(സ്വാമി ജ്ഞാനനന്ദ സരസ്വതി എഴുതിയ വേദാന്ത വിജ്ഞാനം എന്ന ഗ്രന്ഥത്തില്‍ നിന്നും.)

“ഗുരുര്‍ബ്രഹ്മാ ഗുരുര്‍വ്വിഷ്ണുഃ
ഗുരുര്‍ദ്ദേവ്വോ മഹേശ്വരഃ”

ആദ്ധ്യാത്മജ്ഞാനത്തിനുള്ള ചിന്താസരണിതന്നെ ഒന്നു വേറെയാണ്. ഇതിന് എത്രയോ ഉദാഹരണങ്ങള്‍ ഉപനിഷത്തുകളില്‍ തന്നെ പ്രതിപാദിച്ചു കാണാം. ഉദ്ദാലകന്റെ പുത്രനായ ശ്വേതകേതു വേദശാസ്ത്രങ്ങളൊക്കെ പഠിച്ചു പണ്ഡിതനായി മടങ്ങി വന്നിട്ടും ആത്മജ്ഞാനമുണ്ടായിട്ടില്ലെന്നറിഞ്ഞ പിതാവുപദേശിക്കുന്ന കഥ ഛന്ദോഗ്യോപനിഷത്തില്‍ പ്രതിപാദിച്ചിട്ടുണ്ടല്ലോ. അതുപോലെ തന്നെ പ്രവാഹണരാജാവിന്റെ സഭയില്‍ ചെന്ന ഋഷികുമാരനോടു രാജാവു ചോദിച്ചപ്പോള്‍ എല്ലാ വേദശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ടെന്നും പക്ഷേ ആത്മജ്ഞാനമില്ലെന്നും കാണുന്നുണ്ട്. ഇങ്ങനെ എത്രയോ കഥകളുണ്ട്. ഇതിന്റെയൊക്കൊ അര്‍ത്ഥം വേദശാസ്ത്രങ്ങളുടെ പഠനം അത്യാവശ്യമാണെങ്കിലും അതുകൊണ്ട് ആത്മജ്ഞാനം ഉണ്ടായിക്കൊള്ളണമെന്നില്ലെന്നാല്ലോ. ആത്മസ്വരൂപവും അറിയേണ്ട ക്രമവും അവകളില്‍ പ്രദിപാദിയ്ക്കുകയല്ല; എങ്കിലും അറിയുകയെന്നത് ഒന്നു പ്രത്യേകം തന്നെയാണ് അതിന്റെ കാരണമെന്തെന്ന് നമുക്കൊന്നു പരിശോധിക്കാം.

