യോഗയുമായി ബന്ധപ്പെട്ട് മുന്‍പ് പരാമര്‍ശിക്കപ്പെട്ട ചിന്തകള്‍ യോഗശാസ്ത്രത്തെക്കുറിച്ചുള്ള അപൂര്‍ണ്ണമായ അല്ലെങ്കില്‍ തെറ്റായ സങ്കല്‍പങ്ങളാണ്. യോഗശാസ്ത്രം എന്തല്ല എന്ന് മനസ്സിലാക്കുവാന്‍ അത് സഹായിക്കുന്നു. യോഗം എന്തല്ല എന്ന് അറിയുന്നതോടെ യോഗം എന്താണെന്നുള്ള പഠനത്തിന്റെ ആരംഭവും ആകുന്നു.
സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ ഒരു നിമിഷംപോലും വെറുതെ ഇരിക്കുവാന്‍ സാധ്യമല്ല. അവന്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കും. അഭംഗുരവും നിരന്തരവുമായ കര്‍മ്മത്തില്‍ മനുഷ്യന്‍ എന്തിന് മുഴുകിയിരിക്കുന്നു. യുഗങ്ങളിലൂടെ കടന്നുവന്ന മനുഷ്യന്‍ ഇപ്പോഴും എപ്പോഴും ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. സുഖം, സന്തോഷം, ആനന്ദം, സച്ചിദാനന്ദം, മോക്ഷം, നിര്‍വാണം, കൈവല്ല്യം തുടങ്ങിയ സമാന അര്‍ത്ഥമുള്ള വ്യത്യസ്തവാക്കുകള്‍ സ്ഥിരോത്തരങ്ങളായി നിലവിലുണ്ട്. വിശാലാര്‍ത്ഥത്തില്‍ ‘സുഖം’ എന്ന അക്ഷരത്തില്‍ ഉത്തരം ഒതുങ്ങിനില്‍ക്കുന്നതായി കാണാം. ഈ സുഖത്തിന്റെ അളവും ദൈര്‍ഘ്യവും ഒരുവന്‍ ചെയ്യുന്ന കര്‍മത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്.
നൈമിഷിക സുഖങ്ങള്‍ക്കപ്പുറം അഖണ്ഡവും അനന്തവുമായ സുഖം അന്വേഷിച്ചിറങ്ങിയ നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ലക്ഷ്യപ്രാപ്തിക്കായി നാല് പ്രധാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയുണ്ടായി. ചതുര്‍യോഗങ്ങള്‍ എന്നറിയപ്പെടുന്ന ഇവ രാജയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, കര്‍മ്മയോഗം എന്നിവയാകുന്നു. ഇതില്‍ രാജയോഗമാണ് യോഗം അല്ലെങ്കില്‍ യോഗശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നിരിക്കുന്നത്.
“യോഗ്” എന്ന വാക്ക് “യുജ്” എന്ന സംസ്കൃത ധാതുവില്‍നിന്ന് ഉത്ഭവിച്ചതാണ്. അതിന്റെ അര്‍ത്ഥം “കൂടിച്ചേരുക” എന്നതാകുന്നു. ആര് ആരുമായി അല്ലെങ്കില്‍ എന്ന് എന്തുമായി ചേരുന്നതിനേയാണ് “യോഗം” എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ശിവനും ശക്തിയും തമ്മിലുള്ള ശിവശക്തിസംയോഗം, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള യോഗം, നരനും നാരിയും തമ്മിലുള്ള നരനാരിസംയോഗം, പ്രകൃതിയും പുരുഷനും തമ്മിലുള്ള യോഗം തുടങ്ങിയവയാണ് യോഗികള്‍ പറയുന്ന മറുപടി. വിശാലാര്‍ത്ഥത്തില്‍ എല്ലാം ഒന്നു തന്നെയാണെന്നതാണ് സത്യം.
ചിതറിക്കിടന്നിരുന്ന യോഗസങ്കല്‍പങ്ങളെ ചിട്ടയോടും ശാസ്ത്രീയമായും ഏകോപിപ്പിച്ച് അടുക്കും ചിട്ടയുമുള്ള ഒരു ശാസ്ത്രശാഖയാക്കി മാറ്റുന്നതിന് പതഞ്ജലി മഹര്‍ഷി വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. പതഞ്ജലീയോഗസൂത്രമാണ് രാജയോഗത്തിന്റെ നിലവിലുള്ള മുഖ്യ പ്രമാണവും മൂലഗ്രന്ഥവും. [പതഞ്ജലീയോഗസൂത്രം ഡൗണ്‍ലോഡ് ചെയ്യൂ]
അദ്ദേഹം രാജയോഗത്തെ എട്ട് അംഗങ്ങളായി (അഷ്ടാംഗം) വിഭജിച്ചിരിക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ടാംഗയോഗത്തിലെ എട്ട് അംഗങ്ങള്‍. ഓരോ അംഗവും വളരെ ശ്രദ്ധയോടും ആദരവോടും അഭ്യസിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ അംഗവും ഒറ്റനോട്ടത്തില്‍ നിന്ന് വിഭിന്നമാണെന്ന് തോന്നുമെങ്കിലും അവ പരസ്പ്പരം പൂരകങ്ങളും സൂക്ഷ്മബന്ധങ്ങള്‍ പുലര്‍ത്തുന്നവയുമാണ്. ആയതിനാല്‍ പരിചയസമ്പന്നനായ ഒരു ഗുരുവിന്റെ കീഴില്‍ ഒരു അംഗവും ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യാതെ നിത്യേന നിയമേന അഭ്യസിക്കുന്നവന് പൂര്‍ണ്ണഫലം ലഭിക്കുമെന്നത് യുഗങ്ങളായി പരീക്ഷിച്ച് തെളിയിക്കപ്പെട്ട സത്യമാണ്. പതഞ്ജലീയോഗ ശാസ്ത്രത്തെക്കുറിച്ച് വിപുലവും വിശദവും ആയ ചിന്ത അസാദ്ധ്യമാണെങ്കിലും അഷ്ടാംഗ യോഗത്തിലെ ഓരോ അംഗത്തേയും ലഘുവായി പരിചയപ്പെടുന്നത് ഉചിതമായിരിക്കും.
[ഈ ലേഖനം ജന്മഭൂമി പത്രത്തില്‍ നിന്നും എടുത്തതാണ്. ലേഖകന്‍: ശ്രീ ജി.ദേവന്‍, പ്രിന്‍സിപ്പാള്‍, സരസ്വതി വിദ്യാനികേതന്‍, എളമക്കര]