ശ്രീ ഡേവിഡ് ഫ്രാലി (പണ്ഡിറ്റ് വാമദേവ ശാസ്ത്രി ) എഴുതിയ How I Became a Hindu എന്ന ആംഗലേയ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണ്  ഞാന്‍ എങ്ങനെ ഹിന്ദുവായി – വൈദിക ധര്‍മ്മത്തിന്‍റെ കണ്ടെത്തല്‍ എന്ന ഈ ഗ്രന്ഥം. മലയാളത്തിലേക്ക്  വിവര്‍ത്തനം ചെയ്ത് ശ്രേയസ് വെബ്സൈറ്റിലൂടെ എല്ലാ മലയാളികള്‍ക്കുമായി സൗജന്യമായി സമര്‍പ്പിച്ചതു ശ്രീ കൃഷ്ണകുമാര്‍ ആണ്. [email protected] എന്ന ഇമെയില്‍ അഡ്രസില്‍ അദ്ദേഹത്തെ ബന്ധപ്പെടാം. അഭിനന്ദനങ്ങള്‍ , ശ്രീ. കൃഷ്ണകുമാര്‍.

ഞാന്‍ എങ്ങനെ ഹിന്ദുവായി മലയാളം PDF ഡൗണ്‍ലോഡ് ചെയ്യൂ.

ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റും ഇന്തോളജിസ്റ്റുമായ ശ്രീ സുഭാഷ് കാക്ക് എഴുതിയ അവതാരികയുടെ സംക്ഷിപ്തം താഴെ കൊടുക്കുന്നു.

ബഹുദൈവാരാധനയുടെയും സാമൂഹ്യ ഉച്ചനീചത്വങ്ങളുടെയും അനാചാരങ്ങളുടെയും ഒരു പഴങ്കെട്ട് എന്ന് ഹിന്ദുമതത്തെക്കുറിച്ച് പരക്കെ വരച്ചു കാണിക്കപ്പെടുന്ന ചിത്രം എത്ര തെറ്റായിരുന്നു എന്നു ശ്രീ ഡേവിഡ് ഫ്രാലി സ്വയം കണ്ടെത്തിയതിന്‍റെ രസകരമായ അനുഭവ വിവരണമാണ് “ഞാന്‍ എങ്ങനെ ഹിന്ദുവായി” എന്ന ഈ ആത്മീയ ജീവചരിത്ര ഗ്രന്ഥം.

ഹിന്ദു സമൂഹത്തില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഇല്ല എന്നല്ല, ഇവിടെ വിവക്ഷ. മറിച്ച് അവയെല്ലാം കഴിഞ്ഞ കുറെ നൂറ്റാണ്ടുകളില്‍ ഭാരതത്തിലുണ്ടായ ചരിത്രപ്രക്രിയകളുടേയും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളുടെയും ശേഷിപ്പുകള്‍ മാത്രമാണ്. ഹിന്ദുധര്‍മ്മത്തിന്‍റെ സത്തയില്‍ ചേര്‍ന്നവയല്ല. ഇതിനെല്ലാമുപരി സ്വന്തം ജീവിതാനുഭവങ്ങളില്‍ പ്രതിഫലിക്കുന്ന, ഇന്നും ജീവസ്സുറ്റതായി നിലകൊള്ളുന്ന ഹൈന്ദവ സംസ്കൃതിയുടെ ഒരു സുന്ദരചിത്രം ഡേവിഡ് ഇവിടെ കാട്ടിത്തരുന്നു.