ഒരു മനുഷ്യന് അറിയാനുള്ള ഉപകരണങ്ങള്‍ ആകെ മൂന്നാണ്; ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇങ്ങനെ. കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക് ഈ അഞ്ചിനെയാണ് ഇന്ദ്രിയങ്ങളെന്നു പറയുന്നത്. ഇതില്‍ കണ്ണ് രൂപത്തേയും മൂക്കു ഗന്ധത്തേയും ചെവി ശബ്ദത്തേയും നാവ് രസത്തേയും ത്വക്ക് വേറെ ഒന്നിനേയും ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയുവാന്‍ സാദ്ധ്യമല്ല അതും ജാഗ്രദവസ്ഥയില്‍ മാത്രം സ്വപ്നസുഷുപ്തികളിലേയ്ക്കു സ്ഥൂലേന്ദ്രിയങ്ങള്‍ക്ക് വ്യാപ്തിയേ ഇല്ല. മനസ്സാണ് പിന്നെ ഒരു ഉപകരണം. വിചാരസ്വരൂപേണയാണതിന്റെ അറിവ്. അതും മുന്‍പറഞ്ഞ ശബ്ദാദി അഞ്ചു വിഷയങ്ങളെ മാത്രമാണ് ജാഗ്രത്തിലും സ്വപ്നത്തിലും വിചാരസ്വരൂപേണയാണ് അറിയുന്നത്. സ്ഥൂലസൂക്ഷ്മങ്ങളായ ശബ്ദാദി അഞ്ചു വിഷയങ്ങളെ വിട്ട് ആറാമതെന്നിലേയ്ക്കു വ്യാപിക്കുന്നില്ല. അപ്പോള്‍ മനോബുദ്ധിന്ദ്രിയങ്ങളാകുന്ന മൂന്നു കാരണങ്ങളും ശബ്ദാദി അഞ്ചു വിഷയങ്ങളില്‍ മാത്രമാണ് വ്യാപിക്കുന്നതെന്നാണ് വരുന്നത്. പഠിപ്പുകൊണ്ടും, അഭ്യാസങ്ങളെക്കൊണ്ടും പ്രസ്തുത കാരണങ്ങളെ പല പ്രകാരത്തിലും സംസാരിക്കാം. പക്ഷെ അങ്ങനെയൊക്കെ ശബ്ദാദി അഞ്ചു വിഷയങ്ങളില്‍ മാത്രമാണ് അവ വ്യാപിക്കുന്നത്. ഇതാണ് വേദശാസ്ത്രങ്ങളൊക്കെ പഠിച്ചാലും ഒരാള്‍ക്ക് ആത്മജ്ഞാനമുണ്ടാവാതിരിക്കാനും കാരണം. ശബ്ദാദി വിഷയ സ്വരൂപമല്ല, ആത്മാവെന്ന കാരണത്താല്‍ ആത്മസ്വരൂപം അപരിചിതവുമായിരിക്കും. ആത്മാവിനു വേണ്ടി വളരെയൊക്കെ പരിശ്രമിക്കാറുണ്ട്. എന്നാല്‍ ആ ശ്രമമൊക്കെയും ഇന്ദ്രിയാദി അഞ്ചു കാരണങ്ങളിലും ജാഗ്രാദാദി മൂന്നവസ്ഥകളിലും ശബ്ദാദിപഞ്ചവിഷയങ്ങളിലും മാത്രമാണ്. അതുകൊണ്ടു തന്നെയാണ് എത്ര പ്രയത്നിച്ചിട്ടും ആത്മജ്ഞാനമുണ്ടാവാതിരിക്കാനുള്ള കാരണം. അവളെ വിടുമ്പോഴാണ് ഒരാള്‍ക്ക് ആത്മസ്വരൂപം അറിയാനിടവരുന്നത്. ആ സമ്പ്രദായമാകട്ടെ അതിന്റെ അറിവും അനുഭവവുമുള്ള ഒരു മഹാത്മാവില്‍കൂടെ ഗ്രഹിക്കാനേ പറ്റു. ശ്രവണം, മനനം, നദിദ്ധ്യാസം ഇങ്ങനെ മൂന്നു പടികളാണ് ജ്ഞാനാനുഭൂതിക്കുള്ള അഭ്യാസങ്ങളായി വേദം വധിച്ചിരിക്കുന്നത്. ഇതില്‍ ശ്രവണമാണ് ഒന്നാമത്തേത് അനുഭവരസികനായ ആത്മാവു സത്യമായ ആത്മസ്വരൂപത്തെ തന്റെ അനുഭൂതിക്കനുരൂപമായി പാഞ്ഞുല്‍ബോധിപ്പിച്ചു തരുന്നതു തന്നെ ശ്രവണം. ഒരിക്കല്‍ കേട്ടാല്‍ പോരാ; ബോദ്ധ്യം വന്നു തത്ത്വത്തില്‍ ഉറപ്പുവരുത്തുന്നതു വരെ വീണ്ടും വീണ്ടും ശ്രവിക്കുകയും ശ്രവിപ്പിക്കുകയും വേണം. അങ്ങനെ പരമാര്‍ത്ഥമായ ഒരു വേദാന്താശ്രവണം അധികാരിയായ ശിഷ്യനു മഹാത്മാവായ ആചാര്യനില്‍നിന്നു ലഭിക്കുന്നു എന്നിരിക്കട്ടെ; അതൊരിക്കലും വിഫലമാവുന്നില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നതു വളരെ ചുരുക്കമാണെന്നുമാത്രം. ഒന്നാമത് ഈ പ്രപഞ്ചധര്‍മ്മത്തെ സര്‍വ്വഥാ ഉപേക്ഷിച്ചുകൊണ്ടുള്ള മുമുക്ഷുതന്നെ എത്രയോ ദുര്‍ല്ലഭമാണ്. അതിനാല്‍ ശ്രവണം തന്നെ വളരെ ദുര്‍ഭലമാണ്. ഇനി ഏതെങ്കിലും ചില രൂപത്തില്‍ ശ്രവണം നടന്നാലും വര്‍ദ്ധിച്ച സംസാരതൃഷ്ണയില്‍ ശ്രുതമായ ജ്ഞാനം മുങ്ങിപ്പോവുകയും ചെയ്യും. നേരാം വണ്ണം ശ്രവണം ചെയ്യിച്ചുതരുന്ന മഹാത്മാക്കളും ദുര്‍ല്ലഭം. ഉള്ളവര്‍ തന്നെ ജനമദ്ധ്യത്തില്‍ നിന്നൊഴിഞ്ഞുമാറി വല്ല വിജനപ്രദേശങ്ങളിലും അറിയപ്പെടാതെ കഴിഞ്ഞു കൂടുന്നുണ്ടായിരിക്കും. അങ്ങനെയുള്ളവരെ കണ്ടുകിട്ടുന്നതുതന്നെ വളരെ ചുരുക്കം. ഇങ്ങനെയുള്ള തടസ്സങ്ങളെല്ലാം നീങ്ങി ഒരാള്‍ക്കു പരമാര്‍ത്ഥമായ ഒരു വേദാന്തശ്രവണം ഉണ്ടായിയെന്നിരിക്കട്ടെ; എന്നാല്‍ തീര്‍ച്ചയായും അതു സഫലമാണ്.

