദ്രം. ആസ്തികജനതയുടെ അത്ഭുതാദരവുകള്‍ക്ക് പാത്രീഭൂതമായ അഗസ്ത്യാര്‍കൂടം. അവിടേക്ക് ഒരു യാത്ര പലപ്പോഴായി ഉദ്ദേശിച്ചിരുന്നതാണ്. കുമാരകോവിലിനടുത്തുള്ള പ്രണവാനന്ദസ്വാമികളുടെ തപോവനത്തില്‍ കഴിയവെയാണ്, അഗസ്ത്യാര്‍കൂടയാത്രയുടെ കഠിനതയെക്കുറിച്ചുള്ള ഒരു അനുഭവസ്ഥന്റെ വിവരണം ആദ്യമായി കേട്ടത്.

എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വേദാന്തശ്രവണത്തിനും മനനത്തിനുമുണ്ട് ഒരു തരം മടുപ്പ്. തീവ്രാനുഭവങ്ങള്‍ക്കിടയിലും വേദാന്തത്തെ കൈവിടാതിരിക്കാന്‍ കഴിയുമോ? ചിതലരിക്കുകയോ, ചിന്തേരിടുകയോ എന്ന് തിരിച്ചറിയാനാവാത്ത ചിന്തകള്‍ക്ക് നടുവില്‍ കഴിയവെയാണ് തിരുവനന്തപുരത്തുനിന്നും സജി വിളിക്കുന്നത്. സംഭാഷണത്തിനിടയില്‍ സജിയും സുഹൃത്തുക്കളും അഗസ്ത്യാര്‍കൂടത്തിലേക്ക് പോകുന്ന വിവരം കൈമാറി. ഉടനെ പറഞ്ഞു, ‘ഞാനും വരുന്നു’.

കാര്യം ശരിക്കും അറിയാതെയുള്ള ഇത്തരം ചാട്ടങ്ങള്‍ പിന്നീടാണ് അലട്ടലുകളുണ്ടാക്കുക. മലകയറ്റം, അത് മരുത്വാമലയിലായാലും, കുടജാദ്രിയിലായാലും, ഹിമാലയത്തിലായാലും ശരി, ബഹുരസം. പക്ഷേ ഇറക്കമാണ്, ബഹുകഠിനം. പലതവണ അനുഭവിച്ചു. എന്നിട്ടും വീണ്ടും തുനിഞ്ഞിറങ്ങുന്നു. ഓരോ ദിനം കൊഴിയുമ്പോഴും ഒരേ ചിന്ത, അഗസ്ത്യാര്‍കൂട യാത്ര ഒഴിവാക്കണമോ? ഒരു തീരുമാനത്തിലെത്തുവാന്‍ കഴിയുന്നില്ല.

മകരം ഒന്നുമുതല്‍ ശിവരാത്രി വരെ മാത്രമേ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര വനംവകുപ്പ് അനുവദിക്കുന്നുള്ളൂ. ഇപ്പോഴില്ലെങ്കില്‍ ഇനിയും ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ, 2011 ഫെബ്രുവരി 18ന് ഏഴുമണിയോടെ ബോണക്കാട്ടെത്തി.

വനാതിര്‍ത്തിയായ ബോണക്കാട്. അവിടെ വനംവകുപ്പിന്റെ കര്‍ശന പരിശോധന. ഓരോ യാത്രികന്റേയും ബാഗുകള്‍ വിശദമായി പരിശോധിക്കുന്നു. സന്തോഷം തോന്നി. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയെങ്കിലും കേവലമൊരു ടൂറിസ്റ്റ് യാത്രയായി അധ:പതിച്ചിട്ടില്ലല്ലൊ.

ഒരൊറ്റ ദിവസംകൊണ്ട് അഗസ്ത്യാര്‍കൂടത്തില്‍ പോയിവരുന്നവരുണ്ട്. പക്ഷേ ജനക്കൂട്ടത്തിന്റെ ഉന്മാദത്തില്‍നിന്നും കാടരുടെ ആലസ്യത്തിലൂടെയാണ് ഞാനും സുഹൃത്തുക്കളും നടന്നുനീങ്ങിയതെന്നു തോന്നുന്നു. സംഘാംഗങ്ങളില്‍ പലരും വഴിയില്‍ കാണുന്ന പുല്ലും പുഴുവും വരെ വിശദമായി നിരീക്ഷിച്ചാണ് നീങ്ങിയത്.

