യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 185 [ഭാഗം 4. സ്ഥിതി പ്രകരണം]

സ്വഭാവ കല്പിതോ രാമ ജീവാനാം സര്‍വദൈവ ഹി
അമോക്ഷപദസംപ്രാപ്തി സംസാരോസ്ത്യാത്മനോന്തരേ (4/44/6)

വസിഷ്ഠന്‍ തുടര്‍ന്നു: ഏതായാലും ഈ സൃഷ്ടികളെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ മാത്രമേ സംഭവിക്കുന്നുള്ളു. കാരണം ഈ സൃഷ്ടികള്‍ സത്യമല്ല; സത്യമാണെന്നൊരു പ്രതീതിയുണ്ടായി എന്നുമാത്രം. അജ്ഞാനത്തെ മുഴുവനായി നീക്കിയ, മനോപാധികള്‍ നിലച്ചവനാണല്ലോ ഋഷി. അയാള്‍ക്ക് ഈ സ്വപ്ന സമാനമായ പ്രത്യക്ഷലോകത്തെപ്പറ്റി ‘അറിവ്’ ഉള്ളതായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ അയാള്‍ അതിനെ ലോകമായല്ല കാണുന്നത്.

“ജീവന്‌ മുക്തിയാകും വരെ എല്ലാ ജീവജാലങ്ങളിലും എല്ലാ കാലത്തും ഈ പ്രത്യക്ഷലോകം സഹജമായി ആവിഷ്ക്കരിക്കപ്പെടുകയാണ്‌.” എല്ലാ ജീവനിലും ഒരു സാദ്ധ്യതയായി ഈ സ്തൂലശരീരമുണ്ട്. അത് ഭൗതീകമായി ഉണ്ടെന്നല്ല, ഒരു സംഭാവ്യസാദ്ധ്യതയായി, ഇച്ഛയായി, ചിന്തയായി നിലകൊള്ളുന്നു എന്നര്‍ത്ഥം.

എങ്ങിനെയാണ്‌ സൃഷ്ടാവായ ബ്രഹ്മാവ് അനന്താവബോധത്തില്‍ ഉദ്ഭൂതമായതെന്ന് ഞാന്‍ ഒന്നു കൂടി വിശദമാക്കാം. അതുപോലെ എണ്ണമറ്റ ജീവജാലങ്ങള്‍ എങ്ങിനെയാണ്‌ ബോധമണ്ഡലത്തിലുദിച്ചുയര്‍ന്നതെന്നും പറയാം. കാലദേശബന്ധിതമല്ലാത്ത അനന്താവബോധം ഒരു ലീലയായി, ഈ ജീവജാലങ്ങളായി, സ്വയം അനുമാനിക്കുകയാണ്‌. അങ്ങിനെ വിശ്വപുരുഷന്‍ സ്വയം സംജാതനായി. ഈ വിശ്വപുരുഷനാകട്ടെ വിശ്വമനസ്സും ജീവനുമാണ്‌. ഈ പുരുഷന്‍ ശബ്ദത്തെ അനുഭവിക്കാനിച്ഛിക്കുമ്പോള്‍ ശബ്ദമുണ്ടായി. ആകാശമുണ്ടാവാന്‍ ഇച്ഛിക്കുമ്പോള്‍ ആകാശമുണ്ടായി. ശബ്ദപ്രസരണമാണ്‌ ആകാശത്തിന്റെ സഹജസ്വഭാവം. ആ പുരുഷന്‌ സ്പര്‍ശനം അനുഭവിക്കാന്‍ ഇച്ഛയുണ്ടായപ്പോള്‍ വായു ഉണ്ടായി. ദൃഷ്ടിഗോചരമല്ലാത്തത്ര സൂക്ഷ്മമാണത്. കാഴ്ച്ച ഇച്ഛിച്ച് വിശ്വപുരുഷന്‍ അഗ്നിയെ ഉണ്ടാക്കി. ഈ അഗ്നിയാണ്‌ എണ്ണമറ്റ പ്രകാശസ്രോതസ്സുകളായത്. സ്വാദനുഭവിക്കാനിച്ഛിക്കയാല്‍ വിശ്വപുരുഷന്‍ ജലമുണ്ടാക്കി. അത് അഗ്നിക്കു പ്രതിവിധിയുമായി. ഘ്രാണാനുഭവസിദ്ധിക്കായി ഇച്ഛിക്കവേ ഭൂമിയും തല്‍സ്വഭാവമായ ഗന്ധവും ഉണ്ടായി. ഇത്ര വൈവിദ്ധ്യമായ വിഭൂതികളുണ്ടെങ്കിലും ഈ വിശ്വപുരുഷന്‍ അതീവ സൂക്ഷ്മവും അവിച്ഛിന്നവുമാണ്‌.

ഈ സത്യത്തെ സ്വയം മറന്ന് വിശ്വപുരുഷന്‍ ആകാശത്ത് അനന്തമായ സ്ഫുലിംഗങ്ങളായി മാറി. അത് അനന്തമായ സ്ഫുലിംഗങ്ങളില്‍ ഓരോന്നുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ അഹംകാരമായി. ഈ അഹംകാരത്തില്‍ സഹജമായ ബുദ്ധിയും പ്രജ്ഞയുമുണ്ട്. ആയതുകൊണ്ട് പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ സ്വയം അതൊരു ദേഹത്തെ സങ്കല്‍പ്പിച്ചുണ്ടാക്കുന്നു. ഇതു നാം നേരത്തെ ചര്‍ച്ച ചെയ്തതാണല്ലോ. സ്തൂലമായ ഈ ശരീരം – ഭൌതീക വസ്തു- അങ്ങിനെ സംജാതമായി. ഈ വിശ്വപുരുഷനത്രേ ബ്രഹ്മാവ്. അദ്ദേഹം എണ്ണമറ്റ സൃഷ്ടികള്‍ക്ക് കാരണമാവുന്നു എന്നു തോന്നുന്നു. അവരുടെ സംരക്ഷകനും ബ്രഹ്മാവത്രേ.

അദ്ദേഹം ആദ്യം അവതരിച്ചത് അനന്താവബോധത്തിലാണ്‌. എന്നാല്‍ അത് സ്വയം പരിമിതഭാവമുള്‍ക്കൊണ്ട് അനന്തതയെ മറന്ന് ഭ്രൂണാവസ്ഥയിലെന്നപോലെ കഴിഞ്ഞ്, പ്രാണശക്തിയുടെ ഉത്തേജനത്താല്‍, പദാര്‍ത്ഥങ്ങളുടെ ഒരു നിര്‍മ്മിതിയായി ദേഹാഭിമാനമാര്‍ജ്ജിക്കുന്നു. എന്നാല്‍ അദ്ദേഹം സ്വയം തന്റെ ഉദ്ഭവത്തെപ്പറ്റി അന്വേഷണം തുടങ്ങുമ്പോള്‍ സ്വരൂപത്തെപ്പറ്റി ബോധമുണരുന്നു. അങ്ങിനെ സ്വയമുണ്ടാക്കിയ പരിമിതികളില്‍നിന്നും മുക്തനാവുന്നു.