ജാഗ്രദാദി മൂന്നവസ്ഥകളിലും ശരീരാദി മൂന്നു കാരണങ്ങളിലും, ശബ്ദാദി പഞ്ചവിഷയങ്ങളിലും കീഴൊതുങ്ങിനില്‍ക്കുന്നു വൃക്തിത്വം അല്ലെങ്കില്‍ ജീവത്വം. ഈ അവസ്ഥയെ ആക്രമിച്ച ഒരാള്‍ക്കു ജീവത്വമല്ല; ഈശ്വരത്വമാണുള്ളത്. ദിവ്യനും ഈശ്വരനുമായിക്കഴിഞ്ഞ മഹാത്മാവാണ് ജ്ഞാനം ഉപദേശിക്കാന്‍ പ്രാപ്തിയുള്ള ആചാര്യന്‍. ശിഷ്യന്റെ പല പ്രകാരത്തിലുള്ള കുറവുകളും ആചാര്യന്റെ അനുഗ്രഹത്താല്‍ തന്നെ നീങ്ങുന്നു. ശിഷ്യനെ പുരസ്ക്കരിച്ച് ആചാര്യന്റെ മനസ്സിലാണ് അനുഗ്രഹത്തിന്റെ സ്വരൂപം. ആ അലിവ് ആരില്‍ എപ്പോള്‍ ഉണ്ടാകുമെന്നു പറയാന്‍ വയ്യ.എങ്കിലും നിഷ്കളങ്കഭക്തിയും, പരമത്യാഗവും നിലനിര്‍ത്തിക്കൊണ്ടുള്ള ശുശ്രൂഷ കൊണ്ട് ആരുടേയും മനസ്സലിയുമല്ലോ. അതിനാല്‍ അപ്രകാരമുള്ള ശുശ്രൂഷ കൊണ്ട് ഗുരുവിന്റെ അനുഗ്രഹത്തിനു പാത്രമായിത്തീരുകയും അപ്പോള്‍ ജ്ഞാനത്തിന്നധികാരം കൈവരികയും ചെയ്യുന്നുവെന്നാണഭിജ്ഞമതം.

ഈശ്വരത്വം കൈവന്ന ഗുരുവും, ഈശ്വരനും രണ്ടല്ല എന്നാണ് വൈദികസിദ്ധാന്തവും, സജ്ജനവിശ്വാസവും. അതിനാല്‍ ഗുരുവില്‍ ഒരിക്കലും മനുഷ്യബുദ്ധിയെ കരുതുകയാവട്ടെ, മനുഷ്യനോടെന്നപോലെ പെരുമാറുകയാവട്ടെ ചെയ്യരുത് ഈശ്വരന്റെ എല്ലാ സ്വരൂപങ്ങളും എപ്രകാരം ഒന്നുമാത്രമാണോ അതുപോലെ നാനാകാലദേശങ്ങളില്‍ ഭിന്നസ്വരൂപങ്ങളില്‍ പ്രകാശിക്കുന്ന ഗുരുനാഥന്മാരും ഒരേ ഈശ്വരന്‍ മാത്രമാണ്. അവരില്‍ ഭേദബുദ്ധിയുണ്ടാവരുതെന്നാണ് അഭിജ്ഞമതം. ഇപ്രകാരമുള്ള ഒരു ദേശിക പയ്യന്റെ കരുണയ്ക്കൊരാള്‍ പാത്രമായാല്‍ അവന്റെ അജ്ഞാനം നീങ്ങി എന്നു കരുതാം. ഇതൊഴിച്ച് ആത്മജ്ഞാനാനുഭൂതിക്ക് അന്യമാര്‍ഗ്ഗങ്ങളില്ലെന്നാണ് വൈദിക സിദ്ധാന്തം.

