യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 172 [ഭാഗം 4. സ്ഥിതി പ്രകരണം]
സര്‍വാതിശയ സാഫല്യാത് സര്‍വം സര്‍വത്ര സര്‍വദാ
സംഭവത്യേവ തസ്മാത്വം ശുഭോദ്യോഗം ന സംത്യജ (4/33/1)
വസിഷ്ഠന് തുടര്‍ന്നു: അല്ലയോ രാമാ, ഉല്‍സാഹത്തോടെ, ശുഷ്കാന്തിയോടെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഫലപ്രദമാവുകതന്നെ ചെയ്യും. അതിനാല്‍ ശരിയായ പ്രവര്‍ത്തനങ്ങളെ ഉപേക്ഷിക്കാതിരിക്കുക. തീര്‍ച്ചയായും അത്യുല്‍സാഹത്തോടെ ഒരു പ്രവര്‍ത്തനത്തിലേര്‍പ്പെടും മുന്‍പ് അതിന്റെ വരും വരായ്കളെക്കുറിച്ച് നന്നായി ചിന്തിക്കണം. പ്രയത്നത്തിനനുസരിച്ച് പ്രയോജനമുണ്ടാവുമോ എന്നാലോചിക്കുകയും വേണം. ഇങ്ങിനെ പരിചിന്തനംചെയ്ത് നോക്കുമ്പോള്‍ മനസ്സിലാവും അത്യുല്‍സാഹത്തോടെയുള്ള പ്രവര്‍ത്തനത്തിനു യോഗ്യമായുള്ളത് ആത്മാന്വേഷണം മാത്രമാണെന്ന്. അത് സുഖദു:ഖങ്ങളെ വേരോടെ നശിപ്പിക്കുന്ന ഒന്നാണല്ലോ. നിന്നിലെ സുഖാന്വേഷണത്വര ഉണ്ടാക്കിയ എല്ലാ വസ്തുബോധവും മനസ്സില്‍ നിന്നു ദൂരെക്കളഞ്ഞാലും. സന്താപത്തിന്റെ കറപുരളാത്ത സന്തോഷം എന്തെങ്കിലുമുണ്ടോ? പരബ്രഹ്മത്തിന്റെ തലത്തില്‍ ആത്മനിയന്ത്രണം ഉള്ളതും ഇല്ലാത്തതും തമ്മില്‍ അന്തരമേതുമില്ല. അത് ഫലത്തില്‍ ഒന്നുതന്നെ. എന്നാല്‍ ആത്മനിയന്ത്രണസാധന നിന്നില്‍ ആനന്ദവും പവിത്രതയും നിറയ്ക്കും. അതിനാല്‍ അഹംഭാവത്തെ വെടിഞ്ഞ് ആത്മനിയന്ത്രണത്തോടെ ജീവിച്ചാലും.
സത്യാന്വേഷണം സാധനയാക്കുക. സദ്ജനങ്ങളുടെ സംസര്‍ഗ്ഗം തേടുക. ശസ്ത്രാധിഷ്ഠിതമായ പാതയില്‍ ജീവിച്ച് കാമക്രോധലോഭങ്ങളെ അതിജീവിച്ചവരാണ് വിവേകശാലികളായ സദ്ജനങ്ങള്‍. സദ്ജനങ്ങളുടെ സാമീപ്യമാത്രയില്‍ ആത്മജ്ഞാനം ഉണരുന്നു. അതേസമയം അവരുടെ സാന്നിദ്ധ്യംകൊണ്ട് വസ്തുതാബോധം -വസ്തുക്കള്‍ സത്യമാണെന്ന ധാരണ- കുറഞ്ഞു കുറഞ്ഞു വന്ന് ഒടുവില്‍ ഇല്ലാതെയാവുകയും ചെയ്യുന്നു. അങ്ങിനെ വിഷയപ്രപഞ്ചമില്ലാതെയാകുമ്പോള്‍ പരമസത്യം മാത്രം ശേഷിക്കുന്നു. കടിച്ചു തൂങ്ങിനില്ക്കാന് വിഷയങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ലാത്തതുകൊണ്ട് വ്യക്തിഗതജീവന് ആ സത്യത്തില്‍ അഭിരമിക്കുന്നു. ഈ ലോകമെന്ന ‘വസ്തു’ ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സ്ഥിതിചെയ്തിട്ടില്ല. ഇനിയും ഉണ്ടാകാന്‍ പോകുന്നുമില്ല. പരംപൊരുള്‍ മാത്രമേ എക്കാലവും ഉണ്മയായി ഉള്ളു. അതു മാത്രമാണ് സത്യം. ഇങ്ങിനെ ആയിരം തരത്തില്‍ ഞാനീ വസ്തുപ്രപഞ്ചത്തിന്റെ അയാഥാര്‍ത്ഥ്യത്തെപ്പറ്റി നിനക്കു വിവരിച്ചു തന്നു.
അത് ശുദ്ധമായ അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല. അത് അവിച്ഛിന്നമാണ്. ‘ഇതാണുണ്മ’ എന്നോ ‘ഇതുണ്മയല്ല’ എന്നോ അതിനെ നിര്‍വചിക്കാന്‍ ആവില്ല. അനന്താവബോധമെന്ന ഈ അത്യത്ഭുതപ്രകടനം തന്നെയാണ് ലോകമായി നാം കാണുന്നതും. അതു മറ്റൊന്നാവുക വയ്യ. സൂര്യപ്രകാശവും സൂര്യരശ്മിയും എന്ന മട്ടിലുള്ള തരംതിരിവ് എത്ര അപഹാസ്യമാണോ അതുപോലെയാണ് വിഷയവും വിഷയിയും വേറിട്ടിരിക്കുന്നത്. വസ്തുവും അതിന്റെ നിഴലും തമ്മിലുമുള്ള ബന്ധവും അങ്ങിനെയാണല്ലോ. മാറ്റങ്ങള്‍ക്കോ വിഭജനങ്ങള്‍ക്കോ വിധേയമല്ലാത്ത ഒരേയൊരു ബോധം മാത്രമേയുള്ളു. ഈ അവബോധം തന്റെ കണ്ണു തുറക്കുമ്പോള്‍ വിശ്വസൃഷ്ടിയും അടയ്ക്കുമ്പോള്‍ വിശ്വവിലയനവും നടക്കുന്നു എന്നു വേണമെങ്കില്‍ പറയാം.