ഡേവിഡ് ഫ്രാലി നമ്മുടെ കാലഘട്ടത്തിലെ പ്രമുഖരായ ഹിന്ദുക്കളില്‍ ഒരാളാണ്. വേദങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവ് വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്‍റെ സംഭാവന വളരെ വലുതാണ്. ആയുര്‍വേദത്തെയും മറ്റ് വൈദിക ശാസ്ത്രങ്ങളെയും അധികരിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. എല്ലാറ്റിനുമുപരി, മറ്റ് വൈദിക സാഹിത്യങ്ങളെ ശരിക്ക് പഠിക്കുന്നതിനുള്ള അനിവാര്യമായ മുന്നൊരുക്കമായി വേദത്തിലേക്കു തന്നെയുള്ള ഒരു മടങ്ങിപ്പോക്കിന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

പുരാണങ്ങളിലേയും ആഗമങ്ങളിലേയും അതിസുന്ദരമായ ഭാവനാപ്രപഞ്ചത്തെ ശരിയായി അനാവരണം ചെയ്യുന്നതില്‍ വേദത്തിലുള്ള ഈ അവഗാഹം എത്രമാത്രം സഹായിക്കുമെന്ന് അദ്ദേഹം കാട്ടിത്തരുന്നു. വേദജ്ഞാനം ഹൈന്ദവ അനുഷ്ഠാനങ്ങളുടെ രഹസ്യങ്ങളും വെളിപ്പെടുത്തി തരുന്നു. ഇന്‍ഡ്യയുടെ ചരിത്രത്തെയും ഹിന്ദുമതത്തെയും കുറിച്ച് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്തോളജിസ്റ്റുകളുടെ കൊളോണിയല്‍ മനസ്ഥിതി പടുത്തുയര്‍ത്തിയ ചിത്രത്തെ ചോദ്യം ചെയ്യുന്നതിലും ഡേവിഡ് മുന്‍പന്തിയിലുണ്ട്. തന്‍റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയുമാണ് അദ്ദേഹമിത് നിര്‍വഹിച്ചു പോരുന്നത്. ഹിന്ദുമതത്തെ കുറിച്ച് അറിയാനാഗ്രഹിക്കുന്ന പാശ്ചാത്യര്‍ക്ക് മാത്രമല്ല ഇന്തോളജിസ്റ്റുകളുടെ വിവരണങ്ങളിലൂടെ മാത്രം സ്വന്തം മതത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്ന ഹിന്ദുക്കള്‍ക്കും അദ്ദേഹത്തിന്‍റെ ഈ സാന്നിദ്ധ്യം വഴികാട്ടുന്നു.

നമ്മുടെ പൊതു പൈതൃകമായിരുന്ന പ്രാചീനമതത്തിന്‍റെ അറിയപ്പെടാത്ത ഭൂതകാലങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ വേദങ്ങള്‍ക്കുള്ള പ്രസക്തിയെ ഫ്രാലിയുടെ പ്രവര്‍ത്തനം ഒന്നുകൂടി ഉയര്‍ത്തിക്കാട്ടി. ഹിന്ദുക്കള്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, ബാബിലോണിയര്‍ തുടങ്ങിയ പ്രാചീന ജനതകള്‍ക്കെല്ലാം തങ്ങളുടെ മതവിശ്വാസങ്ങളുടെ അടിസ്ഥാനപരമായ ഏകതയെക്കുറിച്ച് അറിയാമായിരുന്നു. ആ പ്രാചീന മതങ്ങളിലെ ഇന്നും അതിജീവിക്കുന്ന ഒരേയൊരു അംഗമെന്ന നിലയില്‍ ഹിന്ദുമതം സാര്‍വലൗകികവും നിത്യവുമായ ആത്മാന്വേഷണത്തെക്കുറിച്ച് വലിയൊരു ഉള്‍ക്കാഴ്ച നമുക്ക് തരുന്നു.

ഡേവിഡ് ഫ്രാലി തനിക്കുവേണ്ടി നടത്തിയ ഈ ഹിന്ദുമതത്തെ കണ്ടെത്തല്‍, ആ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന അനവധിപേരുടെ വഴി എത്രയും എളുപ്പമുള്ളതാക്കി തീര്‍ത്തു. അദ്ദേഹത്തിന്‍റെ ഈ ജീവിതകഥ, പ്രാചീനരായ നമ്മുടെ പൂര്‍വികരുടെ ജ്ഞാനസമ്പത്തു സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള അനുവാചകര്‍ക്ക് പ്രചോദനം നല്‍കുന്നു.