പരമമൂഢനായ ഒരാള്‍കൂടി യാതൊരഭ്യാസവുമില്ലാതെ തന്നെ മഹാത്മാവായ ഒരാചാര്യന്റെ അനുഗ്രഹം ഒന്നുമാത്രംകൊണ്ടു പരമപദവിവരെ എത്തുന്നു. അങ്ങനെതന്നെ അത്യന്ത്യജ്ഞാനിയായ ഒരാള്‍കൂടിയും ഗുരുവിന്റെ ശാപത്തിന് അഥവാ, അനിഷ്ടത്തിനു വിധേയനാവുന്നപക്ഷം അതുകൊണ്ടു തന്നെ നശിക്കുന്നു. വ്യാസശിഷ്യനും, യജൂര്‍വ്വേദാചാര്യനുമായ യാജ്ഞവല്‍ക്യന്‍ ഗുരുഭ്രുഷ്ടനായപ്പോള്‍ പഠിച്ച എല്ലാ വൈദികജ്ഞാനവും നഷ്ടപ്പെട്ടതും, രക്ഷിക്കാനാരുമില്ലാതെ ഉഴലേണ്ടിവരുന്നതുമായ കഥ പ്രസിദ്ധമാണല്ലോ. ഇതുപോലെ ഗുരുശാപത്തിനു പാത്രമാവേണ്ടിവന്ന പലരുടേയും കഥ വൈദിക സാഹിത്യത്തില്‍ കാണാവുന്നതാണ്. വര്‍ത്തമാനകാലത്തും ഗുരുവിന്റെ അപ്രീതി ഹേതുവായി വിഷമിക്കുന്നവരെ കണ്ടേയ്ക്കാം. അദ്ധ്യാത്മജ്ഞാനത്തിന്റെ മുഖ്യബിന്ദു ഗുരുവാണെന്നാണ് ഈ കഥകളില്‍നിന്നും, അനുഭവങ്ങളില്‍ നിന്നുമൊക്കെ നമുക്കു മനസ്സിലാക്കാനുള്ളത്. ഈശ്വരന്റെ ശിക്ഷയില്‍ നിന്നുപോലും ഗുരു രക്ഷിക്കുമെന്നും. എന്നാല്‍ ഗുരുവിന്റെ ശിക്ഷയില്‍നിന്ന് ആര്‍ക്കും രക്ഷിക്കാന്‍ കഴികയില്ലെന്നുമാണ് നിയമം. ഒരു പ്രാവശ്യത്തെ മരണത്തില്‍നിന്നു രക്ഷിക്കാവുന്നവര്‍ തന്നെ ആരാണീ ലോകത്തിലുള്ളത്? എന്നാല്‍ ആയിരക്കണക്കിനുള്ള മരണങ്ങളില്‍ നിന്ന് ഒന്നിച്ച് ഒരു ജീവനെ രക്ഷിക്കുന്നു എന്ന അവസ്ഥ എത്ര ഗൌരവമുള്ളതാണ്? അതാണല്ലോ ഒരു അദ്ധ്യാത്മ ഗുരു തന്റെ ശിഷ്യനില്‍ അലിയിപ്പിക്കുന്ന അനുഗ്രഹത്തിന്റെ സ്വരൂപം. കരുണാമയന്മാരായ തത്താദൃശഗുരുഭൂതന്മാരുടെ മുമ്പില്‍ ഒരു നിമിഷനേരം എത്തിപ്പെട്ടാല്‍ മതി, ഏതു പാപിയും രക്ഷപ്പെട്ടു. ഒരു നിമിഷനേരമെങ്കിലും തന്റെ മുമ്പില്‍ കിട്ടിയ ഒരാളെയും ഒരു മഹാത്മാവ് വെറുതെ വിടുന്നില്ല. അനവധി ജന്മങ്ങളായി ഈട്ടംകൂടി വളര്‍ന്നുകൊണ്ടിരിക്കുന്ന ശരീരാഭിമാനത്തെ ഒരു നിമിഷംകൊണ്ട് അടിച്ചുടച്ച് ആത്മഭാവം പ്രകാശിപ്പിക്കാന്‍ കെല്പുള്ളവരാണ് മഹാത്മാക്കള്‍. അവരുടെ സംഭാഷണശൈലിതന്നെ വേറെയാണ്. ഉദാഹരണത്തിന് ഒന്നാമതായികാണുന്ന മാത്രയില്‍ തന്നെ ഒരു പരമമൂഢന്റെ ശരീരാഭിമാനത്തെ ഏതാനും വാക്കുകളെക്കൊണ്ട് തല്ലിയുടയ്ക്കുന്ന ഒരു സമ്പ്രദായം കാണിക്കാം.