പതിനഞ്ചാമത്തെ വയസ്സു മുതല്‍ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യുന്ന പ്രകാശ്ജിയും കൂട്ടത്തിലുണ്ട്. അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയില്‍ അഗസ്ത്യമഹര്‍ഷിയുടെ പ്രതിമ സ്ഥാപിച്ചത് 1980ലാണ്. ആ കഥ വഴിമദ്ധ്യേ പ്രകാശ്ജി പറയുകയുണ്ടായി. കന്യാകുമാരിയെ കന്യാമേരിയാക്കാനുള്ള ശ്രമമെന്നപോലെ അഗസ്ത്യാര്‍കൂടത്തെ സെന്റ് അഗസ്റ്റ്യന്‍ മൗണ്ട് ആക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്ന കാലത്താണ്, അതിനെ പ്രതിരോധിക്കാനായി അഗസ്ത്യമഹര്‍ഷിയുടെ പ്രതിമ കൂടത്തിന്റെ ഉത്തുംഗത്തില്‍ പ്രതിഷ്ഠിച്ചത്. പറക്കുംസ്വാമിയെന്ന് അറിയപ്പെട്ടിരുന്ന വിഷ്ണുദേവാനന്ദസ്വാമികളാണ് വിഗ്രഹം സംഭാവന ചെയ്തത്. തീവ്രസനാതനസന്ന്യാസിയായിരുന്ന സത്യാനന്ദസരസ്വതിസ്വാമികളും കൂടിയപ്പോള്‍ ഉറങ്ങിക്കിടന്ന ഹിന്ദുനാമധാരികള്‍ ഉണര്‍ന്നു. അങ്ങനെ അഗസ്ത്യമഹര്‍ഷിയുടെ വിഗ്രഹപ്രതിഷ്ഠ നടന്നു. ആദ്യം സ്ഥാപിച്ച പ്രതിമ നശിപ്പിക്കപ്പെട്ടുവെങ്കിലും അവിടെവച്ച് അവസാനിച്ചില്ല. വീണ്ടും വിഗ്രഹമുണ്ടാക്കി പ്രതിഷ്ഠിച്ചു.

വഴിമദ്ധ്യേയുള്ള നീരുറവുകളും പുല്‍മേടുകളും കൊച്ചരുവികളും കടന്നു മേലോട്ട്. വൈകീട്ട് അഞ്ച് മണിയായപ്പോഴേക്കും അതിരുമലയിലെത്തി. അഗസ്ത്യാര്‍കൂടത്തിന്റെ അതിര്. അവിടെയുള്ള വനംവകുപ്പിന്റെ ഷെല്‍ട്ടറില്‍ അന്നുരാത്രി കഴിച്ചുകൂട്ടി.

അഗസ്ത്യാര്‍കൂടനിവാസികള്‍ കാണിവിഭാഗത്തില്‍പ്പെട്ട ആദിവാസികളാകുന്നു. അവരിലെ ചെറുപ്പക്കാരില്‍ പലരും അഗസ്ത്യാര്‍കൂടയാത്രക്കാലത്ത് ഗൈഡുകളായി പ്രവര്‍ത്തിക്കുന്നു. ആനകളുടെ – കല്ലാനകളെന്നു വിളിക്കുന്ന പ്രത്യേകതരം ആനകളുണ്ടിവിടെ – പൊടുന്നനെയുള്ള ആഗമനങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍, കാടിന്റെ മക്കളുടെ തുണതന്നെ ഒരു അനുഗ്രഹം. അവരുണ്ടാക്കിത്തന്ന കഞ്ഞി കുടിച്ച് അന്നു രാത്രി കഴിഞ്ഞു.

