എന്താണ് (ആരാണ്) ഈശ്വരന്‍? ഏറ്റവും കൂടുതലും ചോദിക്കപ്പെടുന്ന ചോദ്യമാണ്. ഈയുള്ളവനും അതുതന്നെ സ്വയം ചോദിക്കുന്നു. ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ കണ്ടതും കേട്ടതും വായിച്ചതും, ഈയുള്ളവന്‍ വിശ്വസിക്കുന്നതുമായതിനെക്കുറിച്ച് ഇവിടെ ചുരുക്കി എഴുതുന്നു.
ഈശ്വരന്‍ നിര്‍ഗ്ഗുണവും നിരാകാരവുമായ ബ്രഹ്മം ആകുന്നു. ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയവുമായ ഒരേ ചൈതന്യമാണ്. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാനോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല. യോഗിമാര്‍ സമാധിയില്‍ (മരണം എന്ന അര്‍ത്ഥത്തിലല്ല) അത് അനുഭവിക്കാം എന്ന് പറയപ്പെടുന്നു. ബ്രഹ്മാനുഭൂതിയുണ്ടാകുമ്പോള്‍ യുക്തിവാദങ്ങളും വിവരണങ്ങളും എല്ലാം നിലയ്ക്കുന്നു.
ആത്മാവ് ഒന്നും ചെയ്യുന്നില്ല, അനുഭവിക്കുന്നില്ല. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമായി താദാത്മ്യപ്പെടുത്തുമ്പോഴാണ് “കര്‍ത്താവാണ് ഭോക്താവാണ്” എന്ന ബോധം നമുക്കുണ്ടാവുന്നത്.
ഈ ആത്മാവിനെ അറിയുവാന്‍ “നേതി നേതി” പ്രകാരമാണ് ഉപനിഷത്തുക്കള്‍ പറയുന്നത്. നിത്യവും സത്യവും ശുദ്ധവുമായ ബ്രഹ്മം ഒരിക്കലും നാശമില്ലാത്തതാണ്. ലൗകികവസ്തുക്കളെല്ലാം ‘ഇതല്ല ഇതല്ല’ എന്ന് പറഞ്ഞുപേക്ഷിച്ച് അവസാനം എന്തിലെത്തിനില്‍ക്കുന്നുവോ അതാണ് ബ്രഹ്മം. മനുഷ്യന് വിശേഷമായിട്ടുള്ളതെന്നു പറയപ്പെടുന്ന ബുദ്ധി ഉപയോഗിച്ചു നിത്യാനിത്യവസ്തുവിവേകം ചെയ്ത് അനിത്യമായ വസ്തുക്കളില്‍നിന്നും മനസ്സിനെ പിന്‍വലിച്ചു നിത്യമായ വസ്തുവില്‍ ഉറപ്പിച്ച് ജീവിക്കാം.
ഈശ്വരന് രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, ബുദ്ധിയില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവൃത്തിയില്ല.
ഈശ്വരന്‍ ഏകമാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തമാണ്, അപ്രാപ്യമാണ്.
എഴുത്തച്ഛന്റെ ഈശ്വരസങ്കല്‍പ്പവും ഈശ്വരന്റെ 108 നാമങ്ങളും വായിക്കൂ.
നിരാകാരമായ ബ്രഹ്മം എങ്ങനെ സാകാരമായ (രൂപമുള്ള) ഈശ്വരനായിത്തീരുന്നു? പ്രത്യേക ആകൃതിയില്ലാത്ത വെള്ളം ഏത് പാത്രത്തിലെടുത്തു ശീതീകരിച്ച് ആ പാത്രത്തിന്റെ രൂപത്തിലുള്ള മഞ്ഞുകട്ടയായി മാറുന്നുവോ, അതുപോലെ ഭക്തന്മാരുടെ ഭക്തിശൈത്യം കൊണ്ട് ബ്രഹ്മം സാകാരമായ ഈശ്വരനായിത്തീരുന്നു എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞുതരുന്നത്.
എന്തുകൊണ്ടാണ് രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്? ഈശ്വരന്റെ വിവിധഭാവങ്ങളിലുള്ള രൂപങ്ങളെ, ഈശ്വര അവതാരങ്ങളെ, ദൈവപുത്രന്മാരെ, ദൈവപുത്രന്റെ മാതാവിനെയൊക്കെ നാം ആരാധിക്കാറുണ്ട്. അതെന്താ അങ്ങനെ?