തന്നെ കാണാന്‍ ആദ്യമായി വന്ന ഒരാളോടു ഒരു ഗുരു ചോദിച്ചിരിക്കുന്നു: “പേരെന്താണ്?” ആഗതന്‍ പ്രതിവചിച്ചു: “രാമനെന്ന്.”

ഗുരു: “രാമന്‍! നല്ല പേര്. ഈ പേരിട്ടിട്ട് എത്രകാലമായി?”

ആഗതന്‍: ” എനിക്കു മുപ്പതു വയസ്സായി, അപ്പോള്‍ മുപ്പതു കൊല്ലമായി പേരിട്ടിട്ട്.”

ഗുരു: “മുപ്പതുകൊല്ലത്തിനു മുമ്പെന്തായിരുന്നു പേര്?”

ആഗതന്‍: “അതിനുമുമ്പ് ജനിച്ചിട്ടില്ലല്ലോ, അപ്പോള്‍ പിന്നെ പേരെങ്ങനെ പറയും?”

ഗുരു: “ജനിച്ചിട്ടില്ലന്നല്ലേ ഉള്ളു, നിങ്ങളുണ്ടായിരുന്നില്ലേ? അതോ ജനനത്തിനു മുമ്പു നിങ്ങളില്ലെന്നുണ്ടോ?”

ആഗതന്‍: “ഞാനുണ്ടായിരുന്നിരിക്കാം, എങ്കിലും ജനനശേഷമല്ലേ പേരൊക്കെയുണ്ടാവാനര്‍ഹതയുള്ളു”

ഗുരു: “ജനനത്തിനു മുമ്പു നിങ്ങളുണ്ടായിരുന്നെങ്കില്‍ പിന്നെ ജനിച്ചതാര്? നിങ്ങളോ ശരീരമോ?”

ആഗതന്‍: (വിഷമിച്ചു തുടങ്ങി) “ജനിച്ചതു ശരീരം തന്നെ.”

ഗുരു: “അപ്പോള്‍ ‘രാമ’നെന്ന പേര് ആരുടേതാണ്? നിങ്ങളുടെയോ ശരീരത്തിന്റെയോ?”

ആഗതന്‍: (വളരെനേരം ആലോചിച്ച്) “ശരീരത്തിന്റേതു തന്നെ.”

ഗുരു: “ഞാന്‍ നിങ്ങളുടെ പേരാണ് ചോദിച്ചത്, അതു പറയൂ.”

ഇത്രയുമാവുമ്പോഴേയ്ക്ക് ആഗതനൊന്നും പറയാന്‍ വയ്യാതെ കറങ്ങിത്തുടങ്ങും. ഉടനെ ചുരുങ്ങിയ വാക്കുകളെക്കൊണ്ടു യുക്തിപൂര്‍വ്വം താന്‍ ശരീരമല്ലെന്നും, ജനിച്ചിട്ടില്ലെന്നും, അതിനാല്‍ മരണവുമില്ലെന്നും, തനിക്കു പേരോ രൂപമോ ഇല്ലെന്നും, ആനന്ദസ്വരൂപനായ ആത്മാവാണെന്നും അയാളെ ബോദ്ധ്യപ്പെടുത്തും. അനവധി പുസ്തകങ്ങള്‍ വായിച്ചിട്ടും വാദപ്രതിവാദങ്ങള്‍ നടത്തീട്ടും പ്രസംഗങ്ങള്‍ കേട്ടിട്ടും തീരാതിരുന്ന സംശയങ്ങള്‍ ഒരു നിമിഷനേരം കൊണ്ട് ആ മനുഷ്യനു തീര്‍ന്നു പോകുന്നു.