ആമുഖം – ഡോ ഡേവിഡ് ഫ്രാലി

ഈ കാലഘട്ടത്തില്‍ പടിഞ്ഞാറുനിന്നും കിഴക്കിലേക്ക് ഒട്ടനവധി പേര്‍ നടത്തിക്കൊണ്ടിരിക്കുന്ന ചിന്താപരവും ആത്മീയവുമായ തീര്‍ഥാടനങ്ങളുടെ ഒരു തുടര്‍ച്ചയാണ് ഈ ഗ്രന്ഥത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. പാശ്ചാത്യ ഭൗതികതയില്‍ നിന്നാരംഭിച്ച് ഭാരതത്തിന്‍റെ പ്രാചീന സംസ്കാരത്തിന്‍റെ അടിത്തറയായ ആത്മബോധത്തിന്‍റെ പ്രപഞ്ചത്തിലേക്ക് ഈ യാത്ര കടന്നു വരുന്നു.

ആന്തരീകമായ ഒരു യാത്രയാണിത്. ഇന്‍ഡ്യയുടെ ആത്മീയ ഹൃദയത്തിലേക്കുള്ള ഒരു തീര്‍ഥാടനം. എങ്കിലും പ്രമുഖരായ നിരവധി വ്യക്തികളും സുഹൃത്തുക്കളും ആത്മീയ സത്യങ്ങളെ കുറിച്ചുള്ള എന്‍റെ അറിവിനെ വികസിപ്പിച്ചു തന്ന അദ്ധ്യാപകരും ഒക്കെ ഇതില്‍ കടന്നുവരുന്നുമുണ്ട്. ഈ യാത്ര ദേശാന്തരം മാത്രമല്ല കാലാന്തരം കൂടിയാണ്. മറ്റേതൊരു രാജ്യത്തുള്ളതിനേക്കാളും കൂടുതല്‍ ഭാരതത്തില്‍ സംരക്ഷിക്കപ്പെടുന്ന ആ പ്രാചീന പൈതൃക ലോകത്തിലേക്കുള്ള കാലാന്തര യാത്ര. പ്രാചീന വേദ സംസ്കൃതിക്ക് എപ്രകാരം ഈ ആധുനിക ലോകത്തില്‍ പുനര്‍ജനിക്കാനും ഭാവിക്ക് വേണ്ട പ്രചോദനം നല്‍കുവാനും കഴിയും എന്ന് ഈ ഗ്രന്ഥം കാണിച്ചുതരുന്നു. മനുഷ്യന്‍ പുറം ലോകങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനു എത്രയോ മുമ്പ് പ്രപഞ്ചത്തിന്‍റെ സ്രോതസ്സുമായി ബന്ധം സ്ഥാപിച്ചിരുന്ന ഒരു കാലഘട്ടം അവനുണ്ടായിരുന്നു. അതിലേക്കുള്ള ഒരു തിരിച്ചു പോക്കും കൂടിയാണിത്.

