ശ്രീകൃഷ്ണഭഗവാന്‍ തേരാളിയായി വില്ലാളിവീരനായ അര്‍ജുനന്‍ മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്ത തേരില്‍ എത്ര കുതിരകളെ പൂട്ടിയിരുന്നു? ഈ ചോദ്യം പലപ്പോഴായി കേട്ടിട്ടുണ്ട്. നാലാണെന്ന് ചിലര്‍, അഞ്ചാണെന്ന് മറ്റുചിലര്‍. ഇതില്‍ ഏതാണ് ശരി?
ഇന്ദ്രിയങ്ങളാകുന്ന അഞ്ച് ആശ്വങ്ങളെ പൂട്ടിയ രഥം എന്ന കഠോപനിഷത്തിലെ രഥസങ്കല്‍പ്പവും മഹാഭാരതത്തിലെ അര്‍ജുനന്റെ നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥവും വ്യത്യസ്തമാണ്. കഠോപനിഷത്തിലെ രഥകല്‍പ്പന ആധ്യാത്മിക സാധകര്‍ക്ക് ഇന്ദ്രിയനിയന്ത്രണത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ഉപമയായിട്ടാണ് പറഞ്ഞിരിക്കുന്നത്, അതിനെ ഭഗവദ്‌ഗീതയുമായി ബന്ധിപ്പിച്ചിട്ടുമില്ല.
“ആത്മാവ് രഥിയും ശരീരം രഥവും ബുദ്ധി സാരഥിയും മനസ്സ് കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളും ഇന്ദ്രിയവിഷയങ്ങള്‍ പോകുവാനുള്ള വഴികളും ആണ്. ആരാണോ എല്ലായ്പ്പോഴും അനിയന്ത്രിതമായ മനസ്സോടുകൂടി വിവേകമില്ലാത്തവനായി ഭവിക്കുന്നത്, അവന്റെ ഇന്ദ്രിയങ്ങള്‍ അനിയന്ത്രിതമാകുന്നു. യാതൊരു ബുദ്ധിയാകുന്ന സാരഥിയാണോ എപ്പോഴും നിയന്ത്രിതമായ മനസ്സോടുകൂടി വിവേകമുള്ളവനായി ഭവികുന്നത്, ആ ബുദ്ധിക്ക് ഇന്ദ്രിയങ്ങള്‍ വിധേയങ്ങളായി ഭവിക്കുന്നു. യാതൊരുവന്‍ വിവേകമുള്ളവനായും മനോനിയന്ത്രണമുള്ളവനായും എപ്പോഴും ശുദ്ധാന്തഃകരണനായും ഭവിക്കുന്നുവോ, അവന്‍ പുനര്‍ജനനമില്ലാത്ത ആ പദത്തെ പ്രാപിക്കുന്നു. ” [കഠോപനിഷത്]
മഹാഭാരതത്തിലെ അര്‍ജുനന്റെ രഥം ശൈബ്യന്‍, സുഗ്രീവന്‍, മേഘപുഷ്പന്‍, ബലാഹകന്‍ എന്നീ നാല് വെള്ളകുതിരകളെ പൂട്ടിയതാണ്. വെള്ളകുതിരകളെ പൂട്ടിയ വാഹനം ഉള്ളതിനാല്‍ അര്‍ജുനനെ ശ്വേതവാഹനന്‍ എന്നും വിളിക്കുന്നു. ഖാണ്ഡവ വനം സമര്‍പ്പിച്ചതിനു അര്‍ജുനന് അഗ്നിദേവന്‍ സമ്മാനിച്ചതാണ് ഈ രഥം. ഈ വെള്ളകുതിരകളെ അര്‍ജുനന് സമ്മാനിച്ചത് ശ്രീകൃഷ്ണ ഭഗവാനും.
കൂടുതല്‍ വായനയ്ക്കുള്ള റഫറന്‍സ് :
മഹാഭാഗവതപുരാണം ദശമാസ്കന്ധം അന്‍പത്തിമൂന്നാം അദ്ധ്യായം ശ്ലോകം 4, 5
[ആധാരം : “ശ്രീ മഹാഭാഗവതം മൂലകൃതി – മലയാള വ്യാഖ്യാന സഹിതം”]
ശ്രീശുക ഉവാച:
ഉദ്വാഹര്‍ക്ഷംച വിജ്ഞായ രുക്മിണ്യാ മധുസൂദനഃ
രഥഃ സംയുജ്യതാമാശു ദാരുകേത്യാഹ സാരഥിം
രുക്മിണിയുടെ വിവാഹദിവസം അറിഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ സാരഥിയായ ദാരുകനെ വരുത്തി. വേഗം തേര്‍ തയ്യാറാക്കുക എന്ന് കല്‍പ്പിച്ചു.
സ ചാശ്വൈഃ ശൈബ്യസുഗ്രീവമേഘപുഷ്പബലാഹകൈഃ
യുക്തം രഥമുപാനീയ തസ്ഥൗ പ്രാഞ്ജലിരഗ്രതഃ
ഉടനെ ദാരുകന്‍ ശൈബ്യന്‍, സുഗ്രീവന്‍, മേഘപുഷ്പന്‍, ബലാഹകന്‍ എന്നിങ്ങനെ നാമധേയങ്ങളുള്ള നാല് കുതിരകളെ പൂട്ടിയ തേര് സമീപത്തു കൊണ്ടുവന്നു നിര്‍ത്തി. ശിരസ്സില്‍ കൈകള്‍ വച്ച് തൊഴുതുംകൊണ്ട് മുന്‍ഭാഗത്ത് നിന്നു.
കഠോപനിഷത്ത് ആധ്യായം ഒന്ന്‍, വല്ലി മൂന്ന്‍, മന്ത്രങ്ങള്‍ 3 മുതല്‍ 8 വരെ
[ആധാരം : കഠോപനിഷത്ത് ശാങ്കരഭാഷ്യം]
ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഗ്രഹമേവ ച
ആത്മാവിനെ രഥി (തേരില്‍ യാത്ര ചെയ്യുന്ന പ്രധാന പുരുഷന്‍) എന്ന് അറിയുക. ശരീരത്തെ രഥം തന്നെയാണെന്ന് അറിയുക. ബുദ്ധിയാകട്ടെ സാരഥി (തേര്‍ തെളിക്കുന്നവന്‍) എന്നും മനസ്സിനെ (അന്തഃകരണത്തെ) കടിഞ്ഞാണ്‍ എന്നും അറിയുക.
ഇന്ദ്രിയാണി ഹയാനാഹുര്‍വിഷയാംസ്തേഷു ഗോചരാന്‍
ആത്മേന്ദ്രിയയമനോയുക്തം ഭോക്തേത്യാഹുര്‍മ്മനീഷിണഃ
ഇന്ദ്രിയങ്ങളെ കുതിരകള്‍ (ഹയങ്ങള്‍ ) പറയുന്നു. (ഇന്ദ്രിയ)വിഷയങ്ങളെ (ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം) ഗോചരങ്ങളെന്ന് (പോകുവാനുള്ള വഴികളെന്നു) അറിഞ്ഞുകൊള്ളുക. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് ഇവയോടുകൂടിയ ആത്മാവിനെ വിവേകികള്‍ (മനീഷികള്‍ ) ഭോക്താവെന്ന് (സുഖദുഃഖങ്ങളെ അനുഭവിക്കുന്ന സംസാരി എന്ന്) പറയുന്നു. [ കേവലനായ (യാതൊരു ഉപാധിയുമില്ലാത്ത) ആത്മാവിന് ഭോക്തൃത്വം ഇല്ല, എന്തെന്നാല്‍ ആത്മാവിലുള്ള ഭോക്തൃത്വം, ബുദ്ധി മുതലായ ഉപാധികളാല്‍ ഉണ്ടാക്കപ്പെടുന്നതുമാത്രമാണ്. ]
യസ്ത്വവിജ്ഞാനവാന്‍ ഭവത്യയുക്തേന മനസാ സദാ
തസ്യേ ഇന്ദ്രിയാണ്യവശ്യാനി ദുഷ്ടാശ്വാ ഇവ സാരഥേഃ
ആരാണോ പിന്നെ എല്ലായ്പ്പോഴും ആയുക്തമായ (അനിയന്ത്രിതമായ) മനസ്സോടുകൂടി അവിജ്ഞാവാനായി (വിവേകമില്ലാത്തവനായി) ഭവിക്കുന്നത്, അവന് സാരഥിക്ക് ദുഷ്ടാശ്വാങ്ങളെന്നപോലെ ഇന്ദ്രിയങ്ങള്‍ അവിധേയങ്ങളായിത്തീരുന്നു.
