യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 152 [ഭാഗം 4. സ്ഥിതി പ്രകരണം]

നാസ്തി ബന്ധോ ന മോക്ഷോസ്തി തന്മയസ്ത്വിവ ലക്ഷ്യതേ
ഗ്രസ്തം നിത്യമനിത്യേന മായാമയമഹോ ജഗത് (4/11/63)

കാലം തുടര്‍ന്നു: ഞാന്‍ ദുര്‍ബ്ബലന്‍, അസന്തുഷ്ടന്‍, മൂഢന്‍ തുടങ്ങിയ വിവിധങ്ങളായ ധാരണകളാല്‍ മനസ്സ് പ്രത്യക്ഷലോകത്തില്‍ നിമഗ്നമാവുന്നു. എന്നാല്‍ ജ്ഞാനമുദിക്കുമ്പോള്‍ ഇവയെല്ലാം മനസ്സിന്റെ വ്യാജസൃഷ്ടികളായിരുന്നുവെന്ന ബോധമുദിക്കുന്നു. ഞാന്‍, ഞാന്‍ മാത്രമെന്നറിയുമ്പോള്‍ ബോധത്തില്‍ പരമശാന്തി വിളയാടുന്നു. മനസ്സ് അസംഖ്യം വിവിധജന്തുക്കള്‍ നിവസിക്കുന്ന ഒരു വലിയ പാരാവാരം തന്നെ. ഈ സമുദ്രോപരി അനേകം ഓളങ്ങളും അലകളും, പല തരത്തിലും വലുപ്പത്തിലും ഉണ്ടായി മറയുന്നു. ചെറിയ അല സ്വയം ചെറുതെന്നു ചിന്തിക്കുന്നു. വലുതോ സ്വയം അതിന്റെ വലുപ്പം ചിന്തിക്കുന്നു. കാറ്റില്‍ തകര്‍ന്നടിഞ്ഞ അല, താന്‍ നശിച്ചുവെന്നും കരുതുന്നു. ചിലവ തണുപ്പെന്നും മറ്റുചിലവ ചൂടെന്നും സ്വയം വിലയിരുത്തുന്നു. എന്നാല്‍ എല്ലാ അലകളും സമുദ്രജലം മാത്രം. സമുദ്രത്തിലെ അലകള്‍ സത്യമല്ല എന്നുപറയാം. കാരണം സമുദ്രമില്ലാതെ അലകള്‍ക്ക് അസ്തിത്വം ഇല്ലല്ലോ. അലകള്‍ ഉള്ളതാണെന്നും പറയാം. ബ്രഹ്മം മാത്രമേ നിലകൊള്ളുന്നതായുള്ളു എന്നുപറയുന്നത് ഇപ്രകാരമാണ്‌. സര്‍വ്വശക്തമായതിനാല്‍ അതിന്റെ സ്വാഭാവീകമായ ആവിഷ്കാരമാണ്‌ അനന്തമായ വൈവിദ്ധ്യങ്ങളായി പ്രപഞ്ചത്തില്‍ പ്രകടമാകുന്നത്. ഒരുവന്റെ ഭാവനയിലല്ലാതെ മറ്റെങ്ങും വൈവിദ്ധ്യം എന്ന ധാരണയ്ക്ക്‌ നിലനില്‍പ്പില്ല.

‘ഇതെല്ലാം പരബ്രഹ്മം’ എന്നതാണു സത്യം. മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കൂ. അലകള്‍ സമുദ്രത്തില്‍നിന്നും വിഭിന്നമല്ല. പ്രപഞ്ചവസ്തുക്കള്‍ ബ്രഹ്മത്തില്‍ നിന്നും വിഭിന്നമല്ല. വിത്തില്‍ മുഴുവന്‍ വന്മരവും സാദ്ധ്യതയായി നില കൊള്ളുന്നതുപോലെ വിശ്വം മുഴുവന്‍ എക്കാലവും ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. വര്‍ണ്ണവൈവിദ്ധ്യതയോടെ കാണുന്ന മഴവില്ല് സൂര്യന്റെ ‘സൃഷ്ടി’യാണ്‌. വെറും ജഢമായചിലന്തിവല ജീവനുള്ള എട്ടുകാലിയില്‍നിന്നും പുറത്തുവരുമ്പോലെ അനന്താവബോധത്തില്‍നിന്നും ജഢപ്രപഞ്ചം പ്രകടമാവുന്നു. പട്ടുനൂല്‍പ്പുഴു സ്വയം ചുറ്റിവരിഞ്ഞൊരു പുഴുക്കൂടുണ്ടാക്കുന്നു. അതില്‍ ബന്ധിതമാവുന്നു. അനന്താവബോധം വിശ്വത്തെ സങ്കല്‍പ്പിച്ചുണ്ടാക്കുന്നു. എന്നിട്ടതില്‍ ആമഗ്നമാവുന്നു. ആന, അതിനെ തളച്ചിരിക്കുന്ന വിളക്കുകാലില്‍ നിന്നും ആയാസരഹിതമായി ചങ്ങലപൊട്ടിച്ചു വരുമ്പോലെ ആത്മാവ് സ്വയം ബന്ധവിമോചിതമാവുന്നു. അത്മാവു മാത്രമേ നിജമായുള്ളു. ഈശ്വരന്‌ ബന്ധനമോ ബന്ധമോചനമോ ഇല്ല. ഈ ബന്ധനം, മോക്ഷം എന്ന ധാരണകള്‍ എവിടെനിന്നുവന്നുവെന്ന് എനിക്കറിയില്ല.

“ബന്ധനമോ മോക്ഷമോ ഇല്ല. ഉള്ളത് അനന്തമായ പരമപുരുഷന്‍ മാത്രം. എങ്കിലും ശാശ്വതമായ സത്യത്തെ ക്ഷണികമായ കാഴ്ച്ചകള്‍ എന്ന മായ, മറയിട്ടുമൂടുന്നു. ഇത് എത്ര വിചിത്രമായ അത്ഭുതം!” മനസ്സ് അനന്താവബോധത്തില്‍ അങ്കുരിച്ചപ്പോള്‍ മുതല്‍ വൈവിദ്ധ്യം – നാനാത്വം- എന്ന ധാരണയും ഉടലെടുത്തു. ഈ ധാരണകള്‍ അനന്താവബോധത്തില്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍ത്തന്നെ ഈ പ്രപഞ്ചത്തില്‍ പലദേവതകളും അസംഖ്യം ജീവജാലങ്ങളും ഉള്ളതായി കാണുന്നു. ചിലവയ്ക്ക് ദീര്‍ഘായുസ്സുണ്ട്, ചിലവയ്ക്ക് ക്ഷണികജീവിതമാണുള്ളത്. ചിലത് ഭീമാകരം, മറ്റു ചിലതിന്‌ സൂക്ഷ്മരൂപം. ചിലര്‍ക്ക് സന്തോഷം ചിലര്‍ക്ക് ദു:ഖം. ഈ ജീവജാലങ്ങളെല്ലാം അനന്താവബോധത്തിലെ ധാരണകള്‍ മാത്രം. ചിലര്‍ സ്വയം അജ്ഞാനിയെന്നും, ബന്ധനസ്ഥനെന്നും കരുതുന്നു. മറ്റുള്ളവര്‍ ജ്ഞാനികളും ബന്ധവിമുക്തരുമാണെന്നും.