പ്രഭാതത്തിലുണര്‍ന്ന് നോക്കുമ്പോള്‍ കാണാം മഞ്ഞുമൂടിയ അഗസ്ത്യാര്‍കൂടം. കൈലാസദര്‍ശനത്തിന്റെ പ്രതീതി. പതിവിന് വിപരീതമായി കാലാവസ്ഥ അനുകൂലം. തീവ്രമഞ്ഞോ, ശക്തമായ കാറ്റോ ഇല്ല. കന്നിക്കാരുടെ ഭാഗ്യമെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. പ്രതികൂലമെങ്കില്‍ കുത്തനെയുള്ള കയറ്റം ദുഷ്‌ക്കരംതന്നെ. കയറുന്ന കാര്യത്തില്‍ മോശക്കാരനല്ലെങ്കിലും ഇറങ്ങുന്ന കാര്യത്തില്‍ ദുര്‍ബലനായ ഈയുള്ളവന് ആത്മവിശ്വാസം കൂടി. മറ്റൊരു കാരണം കൂടിയുണ്ട്. യാത്രയ്ക്കായി പുറപ്പെടുമ്പോള്‍ ശക്തമായ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടിരുന്നു. അഗസ്ത്യവനത്തിനുള്ളിലൂടെയുള്ള യാത്രയ്ക്കിടയില്‍ അവയില്‍നിന്നുമെല്ലാം തീര്‍ത്തും മോചിതനായിരുന്നു. ‘അനാരോഗ്യമുള്ളവരും അഗസ്ത്യമലയില്‍ പ്രവേശിച്ചാല്‍ ആരോഗ്യവാന്മാരായി തീരും’ എന്ന് സുഹൃത്ത് പറഞ്ഞതിന്റെ സാക്ഷാത്തായ തെളിവായി ആ പുലര്‍കാലവേളയില്‍, അതിരുമലയില്‍നിന്നും അഗസ്ത്യാര്‍കൂടത്തെ നോക്കിനിന്നു.

കാണിക്കാര്‍ പൊതിഞ്ഞുതന്ന ഭക്ഷണവുമായി രാവിലെ ഏഴ് മണിക്ക് യാത്ര പുനരാരംഭിച്ചു. വീണ്ടും നീരരുവികള്‍, പുല്‍മേടുകള്‍, ഈറ്റക്കാടുകള്‍. ഈറ്റക്കാടുകളിലാണ് ആനകളുടെ വിഹാരരംഗങ്ങള്‍. പക്ഷേ പകല്‍ ഇവയുടെ സാന്നിദ്ധ്യം പതിവില്ല. മൃഗങ്ങളില്‍ മാംസഭുക്കുകള്‍ രാത്രിയിലും സസ്യഭുക്കുകള്‍ പകലുമാണത്രേ ഇര തേടാറുള്ളത്. ഇക്കാലത്ത് കാടുകളില്‍ മൃഗങ്ങളേക്കാളേറെ മനുഷ്യമൃഗങ്ങളുടെ വിഹാരമുള്ളതുകൊണ്ട് പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കുമായി ചുരുക്കിയിരിക്കുന്നു ആനകളുടെ ആഗമനം. ദാഹം തീര്‍ക്കാന്‍ അവയ്ക്ക് പുഴയിലേക്ക് പോകാതിരിക്കാന്‍ കഴിയില്ലല്ലോ.

നടന്നുനടന്ന് പൊങ്കാലപാറയിലെത്തി. പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന അതേ ദിവസം. വെള്ളനിവേദ്യവും ശര്‍ക്കര പായസവും ഉണ്ടാക്കി. കൂട്ടത്തില്‍ ഒരു പോറ്റിയുണ്ടായിരുന്നത് കൂടുതല്‍ സൗകര്യമായി.

പൊങ്കാലപാറയില്‍ നിന്നുമാണ് ഏറ്റവും ദുര്‍ഘടമായ യാത്ര ആരംഭിക്കുന്നത്. കുത്തനേയുള്ള പാറക്കെട്ടുകള്‍. താഴെ അഗാധ ഗര്‍ത്തം. കയറുന്നതിനിടയില്‍ താഴോട്ടേക്കു നോക്കുമ്പോള്‍ തല കറങ്ങുന്നു. മനുഷ്യന്‍ ഇത്ര ഭീരുവോ? മരണഭയത്തെ ഇല്ലാതാക്കുന്ന വേദാന്തംപോലും വെറും മായയായി മാറുന്ന നിമിഷം.