ഈ ഇരുണ്ട യുഗത്തില്‍നിന്ന് മനുഷ്യരാശിയെ ഉയര്‍ത്തുന്നതിനാവശ്യമായ മൗലികമായ ദര്‍ശനം കാത്തുസൂക്ഷിക്കുന്നവരെ ഈ കൃതി വിളിച്ചുണര്‍ത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഇത് ആത്മകഥാപരമാണെന്നിരിക്കിലും എന്‍റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളെക്കാള്‍, എന്‍റെ മാനസിക നിലയില്‍ വന്ന മാറ്റങ്ങള്‍ക്കാണ് ഇവിടെ ഊന്നല്‍. എന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും ഉള്ള എന്‍റെ വീക്ഷണങ്ങളെ മാറ്റിമറിക്കത്തക്ക വിധം എന്നില്‍ വന്ന ആന്തരികമായ പരിവര്‍ത്തനത്തിലാണ് ഈ പുസ്തകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്‍റെ കാര്യത്തില്‍, ഞാന്‍ പൗരസ്ത്യ സംസ്കാരത്തിലേക്ക് ഒരു പാലം പണിയുകയായിരുന്നില്ല, മറിച്ച് എന്‍റെ സ്വത്വത്തെ പൂര്‍ണമായും പിന്നിലുപേക്ഷിച്ചിട്ടു പോരുകയാണ് ചെയ്തത്. എന്‍റെ ചിന്തകളിലും ചോദനകളിലും വരെ ഞാനൊരു പൗരസ്ത്യനായി തീര്‍ന്നു. അത്രമാത്രം പരിപൂര്‍ണമായി ഞാന്‍ പൗരസ്ത്യ സംസ്കൃതിയുടെ ആത്മാവിനെ ഉള്‍ക്കൊണ്ടു.

കേവലം മനുഷ്യകേന്ദ്രീകൃതമായ പാശ്ചാത്യ ബുദ്ധിപരതയില്‍ നിന്നും കുറെക്കൂടി ആഴമേറിയ വൈദിക ദര്‍ശനത്തിന്‍റെ പ്രാപഞ്ചിക ബോധത്തിലേക്ക് ഞാന്‍ സഞ്ചരിച്ചു. ഇനിയാരെങ്കിലും ഇതേ പാതയില്‍ പിന്തുടര്‍ന്നു വരുന്നുവെങ്കില്‍ അവര്‍ക്ക് പ്രയോജനപ്പെടാനായി ഈ മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളെ ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു. ഞാന്‍ കടന്നുവന്ന പാലങ്ങളെപ്പറ്റിയും, മറുവശത്തായിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ ജീവിതത്തെയും ഒക്കെ ഞാന്‍ ഇവിടെ അയവിറക്കുന്നു. ദീപ്തവും, വികസ്വരവും, ആനന്ദകരവുമായി കാണപ്പെടുന്ന ഭാരതീയ യോഗ സംസ്കാരത്തിലേക്ക് പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും ഞാന്‍ കടന്നു വന്നു.

ആര്‍ഷ ഭാരതത്തിന്‍റെ ഏറ്റവും പ്രാചീന ദര്‍ശനങ്ങളായ വേദങ്ങളിലാണ് ഞാനീ പാരമ്പര്യത്തിന്‍റെ സ്രോതസ്സുകളെ തേടിയത്. വൈകാതെ ഭാരതം എന്‍റെ ആത്മീയ അഭയകേന്ദ്രമായി തീര്‍ന്നു. അക്ഷയമായ ആത്മദര്‍ശനങ്ങളുടെ തുറക്കപ്പെടാത്ത നിധിശേഖരങ്ങള്‍ ഞാനിവിടെ കണ്ടെത്തി. എന്‍റെ ലോകവീക്ഷണത്തെ മാറ്റിമറിച്ചുകൊണ്ട് എനിക്ക് പുതിയൊരു ജീവിതവും അവബോധവും നേടിതന്ന രസകരമായ ഒട്ടനവധി അനുഭവങ്ങളിലൂടെയുള്ള സാഹസിക യാത്രയായിരുന്നു അത്.