ഹിന്ദു പുരാണങ്ങളില്‍ ധാരാളം ദേവന്മാരെയും ദേവിമാരെയും മറ്റും വര്‍ണിച്ചിട്ടുണ്ടല്ലോ. അവരെയെല്ലാം സാധാരണയായി ഓരോ ദൈവമായും അങ്ങനെ ഹിന്ദുക്കള്‍ക്ക് “മുപ്പത്തി മുക്കോടി” ദൈവങ്ങള്‍ ഉണ്ടെന്നും, ഹിന്ദുക്കള്‍ കല്ലിനെയാണ് പൂജിക്കുന്നത് എന്നും ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെ കരുതുന്നു. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്?
നമുക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, വനിതാസുഹൃത്തുണ്ട്, പെണ്‍കുഞ്ഞുണ്ട് – ഇവരെല്ലാം സ്ത്രീ വര്‍ഗ്ഗം തന്നെ. എന്നാലും ഓരോരുത്തരോടും നമുക്ക് ഓരോ ഭാവമാണ്. അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
എന്തെങ്കിലും ഒരു പുതിയകാര്യം തുടങ്ങുന്നതിനുമുമ്പ് വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കുന്നു, അതോടെ തടസ്സങ്ങള്‍ മാറിയതായി ഒരു സാധാരണക്കാരന്റെ മനസ്സില്‍ ഉറപ്പുതോന്നുന്നു. കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മധ്യവയസ്കരും അമ്മമാരും ഉണ്ണികൃഷ്ണനെ ആരാധിക്കുന്നു, അങ്ങനെ അവരുടെ മനസ്സിന് സായൂജ്യം ലഭിക്കുന്നു. പഠിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ സരസ്വതിയെ വിദ്യാദേവതയായി സങ്കല്‍പ്പിക്കുന്നു. അങ്ങനെ നിര്‍ഗ്ഗുണ പരബ്രഹ്മമായ ഈശ്വരനെ ഓരോരോ ഭാവം കൊടുത്ത് ആരാധിക്കുന്നു. ഏത് രൂപത്തിലായാലും ഭാവത്തിലായാലും രൂപമില്ലാതെയാണെങ്കിലും അവരവരുടെ മനസ്സിലെ ഉറച്ച വിശ്വാസം ആത്മവിശ്വാസമായി പരിണമിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈശ്വരന്‍ ‘നേരിട്ട് ഇറങ്ങി വന്നു’ ആഹാരം തരുമെന്നോ, സാന്ത്വനിപ്പിക്കുമെന്നോ ഒക്കെ ചിന്തിക്കുന്നതിലും തര്‍ക്കിക്കുന്നതിലും ഒരു കാര്യവുമില്ല. അതുപോലെ തന്നെ, പുരാണങ്ങള്‍ തേടിപ്പിടിച്ചു അതില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇക്കാലത്തെ സദാചാരമൂല്യവുമായി താരതമ്യപ്പെടുത്തി കുറ്റപ്പെടുത്തി വിലപ്പെട്ട സമയം നശിപ്പിക്കുന്നതിലും അര്‍ത്ഥമില്ല. അതോടൊപ്പം, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് വിരചിതമായി എന്ന് പറയപ്പെടുന്ന മതഗ്രന്ഥങ്ങളിലെ ഓരോ വാക്യവും അതുപോലെ കണ്ണുമടച്ചു പിന്തുടരുന്നതിലും ഒരര്‍ത്ഥവുമില്ല. കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നോ എന്ന് കണ്ടുപിടിക്കാന്‍ നടക്കുന്നതിതിലും എന്തര്‍ത്ഥം?
എന്ത് സ്വീകരിക്കണം എന്ത് തള്ളിക്കളയണം എന്ന് സ്വന്തം യുക്തി ഉപയോഗിച്ചു ഓരോരുത്തരും തീരുമാനിക്കേണ്ടിയിരിക്കുന്നു.
ജീവിതപാരാവാരത്തില്‍പ്പെട്ടുഴലുന്ന, അതിനിടയില്‍ ഈശ്വരന്റെ സ്വരൂപം എന്തെന്നുപോലും ചിന്തിയ്ക്കാന്‍ സമയംകിട്ടാത്ത, സാധാരണക്കാരനായ ഒരുവന് മനസ്സിന്റെ സമനില നിലനിര്‍ത്താനും തന്റെ ദുരിതങ്ങള്‍ തന്നെക്കാള്‍ ശക്തമായ മറ്റൊരാളോട് പങ്കുവയ്ക്കാനും അങ്ങനെ സ്വന്തം മനസ്സിനെ സമാശ്വസിപ്പിക്കാനും ഒരാള്‍ വേണം, അതാണ് അവന്റെ ഈശ്വരന്‍.
ഭയങ്കരമായ കാറ്റും മഴയും വരുമ്പോള്‍ അവന്റെ കുടുംബത്തിനും, ഓലമേഞ്ഞ കുടിലിനും, വളരെ നാളത്തെ അധ്വാനത്തിന്റെ ഫലമായ കൃഷിക്കും, കന്നുകാലികള്‍ക്കും അപകടം പറ്റരുതേ എന്ന് ആഗ്രഹിക്കുമ്പോള്‍, തന്നേക്കാള്‍ ശക്തനായ എന്നാല്‍ തനിക്കറിയാത്ത മറ്റൊരു ശക്തി ഈ പ്രപഞ്ചത്തില്‍ ഉള്ളതുകൊണ്ടാണല്ലോ ഇതൊക്കെ സംഭവിക്കുന്നത് എന്ന ചിന്ത അവനുള്ളപ്പോള്‍, അവന്‍ ആ ശക്തിയെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക സ്വാഭാവികം. കാട്ടില്‍ താമസിക്കുന്ന മനുഷ്യന്‍ സൂര്യനെയും മലകളെയും കൂറ്റന്‍പാറകളെയും വന്‍മരങ്ങളെയും നദികളെയും മറ്റും ആരാധിക്കുന്നു, കാരണം അവനെ സംബന്ധിച്ചിടത്തോളം അവന്‍ ജീവിക്കുന്ന പ്രകൃതിയിലെ വമ്പന്മാര്‍ അവയൊക്കെത്തന്നെയാണ്. അങ്ങനെ മാടനും മറുതയും ചാത്തനും എല്ലാം ഉണ്ടായി. അവന് പ്രകൃതിയില്‍ നിന്നു ഉപദ്രവം തരുന്ന ശക്തിയെയും അവന്‍ ആരാധിച്ചു, ഇനി ഉപദ്രവിക്കരുതേ എന്ന് കെഞ്ചി പ്രാര്‍ത്ഥിച്ചു.
കാട്ടിലെ മനുഷ്യന്‍ നാട്ടില്‍ എത്തി, “സംസ്കാരസമ്പന്നര്‍” ആയപ്പോള്‍, പാറയെ ആരാധിക്കാന്‍ നാണം തോന്നി. വെറുതെ ഒരു ഗോളമായ സൂര്യനെ ആരാധിക്കാനോ, നാണക്കേട്! മനുഷ്യരില്‍ മറ്റാരെയും തന്നെക്കാള്‍ മഹാനായി കാണാന്‍ ഇഷ്ടമില്ലാത്ത മനുഷ്യന്‍, പുരാണങ്ങളും മറ്റും ചമച്ചു നിഗൂഢമായ രൂപങ്ങളുള്ള ദൈവഭാവങ്ങളെ സൃഷ്ടിച്ചു. ദൈവത്തിനു രൂപം കൊടുക്കുമ്പോള്‍ എന്തെങ്കിലും അസാധാരണത്തം വേണമല്ലോ, അല്ലെങ്കില്‍ മനുഷ്യനെയും ദൈവത്തെയും എങ്ങനെ തിരിച്ചറിയും? ഈശ്വരവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അന്നത്തെ പുരോഹിതന്മാര്‍ പാവം സാധാരണക്കാരനെ ദൈവത്തിന്റെ പേരില്‍ മുതലെടുക്കാന്‍വേണ്ടി ഓരോ കഥകള്‍ കെട്ടിചമയ്ക്കുകയും ചെയ്തു. അതൊക്കെ ഇപ്പോഴും നിര്‍ബ്ബാധം തുടരുകയും ചെയ്യുന്നു.
