അര്‍ജുനവിഷാദയോഗഃ

ധൃതരാഷ്ട്ര ഉവാച
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ (1)

ധൃതരാഷ്ട്രര്‍ ചോദിച്ചു: സഞ്ജയ, ധ‍ര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റെ പുത്രന്‍മാരും പാണ്ഡവന്‍മാരും എന്ത് ചെയ്തു?

സഞ്ജയ ഉവാച
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് (2)

സഞ്ജയന്‍ പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന്‍ ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു.

പശ്യൈത‍ാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമൂം
വ്യൂഢ‍ാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ (3)

ഹേ ആചാര്യാ, അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രു‌പദപുത്രനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവന്‍മാരുടെ ഈ വലിയ സൈന്യത്തെ ദ‍ര്‍ശിച്ചാലും.

അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ (4)
ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ
യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍
സൌഭദ്രോ ദ്രൌപദേയാശ്ച സര്‍വ്വ ഏവ മഹാരഥാഃ (5)

പാണ്ഡവ സൈന്യത്തില്‍ ഭീമാര്‍ജുനതുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരശ്രേഷ്ടനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസും സുഭദ്രാതനയനായ അഭിമന്യുവും ദ്രൌപദീപുത്രന്മാരും ഉണ്ട്. അവര്‍ എല്ലാവരുംതന്നെ മഹാരഥന്മാരാണല്ലോ.

അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ (6)

ബ്രാഹ്മണശ്രേഷ്ട! ഇനി നമുക്കു വിശിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയെ ഒആര്‍മ്മിപ്പിക്കുവാനായി ഞാന്‍ പറയ‍ാം.

ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച (8)
അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ (9)

ഭവാനും, ഭീഷ്മരും, ക‍ര്‍ണ്ണനും, ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വിക‍ര്‍ണ്ണനും, ഭൂരിശ്രവസ്സും, ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ഥരുമാണ്.

അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷ‍ാം ബലം ഭീമാഭിരക്ഷിതം (10)

അതുകൊണ്ട് ഭീഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപരിമിതമെങ്കിലും അപര്യാപ്തവും ഭീമന്‍ രക്ഷിക്കുന്ന അവരുടെ സൈന്യം പരിമിതമെങ്കിലും പര്യാപ്തവും ആണ്.

അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ്വ ഏവ ഹി (11)

എല്ലാസ്ഥാനത്തും അവരവരുടെ പങ്കനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെതന്നെ കാത്തു രക്ഷിക്കണം.

തസ്യ സഞ്ജനയ‍ന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാന്‍ (12)

ദുര്യോധനന് സന്തോഷം ഉളവാക്കിക്കൊണ്ട് പ്രതാപിയും കുരുക്കളില്‍വച്ചു വൃദ്ധനുമായ പിതാമഹന്‍ ഭീഷ്മര്‍ ഉച്ചത്തില്‍ സിംഹഗര്‍ജ്ജനം ചെയ്ത് ശംഖു വിളിച്ചു.

തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഭവത് (13)

അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നുത്തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.

തതഃ ശ്വേതൈര്‍ ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൗ പ്രദധ്മതുഃ (14)

അതിനുശേഷം വെളുത്ത കുതിരയെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട്‌ ശ്രീകൃഷ്ണനും അര്‍ജുനനും ദിവ്യ ശംഖങ്ങള്‍ മുഴക്കി.

പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ
പൌണ്ഡ്രം ദധ്മൗ മഹാശങ്ഖം ഭീമകര്‍മാ വൃകോദരഃ (15)

കൃഷ്ണന്‍ പാഞ്ചജന്യവും അര്‍ജുനന്‍ ദേവദത്തമെന്ന ശംഖും മുഴക്കി. ഉഗ്രക‍ര്‍മ്മങ്ങള്‍ ചെയ്യുന്നവനായ ഭീമസേനന്‍ പൌണ്ഡ്രമെന്ന മഹാ ശംഖും മുഴക്കി.

അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ (16)

രാജാവും കുന്തീപുത്രനുമായ യുധിഷ്ഠിരന്‍ അനന്തവിജയവും നകുല‍ന്‍ സുഘോഷത്തേയും സഹദേവ‍ന്‍ മണിപുഷ്പകത്തേയും മുഴക്കി.

കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ (17)
ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് (18)

ഹേ രാജാവേ, വില്ലാളി വീരനായ കാശി രാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നനും, വിരാടനും, തോല്‍ക്കാത്ത സാത്യകിയും, പാഞ്ചാലനും, പാഞ്ചാലീപുത്രന്മാരും, കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രത്യേകം ശംഖും മുഴക്കി.