യസ്തു വിജ്ഞാനവാന്‍ ഭവതി യുക്തേന മനസാ സദാ
തസ്യേന്ദ്രിയാണി വശ്യാനി സദശ്വ ഇവ സാരഥേഃ
യാതൊരു ബുദ്ധിയാകുന്ന സാരഥിയാണോ എപ്പോഴും യുക്തമായ (നിയന്ത്രിതമായ) മനസ്സോടുകൂടി വിജ്ഞാവാനായി (വിവേകമുള്ളവനായി ) ഭവികുന്നത്, ആ ബുദ്ധിയാകുന്ന സാരഥിക്ക്, തേരാളിക്ക് നല്ല കുതിരകള്‍ എന്നപോലെ , ഇന്ദ്രിയങ്ങള്‍ വശ്യങ്ങളായി (വിധേയങ്ങളായി) ഭവിക്കുന്നു.
യസ്തുവിജ്ഞാനവാന്‍ ഭവത്യമനസ്കഃ സദാഽശുചിഃ
ന സ തല്‍ പദമാപ്നോതി സംസാരം ചാധിഗച്ഛതി.
തേര്‍തെളിക്കുന്നവനായ യാതൊരു ബുദ്ധിയാണോ വിജ്ഞാനമില്ലാത്തവനായും (വിവേകമില്ലാത്തവനായും ), അമനസ്കനായും (മനോനിയന്ത്രണമില്ലാത്തവനായും) എപ്പോഴും അശുചിയായും (ദുഷിച്ച അന്തഃകരണത്തോടുകൂടിയവനായും) ഇരിക്കുന്നത്, അങ്ങനെയുള്ള ബുദ്ധിയായ സാരഥിയോടുകൂടിയ ആത്മാവാകുന്ന രഥി പരമപദത്തെ പ്രാപിക്കുകയില്ല, ജനനമരണാദി രൂപമായ സംസാര ദുഃഖത്തെ പ്രാപിക്കുകയും ചെയ്യുന്നു.
യസ്തു വിജ്ഞാനവാന്‍ ഭവതി സമനസ്കഃ സദാശുചിഃ
സ തു തല്‍ പദമാപ്നോതി യസ്മാദ് ഭൂയോ ന ജായതേ.
യാതൊരുവന്‍ പിന്നെ വിജ്ഞാനവാനായും മനോനിയന്ത്രണമുള്ളവനായും എപ്പോഴും ശുദ്ധാന്തഃകരണനായും ഭവിക്കുന്നുവോ, അവന്‍ പുനര്‍ജനനമില്ലാത്ത ആ പദത്തെ പ്രാപിക്കുന്നു.
Mahabharatha Reference: The Mahabharata Anusasana Parva
www.sacred-texts.com – ലിങ്ക് 1, ലിങ്ക് 2
स एवाश्वः शवेतम अश्वं परयच्छत; स एवाश्वान अथ सर्वांश चकार
तरिवन्धुरस तस्य रथस तरिचक्रस; तरिवृच छिराश चतुरस्रश च तस्य
It is Krishna who gave unto Arjuna a number of white steeds. It is He who is the creator of all steeds. This world (or, human life) represents his car. He it is that yokes that car for setting it in motion. That car has three wheels (viz., the three attributes of Sattwa, Rajas, and Tamas). It has three kinds of motion (for it goes upwards or downwards or transversely, implying superior, inferior, and intermediate birth as brought about by acts). It has four horses yoked to it (viz., Time, Predestiny, the will of the deities, and one’s own will). It has three naves (white, black, and mixed, implying good acts, evil acts and acts that are of a mixed character). It is this Krishna who is the refuge of the five original elements with the sky among them. It is He who created the earth and heaven and the space between. Indeed, it is this Krishna of immeasurable and blazing energy who has created the forests and the mountains. It is this Krishna who, desirous of chastising Sakra who was about to hurl his thunder at him, crossed the rivers and once paralysed him. He is the one great Indra that is adored by the Brahmanas in great sacrifices with the aid of a thousand old Riks. He is the Creator of the universe. Indeed, He creates everything from His own nature. Superior to all two deities it is He who teaches all the deities.
ഈ കുറിപ്പ് തയ്യാറാക്കിയത് ശ്രീകണ്ഠകുമാര്‍