യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 180 [ഭാഗം 4. സ്ഥിതി പ്രകരണം]
അജ്ഞസ്യാര്‍ധപ്രബുദ്ധസ്യ സര്‍വം ബ്രഹ്മേതി യോ വദേത്
മഹാനരകജാലേഷു സ തേന വിനിയോജിത: (4/39/24)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, പരബ്രഹ്മം സര്‍വ്വശക്തമായതിനാല്‍ അതിലെ അനന്തമായ സാദ്ധ്യതകളാണ് ഈ കാണപ്പെടുന്ന പ്രപഞ്ചമായി പ്രത്യക്ഷമാകുന്നത്. എല്ലാ വൈവിദ്ധ്യങ്ങളും – സത്തായതും അസത്തായതും, ഏകത്വവും നാനാത്വവും, തുടക്കവും ഒടുക്കവും എല്ലാം ബ്രഹ്മത്തിലാണു സ്ഥിതിചെയ്യുന്നത്. സമുദ്രോപരി കാണപ്പെടുന്ന തിരകളെന്നപോലെ വ്യക്തിഗതമായി പരിമിതപ്പെട്ട അവബോധവുമായി ജീവന്‍ പ്രത്യക്ഷമാവുന്നതും ഈ ബ്രഹ്മത്തിലത്രേ. ഈ ജീവനാകട്ടേ ഉത്തരോത്തരം കൂടുതല്‍ ആഴത്തിലുള്ള ഉപാധികളുടെ സ്വാധീനത്താല്‍ തദനുസാരിയായ കര്‍മ്മങ്ങളിലേര്‍പ്പെട്ട് അവയുടെ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.
രാമന്‍ ചോദിച്ചു: ഭഗവന്‍, ബ്രഹ്മം ദു:ഖരഹിതമാണെന്നു പറഞ്ഞു. എന്നാല്‍ ഒരു ദീപത്തില്‍ നിന്നു കൊളുത്തിയ മറ്റൊരു ദീപം പോലെ, ബ്രഹ്മത്തില്‍ നിന്നുദ്ഭൂതമായ ലോകം എന്തുകൊണ്ടാണ് ദു:ഖപൂരിതമായിരിക്കുന്നത്? അതെങ്ങിനെ പറ്റി?
വാല്‍മീകി പറഞ്ഞു: രാമന്റെ ഈ ചോദ്യംകേട്ട് വസിഷ്ഠന്‍ കുറച്ചുനേരം ചിന്താമഗ്നനായിരുന്നു: രാമന്റെ മനസ്സിലെ മാലിന്യം മുഴുവനും ഇല്ലാതായിട്ടില്ല. അതിനാലാണീ സംശയം. എന്നാല്‍ ഇതിന്റെ ഉത്തരം കണ്ടെത്തുംവരെ ആ മനസ്സില്‍ സമാധാനം ഉണ്ടാവുകയില്ലല്ലോ. മനസ്സ് സുഖസന്തോഷചിന്തകളില്‍ ആന്ദോളനംചെയ്യുന്നിടത്തോളം സത്യമെന്തെന്നറിയാന്‍ അതിനു കഴിയുകയില്ല. നിര്‍മ്മലമായ മനസ്സില്‍ ഈ അറിവ് ക്ഷണനേരത്തില്‍ ഉണര്‍വ്വാവും. അതുകൊണ്ടാണ് “ആരൊരുവന്‍ അജ്ഞാനികളെ ‘ഇതെല്ലാം ബ്രഹ്മമാണ്’ എന്നു പഠിപ്പിക്കുന്നുവോ അവന്‍ നരകത്തില്‍പ്പോവും എന്നിങ്ങിനെ ഒരു ചൊല്ലുള്ളത്.” ഉത്തമനായ ഗുരു ആദ്യം തന്നെ തന്റെ ശിഷ്യനെ ആത്മസംയമനവിദ്യയില്‍ നിരതനാക്കി പ്രശാന്തമനസ്സിനുടമയാക്കുന്നു. എന്നിട്ട് ശിഷ്യന്റെ ജാഗ്രതയെ പരീക്ഷിച്ചറിഞ്ഞതിനുശേഷം മാത്രമേ സത്യജ്ഞാനം പകര്‍ന്നു നല്‍കൂ.
വസിഷ്ഠന്‍ പറഞ്ഞു: പരബ്രഹ്മം ദു:ഖമുക്തമോ അല്ലയോ എന്ന് നിനക്ക് സ്വയം കണ്ടെത്തുവാനാകും. അല്ലെങ്കില്‍ കാലക്രമത്തില്‍ നിന്നെ ഞാനതിനു സഹായിക്കാം. ഇപ്പോള്‍ ഇത്രയും മനസ്സിലാക്കുക: പരബ്രഹ്മം സര്‍വ്വശക്തവും സര്‍വ്വവ്യാപിയും എല്ലാവരുടെയുള്ളിലും കുടികൊള്ളുന്ന ചൈതന്യവുമാണ്. വിശദീകരണങ്ങള്‍ക്കതീതമായ മായാശക്തിയിലൂടെയാണ് പരബ്രഹ്മം സൃഷ്ടികളെ സാക്ഷാത്കരിച്ചത്. ഈ മായയുടെ പ്രഭാവത്തിലാണ് അസത്ത് സത്തായും, തിരിച്ചും പ്രത്യക്ഷമാകുന്നത്. നിശ്ശൂന്യമായ ആകാശത്തിനു നീലനിറം നല്‍കുന്നതും ഈ മായാശക്തിയത്രേ.
നോക്കൂ രാമാ, വിപുലമായ വൈവിദ്ധ്യത ഈ ലോകത്തിലെ ജീവജാലങ്ങളില്‍ത്തന്നെ നിനക്കു ദര്‍ശിക്കാമല്ലോ. അതാണ് ഭഗവാന്റെ അനന്തമായ ശക്തിവിശേഷം. പ്രശാന്തതയെ കൈവരിക്കൂ. ആന്തരികമായി ശാന്തതയുള്ളവര്‍ക്ക് സത്യം വെളിപ്പെടുന്നു. മനസ്സ് അശാന്തമാണെങ്കിലോ ലോകം വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതും, ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതും ആണ്. എന്നാല്‍ ഈ ലോകമെന്നത് ഭഗവാന്റെ അനന്തസാദ്ധ്യതകളുടെ പ്രത്യക്ഷപ്രകടനമായ വിക്ഷേപം മാത്രമാണ്. പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ വസ്തുക്കളുടെ കാഴ്ച്ച സ്വാഭാവികമാണെന്നതുപോലെ സര്‍വ്വശക്തനായ ഭഗവദ്സാന്നിദ്ധ്യത്തില്‍ ലോകമെന്ന കാഴ്ചയും സഹജമായി ആ ഭഗവാനില്‍ നിന്നും ഉദ്ഭൂതമായതാണ്. ലോകം പ്രത്യക്ഷമായതിനൊപ്പം തന്നെ അജ്ഞാനവും ഉണ്ടായി. അതാണ് ശോകത്തിനു കാരണം. അജ്ഞാനത്തെ ഉപേക്ഷിക്കൂ, അങ്ങിനെ സ്വതന്ത്രനാവൂ.