സ ഘോഷോ ധാര്‍തരാഷ്ട്രാണ‍ാം ഹൃദയാനി വ്യദാരയത്
നഭശ്ച പൃഥിവീം ചൈവ തുമുലോവ്യനുനാദയന്‍ (19)

ആ ശബ്ദകോലാഹലം ആകാശത്തെയും ഭൂമിയെയും പ്രതിധ്വനിപ്പിച്ചു കൊണ്ടു ധൃതരാഷ്ട്ര പുത്രന്മാരുടെ ഹൃദയം പിളര്‍ന്നു.

അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാ‍‌ന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ (20)

ഹേ മഹാരാജാവേ, പിന്നീട് ആയുധപ്രയോഗം തുടങ്ങിയപ്പോള്‍ ശരിയ്ക്കുറച്ചു നില്ക്കുന്ന ധൃതരാഷ്ട്രപുത്രന്മാരെ കണ്ട് വില്ലുയര്‍ത്തിപ്പിടിച്ച് അര്‍ജുനന്‍ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.

അര്‍ജുന ഉവാച
സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേച്യുത (21)
യാവദേതാന്നിരീക്ഷേഹം യോദ്ധുകാമാനവസ്ഥിതാന്‍
കൈര്‍മയാ സഹ യോദ്ധവ്യമസ്മി‍ന്‍ രണസമുദ്യമേ (22)
യോത്സ്യമാനാനവേക്ഷേഹം യ ഏതേത്ര സമാഗതാഃ
ധാര്‍തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്‍യുദ്ധേ പ്രിയചികീര്‍ഷവഃ (23)

അര്‍ജുനന്‍ പറഞ്ഞു: അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര്‍ നിര്‍ത്തുക. പോരാടാന്‍ കൊതിച്ചു നില്ക്കുന്ന ഇവരെ ഞാന്‍ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണോ ഈ യുദ്ധത്തില്‍ പോരാടേണ്ടത്, ദു‍ര്‍ബുദ്ധിയായ ദു‍ര്‍യോധനനു പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവര്‍ യുദ്ധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.

സഞ്ജയ ഉവാച
ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത
സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം (24)
ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷ‍ാം ച മഹീക്ഷിത‍ാം
ഉവാച പാര്‍ഥ പശ്യൈതാ‍ന്‍ സമവേതാ‌ന്‍ കുരൂനിതി (25)

സഞ്ജയന്‍ പറഞ്ഞു: ഭരത വംശജനായ രാജാവേ, അര്‍ജുനനാല്‍ ഇങ്ങനെ പറയപ്പെട്ടപ്പോ‌ ള്‍ ശ്രീകൃഷ്ണന്‍ ഉത്തമമായ രഥത്തെ രണ്ടു സൈന്യത്തിന്റെയും നടുവില്‍ നിര്‍ത്തി, ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങിയ എല്ലാ ഭൂപാലകരും നില്‍ക്കെ, “അര്‍ജുനാ, കൂട്ടംചേര്‍ന്നു നില്ക്കുന്ന ഈ കൗരവന്മാരെ കണ്ടുകൊള്‍ക” എന്നു പറഞ്ഞു.

തത്രാപശ്യത് സ്ഥിതാന്‍ പാര്‍ത്ഥഃ പിതൃനഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാന്‍ സഖീംസ്തഥാ
ശ്വശുരാന്‍ സുഹൃദശ്‍ചൈവ സേനയോരുഭയോരപി.(26)

അവിടെ രണ്ടു സൈന്യങ്ങളിലായി നില്ക്കുന്ന പിതാക്കന്മാരെയും പിന്നെ പിതാമഹന്മാരെയും ഗുരുക്കാന്മാരെയും അമ്മാവന്മാരേയും സഹോദരന്മാരെയും പുത്രന്മാരെയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അര്‍ജുനന്‍ കണ്ടു.

താന്‍ സമീക്ഷ്യ സ കൗന്തേയഃ സര്‍വാന്‍ ബന്ധൂനവസ്ഥിതാന്‍ (27)
കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത്‌

ആ കുന്തീപുത്രന്‍ ബന്ധുക്കളെ എല്ല‍ാം നന്നായി നോക്കിക്കണ്ട്‌, അത്യന്തം കൃപയോടെ വിഷാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

അര്‍ജുന ഉവാച
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം (28)
സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ (29)
ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ (30)
നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോനുപശ്യാമി ഹത്വാ സ്വജനമാഹവേ (31)

അര്‍ജുനന്‍ പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എന്റെ ശരീരമാസകലം തളരുന്നു; വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരം വിറയ്ക്കുകയും രോമാഞ്ചവും ഉണ്ടാകുന്നു. ഗാണ്ഡീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ മനസ്സു സംഭ്രമിക്കുന്നതു പോലെ തോന്നുന്നു. പല ദു‍ര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല.

