ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 20

ത്യക്ത്വാ കര്‍മ്മഫലാസംഗം
നിത്യതൃപ്തോ നിരാശ്രയഃ
കര്‍മ്മണ്യഭി പ്രവൃത്തോ ഽ പി
നൈവ കിഞ്ചിത് കരോതി സഃ

കര്‍മ്മത്തിലും അതിന്റെ ഫലത്തിലുമുള്ള ആസക്തി ഉപേക്ഷിച്ച് എല്ലായ്‍പോഴും ആത്മാനന്ദത്തില്‍ തൃപ്തിയുള്ളവനായും ആരെയും ആശ്രയിക്കാത്തവനുമായിരിക്കുന്നവന്‍ , കര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നവനായാലും, ഒരു കര്‍മ്മ‍ത്തേയും ചെയ്യുന്നില്ല. (അവന്റെ കര്‍മ്മം അകര്‍മ്മതയെ പ്രാപിക്കുന്നു എന്നര്‍ത്ഥം.)

ഒരുവന്‍ തന്റെ ശാരീരകമായ കാര്യങ്ങളില്‍ അശ്രദ്ധനും, കര്‍മ്മഫലത്തില്‍ ആഗ്രഹമില്ലാത്തവനും, ആരെയും ആശ്രയിക്കാത്തവനും, സദാ ആനന്ദതുന്ദിലനും ആയിരുന്നാല്‍ അവന്‍ ഹര്‍ഷോന്മാദത്തിന്റെ ശ്രീകോവിലിലായിരിക്കും വസിക്കുന്നത്. അവന്‍ കര്‍മ്മം കൊണ്ടു തനിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നു കാണുകയാല്‍ കര്‍മ്മത്തെ ഉപേക്ഷിക്കുന്നു. അവന് പരമാര്‍ത്ഥജ്ഞാനമാകുന്ന വിഭവം എത്രതന്നെ ലഭിച്ചാലും തൃപ്തി കൈവരുകയില്ല. അവന്‍ ആത്മദര്‍ശനത്തിന്റെ ആനന്ദാനുഭൂതിയില്‍ സംതൃപ്തി അടയുന്നു.

ശ്ലോകം 21

നിരാശീര്‍യത ചിത്താത്മാ
ത്യക്ത സര്‍വ്വ പരിഗ്രഹഃ
ശാരീരം കേവലം കര്‍മ്മ
കുര്‍വ്വന്‍ നാപ്നോതി കില്‍ബിഷം.

ആശയില്ലാത്തവനായി, ദേഹത്തേയും മനസ്സിനേയും നിയന്ത്രിച്ച് ആഗ്രഹങ്ങള്‍ അഖിലവും കൈവെടിഞ്ഞ്, കേവലം ശരീരത്തെ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള കര്‍മ്മങ്ങളെ മാത്രം ചെയ്യുന്നവന്‍ പാപത്തെ (ബന്ധത്തെ) പ്രാപിക്കുന്നില്ല.