കുത്തനെയുള്ള രണ്ടു പാറകള്‍ കയറുവാന്‍ വടം കെട്ടിയിട്ടിരിക്കുന്നു. എന്നിട്ടും കയറുവാന്‍ പ്രയാസം. കൂടെയുള്ളവരുടെ സഹായത്താല്‍ കയറി. പറന്നെത്തിയ അനുഭൂതി.

കൂടത്തിന്റെ ഒഴിഞ്ഞകോണില്‍ അഗസ്ത്യരുടെ പ്രതിമ. കഴിഞ്ഞ ദിവസം വന്നവര്‍ കൊടിതോരണങ്ങള്‍ ചാര്‍ത്തി ഗംഭീരപൂജ കഴിച്ചിരിക്കുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ അവിടെയെല്ലാം ചിതറി കിടക്കുന്നുണ്ട്. സംഘാംഗങ്ങളില്‍ ചിലര്‍ നാമം ജപിക്കുവാന്‍ തുടങ്ങി. മറ്റുചിലര്‍ അവിടെയെല്ലാം വൃത്തിയാക്കാന്‍ തുടങ്ങി. കൂട്ടത്തിലുണ്ടായിരുന്ന പോറ്റി പൂജ ആരംഭിച്ചു. വിസ്തരിച്ചുതന്നെ.

അഗസ്ത്യമഹര്‍ഷിയുടെ പ്രതിമ കണ്ട് വണങ്ങിയതിനുശേഷം കൂടത്തിലെ മദ്ധ്യഭാഗത്തുവന്ന് കിടന്നു. മുകളില്‍ അനന്തമായ ആകാശം. ദ്വന്ദ്വങ്ങളില്ലാത്ത, ജഗത്തില്ലാത്ത അവസ്ഥ. ശൂന്യമായ മനസ്സ്. ദുഷ്‌ക്കരമായ കയറ്റത്തിന്റെ ഭൂതകാലമോ അതിലേറെ ദുഷ്‌ക്കരമായേക്കാവുന്ന ഇറക്കത്തിന്റെ ഭാവികാലമോ സ്പര്‍ശിക്കാത്ത വര്‍ത്തമാനകാലം. അല്ല, കാലം തന്നെ ഇവിടെ ഇല്ലാതാകുന്നു. സര്‍വ്വേശ്വരന്റെ കല. അതുമാത്രമാണ് ഇവിടെ കാലം. നീലാകാശത്തില്‍ നോക്കി കിടക്കുമ്പോള്‍ ശരീരം ഇല്ലാതാകുന്നു, മനസ്സ് ഇല്ലാതാകുന്നു. പിന്നെന്ത്? ആ അനുഭവം അവര്‍ണ്ണനീയമാകുന്നു.

മണിയൊച്ചകൊണ്ട് മുഖരിതമായ അന്തരീക്ഷം. പൂജ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എഴുന്നേറ്റ് നാമജപസംഘത്തില്‍ ചേര്‍ന്നു. എണ്ണകൊണ്ട് അഭിഷേകം ചെയ്യപ്പെട്ട അഗസ്ത്യപ്രതിമ കണ്ണിനും കരളിനും കുളിരേകുന്നു. തുടര്‍ന്ന് ചന്ദനം ചാര്‍ത്തി, ഭസ്മംകൊണ്ട് അഭിഷേകം. ധൂപ-ദീപങ്ങള്‍ കൊണ്ട് ആരാധന. പ്രസാദസമര്‍പ്പണം. ഒരു മഹാപൂജ നടന്നതിന്റെ പ്രശാന്തമായ അന്തരീക്ഷം.

പൂജാന്ത്യത്തില്‍ ശുഭസൂചകമായി മേഘപിണറുകള്‍ ആകാശത്ത് മിന്നിമറഞ്ഞു. മഴതുള്ളികള്‍ വാര്‍ന്നു. യജ്ഞസമാപനവേളയുടെ പ്രതീതി.

ഞങ്ങളെല്ലാവരും വട്ടം കൂടിയിരുന്ന് പ്രസാദം കഴിച്ചു. ആ സമയത്ത് പ്രകാശ്ജി പറഞ്ഞു, ‘ഇവിടത്തെ അന്തരീക്ഷത്തിന് യോജിക്കാത്തവര്‍ വന്നാല്‍ അതിശക്തമായ കാറ്റുണ്ടാകും, ദീപം പോലും കൊളുത്താന്‍ കഴിയാറില്ല.’ എന്നാല്‍ മഹാക്ഷേത്രങ്ങളിലെ ഉത്സവകാലത്തെ വലിയവിളക്കുദിനമെന്നപോലെ തിളങ്ങിനില്ക്കുന്നു ഇന്നീ അഗസ്ത്യാര്‍കൂടമെന്ന് പറയാന്‍ നാവ് പൊന്തി. പറഞ്ഞില്ല. അതിനിടെ പോറ്റി പറഞ്ഞു, ‘സാദാ പൂജയാണ് മനസ്സിലുണ്ടായിരുന്നത്, പക്ഷേ പ്രസന്നപൂജവരെ ചെയ്തു, സംതൃപ്തിയോടെ.’ തുടര്‍ന്ന് അരമണിക്കൂറോളം ചെലവഴിച്ചിട്ടുണ്ടാകും. വന്‍മഴയുടെ ആഹ്വാനം അറിയിക്കുന്ന ആരവം. ‘ഇനിയൊട്ടും വൈകിക്കണ്ട, ഇറങ്ങാം.’ ആ നിര്‍ദ്ദേശം എല്ലാവരും സ്വീകരിച്ചു; മനസ്സില്ലാമനസ്സോടെ. എത്ര മഹത്തായ, ശാന്തസുന്ദരമായ സോപാനത്തിലേറിയാലും ഒരുനാള്‍ ഇറങ്ങേണ്ടിവരുമല്ലോ.

ഓരോരുത്തരായി വടംപിടിച്ച് താഴേക്കിറങ്ങാന്‍ തുടങ്ങി. എന്റെ ഊഴമായി. വടം പിടിച്ച് നീലാകാശത്തേക്ക് നോക്കിയിറങ്ങി. എത്തിയത് അറിഞ്ഞില്ല. പിന്നെയും ഇത്തരമൊരു പരീക്ഷണം കൂടിയുണ്ട്. അതും കഴിച്ചു. തന്റേതായ അസ്ഥിത്വത്തിന് ഒരു സ്ഥാനവും ഇല്ലെന്ന് മനസ്സിലാക്കിത്തരുന്ന ഇറക്കം. കാലുകള്‍ നടക്കുകയല്ല, പറക്കുകയാണ്. മനസ്സിന്റെ ഇച്ഛകള്‍ക്ക് ശരീരത്തില്‍ ഒരു സ്ഥാനവുമില്ലാത്ത അവസ്ഥ. എന്നിട്ടും മുന്നോട്ട് നീങ്ങി. നീങ്ങുന്തോറും ഏറ്റവുമൊടുവിലായി വരുന്നു. കൂടെയുള്ളവരുടെ ശ്രദ്ധ കൂടികൂടി വരുന്നു.

വീണ്ടും പൊങ്കാലപ്പാറ വഴി….. പൂജിച്ച നിവേദ്യം ചേര്‍ത്ത് പൊങ്കാല പങ്കിട്ടു. പുറപ്പെടുന്നതിനുമുമ്പ് കരുതിയിരുന്ന രണ്ട് വാട്ടര്‍ ബോട്ടിലുകളും ഇതിനകം കളഞ്ഞിരുന്നു. കാരണം, പ്രകൃതിയുടെ പാലമൃത് തെളിനീരുറവയായി ഒഴുകുമ്പോള്‍ എന്തിന് കലികല്മഷം കലര്‍ന്ന, നഗരവല്കൃത വെള്ളത്തിന്റെ ഭാരം പേറണം?