അനവധി ജന്മങ്ങളിലെ സംസ്കാരത്തിന്റെ ആകത്തുകയായി കട്ട പിടിച്ച ശരീരാഭിമാനം പെട്ടെന്നു തകര്‍ന്നതായനുഭവപ്പെടുന്നു. അതോടെ അയാള്‍ക്കാഗുരുവിനെ മറക്കാന്‍ വയ്യെന്നായി. മാത്രമല്ലാ; സാഹചര്യവും, അന്തേവാസിത്വവും കുടിയേ കഴിയൂ എന്നായി എന്തിനധികം, ഒരു നിമിഷനേരത്തെ ദര്‍ശനംകൊണ്ടു മൂഢനായ മനുഷ്യനെ അഭിജ്ഞനും മുക്തനുമാക്കി മാറ്റുന്നു ആ ആത്മാവ്. ഇങ്ങനെ അത്ഭുതമായ സ്വരൂപത്തില്‍ തന്നെ ആശ്രയിക്കുന്നവരെ അനുഗ്രഹിച്ചു ചരിതാര്‍ത്ഥന്മാരാക്കിത്തീര്‍ക്കുന്ന ആചാര്യശ്രേഷ്ഠന്മാരുടെ മഹിമ അനന്തമാണ്. അതെത്ര വാഴ്ത്തിയാലും അവസാനിക്കുന്നതല്ല. അവര്‍ പ്രത്യക്ഷേശ്വരന്മാര്‍ തന്നെ.

ഗംഗാതീരത്തു പ്രയോപവേശം ചെയ്തുകിടക്കുന്ന പരീക്ഷിത്തിനെ എത്ര അത്ഭുതകരമാംവണ്ണമാണ് ശുകബ്രഹ്മര്‍ഷി മുക്തനാക്കുന്നത്. ഏഴാം ദിവസം രക്ഷകന്‍ വരുന്നതിനുമുമ്പ് അദ്ദേഹത്തെ നിര്‍വ്വികല്പസമാധിയില്‍ ആരുഢനാക്കി അദ്ദേഹം പോയി. ഇതുപോലെ തന്നെ ഈശ്വരസാക്ഷാല്ക്കാരത്തിനു കാട്ടിലേയ്ക്കു പുറപ്പെട്ട അഞ്ചുവയസ്സുള്ള ബാലനായ ധ്രുവനെ വഴിക്കുവെച്ച് ശ്രീനാരദമഹര്‍ഷി എത്ര ചുരുങ്ങിയ സമയം കൊണ്ടാണുണര്‍ത്തി വിട്ടത്. ഉപനിഷത്തുകളില്‍ ഗുരു ശിഷ്യനെ ബ്രഹ്മവിജ്ഞാനത്തിലേക്കുണര്‍ത്തിവിടുന്ന സമ്പ്രദായപുരസ്സരമായ അനവധി കഥകളുണ്ട്. അതൊക്കെ വായിക്കുമ്പോള്‍ തന്നെ രോമാഞ്ചം കൊള്ളുന്നു എന്നു എന്നു വന്നാല്‍ അപ്രകാരമുള്ള ഒരനുഭവം ഒരാള്‍ക്കുണ്ടായലത്തെ അവസ്ഥ പറയേണ്ടതുണ്ടോ. ഇങ്ങിനെ എണ്ണിയാലൊടുങ്ങാതെ, വര്‍ണ്ണിച്ചാലവസാനിക്കാതെ അനന്തമായി വിളങ്ങുന്നു ഗുരുമഹിമ.