ന ക‍ാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ (32)

കൃഷ്ണാ, വിജയവും രാജ്യവും സുഖങ്ങളും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗോവിന്ദാ, നമുക്കു രാജ്യം കൊണ്ടു എന്തു കാര്യം? ഭോഗങ്ങളെ കൊണ്ടോ ജീവിതം കൊണ്ടു തന്നെയോ എന്തു ഫലം?

യേഷാമര്‍ഥേ ക‍ാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേവസ്ഥിതാ യുദ്ധേ പ്രാണ‍ാംസ്ത്യക്ത്വാ ധനാനി ച (33)
ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ (34)

ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും ന‍ാം ആഗ്രഹിച്ചത്, ആ ആചാര്യന്മാരും, പിതാക്കളും, പുത്രന്മാരും, അതുപോലെ മുത്തച്ഛന്‍മാരും, അമ്മാവന്മാരും, ശ്വശുരന്മാരും, പൌത്രന്‍മാരും, അളിയന്മാരും, അതുപോലെ ബന്ധുക്കളും പ്രാണനും, ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.

ഏതാന്ന ഹന്തുമിച്ഛാമി ഘ്നതോപി മധുസൂദന
അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ (35)

മധുസൂദനാ, എന്നെ കൊന്നാല്‍ പോലും മൂന്നു ലോകത്തിന്റെയും ആധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാ
ന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?

നിഹത്യ ധാര്‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന
പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ (36)

ഹേ ജനാ‍ര്‍ദ്ദനാ!, ധൃതരാഷ്ട്രപുത്രന്‍മാരെ കൊന്നിട്ട് നമുക്കു എന്തു സന്തോഷമുണ്ടാകാനാണ്? ആതതായികളായ ഇവരെ കൊന്നാ ല്‍ പാപം മാത്രമാണ് നമുക്കു ഫലം.

തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍തരാഷ്ട്രാ‍ന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ (37)

അതുകൊണ്ട് നമ്മള്‍ സ്വന്തം ബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ കൊല്ലാന്‍ പാടില്ലാത്തതാണ്. മാധവാ! സ്വജനങ്ങളെ കൊന്നിട്ട് ന‍ാം എങ്ങന സുഖികളായിതീരും?

യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം (38)
കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍തിതും
കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന (39)

ജനാ‍‍ര്‍ദ്ദന!‍, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മ‍ള്‍‍‍, ഈ പാപത്തില്‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കേണ്ടതല്ലേ?

കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോഭിഭവത്യുത (40)

കുലം നശിക്കുമ്പോള്‍ സനാതനങ്ങളായ കുലധ‍ര്‍മ്മങ്ങള്‍ നശിക്കുന്നു, ധ‍ര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ മുഴുവ‍ന്‍ അധര്‍മ്മം ബാധിക്കുന്നു.

അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ (41)

വൃഷ്ണിവംശജനായ കൃഷ്ണാ, അധ‍ര്‍മ്മം ബാധിക്കുമ്പോള്‍ കുല സ്തീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വ‍ര്‍ണ്ണസങ്കരം സംഭവിക്കുന്നു.

സങ്കരോ നരകായൈവ കുലഘ്നാന‍ാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷ‍ാം ലുപ്തപിണ്ഡോദകക്രിയാഃ (42)

വ‍ര്‍ണ്ണസങ്കരം കുലനാശകന്മാര്‍ക്കും കുലത്തിനും നരകത്തിനായിത്തന്നെ തീരുന്നു. ഇവരുടെ പിതൃക്കള്‍ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു.

ദോഷൈരേതൈഃ കുലഘ്നാന‍ാം വര്‍ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ (43)

കുലഘാതകന്മാരുടെ വ‍ര്‍ണ്ണസങ്കരം ഉളവാക്കുന്ന ഈ ദോഷങ്ങളാല്‍ ശാശ്വതങ്ങളായ ജാതിധ‍ര്‍മ്മങ്ങളും കുലധ‍ര്‍മ്മങ്ങളും നശിച്ചു പോകുന്നു.

ഉത്സന്നകുലധര്‍മാണ‍ാം മനുഷ്യാണ‍ാം ജനാര്‍ദന
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ (44)

ജനാ‌ര്‍ദ്ദനാ!, കുലധ‍ര്‍മ്മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകത്തിലാണ് എന്നു ന‍ാം കേട്ടിട്ടുണ്ടല്ലോ.

അഹോ ബത മഹത്പാപം കര്‍തും വ്യവസിതാ വയം (45)
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ

അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാന്‍ ന‍ാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാന്‍ ന‍ാം ഒരുങ്ങിയല്ലോ.

യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ
ധാ‍ര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത് (46)

എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ, ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.

സഞ്ജയ ഉവാച
ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ (47)

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്‍ജുനന്‍ യുദ്ധക്കള ത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
അര്‍ജുനവിഷാദയോഗോ നാമ പ്രഥമോധ്യായഃ

എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. ( 1.3 MB, 185 പേജുകള്‍ )