നിര്‍വ്വികാരനും നിസ്സംഗനുമായ ആത്മാവു തന്നെയാണ് താന്‍ (ജ്ഞാ.4.19)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 19
യസ്യ സര്‍വ്വേ സമാരംഭാഃ
കാമ സങ്കല്പ വര്‍ജ്ജിതാഃ
ജ്ഞാനാഗ്നിദഗ്‍ദ്ധ കര്‍മ്മാണം
ത മാഹുഃ പണ്ഡിതം ബുധാഃ
ഏതൊരുവന്റെ സര്‍വ്വസമാരംഭങ്ങളും സകല കര്‍മ്മങ്ങളും കാമസങ്കല്പ രഹിതങ്ങളാണോ, ഫലേച്ഛാരഹിതങ്ങളാണോ, ജ്ഞാനാഗ്നിയില്‍ കര്‍മ്മം ദഹിച്ചുപോയ അവനെ വിദ്വാന്മാര്‍ പണ്ഡിതനെന്നു പറയുന്നു.
അങ്ങനെയുള്ള ഒരാള്‍ക്കു കര്‍മ്മം ചെയ്യുന്നതില്‍ നിന്ന് വിരക്തിയോ ഉദാസീനതയോ ഉണ്ടാകുന്നില്ല. അവന്‍ ലൗകികമായ കര്‍മ്മങ്ങളില്‍ പ്രവര്‍ത്തിക്കുന്നവനാണെങ്കില്‍ ലോകസംഗ്രഹത്തിനായും, അതല്ല ലൗകികത്തില്‍ നിന്നു വിരമിച്ചവനാണെങ്കില്‍ ജീവനത്തിനു മാത്രമായും കര്‍മ്മം ചെയ്യുന്നു. എന്നാല്‍ പ്രവൃത്തിയില്‍ നിന്ന് എന്തെങ്കിലും ഫലം ലഭിക്കണമെന്ന് അശേഷം ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും കര്‍മ്മം പുതുതായി ചെയ്യണമെന്നോ ചെയ്തുകൊണ്ടിരിക്കുന്നു കര്‍മ്മം പൂര്‍ത്തിയാക്കണമെന്നോ ഉള്ള ചിന്ത അവന്റെ മനസ്സിനെ അലട്ടുകയില്ല. നിര്‍വ്വികാരനും നിസ്സംഗനുമായ ആത്മാവു തന്നെയാണ് താന്‍ എന്നുള്ള ജ്ഞാനമാകുന്ന അഗ്നിയില്‍ അവന്റെ കര്‍മ്മങ്ങള്‍ ദഹിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവനെ ജീവന്മുക്തന്‍ എന്നു പറയുന്നു. അവന്‍ മനുഷ്യാകാരണത്തിലാണെങ്കിലും പരബ്രഹ്മം തന്നെയാകുന്നു.