കയറ്റത്തിന്റെ ക്ഷീണം ഇറക്കത്തില്‍ കാണാമായിരുന്നു. സന്ധ്യക്കുമുമ്പേ ഈറ്റക്കാടുകള്‍ കടക്കണമെന്ന നിര്‍ദ്ദേശം വന്നു. വേഗത്തില്‍ നടക്കാന്‍ കഴിയുന്നില്ല. മുന്നോട്ടുള്ള ചുവടുകളില്‍ മാത്രം ശ്രദ്ധ. ആശ്രയത്തിന് ഒരു വടിയുണ്ട്. ഇലമൂടിയ സ്ഥലങ്ങളില്‍ വടിയൂന്നുമ്പോള്‍ ശ്രദ്ധിക്കണം. കുന്നും കുഴിയുമെല്ലാം മാറിമാറി അപകടങ്ങളോ അനുഗ്രഹങ്ങളോ കൊണ്ടുവന്നു തരാം. അതെല്ലാം ഓരോരുത്തരുടേയും കര്‍മ്മഫലംപോലെ.

നടന്നും ഇരുന്നും നീങ്ങി. ഈറ്റക്കാട്ടിലൊരിടത്ത് ആനച്ചൂര്. അന്തരീക്ഷം പൊടുന്നനെ നിശ്ശബ്ദമായി. ഇരുട്ട് വീണിരുന്നു. ഈറ്റക്കാടും കടന്ന് തപ്പിതടഞ്ഞ് തെളിഞ്ഞ വഴികളിലൊന്നിലെത്തിയപ്പോഴേക്കും അവിടെ ഏറ്റവും പിന്നിലായിപ്പോയ ഞങ്ങളെയും കാത്തുനില്ക്കുകയാണ് ചിലര്‍. ‘ആനയിറങ്ങിയിട്ടുണ്ട്. പുറത്തുപോകുവാന്‍ പോലും ഗാര്‍ഡുമാര്‍ ആരേയും അനുവദിക്കുന്നില്ല.’ അവരിലൊരാള്‍ പറഞ്ഞു.

ഈറ്റക്കാടിലൂടെ നീങ്ങുമ്പോള്‍ അനുഭവപ്പെട്ട ആനച്ചൂര് കേവലം ഭാവനയായിരുന്നില്ലെന്ന് അപ്പോഴാണ് മനസ്സിലായത്. അഗസ്ത്യരാണ് വഴികാട്ടി. പിന്നെന്തിന് ഭയക്കണം? എന്തായാലും അഭയമുണ്ടായത്, അതിരുമലയിലെ വനംവകുപ്പിന്റെ ഷെല്‍ട്ടറിലെത്തിയപ്പോഴാണ്. ഉറക്കത്തിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് അറിയുന്നത്, ശരീരമാകെ വേദന. ഒടുവില്‍ എന്തിനേയും വെല്ലുന്ന സുഷുപ്തി.

പിറ്റേന്ന് പ്രഭാതത്തില്‍തന്നെ മടക്കയാത്ര തുടങ്ങി. വഴിമദ്ധ്യേ വെള്ളിച്ചിലങ്കയുമായി കൊഞ്ചുന്ന ഒരു കൊച്ചരുവി കണ്ണില്‍പ്പെട്ടപ്പോള്‍ അതിലൂടെ നടന്ന് അതിന്റെ അഗ്രഭാഗത്ത് തലവച്ചുനിന്നു. ശുദ്ധമായ വെള്ളം. ശുദ്ധമായ വായു. ആനന്ദലബ്ധിക്കിനിയെന്തുവേണം?

കാണിക്കാര്‍ പൊതിഞ്ഞുകെട്ടിത്തന്ന പ്രഭാതഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. നാഗരീകോന്മാദം കാടിന്റെ സ്വച്ഛതയെ തകര്‍ക്കാനെത്തുന്ന കാഴ്ചയും ഇറക്കത്തിനിടയില്‍ കണ്ടു. മദ്യപന്മാരായ നാല്‌വര്‍സംഘം. ‘പോകുന്നവരുടെ മനസ്സുപോലെയിരിക്കും പ്രകൃതിയുടെ അവസ്ഥയും. കുടിച്ച് കൂത്താടി പോയാല്‍ അന്തരീക്ഷവും ക്ഷോഭിക്കും.’ അഗസ്ത്യാര്‍കൂടത്തിലെ കാലാവസ്ഥ എങ്ങനെയുണ്ടെന്നാരാഞ്ഞതിന്റെ ഈ മറുപടി മദ്യപസംഘത്തിലെ ഒരുവനെ പ്രകോപിതനാക്കി. ‘മദ്യപാനവും പ്രകൃതിയും തമ്മില്‍ ഒരു ബന്ധവുമില്ല’ എന്ന് തുടങ്ങിയ മദ്യഭാഷണം അതിരുമലയും ലംഘിച്ച് മുന്നോട്ട് ആടിയാടി കയറി. കാടും നാടും തമ്മിലുള്ള വ്യത്യാസം നാട് അടുക്കുന്തോറും കാണാറായി.

