യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 168 [ഭാഗം 4. സ്ഥിതി പ്രകരണം]
നൈകട്യാതിശയാദ്യദ്വദര്‍പണം ബിംബവദ്ഭവേത്
അഭ്യാസാതിശയാത്തദ്വത്തേ സാഹംകാരതാം ഗതാ: (4/29/6)
വസിഷ്ഠന്‍ തുടര്‍ന്നു: അപ്രകാരം അരുളിച്ചെയ്ത് ബ്രഹ്മദേവന്‍ അപ്രത്യക്ഷനായി. ദേവന്മാര്‍ അവരുടെ ഗൃഹങ്ങളില്‍പ്പോയി വിശ്രമിച്ച് അസുരന്മാരെ നേരിടാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. പുതുതായി ദേവാസുരന്മാര്‍ തമ്മിലുണ്ടായ യുദ്ധം മുന്‍പത്തേതിലും അതിഘോരമായിരുന്നു. എല്ലായിടത്തും കൊടിയ നാശമുണ്ടായി. യുദ്ധത്തില്‍ തുടര്‍ച്ചയായി ആമഗ്നമാവുകമൂലം ഈ മൂന്നു രാക്ഷസവീരന്മാരില്‍ ‘ഞാന്‍’ എന്നൊരു ഭാവം ഉണ്ടായി. “ഒരു കണ്ണാടി പ്രതിഫലിപ്പിക്കുന്നത് അതിനോട് ചേര്‍ത്തുവച്ച വസ്തുക്കളെയാണല്ലോ. അതുപോലെ ഒരുവന്റെ പെരുമാറ്റരീതി ബോധമണ്ഡലത്തില്‍ അഹംഭാവമായി പ്രതിഫലിക്കുന്നു.” എന്നാല്‍ ഈ പെരുമാറ്റരീതിയെ ദൂരെ മാറ്റി ബോധത്തില്‍ നിന്നും അകലത്തില്‍ നിര്‍ത്തിയാല്‍ അവയുമായി താദാത്മ്യം പ്രാപിക്കുകയോ അഹംഭാവം ഉദിക്കുകയോ ചെയ്യുന്നില്ല. ഒരിക്കല്‍ ഈ അഹംഭാവം ഉദിച്ചുപോയാല്‍ പിന്നെ ദേഹത്തിന്റെ ആയുസ്സ് നീട്ടുക, ധനം സമ്പാദിക്കുക, ആരോഗ്യം പരിപോഷിപ്പിക്കുക, സുഖം തേടുക എന്നി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായി. രാക്ഷസരെ ഈ ആഗ്രഹങ്ങള്‍ ക്ഷീണിതരാക്കി.
അവരുടെ മനസ്സിലുണ്ടായ ചിന്താക്കുഴപ്പം ‘ഇതെന്റേതാണ്’, ‘ഇതെന്റെ ശരീരമാണ്’, തുടങ്ങിയ തോന്നലുകളുണ്ടാക്കി. ഈ ധാരണകള്‍ അവരുടെ സ്വധര്‍മ്മങ്ങള്‍ ചെയ്യുന്നതിലെ കാര്യക്ഷമതയെ സാരമായി ബാധിച്ചു. അവര്‍ക്ക് തിന്നാനും കുടിക്കാനും വലിയ ആസക്തിയുണ്ടായി. വസ്തുക്കള്‍ സുഖാനുഭവം നല്‍കുമെന്ന തോന്നല്‍ അവരിലുണ്ടായപ്പോള്‍ അവരുടെ സ്വാതന്ത്ര്യം പൊയ്പ്പോയി. സ്വതന്ത്രതാബോധം പോയതോടെ അവരില്‍ ഭയം അങ്കുരിച്ചു. ‘ഞങ്ങള്‍ ഈ യുദ്ധത്തില്‍ മരിച്ചുപോവും’, എന്നൊരു ഭീതിചിന്ത അവരിലുണ്ടായി. ദേവന്മാര്‍ ഈ സമയം മുതലെടുത്ത് അസുരന്മാരെ ആക്രമിക്കാന്‍ ഒരുമ്പെട്ടു. മരണഭീതിയില്‍ ഈ മൂന്നസുരന്മാര്‍ പാലായനം ചെയ്തു. തങ്ങളുടെ രക്ഷകരെന്നു കരുതിയിരുന്ന രാക്ഷസനേതാക്കള്‍ യുദ്ധത്തില്‍ നിന്നു തിരിഞ്ഞോടുന്നതുകണ്ട് അസുരസൈന്യത്തിന്റെ ആത്മവീര്യം നഷ്ടപ്പെട്ടു. അവര്‍ ആയിരക്കണക്കിന് മരിച്ചു വീണു. ദേവസൈന്യത്തിന്റെ ആക്രമണവൃത്താന്തം കേട്ട് ശംഭരന്‍ കുപിതനായി. ദാമന്‍, വ്യാളന്‍, കടന്‍ എന്നിവര്‍ എവിടെപ്പോയി എന്നയാള്‍ ആക്രോശിച്ചു. ശംഭരന്റെ കോപത്തെ ഭയന്ന് മൂവരും പാതാളത്തിന്റെ അങ്ങേയറ്റത്ത് പോയൊളിച്ചു. യമദേവന്റെ സേവകര്‍ അവര്‍ക്കവിടെ അഭയം നല്‍ കി. മൂന്നു കന്യകമാരെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പാതാളത്തില്‍ അവര്‍ ഏറെക്കാലം കഴിഞ്ഞുകൂടി. ഒരുദിവസം തന്റെ സേവകസന്നാഹങ്ങളൊന്നുമില്ലാതെ യമദേവന്‍ സ്വയം അവരെ സന്ദര്‍ശിച്ചു. അവരദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല; ബഹുമാനിച്ചുമില്ല. ക്രുദ്ധനായ യമന്‍ അവരെ ഏറ്റവും കൊടിയ നരകങ്ങളിലേയ്ക്ക് കൊണ്ടുപോയി. അവിടെ ദുരിതമനുഭവിച്ച്, പിന്നീട് അനേകം ഹീനയോനികളില്‍ ജനിച്ചു മരിച്ച് അവസാനം കാഷ്മീരിലെ ഒരു തടാകത്തില്‍ മല്‍സ്യങ്ങളായി അവരിപ്പോഴും ജീവിക്കുന്നു.