മനുഷ്യരാശിക്ക് വളരെ ദോഷമുണ്ടാക്കുന്ന അന്ധവിശ്വാസങ്ങളെ നമുക്ക് എതിര്‍ക്കാം, നോവിക്കാതെ പരിഹസിക്കാം. പക്ഷെ, സാധാരണ ജനങ്ങളുടെ മാനസികആശ്വാസത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്ന ദൈവ രൂപങ്ങളെ/അവതാരങ്ങളെ/പുത്രന്മാരെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നുതോന്നുന്നു. ഒരാള്‍ക്ക് ചിന്താശക്തി കൂടുതലുണ്ട് എന്നതുകൊണ്ടു മാത്രം ഒരു കൂട്ടം പാവങ്ങളെ അടച്ചാക്ഷേപിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? ഉന്നത ചിന്തയുണ്ട് എന്ന് കരുതുന്നവര്‍ സ്വയം ഈശ്വരനെ കണ്ടെത്താന്‍ ശ്രമിക്കുന്നതായിരിക്കും ഉത്തമം, ഈശ്വരനുണ്ടോ ഇല്ലയോ എന്ന് ആഴത്തില്‍ത്തന്നെ അന്വേഷിച്ചു കണ്ടുപിടിക്കാമല്ലോ. അതല്ലേ കണ്ണടച്ച് ഈശ്വരന്‍ ഇല്ല എന്ന് പറയുന്നതിനേക്കാള്‍ നല്ലത്?
ഭാരതത്തിലെ വേദാന്തത്തിലും ദക്ഷിണേന്ത്യയില്‍ പ്രബലമായ സിദ്ധമാര്‍ഗ്ഗത്തിലും മറ്റും ആഴത്തില്‍ നോക്കിയാല്‍ മനസ്സിലാക്കാം മനുഷ്യജീവിതം ഒരൊറ്റ ദൈവസങ്കല്‍പ്പത്തില്‍ അധിഷ്ടിതമാണ് എന്ന്. അതിന് ജാതിയോ മതമോ ഭാഷയോ രാജ്യമോ ഒന്നും ബാധകമല്ല.
ശ്രീ ശിവാനന്ദപരമഹംസരാദികളുടെ സിദ്ധമാര്‍ഗ്ഗമായാലും ശ്രീ നാഗരാജ് ബാബാജിയുടെ ക്രിയായോഗവിധിപ്രകാരമായാലും ശ്രീ രമണമഹര്‍ഷി പറഞ്ഞുതരുന്ന “ഞാന്‍ ആരാണ്” എന്ന് മനസ്സിലാക്കാനുള്ള വിചാരമാര്‍ഗ്ഗമായാലും മറ്റേതൊരു യോഗവിദ്യാപ്രകാരമായാലും സ്വന്തം മനസ്സിനെ നിയന്ത്രിച്ച്, മനസ്സിനെ അടക്കി “തന്നെ താന്‍ അറിയുന്നതത്രേ ഈശ്വരന്‍” എന്ന് പറയപ്പെടുന്നു. ഇങ്ങനെ യോഗവിദ്യ അഭ്യസിക്കുന്നവര്‍ വിഗ്രഹാരാധനയൊന്നും ചെയ്യേണ്ട ആവശ്യവുമില്ല, കാരണം അവന്‍ അവനെത്തന്നെ അറിയാന്‍ ശ്രമിക്കുന്നു.
കടല്‍ജലത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ നാം ഒരു തുള്ളി കടല്‍ജലം എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കുന്നു. അല്ലാതെ ഭൂമിയിലെ മുഴുവന്‍ കടല്‍ജലത്തെയും അറിയാന്‍ സാദ്ധ്യമല്ല. അതുപോലെ, “ഞാന്‍ ആരാണ്” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ പരിപൂര്‍ണ്ണമായ ഈശ്വരനെ അറിയാന്‍ സാധിക്കും. അവനവന്റെ ആത്മാവായ ഉണ്മയെ, നന്മയെ, സന്മയെ, ആനന്ദത്തെ അറിഞ്ഞാല്‍, അതായത് ആത്മസാക്ഷാത്കാരം (self realization) നേടിയാല്‍, എല്ലാം അറിയാം എന്ന് യോഗികള്‍ പറയുന്നു.
താങ്കളുടെ അഭിപ്രായം എന്താണ്?
ശുഭം