ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 18

കര്‍മ്മണ്യകര്‍മ്മ യഃ പശ്യേത്
അകര്‍മ്മണി ച കര്‍മ്മ യഃ
സ ബുദ്ധിമാന്‍ മനുഷ്യേഷു
സ യുക്തഃ കൃത്സ്‍നകര്‍മ്മകൃത്.

കര്‍മ്മത്തില്‍ അകര്‍മ്മത്തേയും അപ്രകാരംതന്നെ അകര്‍മ്മത്തില്‍ കര്‍മ്മത്തേയും ആരു കാണുന്നുവോ, അവന്‍ എല്ലാ മനുഷ്യരിലും വെച്ച് ബുദ്ധിമാനാകുന്നു. സകല സകര്‍മ്മങ്ങളെ ചെയ്യുന്നവനാണെങ്കിലും അവന്‍ മനസമാധനമുള്ള യോഗിയും ആകുന്നു.

കര്‍മ്മനിരതമായ ജീവിതത്തില്‍ നിമഗ്നനായിരിക്കുന്ന ഒരുവന്‍ യാതൊരു ഫലേച്ഛയും കൂടാതെ കര്‍ത്തവ്യനിര്‍വ്വഹണം എന്ന നിലയില്‍ മാത്രം കര്‍മ്മം ചെയ്യുകയും, നിസ്വാര്‍ത്ഥമായി ചെയ്യുന്ന ആ കര്‍മ്മങ്ങളുടെ കര്‍ത്താവ് താനാണെന്ന് അഹങ്കരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവന്‍ കര്‍മ്മത്തില്‍ അകര്‍മ്മത്തെയാണ് ദര്‍ശിക്കുന്നത്. ജലത്തിനു സമീപം നില്‍ക്കുന്ന നാം നമ്മുടെ പ്രതിച്ഛായ വെള്ളത്തില്‍ കാണുമ്പോള്‍ അതു കേവലം പ്രതിച്ഛായയാണെന്നും നാം അതില്‍ നിന്നും വിഭിന്നമാണെന്നും മനസ്സിലാക്കുന്നു. അല്ലെങ്കില്‍ , അതിവേഗം നദിയിലൂടെ തോണിയില്‍ യാത്രചെയ്യുമ്പോള്‍ ഇരുകരയിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ വിപരീതദിശയില്‍ ഓടിമറയുന്നതായി നമുക്കു തോന്നാറുണ്ട്. എന്നാല്‍ വൃക്ഷങ്ങള്‍ ചലിക്കാതെ, നില്‍ക്കുന്നിടത്തു മാത്രം നില്‍ക്കുകയാണെന്നും, ചലിക്കുന്നത് നമ്മളാണെന്നുമുള്ളതാണ് യഥാര്‍ത്ഥ്യം. അതു പോലെ ദേവേന്ദ്രിയാദികള്‍ ചെയ്യുന്ന കര്‍മ്മം അവയില്‍ സംഗമില്ലാത്ത ആത്മാവിനെ സ്പര്‍ശിക്കുന്നില്ലെന്നുള്ളതാണ് യഥാര്‍ത്ഥ്യം. അതായത് ആത്മാവ് കര്‍മ്മരഹിതനായി നില്‍ക്കുന്നു. ഈ സത്യം അറിയുവാന്‍ ആത്മാസ്വരൂപം അറിയുന്നവനാണ് . അവന്‍ കര്‍മ്മത്താല്‍ അകര്‍മ്മം കാണുന്നു.

ആത്മസ്വരൂപം അറിയാത്ത ഒരുവന്‍ ശരീരേന്ദ്രിയാദികള്‍ ‘ഞാനൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുന്നു; ഞാന്‍ സുഖിയാകുന്നു,’ തുടങ്ങിയ ചിന്തയില്‍ കൂടി പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. അതിനാല്‍ അപ്രകാരമുള്ളവന്റെ അകര്‍മ്മത്തില്‍ കര്‍മ്മഭാവം ഉണ്ട്.

ഇപ്രകാരം കര്‍മ്മാകര്‍മ്മവിഭാഗത്തെ തിരിച്ചറിയുന്നവന്‍ ജ്ഞാനിയാണ്. അവന്‍ എല്ലാ മനുഷ്യരിലും വെച്ച് ബുദ്ധിമാനാണ്. വെള്ളത്തില്‍ പ്രതിഫലിച്ചു കാണുന്ന സൂര്യബിംബം സൂര്യനല്ലാത്തതുപോലെ അവന്‍ സാധാരണ മനുഷ്യനെന്ന നിലയില്‍ കാണപ്പെടുമെന്നുവരികിലും യഥാര്‍ത്ഥത്തില്‍ അപ്രകാരമല്ല. സൂര്യ കിരണങ്ങള്‍ വെള്ളത്തില്‍ പതിക്കുമ്പോഴും അതു നനഞ്ഞുകുതിരാത്തതുപോലെ അവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കര്‍മ്മത്താല്‍ ബന്ധതനാകുന്നില്ല. ഒന്നും കാണാതെതന്നെ അവന്‍ പ്രപഞ്ചത്തെ മുഴുവന്‍ വീക്ഷിക്കുന്നു. ഒന്നും ചെയ്യാതെതന്നെ കര്‍മ്മത്തില്‍ മുഴുകുന്നു. ഒട്ടും ആനന്ദിക്കാതെ ഇന്ദ്രിയസംബന്ധമായ എല്ലാ സുഖങ്ങളെയും നുകരുന്നു. എല്ലായിടത്തും ചുറ്റിസ്സഞ്ചരിച്ചു കൊണ്ടുതന്നെ ഒരിടത്ത് നിശ്ചലനായി നില്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവന്‍ പ്രപഞ്ചവുമായി സാത്മ്യം പ്രാപിച്ചിരിക്കുന്നു.