ശ്രീനീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍ രചിച്ച വേദാന്തമാലിക അഥവാ അദ്വൈതസ്തബകം എന്ന ഗ്രന്ഥത്തില്‍ വേദാന്താര്യാശതകം, ശ്രീരാമഗീതാഭാഷ, ഹസ്താമലകംഭാഷ, ആനന്ദമന്ദാരം, ഹരികീര്‍ത്തനം, രാമഹൃദയംഭാഷ, ആത്മപഞ്ചകംഭാഷ, കൈവല്യകന്ദളീ, ശ്രീമദാരാധ്യപാദപഞ്ചകം എന്നീ കൃതികള്‍ അടങ്ങിയിരിക്കുന്നു.

വേദാന്തമാലിക / അദ്വൈതസ്തബകം PDF ഡൗണ്‍ലോഡ് ചെയ്യൂ.

ആത്മപഞ്ചകം ഭാഷ

അല്ലിന്ദ്രിയങ്ങള്‍മനമല്ലശരീരമല്ല
പ്രാണങ്ങളല്ലഹമഹംകൃതിയല്ലബുദ്ധിഃ
ദാരങ്ങള്‍കുഞ്ഞുകള്‍നിലംധനമാദിയല്ല
സാക്ഷ്യന്തരാത്മകനഹംശിവനാണ് നിത്യന്‍

വള്ളിയെന്നറിയായ്കയാലതുസര്‍പ്പമായിടുമാറുപോ
ലുള്ളിലാരഹമെന്നബോധമെഴാതെജീവനതായിതാന്‍
സിദ്ധവാക്കതിനാലഹിഭ്രമമാറിവള്ളിയതായപോല്‍
ബുദ്ധമായിതുജീവനല്ലശിവോഹമെന്നുഗുരൂക്തിയാല്‍

സത്യബോധസുഖസ്വരൂപമതായിടുംപരവസ്തുവില്‍
മിഥ്യയാകിയവിശ്വമുണ്ടറിയുന്നുവിഭ്രമശക്തിയാല്‍-
സുപ്തിമോഹബലാല്‍സുവപ്നസമാനമായിതസത്യമാം
നിത്യനങ്ങിനെശുദ്ധനാംപരിപൂര്‍ണ്ണനൊന്നഹമേശിവന്‍

എങ്കല്‍നിന്നകലത്തുസത്യമതാംജഗത്തണുതുല്യമാ
യെങ്കിലുംനഹിബാഹ്യവസ്തുവവിദ്യയാല്‍പരികല്പിതം-
ദര്‍പ്പണത്തിനകത്തെഴുന്നവപോലെയദ്വയനായിടു
ന്നീപ്പുരീശനിലുണ്ടുതോന്നിവരുന്നുഞാനതിനാല്‍ശിവന്‍

ജന്മവൃദ്ധിവിനാശമറ്റവനാണ്ഞാന്‍പറകപ്പെടും
മായയാലുളവായിടുന്നവദേഹധര്‍മ്മമശേഷവും-
ചിത്സ്വരൂപനിനിക്കുകര്‍ത്തൃതതൊട്ടതില്ലതഹംകൃതി
ക്കുണ്മയായതുതന്നെ‍ഞാന്‍ ശിവശബ്ദലക്ഷ്യപരാല്പരന്‍

ഞാന്‍ജാതനല്ലമരണംജനിയെങ്ങിനിക്കു
ഞാന്‍പ്രാണനല്ലപശിദാഹമതെന്തുചിത്തം
ഞാനല്ലശോകമതുപോല്‍മമമോഹമെങ്ങു
കര്‍ത്താവുഞാന്‍നഹികുതോമമബന്ധമുക്തീ.

ബാലനാമയമീന്ദ്രന്‍റെ
ഭൃത്യനാംനീലകണ്ഠനാല്‍
ആത്മപഞ്ചകഭാഷേയം
കൃതാജ്ഞാതാവിമുക്തിദാ

കുറിപ്പ്‌ :
അഹംകൃതി = അഹംകാരം.
അഹിഭ്രമം = സര്‍പ്പമെന്ന ശങ്ക.
ബുദ്ധം = അറിഞ്ഞത്.
ഉണ്മയായത് = ഉള്ളത്.
ശിവശബ്ദക്ഷ്യന്‍ = ശിവശബ്ദത്താല്‍ ലക്ഷ്യമാക്കപ്പെട്ടവന്‍
നഹി = അല്ല
ബന്ധമുക്തീ = ബന്ധമോക്ഷങ്ങള്‍
ഇയം = ഇത്
കൃതാ = ചെയ്യപ്പെട്ടത്‌
ജ്ഞാതാ = അറിയപ്പെട്ടത്
വിമുക്തിദാ = മുക്തി തരുന്ന