ഇപ്രകാരമുള്ള ഒരു ഗുരുസ്വീകാരവും, ബ്രഹ്മോപദേശവും ഒക്കെയാണ് ഇന്നു ബ്രാഹ്മണര്‍ക്കിടയില്‍ നടന്നുവരുന്ന ‘ഉപനയന’മെന്നതിന്റെ അടിസ്ഥാനം. കര്‍മ്മശാസ്ത്രപ്രസിദ്ധമായ പതിനാറു പൂര്‍വ്വസംസ്കാരങ്ങളില്‍ അതി പ്രധാനമായ ഒന്നാണ് ഉപനയനം. ഉപനയനം കഴിഞ്ഞാല്‍ ഒരു പുതിയ ആളായി മാറി എന്നര്‍ത്ഥത്തിലാണ് ദ്വിജനെന്ന പേരുണ്ടായത്. ജന്തുധര്‍മ്മം വിട്ട് ആത്മധര്‍മ്മത്തെ പ്രാപിക്കലാണ് ഉപനയനംകൊണ്ടു സാധിക്കേണ്ടിയിരിക്കുന്നത്. അപ്പോള്‍ ഉപനയിക്കുന്ന ആചാര്യന് അതിനുള്ള പ്രാപ്തിയും ഉണ്ടായിരിക്കണമല്ലോ. ‘ഉപനയന’മെന്ന ശബ്ദത്തിന്റെ അര്‍ത്ഥം തന്നെ ‘സമിപത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയാല്‍’ എന്നാണ്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേയ്ക്ക്; അജ്ഞാനത്തില്‍നിന്ന് ജ്ഞാനത്തിലേയ്ക്ക്; സംസാരത്തില്‍നിന്ന് ഈശ്വരനിലേയ്ക്ക് നയിക്കലാണുപനയനം. എന്നാല്‍ ലക്ഷക്കണക്കില്‍ ഉപനയനം കഴിഞ്ഞിട്ടും ഒരാള്‍ക്കെങ്കിലും ജ്ഞാനമുണ്ടാകുന്നില്ലെങ്കില്‍ അതാരുടെ വൈകല്യമായിരിക്കും? ഏതായാലും അതിലെ ന്യൂനതകളെ പരിഹരിക്കുന്ന പക്ഷം ആ മഹത്കാര്യം ഈ ലോകത്തേയ്ക്കു പണ്ടെന്നപോലെ ഒരു മഹാനുഗ്രഹമായിത്തീരുമെന്നതിനു പക്ഷമില്ല. അനുഗ്രഹീതന്മാരും, അനുഭൂതിസമ്പന്നന്മാരുമായ ആചാര്യശ്രേഷ്ഠന്മാരുടെ പാദധൂളികളെക്കൊണ്ട് അനാദികാലം മുതല്‍ക്കുതന്നെ അത്യന്തപരിശുദ്ധിയെ പ്രാപിച്ച പുണ്യഭൂമിയാണ് ഭാരതം. ‘ഗുരു എന്ന ശബ്ദത്തിനുതന്നെ എല്ലാറ്റിലും വെച്ചു വലുതെന്നര്‍ത്ഥമാണ്. ഈ അര്‍ത്ഥത്തെത്തന്നെയാണ് ഒരു ഗുരുവില്‍ ആസ്തികനായ ഒരു ഭാരതീയന്‍ കാണുന്നത്. അയാള്‍ എല്ലാറ്റിലും വെച്ചു പ്രധാനപ്പെട്ട വസ്തുവായും, എപ്പോഴും തന്റെ ഏകരക്ഷാകേന്ദ്രമായും, ഒരിക്കലും ഒന്നുകൊണ്ടും മാനസികമായ അകല്‍ച്ച വരാന്‍ പാടില്ലാത്ത ഏകവസ്തുവായും കാണുന്നു ഗുരുവിനെ.

“ഗുരുര്‍ബ്രഹ്മാ ഗുരുര്‍വ്വിഷ്ണുഃ
ഗുരുര്‍ദ്ദേവ്വോ മഹേശ്വരഃ”

എന്നീ രൂപത്തിലാണ് ഈ ഭാരതത്തില്‍ ഗുരുവിനെ കാണുന്നത്. അങ്ങിനെ തന്നെ ‘ശരീരമര്‍ത്ഥം പ്രാണഞ്ച’ കാല്‍ക്കല്‍വെച്ചാണ് നമസ്ക്കരിക്കുന്നത്. ഇപ്രകാരമുള്ള ഗുരുഭക്തിയും, ഗുരുവിശ്വാസവുമാണ് ഒരാള്‍ക്ക് ആദ്ധ്യാത്മികജ്ഞാനത്തിലേയ്ക്കു കയറാനുള്ള സോപാനങ്ങള്‍.

