<a href=”https://sreyas.in/jnaneshwari-gita”>ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്</a> അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 12

ജ്ഞേയം യത്തത്‌ പ്രവക്ഷ്യാമി
യജ്ജ്ഞാത്വാമൃതമശ്നുതേ
അനാദിമത് പരംബ്രഹ്മ
ന സത്തന്നാസദുച്യതേ


അറിയപ്പെടേണ്ടത് ഏതോ, ഏതിനെ അറിഞ്ഞാല്‍ ജനനമരണ രഹിതമായ അമൃതത്വം പ്രാപിക്കാമോ. അതു ഞാന്‍ പറഞ്ഞു തരാം. അനാദിയായ പരബ്രഹ്മമാണത്‌. അതിനെ സത്തെന്നോ അസത്തെന്നോ പറഞ്ഞുകൂടാ.

പരബ്രഹ്മമാണ് ജ്ഞേയവസ്തു. അതാണ് ജ്ഞാനത്തിന്‍റെ ലക്ഷ്യം. ജ്ഞാനം കൊണ്ടല്ലാതെ അതിനെ അറിയാന്‍ സാദ്ധ്യമല്ല. അതിനെ അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ അറിയേണ്ടതായിട്ട് ഒന്നുമില്ല. ഈ ജ്ഞാനം കൈവരിക്കുന്നതോടെ ഒരു സാധകന്‍ അതില്‍ ലീനനാവുകയും അതുമായി ഐക്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ ജ്ഞാനലബ്ധി (പരബ്രഹ്മപ്രാപ്തി) അവന്‍റെ ഭൌതികജീവിതതത്തെ നിശ്ചല്മാക്കുകയും അവന്‍ നിത്യാനന്ദത്തില്‍ മുഴുകയും ചെയ്യുന്നു. ഈ ജ്ഞാനത്തിന് ആദിയും അന്തവുമില്ല. കാലത്തിന്‍റെ ജനയിതാവാണ് പരമാത്മാവ്‌. ആകയാല്‍ അത് പരബ്രഹ്മമെന്നറിയപ്പെടുന്നു. എന്നാല്‍ നിവിലില്ലാത്തതാണ് (അസത്ത്) പരബ്രഹ്മമെന്ന് ആരെങ്കലും പറഞ്ഞാല്‍ അതു വിശ്വാകാരമായി പ്രതിഭാസിക്കുന്നുവെന്നറിയുക. എങ്കില്‍ വിശ്വമാണ് പരബ്രഹ്മമെന്നു പറയാമോ? അതും ശരിയല്ല. അതു പരമാത്മാവിന്‍റെ മായമാത്രമാണ്. അതിന് രൂപമോ വര്‍ണ്ണമോ വ്യക്തിത്വമോ ഇല്ല. അത് ഉപലക്ഷ്യമല്ല; ഉപലബ്ധവുമല്ല. അപ്പോള്‍ പിന്നെ ആര്‍ക്ക് എങ്ങേനെയാണ് പറയുവാന്‍ കഴിയുക, അത് നിലവിലുള്ളത് (സത്ത് ) ആണെന്ന്‍? ശരി എങ്കില്‍ അതു നിവിലാത്തതാണെന്ന് പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് മഹാതത്ത്വങ്ങളും മറ്റു പരിണാമങ്ങളും നിലവില്‍ വരുന്നത്? യഥാര്‍ത്ഥത്തില്‍ അതല്ലാതെ മറ്റെന്താണ് നിലവിലുള്ളത്? അതിനാല്‍ സത്തെന്നും അസത്തെന്നും അതിനെപ്പറ്റി പറഞ്ഞുകൂടാ. അതിനെ വിചിന്തനം ചെയ്ത് ആര്‍ക്കും കണ്ടെത്താന്‍ കഴിയുകയില്ല. ജ്ഞാനം സംപ്രാപ്തമാകുമ്പോള്‍ സംസാരം മൂകമാകുന്നു. ചിന്താശക്തി നിലയ്ക്കുന്നു. മണ്‍കുടങ്ങളിലും ഭരണികളിലും മണ്ണ് വിവിധരൂപങ്ങളില്‍ പ്രത്യക്ഷമാകുന്നത്പോലെ സര്‍വ്വവ്യാപിയായ പരബ്രഹ്മം എല്ലാറ്റിലും വര്‍ത്തിക്കുന്നു.