ബോണക്കാട്ടുള്ള വനംവകുപ്പിന്റെ ഓഫീസില്‍ തിരിച്ചെത്തിയപ്പോഴേക്കും ഉച്ചയൂണിന്റെ സമയം അതിക്രമിച്ചിരുന്നുവെങ്കിലും അവിടെനിന്ന് സ്വാദിഷ്ടമായ ഭക്ഷണം ലഭിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞങ്ങള്‍ക്കിടയിലെ ചിലരുടെ ‘ഗാന്ധിവിരോധം’ ആളിക്കത്തി. അത് ചെന്നെത്തിയത്, ‘ബഹുമാനപ്പെട്ട കോടതിക്ക് മുമ്പാകെ’ എന്ന പുസ്തകത്തിലേക്കായിരുന്നു. അവിടെയിരുന്ന് ഭക്ഷണം കഴിച്ചിരുന്ന മറ്റൊരു സംഘത്തിലെ ഒരു ഗാന്ധിസ്‌നേഹിക്ക് അതൊട്ടും ദഹിച്ചില്ല. ശബ്ദം ഉയര്‍ന്നു. അഭിപ്രായവ്യത്യാസം ആരംഭിച്ചു. വീണ്ടും പ്രാപഞ്ചികത്തിലേക്ക്….

‘നാം തമ്മില്‍ ഒരിക്കലും വിദ്വേഷമില്ലാതിരിക്കട്ടേ’ എന്ന് അവസാനിക്കുന്ന ശാന്തിമന്ത്രത്തോടെ ഞങ്ങള്‍ പിരിഞ്ഞു. വരുമ്പോള്‍ ഒരാളുടെ ബൈക്കിന്റെ പുറകില്‍. പോകുമ്പോള്‍ മറ്റൊരാളുടെ പുറകില്‍. ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ ബന്ധങ്ങളും, പുതിയ അനുഭവങ്ങളും. ബന്ധങ്ങളാകുന്ന ബന്ധനങ്ങളില്‍ പെടാതിരിക്കാന്‍ കരുതലോടെ ഇരിക്കുമ്പോഴാണ്, സ്വയമൊരു വിവരണം നല്കാന്‍ നിര്‍ബന്ധിതനാകുന്നത്. അതില്‍നിന്നും രക്ഷപ്പെടാന്‍, ചോദിച്ചയാളോട് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അതിലേറെ അബദ്ധമായിപ്പോയി. വീണ്ടും ലൗകികത്തിലേക്ക്. കാനനച്ഛായയിലാണ്ട സുബന്ധത്തില്‍ നിന്നും യന്ത്രവല്കൃതലോകത്തിന്റെ അബദ്ധങ്ങളിലേക്ക്.

അഗസ്ത്യാര്‍കൂടത്തിന്റെ താഴ്‌വരയില്‍നിന്നും അകലുന്തോറും മനസ്സിന്റെ പച്ചപ്പില്‍നിന്നും അകലുന്ന പ്രതീതി. വ്രണിതമാകുന്ന പച്ചപ്പ്. നാടും കാടും തമ്മിലുള്ള വ്യത്യാസമെന്താണ്? മനസ്സാണ് ആത്യന്തികമായി നാടിനെ കാടാക്കുന്നതും കാടിനെ നാടാക്കുന്നതും.

– രാജീവ് ഇരിങ്ങാലക്കുട, ഫോണ്‍: 9446152044

കൂടുതല്‍ ചിത്രങ്ങള്‍ : picasaweb