“നാരായണം പദ്മഭവം വസിഷ്ഠം
ശക്തിം ച തത്പുത്രപരാശരം ച
വ്യാസം ശുകം ഗൗഡപദം മഹാന്തം
ഗോവിന്ദയോഗീന്ദ്രമഥാസ്യ ശിഷ്യം.
ശ്രീശങ്കരാചാര്യമഥാസ്യ പദ്മ-
പാദം ച ഹസ്താമലകം ച ശിഷ്യം
തം തോടകം വാര്‍തികകാരമന്യാന്‍
അസ്മദ്ഗുരൂന്‍സന്തതമാനതോഽസ്മി”

ഇതാണ് ഭാരതത്തിലെ അദ്ധ്യാത്മഗുരുഭൂതന്മാരുടെ പരമ്പരാക്രമം. അവതാര സ്വരൂപിയായ നാരായണമഹര്‍ഷിയില്‍ നിന്നു ബ്രഹ്മദേവനും അദ്ദേഹത്തില്‍ നിന്നു വസിഷ്ഠമഹര്‍ഷിയും, വസിഷ്ഠമഹര്‍ഷിയില്‍ നിന്നു ശക്തിമഹര്‍ഷിയും, അദ്ദേഹത്തില്‍നിന്നു ഗൌഡപാദാചാര്യരും, അദ്ദേഹത്തില്‍ നിന്നു ഗോവിന്ദാചാര്യരും അദ്ദേഹത്തില്‍ നിന്നു ശ്രീ ശങ്കരാചാര്യരും ബ്രഹ്മവിദ്യയെ ഗ്രഹിച്ചു. ശ്രീശങ്കരാചാര്യര്‍ക്കാകട്ടെ പത്മപാദാചാര്യര്‍ ഹസ്താമലകാചാര്യര്‍, ത്രോടകാചാര്യര്‍, സുരേശ്വരാചാര്യര്‍ എന്നിങ്ങനെ പ്രസിദ്ധന്മാരായ നാലു ശിഷ്യന്മാരുണ്ടായി. അവര്‍ ഭാരതക്ഷേത്രത്തിന്റെ നാലറ്റത്തും ഓരോ മഠങ്ങല്‍ സ്ഥാപിച്ച്, പ്രസ്തുതമഠങ്ങളില്‍ക്കൂടെ ശിഷ്യപ്രശിഷ്യപരമ്പരകളിലേയ്ക്കു ബ്രഹ്മവിദ്യയെ പ്രവഹിപ്പിച്ചു കൊണ്ടിരുന്നു. അതില്‍ തെക്കേ അറ്റത്തള്ളതാണ് ശൃംഗേരിമഠ‍ം. വടക്കേ അറ്റത്തുള്ളതാണ് ജ്യോതിധര്‍മ്മഠ‍ം. കിഴക്കേ അറ്റത്തുള്ളത് പുരിജഗന്നാഥത്തുള്ളത്. പടിഞ്ഞാറെ അറ്റത്തുള്ളതു ദ്വാരകയിലും. ഇന്നും ഈ നാലു മഠങ്ങളില്‍ക്കൂടെയാണ് ഭാരതത്തില്‍ ബ്രഹ്മോപദേശവും, സന്ന്യാസവും കൊടുക്കപ്പെട്ടു വരുന്നത്. വേദങ്ങളേയും തീര്‍ത്ഥങ്ങളേയും, ക്ഷേത്രങ്ങളേയും, മഹാവാക്യങ്ങളേയും ആചാര്യസമ്പ്രദായങ്ങളേയും പ്രസ്തുത നാലുമഠങ്ങള്‍ക്കും വെവ്വേറെ വേര്‍‍തിരിച്ചിട്ടുണ്ട്. വേര്‍തിരിക്കപ്പെട്ട ആചാര്യ സമ്പ്രദായങ്ങളെക്കൊണ്ടും, പേരുകളെക്കൊണ്ടും സന്ന്യാസിമാരെ ഏതേതു മഠത്തിന്റെ പാരമ്പര്യത്തിലുള്ളവരെന്നു തിരിച്ചറിയാനും കഴിയും.

(അദ്ധ്യാത്മജ്ഞാനത്തിന്നു ഗുരുവിന്റെ ആവശ്യകത – വേദാന്ത വിജ്ഞാനം – സ്വാമി ജ്ഞാനനന്ദ സരസ്വതി  )