ഇന്നലെയും ഇന്നുമായി ഏഷ്യാനെറ്റിലെ ദേവിമാഹാത്മ്യം എന്ന പരമ്പരയിലെ ചില ഭാഗങ്ങള്‍ കാണാന്‍ ഇടയായി. അതില്‍ പറയുന്ന ഐതീഹ്യം വിക്കിപീഡിയയില്‍ നിന്നും കടമെടുത്തു താഴെ എഴുതിയിരിക്കുന്നു.

മൂക‍ാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണ് കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ട് മൂക‍ാംബിക ക്ഷേത്രത്തിന് ഒരു ഐതിഹ്യം നിലവിലുണ്ട്‌. ഈ മലനിരകളില്‍ ആദിശങ്കരന്‍ തപസ്സു ചെയ്യുകയും ഈ തപസ്സില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെകൂടെ ദേവി വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു. ശങ്കരന്റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരന്‍ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥയും വച്ചു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോള്‍ തന്റെ പാദസ്വരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതില്‍ സംശയാലുവായ ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി സ്വയംഭൂവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണ് സ്വയംഭൂവിന് പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

അദ്വൈതസിദ്ധാന്തം ഭാരതത്തില്‍ പ്രചരിപ്പിച്ച മഹാത്മാവാണല്ലോ ശ്രീ ശങ്കരാചാര്യര്‍ അഥവാ ആദിശങ്കരന്‍. അദ്വൈതം എന്നാല്‍ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.

“ ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ ” – ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി വ്യത്യാസപ്പെട്ടിരിക്കുന്നില്ല. സ്വന്തം ആത്മാവിനെ അറിഞ്ഞാല്‍ എല്ലാമറിഞ്ഞു എന്നര്‍ത്ഥം.

ഇത്രയുമൊക്കെ വായിച്ചു ചിന്തിച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍.

അത്മാവും ബ്രഹ്മവും ഒന്നാണെന്ന്‌ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ഒരു അദ്വൈതവേദാന്തജ്ഞാനി എങ്ങനെയാണ് ദേവിയെ സ്ത്രീ രൂപത്തില്‍ കണ്ടെന്നും സംശയാലുവായി തിരിഞ്ഞു നോക്കിയെന്നും മറ്റുമുള്ള ഐതീഹ്യം ശരിയാകുന്നത്? ബ്രഹ്മത്തിന് രൂപമോ നാമമോ ഇല്ലല്ലോ. ബ്രഹ്മം അറിഞ്ഞ ഒരു മഹാത്മാവിന് ഈ ഭൌതികലോകത്തിലുള്ള നാമവും രൂപവുമുള്ള ബിംബങ്ങളില്‍ കാര്യമുണ്ടോ? എല്ലാ സംശയത്തിനും അപ്പുറത്തുള്ള അറിവ് അഥവാ ബ്രഹ്മം അറിഞ്ഞ ശ്രീശങ്കരന് ദേവിയെ സംശയമോ?

മാത്രവുമല്ല ശ്രീശങ്കരന് കേരളമായാലും കാശ്മീര്‍ ആയാലും ഒരേ പോലെയല്ലേ? ദേവിയെ കേരളത്തില്‍ തന്നെ കൊണ്ടുവരണമെന്ന് എന്തിന് വൃഥാ ചിന്ത? സര്‍വ്വവ്യാപിയായ ഈശ്വരനെയറിഞ്ഞ ശ്രീശങ്കരനോട് “ഞാന്‍ നിര്‍മാല്യസമയത്ത് ചോറ്റാനിക്കരയില്‍ സരസ്വതിയായി കുടികൊളളും അതിനുശേഷം മാത്രമേ കൊല്ലൂര്‍ മൂക‍ാംബികാക്ഷേത്രം തുറക്കാവൂ” എന്ന് ആരെങ്കിലും പറയുമോ?

ദേവിയെയോ ശങ്കരനെയോ ആരുടെയെങ്കിലും വിശ്വാസത്തെയോ ചോദ്യം ചെയ്യുകയല്ല ഈയുള്ളവന്റെ ഉദ്ദേശ്യം. ജനങ്ങളെ വിശ്വാസത്തിന്റെ വഴിയിലൂടെ നയിക്കാന്‍ ഇതുപോലെ പല ഐതീഹ്യങ്ങളും പണ്ടുകാലത്ത് ഉണ്ടായിക്കാണും. സര്‍വ്വവ്യാപിയായ ഈശ്വരനെ, അതായത് സ്വന്തം ആത്മാവിനെ അറിയാന്‍ ശ്രമിക്കാതെ ന‍ാം ഐതീഹ്യങ്ങളുടെ പിറകെ മാത്രം പോകണോ എന്ന് ഉറക്കെ ചിന്തിച്ചു എന്നുമാത്രം.

ഈയുള്ളവന്‍ പലപ്രാവശ്യം കൊല്ലൂര്‍ മൂക‍ാംബികയില്‍ പോയിട്ടുണ്ട്. അവിടത്തെ പ്രകൃതി അതിമനോഹരമാണ്. മാത്രവുമല്ല, മൂലസ്ഥാനം എന്ന് സങ്കല്‍പ്പിച്ചിട്ടുള്ള കുടജാദ്രിയിലും വനത്തിലൂടെ നടന്നു പോയിട്ടുണ്ട്. ആ യാത്രകളും, കുടജാദ്രിയിലെ രാത്രിയും ഒക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇനിയും ധാരാളം പ്രാവശ്യം അവിടം സന്ദര്‍ശിക്കണമെന്നും കൂടുതല്‍ ദിവസങ്ങള്‍ ആ പരിസരത്ത് താമസിക്കണമെന്നും ഈയുള്ളവന് ആഗ്രഹവുമുണ്ട്. താങ്കള്‍ പോയിട്ടുണ്ടോ?