എന്നാല്‍ പലപ്പോഴും ഞാന്‍ മടങ്ങിപ്പോകുന്നതിനെ കുറിച്ച് ചിന്തിച്ചു. ചില കാലയളവിലേക്ക് അപ്രകാരം ചെയ്യുകയും ചെയ്തു. ഈ യാത്ര കുറെയധികം കഷ്ടതകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. പലപ്പോഴും ഞാന്‍ കാലിടറി വീണു. എങ്കിലും അപ്പോഴെല്ലാം ഞാന്‍ എഴുന്നേറ്റ് നടത്തം തുടരുക തന്നെ ചെയ്തു. എനിക്ക് എന്‍റെ വിദ്യാഭ്യാസത്തിന്‍റെയും സംസ്കാര സ്വാധീനത്തിന്‍റെയും അപ്പുറം പോകേണ്ടതുണ്ടായിരുന്നു. പലപ്പോഴും ആഴത്തിലുറച്ചുപോയ ആശയങ്ങളും അഭിപ്രായങ്ങളും സ്വഭാവരീതികളും പൊട്ടിച്ചെറിയേണ്ടി വന്നു. എന്‍റെ ചുറ്റുമുള്ള ഈ ലോകവുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ട് എന്‍റെ ഉള്ളിലുള്ള മറ്റൊരു ലോകവുമായി ബന്ധം സ്ഥാപിക്കേണ്ടി വന്നു. ചിലപ്പോഴെങ്കിലും ഒരു പുതിയ ലോകത്തെത്തിയ ഒരപരിചിതനെ പോലെ എനിക്കു സ്വയം തോന്നി. എന്നാല്‍ പഴയ എന്‍റെ ലോകത്തേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചപ്പോഴൊക്കെ അതിന് ആഴവും അര്‍ഥവും നഷ്ടപ്പെട്ടിരിക്കുന്നതായും ഞാന്‍ കണ്ടു.

വേദ പാരമ്പര്യം എന്‍റെ രക്തത്തിലും ശ്വാസത്തിലും വരെ പടര്‍ന്നു എന്നതായിരുന്നു ഇതിന്‍റെ അനിവാര്യ ഫലം. ഞാനിപ്പോള്‍ അവയെ നോക്കിക്കാണുന്നത് എന്‍റെ കുടുംബ പാരമ്പര്യം എന്ന നിലക്കാണ്. ഒരു തണുപ്പന്‍ അക്കാദമിക വീക്ഷണത്തിലോ, പുതിയ ഭ്രമങ്ങളെ തേടി അലയുന്ന പാശ്ചാത്യന്‍റെ ഔത്സുക്യത്തിലോ അല്ല ഹിന്ദുമതത്തെ ഞാനിപ്പോള്‍ കാണുന്നത്. ഉയര്‍ന്ന ബോധാനുഭവത്തിലേക്ക് കടന്നു ചെല്ലാന്‍ വിധിക്കപ്പെട്ട, ദിവ്യതയുടെ സന്താനങ്ങളായ മനുഷ്യരാശിയുടെ പൊതുസ്വത്ത് എന്ന നിലക്കാണ് അതിന്‍റെ സ്ഥാനം. ഞാനീ ദൌത്യത്തില്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. എന്‍റെ ഈ എളിയ സംഭാവനകള്‍ മറ്റുള്ളവരെയും ഈ മഹാകൃത്യത്തില്‍ – മാനവരാശിയെ ഉയര്‍ന്ന ബോധ തലത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ – പ്രചോദിപ്പിക്കും എന്ന് ഞാനാശിക്കുന്നു.

വേദങ്ങളും ഋഷിമാരും നമ്മുടെ വ്യക്തി ജീവിതത്തിലേയും സാമൂഹ്യ ജീവിതത്തിലേയും പ്രതിസന്ധികളെ അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുക തന്നെ ചെയ്യും. അവര്‍ക്കുള്ള നമ്മുടെ സാദര നമസ്കാരങ്ങള്‍ ഒരിക്കല്‍ കൂടി അര്‍പ്പിക്കാം !

ഡോ ഡേവിഡ് ഫ്രാലി
ന്യൂ മെക്സിക്കോ, യു‌എസ്‌എ, ഡിസംബര്‍ 16, 1999

ഞാന്‍ എങ്ങനെ ഹിന്ദുവായി മലയാളം PDF ഡൗണ്‍ലോഡ് ചെയ്യൂ.