13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.
14 ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.
ക്രിസ്തുമതവിശ്വാസികളുടെ സത്യവേദപുസ്തകം/മത്തായി/അദ്ധ്യായം 7-ലെ മേല്‍പ്പറഞ്ഞവാക്യങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് ഈയുള്ളവന്‍ അല്പം ചിന്തിച്ചു. ഏതൊക്കെയാണാവോ ആ ഇടുങ്ങിയ വാതിലും വിശാലമായ വാതിലും?
ഈ വാക്യങ്ങള്‍ക്കു ക്രിസ്തുമതവിശ്വാസികള്‍ക്ക് ഒരു അര്‍ത്ഥമുണ്ടായിരിക്കും. ആ വാക്യങ്ങളെ ഉപനിഷത്തുമായി ബന്ധിപ്പിച്ച് ഈയുള്ളവന്‍ ഗ്രഹിച്ച പൊരുള്‍ താഴെ കൊടുക്കുന്നു. അറിവുള്ളവര്‍ ദയവായി കൂടുതല്‍ പറഞ്ഞുതരിക.
വിശാലമായ വാതില്‍:
അത് വീതിയുള്ളതാണ്. ധാരാളം ആള്‍ക്കാര്‍ തെരഞ്ഞെടുക്കുന്നതും ഇതേ വാതിലാണ്, കാരണം അത് സുഖമായ വഴിയാണ്. വഴിയരികില്‍ സന്തോഷിക്കാനും സുഖിക്കാനും ധാരാളം അവസരങ്ങള്‍ ഉണ്ട്. പക്ഷെ ആ വഴിയുടെ അവസാനം സ്വയം നാശമാനെന്നുമാത്രം. എല്ലാവരും പോകുന്ന വഴിതന്നെ ശരിയായ വഴി എന്ന ചിന്തയാല്‍ കൂടുതല്‍പേരും ആ വഴി സ്വീകരിക്കുന്നു. മറിച്ചു ചിന്തിയ്ക്കാന്‍ ആരും മിനക്കെടാറില്ല. സ്വന്തമായി ചിന്തിച്ചു ഒരു വാതില്‍ തെരഞ്ഞെടുത്തു അത് വഴി പോകാന്‍ കൂടുതല്‍പ്പേര്‍ക്കും മടിയാണ്. ആള്‍ക്കൂട്ടത്തെ പിന്തുടരുകയല്ലേ എളുപ്പം, അത് നാശത്തിലെക്കായാലും. സുഖം സൗകര്യങ്ങളുടെ പുറകെമാത്രം ഓടുന്ന മനുഷ്യരുടെ പാത ആയിരുക്കും ഇവിടെ പറയുന്നത്. ആത്യന്തികമായി വിജയമാണോ എന്നൊന്നും നോക്കില്ല, ഇപ്പോള്‍ സുഖിക്കണം എന്നുമാത്രം ചിന്ത.
ഇടുങ്ങിയ വഴി:
അത് ജീവങ്കലേക്കു പോകുന്നതാണ്. ഞെരുങ്ങിയ വഴിയാണ്. ഈ വഴി കണ്ടെത്തുന്നവര്‍ ചുരുക്കമാണ്. ജീവങ്കലേക്കു പോകുക എന്നാല്‍ എന്തായിരിക്കും? നമ്മുടെ ജീവന്‍ എവിടെയാണ് ഇരിക്കുന്നത് എന്നറിയുകയാണോ? അതായത് ഈ ഞാന്‍ എന്താണ്, ഞാന്‍ ആരാണ് എന്നറിയാനുള്ള മാര്‍ഗ്ഗമാണോ ആ ഇടുങ്ങിയ വഴി? ഈ സംസാരജീവിതത്തില്‍ നിന്നു മാനസികമായി മുക്തി നേടാനുള്ള മാര്‍ഗ്ഗമാണോ ജീവങ്കലെയ്ക്കുള്ള ഈ പാത? അല്ലെങ്കില്‍ പിന്നെ ഏതാണാ വഴി?
ശ്രേയസ്സിനെയും പ്രേയസ്സിനെയും കുറിച്ചു പ്രദിപാദിക്കുന്ന കഠോപനിഷത്തിലെ ചില ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.
മോക്ഷസാധനമായ ശ്രേയസ്സ് വേറെയാണ്; ലൗകികസുഖഹേതുവായ പ്രേയസ്സ് വേറെയാണ്. രണ്ടിനും വ്യത്യസ്ത പ്രയോജനമാണ്. വിദ്യാരൂപമാണ് ശ്രേയസ്; പ്രേയസ്സ് അവിദ്യാരൂപവും. പ്രേയസ്സ് കൈക്കൊള്ളുന്നവന്‍ പരമമായ പുരുഷാര്‍ത്ഥത്തില്‍ നിന്നുമകലുന്നു.
ബുദ്ധിമാന്‍ ആലോചിച്ച് ശ്രേയസ്സും പ്രേയസ്സും തിരിച്ചറിയുന്നു. അവന്‍ പ്രേയസ്സിനേക്കാള്‍ ശ്രേഷ്ഠമെന്നറിഞ്ഞു ശ്രേയസ്സിനെ കൈക്കൊള്ളുന്നു. ലൗകികകാര്യങ്ങളിലെ താല്‍പര്യത്താല്‍ മൂഡബുദ്ധികള്‍ പ്രേയസ്സില്‍ കുടുങ്ങുന്നു.
ഹേ നചികേതസ്സ്, ഏറെ പ്രലോഭിപ്പിച്ചിട്ടും നീ കാമ്യവസ്തുക്കളെല്ലാം അവയുടെ അനിത്യവും അസാരത്വവും മനസ്സിലാക്കി ഉപേക്ഷിച്ചു. മിക്ക ജനങ്ങളും ആസക്തരായിത്തീരുന്ന ഇന്ദ്രിയസുഖാദികളെ നീ കൈക്കൊണ്ടില്ല.
അവിദ്യയായ പ്രയോമാര്‍ഗ്ഗവും വിദ്യയായ ശ്രേയോമാര്‍ഗ്ഗവും വിരുദ്ധസ്വഭാവവും വിരുദ്ധഫലം ചെയ്യുന്നതുമാണ്. നചികേതസ്സ് വിദ്യപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവനാണെന്ന് ഞാന്‍ അറിയുന്നു. കാമ്യവസ്തുക്കളൊന്നും അവനെ പ്രലോഭിപ്പിച്ചിട്ടില്ല.
അതായത്, ശ്രേയസ്സിലേക്കുള്ളതാണ് ആ ഇടുങ്ങിയ വാതില്‍; പ്രേയസിലേക്കുള്ളതാണ് ആ വിശാലമായ വാതില്‍. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുവോ?