മോക്ഷസംന്യാസയോഗഃ
അര്‍ജുന ഉവാച
സംന്യാസസ്യ മഹാബാഹോ തത്ത്വമിച്ഛാമി വേദിതും
ത്യാഗസ്യ ച ഹൃഷീകേശ പൃഥക് കേശിനിഷൂദന (1)
അര്‍ജുനന്‍ ചോദിച്ചു: ഹേ ഹൃഷീകേശ, ഞാന്‍ സന്യാസത്തിന്റെയും ത്യാഗത്തിന്റെയും തത്വം പ്രത്യേകമായി അറിയാനാഗ്രഹിക്കുന്നു.
ശ്രീഭഗവാനുവാച
കാമ്യാനാം കര്‍മണാം ന്യാസം സംന്യാസം കവയോ വിദുഃ
സര്‍വ്വകര്‍മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാഃ (2)
ഭഗവാന്‍ പറഞ്ഞു: ഫലമുദ്ദേശിച്ചുള്ള കര്‍മ്മങ്ങളെ വെടിയലാണ് സന്യാസമെന്നു ജ്ഞാനികള്‍ പറഞ്ഞിരിക്കുന്നത്. സകലകര്‍മ്മങ്ങളുടെ ഫലങ്ങളെ ത്യജിക്കുന്നതാണ് ത്യാഗം എന്നു പറയപ്പെടുന്നത്.
ത്യാജ്യം ദോഷവദിത്യേകേ കര്‍മ പ്രാഹുര്‍മനീഷിണഃ
യജ്ഞദാനതപഃകര്‍മ ന ത്യാജ്യമിതി ചാപരേ (3)
കര്‍മ്മങ്ങളെയെല്ലാം ദോഷമായികണ്ട് ത്യജിക്കണമെന്ന് ചില വിദ്വാന്മാര്‍ പറയുന്നു. യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുതെന്ന് വേറെ ചിലര്‍ പറയുന്നു.
നിശ്ചയം ശൃണു മേ തത്ര ത്യാഗേ ഭരതസത്തമ
ത്യാഗോ ഹി പുരുഷവ്യാഘ്ര ത്രിവിധഃ സമ്പ്രകീര്‍ത്തിതഃ (4)
ഹേ അര്‍ജുന, ത്യാഗത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം കേള്‍ക്കൂ. ത്യാഗം മൂന്നു വിധത്തിലുള്ളതാണെന്ന് പറയപ്പെടുന്നു.
യജ്ഞദാനതപഃകര്‍മ ന ത്യാജ്യം കാര്യമേവ തത്
യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം (5)
യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുത്. അവ നിശ്ചയമായും ചെയ്യപ്പെടേണ്ടതാണ്. യജ്ഞം, ദാനം, തപസ്സ് എന്നിവ ബുദ്ധിമാന്മാര്‍ക്ക് മനഃശുദ്ധിയുണ്ടാക്കുന്നവയാണ്.
ഏതാന്യപി തു കര്‍മണി സംഗം ത്യക്ത്വാ ഫലാനി ച
കര്‍ത്തവ്യാനീതി മേ പാര്‍ഥ നിശ്ചിതം മതമുത്തമം (6)
ഈ കര്‍മ്മങ്ങളെ (യജ്ഞം, ദാനം, തപസ്സ്) ആസക്തിയും ഫലവുമുപേക്ഷിച്ച് ചെയ്യേണ്ടതാണ് എന്നാണ് എന്റെ നിശ്ചിതമായ അഭിപ്രായം.
നിയതസ്യ തു സംന്യാസഃ കര്‍മണോ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗസ്താമസഃ പരികീര്‍ത്തിതഃ (7)
നിയതകര്‍മ്മങ്ങളെ (ശാസ്ത്രവിഹിതമായ കര്‍മ്മങ്ങളെ) ത്യജിക്കുവാന്‍ പാടുള്ളതല്ല. മോഹത്താല്‍ അവയെ ത്യജിക്കുന്നത് താമസികമായ ത്യാഗമാണെന്ന് പറയപ്പെടുന്നു.
ദുഃഖമിത്യേവ യത്കര്‍മ കായക്ലേശഭയാത്ത്യജേത്
സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത് (8)
ദുഃഖകരമാണെന്നു കരുതി ശരീരക്ലേശത്തെ ഒഴിവാക്കാനായി ത്യജിക്കുകയാണെങ്കില്‍ അത് രാജസികത്യാഗമാണ്. അതിലൂടെ ശരിയായ ത്യാഗത്തിന്റെ ഫലം ലഭിക്കുകയില്ല.
കാര്യമിത്യേവ യത്കര്‍മ നിയതം ക്രിയതേര്‍ജുന
സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ (9)
ചെയ്യേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ ശാസ്ത്രവിഹിതമായ കര്‍മ്മം ആസക്തിയെയും ഫലത്തെയും ത്യജിച്ച് ചെയ്യുകയാ ണെങ്കില്‍ അതിനെ സാത്വികത്യാഗമെന്നു പറയുന്നു.
ന ദ്വേഷ്ട്യകുശലം കര്‍മ കുശലേ നാനുഷജ്ജതേ
ത്യാഗീ സത്ത്വസമാവിഷ്ടോ മേധാവീ ഛിന്നസംശയഃ (10)
സത്വഗുണത്തെ പ്രാപിച്ചവനും, ബുദ്ധിമാനും, സംശയമില്ലാത്ത വനുമായ ത്യാഗി അസുഖകരമായ കര്‍മ്മത്തെ വെറുക്കുകയോ സുഖകരമായ കര്‍മ്മത്തോട് ആസക്തി കാണിക്കുകയോ ചെയ്യുന്നില്ല.
ന ഹി ദേഹഭൃതാ ശക്യം ത്യക്തും കര്‍മാണ്യശേഷതഃ
യസ്തു കര്‍മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ (11)
ദേഹിയ്ക്ക് കര്‍മ്മങ്ങളെ തികച്ചും പരിത്യജിക്കുവാന്‍ സാദ്ധ്യമല്ല. കര്‍മ്മഫലത്തെ ത്യജിക്കുന്നവന്‍ തന്നെയാണ് ശരിയായ ത്യാഗി എന്നു പറയപ്പെടുന്നു.
അനിഷ്ടമിഷ്ടം മിശ്രം ച ത്രിവിധം കര്‍മണഃ ഫലം
ഭവത്യത്യാഗിനാം പ്രേത്യ ന തു സംന്യാസിനാം ക്വചിത് (12)
കര്‍മ്മത്തിന്റെ ഫലം അനിഷ്ടം, ഇഷ്ടം, മിശ്രം എന്നിങ്ങനെ മൂന്നു വിധമാണ്. ത്യാഗികളല്ലാത്തവര്‍ക്കു മാത്രമേ ഈ ഫലങ്ങള്‍ അനുഭവപ്പെടുന്നുള്ളൂ. അല്ലാതെ സന്യാസികള്‍ക്ക് ഒരിക്കലുമില്ല.
പഞ്ചൈതാനി മഹാബാഹോ കാരണാനി നിബോധ മേ
സാംഖ്യേ കൃതാന്തേ പ്രോക്താനി സിദ്ധയേ സര്‍വ്വകര്‍മണാം (13)
ഹേ മഹാബാഹോ, എല്ലാ കര്‍മ്മങ്ങളുടെ സിദ്ധിയ്ക്കായി സാംഖ്യത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ചു ഘടകങ്ങള്‍ കേട്ടാലും.
അധിഷ്ഠാനം തഥാ കര്‍ത്താ കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം (14)
അധിഷ്ഠാനമായ ശരീരം, കര്‍ത്താവ്, വിവിധ കരണങ്ങള്‍ (ഇന്ദ്രിയങ്ങള്‍), വിവിധ ചേഷ്ടകള്‍, ദൈവം (വിധി അഥവാ പ്രാരബ്ധകര്‍മ്മം) എന്നിവയാണ് ഈ അഞ്ചു ഘടകങ്ങള്‍.
ശരീരവാങ്മനോഭിര്യത്കര്‍മ പ്രാരഭതേ നരഃ
ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ (15)
ശരീരം, മനസ്സ്, വാക്ക് എന്നിവയാല്‍ മനുഷ്യന്‍ ചെയ്യുന്ന ശരിയോ തെറ്റോ ആയ എല്ലാ കര്‍മ്മങ്ങളുടെയും കാരണങ്ങള്‍ ഇവയഞ്ചുമാകുന്നു.
തത്രൈവം സതി കര്‍ത്താരമാത്മാനം കേവലം തു യഃ
പശ്യത്യകൃതബുദ്ധിത്വാന്ന സ പശ്യതി ദുര്‍മതിഃ (16)
അങ്ങനെയിരിക്കെ, കേവലനായ ആത്മാവിനെ കര്‍ത്താവായി കാണുന്ന അവിവേകിയായ ദുര്‍മതി യാഥാര്‍ഥ്യം അറിയുന്നില്ല.
യസ്യ നാഹംകൃതോ ഭാവോ ബുദ്ധിര്യസ്യ ന ലിപ്യതേ
ഹത്വാപി സ ഇമാംല്ലോകാന്ന ഹന്തി ന നിബധ്യതേ (17)
കര്‍തൃത്വഭാവമില്ലാത്തവനും, ശുഭാശുഭങ്ങളായ യാതൊന്നിലും ആസക്തമല്ലാത്ത ബുദ്ധിയുള്ളവനുമായ ഒരുവന്‍ (യുദ്ധം ചെയ്യാനായി വന്നു ചേര്‍ന്ന) ഈ ജനങ്ങളെയെല്ലാം കൊന്നാലും കൊല്ലുന്നില്ല. അവനെ ആ കര്‍മ്മം ബന്ധിക്കുന്നുമില്ല.
ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കര്‍മചോദനാ
കരണം കര്‍മ കര്‍ത്തേതി ത്രിവിധഃ കര്‍മസംഗ്രഹഃ (18)
അറിവ്, അറിയപ്പെടുന്നത്, അറിയുന്നവന്‍ എന്നിങ്ങനെ കര്‍മ്മത്തെ പ്രേരിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ ഉണ്ട്. കര്‍മ്മത്തിന് കര്‍ത്താവ്, കര്‍മ്മം, കരണം (ഇന്ദ്രിയങ്ങള്‍) എന്നീ മൂന്നു ഘടകങ്ങള്‍ ഉണ്ട്.
ജ്ഞാനം കര്‍മ ച കര്‍ത്താച ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി (19)
ജ്ഞാനവും, കര്‍മ്മവും, കര്‍ത്താവും ഗുണഭേദമനുസരിച്ച് സാംഖ്യത്തില്‍ മൂന്നു തരത്തിലാണെന്നു പറയപ്പെടുന്നു. അവയെ കേട്ടാലും.
സര്‍വ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം (20)
വിഭക്തങ്ങളായ സകലഭൂതങ്ങളിലും അവിഭക്തമായി വര്‍ത്തിക്കുന്ന അവിനാശിയായ ബ്രഹ്മത്തെ കാണുന്നത് എന്തുകൊണ്ടോ, അതാണ് സാത്വികമായ ജ്ഞാനം.
പൃഥക്ത്വേന തു യജ്ജ്ഞാനം നാനാഭാവാന്‍ പൃഥഗ്വിധാന്‍
വേത്തി സര്‍വ്വേഷു ഭൂതേഷു തജ്ജ്ഞാനം വിദ്ധി രാജസം (21)
യാതൊരു ജ്ഞനമാണോ സര്‍വ്വജീവജാലങ്ങളിലും നാനാതരത്തിലുള്ള ഭാവങ്ങളെ ദര്‍ശിക്കുന്നത് അത് രാജസമാണ്.
യത്തു കൃത്സ്നവദേകസ്മിന്‍ കാര്യേ സക്തമഹൈതുകം
അതത്ത്വാര്‍ഥവദല്പം ച തത്താമസമുദാഹൃതം (22)
യാതൊരു ജ്ഞാനം ഒരു കാര്യത്തില്‍ (ശരീരത്തില്‍) തന്നെ പൂര്‍ണ്ണമാണെന്നുള്ള ധാരണയില്‍ ആസക്തിയോടെയും, കാരണ മില്ലാതെയും, സത്യത്തെ അറിയാതെയും, അല്പമായുമിരിക്കുന്നുവോ അത് താമസികജ്ഞാനമാണ്.
നിയതം സംഗരഹിതമരാഗദ്വേഷതഃ കൃതം
അഫലപ്രേപ്സുനാ കര്‍മ യത്തത്സാത്ത്വികമുച്യതേ (23)
ശാസ്ത്രവിഹിതവും, ആസക്തിയില്ലാത്തതും, രാഗദ്വേഷരഹിതവും ഫലാകാംക്ഷയില്ലാത്ത ഒരു വ്യക്തിയാല്‍ ചെയ്യപ്പെട്ടതുമായ കര്‍മ്മം സാത്വികമാണ്.
യത്തു കാമേപ്സുനാ കര്‍മ സാഹംകാരേണ വാ പുനഃ
ക്രിയതേ ബഹുലായാസം തദ്രാജസമുദാഹൃതം (24)
ഫലാകാംക്ഷയോടെയും അഹങ്കാരത്തോടെയും വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന കര്‍മ്മം രാജസമാണ്.
അനുബന്ധം ക്ഷയം ഹിംസാമനപേക്ഷ്യ ച പൌരുഷം
മോഹാദാരഭ്യതേ കര്‍മ യത്തത്താമസമുച്യതേ (25)
മോഹത്തോടെ ആരംഭിക്കപ്പെട്ടതും, കര്‍മ്മത്തിന്റെ ഫലമോ, അതുകൊണ്ടുള്ള നഷ്ടമോ, അപകടമോ, സ്വന്തം കഴിവോ കണക്കിലെടുക്കാതെ ചെയ്യപ്പെടുന്നതുമായ കര്‍മ്മം താമസികമാണ്.
മുക്തസംഗോനഹംവാദീ ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോര്‍നിര്‍വ്വികാരഃ കര്‍ത്താ സാത്ത്വിക ഉച്യതേ (26)
ആസക്തിയും അഹന്തയും ഇല്ലാത്തവനും, ധൈര്യം, ഉത്സാഹം എന്നിവയുള്ളവനും, ജയപരാജയങ്ങളില്‍ ഇളകാത്തവനുമായ കര്‍ത്താവ് സാത്വികനാണെന്നു പറയപ്പെടുന്നു.
രാഗീ കര്‍മഫലപ്രേപ്സുര്‍ ലുബ്ധോ ഹിംസാത്മകോശുചിഃ
ഹര്‍ഷശോകാന്വിതഃ കര്‍ത്താ രാജസഃ പരികീര്‍ത്തിതഃ (27)
ആസക്തിയുള്ളവനും, കര്‍മ്മഫലത്തെ ആഗ്രഹിക്കുന്നവനും, പിശുക്കനും, അശുചിയും, ഹിംസാത്മകനും, (ജയപരാജയങ്ങളില്‍) സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവനുമായ കര്‍ത്താവ് രാജസികനെന്നു പറയപ്പെടുന്നു.
അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്കൃതികോലസഃ
വിഷാദീ ദീര്‍ഘസൂത്രീ ച കര്‍ത്താ താമസ ഉച്യതേ (28)
സ്ഥിരതയില്ലാത്തവനും, പ്രാകൃതനും, അഹങ്കാരവും ദര്‍പ്പവുമുള്ളവനും, നീചനും അലസനും, ദുഃഖിതനും, ദീര്‍ഘസൂത്രിയുമായ (ചെയ്യാനുള്ള കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്ന സ്വഭാവമുള്ളയാള്‍) കര്‍ത്താവ് താമസികനാണ് എന്നു പറയപ്പെടുന്നു.
ബുദ്ധേര്‍ഭേദം ധൃതേശ്ചൈവ ഗുണതസ്ത്രിവിധം ശൃണു
പ്രോച്യമാനമശേഷേണ പൃഥക്ത്വേന ധനഞ്ജയ (29)
ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു വിധത്തിലുള്ള ബുദ്ധിയെയും, ധൈര്യത്തെയും കുറിച്ച് ഞാന്‍ ഓരോന്നായി വിശദീകരിക്കുന്നതു കേട്ടാലും.
പ്രവൃത്തിം ച നിവൃത്തിം ച കാര്യാകാര്യേ ഭയാഭയേ
ബന്ധം മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാര്‍ഥ സാത്വികീ (30)
പ്രവൃത്തിമാര്‍ഗ്ഗവും, നിവൃത്തിമാര്‍ഗ്ഗവും, ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതും, ഭയവും, അഭയവും, ബന്ധവും, മോക്ഷവും അറിയുന്ന ബുദ്ധി സാത്വികബുദ്ധിയാകുന്നു.
യയാ ധര്‍മമധര്‍മം ച കാര്യം ചാകാര്യമേവ ച
അയഥാവത്പ്രജാനാതി ബുദ്ധിഃ സാ പാര്‍ഥ രാജസീ (31)
ധര്‍മ്മം, അധര്‍മ്മം, ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്നിവയെ തെറ്റായി അറിയുന്ന ബുദ്ധി രാജസികബുദ്ധിയാകുന്നു.
അധര്‍മം ധര്‍മമിതി യാ മന്യതേ തമസാവൃതാ
സര്‍വ്വാര്‍ഥാന്വിപരീതാംശ്ച ബുദ്ധിഃ സാ പാര്‍ഥ താമസീ (32)
അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടതുകൊണ്ട് അധര്‍മ്മത്തെ ധര്‍മ്മമായി തെറ്റിദ്ധരിക്കുകയും, സകലതിനെയും നേരെ വിപരീതമായ വിധത്തില്‍ അറിയുകയും ചെയ്യുന്ന ബുദ്ധി താമസികബുദ്ധിയാകുന്നു.
ധൃത്യാ യയാ ധാരയതേ മനഃപ്രാണേന്ദ്രിയക്രിയാഃ
യോഗേനാവ്യഭിചാരിണ്യാ ധൃതിഃ സാ പാര്‍ഥ സാത്ത്വികീ (33)
മനസ്സിന്റെയും, പ്രാണന്റെയും, ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ ഒട്ടും വ്യതിചലിക്കാത്ത യോഗത്താല്‍ അടക്കിനിര്‍ത്തുന്ന ധൈര്യം (ധൃതി) സാത്വികമാണ്.
യയാ തു ധര്‍മകാമാര്‍ഥന്ധൃത്യാ ധാരയതേര്‍ജുന
പ്രസംഗേന ഫലാകാംക്ഷീ ധൃതിഃ സാ പാര്‍ഥ രാജസീ (34)
ധര്‍മ്മം, അര്‍ഥം, കാമം എന്നിവയെ ആസക്തിയോടെയും ഫലാകാംക്ഷയോടെയും അടക്കിനിര്‍ത്തുന്ന ധൈര്യം രാജസികമാണ്.
യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച
ന വിമുഞ്ചതി ദുര്‍മേധാ ധൃതിഃ സാ പാര്‍ഥ താമസീ (35)
ദുര്‍ബുദ്ധിയായ ഒരുവന്‍ യാതൊരു ധൈര്യത്താല്‍ സ്വപ്നം, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാ തിരിക്കുന്നുവോ അത് താമസികമാണ്.
സുഖം ത്വിദാനീം ത്രിവിധം ശൃണു മേ ഭരതര്ഷഭ
അഭ്യാസാദ്രമതേ യത്ര ദുഃഖാന്തം ച നിഗച്ഛതി (36)യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം
തത്സുഖം സാത്ത്വികം പ്രോക്തമാത്മബുദ്ധിപ്രസാദജം (37)
ഹേ അര്‍ജുന, ഇനി മൂന്നു വിധത്തിലുള്ള സുഖത്തെ കേട്ടുകൊള്ളുക. അഭ്യാസം കൊണ്ട് യാതൊരു സുഖത്തില്‍ സന്തോഷിച്ചു തുടങ്ങുകയും, ദുഃഖത്തിനറുതി വരുകയും ചെയ്യുന്നുവോ, ആദ്യം വിഷം പോലെയും ഒടുവില്‍ അമൃതസമാനമായും അനുഭവപ്പെടുന്നുവോ, ആത്മജ്ഞാനത്തില്‍നിന്നുണ്ടാകുന്ന ആ സുഖം സാത്വികമാണ്.
വിഷയേന്ദ്രിയസംയോഗാദ്യത്തദഗ്രേമൃതോപമം
പരിണാമേ വിഷമിവ തത്സുഖം രാജസം സ്മൃതം (38)
വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സമ്പര്‍ക്കം കൊണ്ടുണ്ടാകുന്നതും ആദ്യം അമൃതു പോലെയും ഒടുവില്‍ വിഷസമാനമായുമിരിക്കുന്നുവോ ആ സുഖം രാജസികമാണ്.
യദഗ്രേ ചാനുബന്ധേ ച സുഖം മോഹനമാത്മനഃ
നിദ്രാലസ്യപ്രമാദോത്ഥം തത്താമസമുദാഹൃതം (39)
ഉറക്കം, ആലസ്യം, അശ്രദ്ധ എന്നിവയില്‍ നിന്നുണ്ടാകുന്നതും തുടക്കത്തിലും ഒടുവിലും ഒരുവനെ മോഹിപ്പിക്കുകയും ചെയ്യുന്ന സുഖം താമസികമാണ്.
ന തദസ്തി പൃഥിവ്യാം വാ ദിവി ദേവേഷു വാ പുനഃ
സത്ത്വം പ്രകൃതിജൈര്‍മുക്തം യദേഭിഃ സ്യാത്ത്രിഭിര്ഗുണൈഃ (40)
പ്രകൃതിജന്യങ്ങളായ ഈ ഗുണങ്ങളില്ലാത്ത യാതൊരു വസ്തുവോ, വ്യക്തിയോ തന്നെ ഈ ഭൂമിയിലോ, ആകാശത്തിലോ, ദേവന്മാരുടെയിടയിലോ ഇല്ല.
ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ
കര്‍മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈര്ഗുണൈഃ (41)
ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരുടെ കര്‍മ്മങ്ങള്‍ സ്വഭാവജന്യമായ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.
ശമോ ദമസ്തപഃ ശൌചം ക്ഷാന്തിരാര്ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്‍മ സ്വഭാവജം (42)
ശമം (മനഃസംയമനം), ദമം (ഇന്ദ്രിയസംയമനം), തപസ്സ്, ശൗചം, ക്ഷമ, കാപട്യമില്ലായ്മ, ലൗകികവും ആധ്യാത്മികവുമായ അറിവ്, ഈശ്വരവിശ്വാസം എന്നിവയാണ് ബ്രാഹ്മണന് സ്വാഭാവികമായുള്ള കര്‍മ്മങ്ങള്‍.
ശൌര്യം തേജോ ധൃതിര്‍ദാക്ഷ്യം യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച ക്ഷാത്രം കര്‍മ സ്വഭാവജം (43)
ശൂരത്വം, തേജസ്സ്, ധൈര്യം, സാമര്‍ഥ്യം, യുദ്ധത്തില്‍ നിന്ന് പിന്തിരിയാതിരിക്കല്‍, ദാനം, പ്രഭുത്വം എന്നിവയാണ് ക്ഷത്രിയന് സ്വാഭാവികമായുള്ള കര്‍മ്മങ്ങള്‍.
കൃഷിഗൌരക്ഷ്യവാണിജ്യം വൈശ്യകര്‍മ സ്വഭാവജം
പരിചര്യാത്മകം കര്‍മ ശൂദ്രസ്യാപി സ്വഭാവജം (44)
കൃഷി, പശുവിനെ വളര്‍ത്തല്‍, കച്ചവടം എന്നിവ വൈശ്യന്റെ സ്വാഭാവികകര്‍മ്മങ്ങളും, പരിചാരകവൃത്തി ശൂദ്രന്റെ സ്വാഭാവികകര്‍മ്മങ്ങളുമാകുന്നു.
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ
സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45)
അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും.
യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം
സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ (46)
യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു.
ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത്
സ്വഭാവനിയതം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (47)
അന്യരുടെ ധര്‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധര്‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കര്‍മ്മം ചെയ്യുന്നവന്‍ പാപം അടയുന്നില്ല.
സഹജം കര്‍മ കൌന്തേയ സദോഷമപി ന ത്യജേത്
സര്‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ (48)
ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധര്‍മ്മത്തെ ഉപേക്ഷിക്കരുത്. തീ പുക കൊണ്ടെന്ന പോലെ എല്ലാ കര്‍മ്മങ്ങളും ദോഷങ്ങളാല്‍ ആവൃതമാണ്.
അസക്തബുദ്ധിഃ സര്‍വ്വത്ര ജിതാത്മാ വിഗതസ്പൃഹഃ
നൈഷ്കര്‍മ്യസിദ്ധിം പരമാം സംന്യാസേനാധിഗച്ഛതി (49)
എല്ലാ വിഷയങ്ങളിലും അനാസക്തനും, മനസ്സിനെ ജയിച്ചവനും, ആഗ്രഹങ്ങളില്ലാത്തവനുമായ മനുഷ്യന്‍ ത്യാഗത്തിന്റെ ഫലമായി നൈഷ്കര്‍മ്യത്തെ (താന്‍ കര്‍മ്മം ചെയ്യുന്നു എന്ന ഭാവമില്ലായ്മ) പ്രാപിക്കുന്നു.
സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ തഥാപ്നോതി നിബോധ മേ
സമാസേനൈവ കൌന്തേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ (50)
ഈ നൈഷ്കര്‍മ്യത്തെ പ്രാപിച്ചവന്‍ ജ്ഞാനത്തിന്റെ പരമാവസ്ഥയായ ബ്രഹ്മത്തെ പ്രാപിക്കുന്നതെങ്ങനെയെന്നു സംക്ഷിപ്തമായി കേട്ടാലും.
ബുദ്ധ്യാ വിശുദ്ധയാ യുക്തോ ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീന്വിഷയാംസ്ത്യക്ത്വാ രാഗദ്വേഷൌ വ്യുദസ്യ ച (51)
വിവിക്തസേവീ ലഘ്വാശീ യതവാക്കായമാനസഃ
ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിതഃ (52)
അഹംകാരം ബലം ദര്‍പം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിര്‍മമഃ ശാന്തോ ബ്രഹ്മഭൂയായ കല്പതേ (53)
പരിശുദ്ധമായ ബുദ്ധിയാല്‍ മനസ്സിനെ ധൈര്യപൂര്‍വ്വം നിയന്ത്രിച്ച്, ശബ്ദം, സ്പര്‍ശം, തുടങ്ങിയ വിഷയങ്ങളെ ത്യജിച്ച്, രാഗദ്വേഷങ്ങളെ അകറ്റി, വിജനപ്രദേശത്തു വസിച്ച്, മിതമായഹരിച്ച്, ശരീരം, മനസ്സ്, വാക്ക് എന്നിവയെ സംയമിച്ച്, സദാ വൈരാഗ്യത്തോടെ, ധ്യാനയോഗതത്പരനായി, അഹങ്കാരം, ബലം, അഭിമാനം, കാമം, ക്രോധം, പരിഗ്രഹം എന്നിവയെ വെടിഞ്ഞ്, നിര്‍മമനായി, ശാന്തനായിരിക്കുന്നവന്‍ ബ്രഹ്മപദത്തെ പ്രാപിക്കുന്നു.
ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി
സമഃ സര്‍വ്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം (54)
ബ്രഹ്മഭാവത്തെ പ്രാപിച്ചവന്‍ പ്രസന്നമായ മനസ്സോടെ, ഒന്നും ആഗ്രഹിക്കുകയോ ഒന്നിലും ദുഃഖിക്കുകയോ ചെയ്യാതെ, സര്‍വ്വഭൂതങ്ങളിലും സമനായി എന്നില്‍ പരമമായ ഭക്തിയെ നേടുന്നു.
ഭക്ത്യാ മാമഭിജാനാതി യാവാന്യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം (55)
ഭക്തികൊണ്ട് ഞാന്‍ തത്വത്തില്‍ എങ്ങനെയുള്ളവനാണ് എന്നറിയുന്നവന്‍ അതിന്റെ ഫലമായി എന്നെ പ്രാപിക്കുന്നു.
സര്‍വ്വകര്‍മാണ്യപി സദാ കുര്‍വ്വാണോ മദ്വ്യപാശ്രയഃ
മത്പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം (56)
എല്ലായ്പോഴും എന്നെ ശരണം പ്രാപിച്ചുകൊണ്ട് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവന്‍ എന്റെ പ്രസാദത്താല്‍ ശാശ്വതമായ സ്ഥിതിയെ പ്രാപിക്കുന്നു.
ചേതസാ സര്‍വ്വകര്‍മാണി മയി സംന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ (57)
എല്ലാ കര്‍മ്മങ്ങളും മനസാ എന്നില്‍ സമര്‍പ്പിച്ച്, ബുദ്ധിയോഗത്തെ ആശ്രയിച്ച്, മനസ്സിനെ സദാ എന്നില്‍ തന്നെ ഉറപ്പിക്കുക.
മച്ചിത്തഃ സര്‍വ്വദുര്‍ഗാണി മത്പ്രസാദാത്തരിഷ്യസി
അഥ ചേത്ത്വമഹംകാരാന്ന ശ്രോഷ്യസി വിനങ്ക്ഷ്യസി (58)
എന്നില്‍ മനസ്സുറപ്പിച്ചു നിര്‍ത്തിയാല്‍ എന്റെ പ്രസാദത്താല്‍ നീ എല്ലാ തടസ്സങ്ങളെയും മറികടക്കും. അഥവാ, അഹങ്കാരത്താല്‍ എന്റെ ഉപദേശത്തെ തിരസ്കരിച്ചാല്‍ നീ നശിക്കുന്നതാണ്.
യദഹംകാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ
മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി (59)
അഹങ്കാരം കാരണം നീ “ഞാന്‍ യുദ്ധം ചെയ്യുകയില്ല” എന്നു കരുതുകയാണെങ്കില്‍ നിന്റെ ആ നിശ്ചയം വെറുതെയാണ്. പ്രകൃതി (നിന്റെ സ്വഭാവം) നിന്നെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കും.
സ്വഭാവജേന കൌന്തേയ നിബദ്ധഃ സ്വേന കര്‍മണാ
കര്‍തും നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോപി തത് (60)
ഹേ കൗന്തേയ, നിന്റെ സ്വഭാവജന്യമായ കര്‍മ്മത്താല്‍ ബദ്ധനായ നീ യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിനക്ക് ആ കര്‍മ്മം നിസ്സഹായനായി ചെയ്യേണ്ടതായി വരും.
ഈശ്വരഃ സര്വഭൂതാനാം ഹൃദ്ദേശേര്‍ജുന തിഷ്ഠതി
ഭ്രാമയന് സര്‍വ്വഭൂതാനി യന്ത്രാരൂഢാനി മായയാ (61)
ഹേ അര്‍ജുന, ഈശ്വരന്‍ മായയാല്‍ യന്ത്രത്തില്‍ വെച്ചിരിക്കുന്ന വസ്തുക്കളെയെന്ന പോലെ സര്‍വ്വജീവികളെയും പ്രവര്‍ത്തിപ്പിച്ചു കൊണ്ട് അവരുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്നു.
തമേവ ശരണം ഗച്ഛ സര്‍വ്വഭാവേന ഭാരത
തത്പ്രസാദാത്പരാം ശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം (62)
ഹേ ഭാരത, നീ ഈശ്വരനെത്തന്നെ സര്‍വ്വഭാവത്തിലും ശരണമടഞ്ഞാലും. ഈശ്വരന്റെ പ്രസാദത്താല്‍ നീ പരമമായ ശാന്തിയെയും ശാശ്വതമായ പദത്തെയും പ്രാപിക്കും.
ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു (63)
ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യൂ.
സര്‍വ്വഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ
ഇഷ്ടോസി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം (64)
എല്ലാറ്റിലും രഹസ്യവും ശ്രേഷ്ഠവുമായ വാക്കുകള്‍ വീണ്ടും കേള്‍ക്കൂ. നി എനിക്കു പ്രിയപ്പെട്ടവനാകയാല്‍ നിനക്കു ഹിതമായതു ഞാന്‍ പറയാം.
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോസി മേ (65)
എന്നില്‍ മനസ്സുറപ്പിച്ച് എന്നെ ഭജിക്കൂ. എന്നെ ഉദ്ദേശിച്ച് യാഗം ചെയ്യുകയും, നമസ്കരിക്കുകയും ചെയ്യൂ. നീ എന്നെ പ്രാപിക്കുമെന്നു ഞാന്‍ സത്യമായി പ്രതിജ്ഞ ചെയ്യുന്നു. നീ എനിയ്ക്ക് പ്രിയനാണ്.
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ (66)
സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാലും. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത്.
ഇദം തേ നാതപസ്കായ നാഭക്തായ കദാചന
ന ചാശുശ്രൂഷവേ വാച്യം ന ച മാം യോഭ്യസൂയതി (67)
ഈ ജ്ഞാനം തപസ്സില്ലാത്തവനും, ഭക്തനല്ലാത്തവനും നീ ഒരിക്കലും ഉപദേശിക്കരുത്. കേള്‍ക്കുവാനിച്ഛയില്ലാത്തവനും, എന്നെ നിന്ദിക്കുന്നവനും ഇത് പറഞ്ഞികൊടുക്കരുത്.
യ ഇദം പരമം ഗുഹ്യം മദ്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ (68)
എന്നില്‍ പരമമായ ഭക്തിയോടെ എന്റെ ഭക്തന്മാര്‍ക്ക് ഇത് യാതൊരുവന്‍ പറഞ്ഞുകൊടുക്കുന്നുവോ, അവന്‍ എന്നെ പ്രാപിക്കുമെന്നതിനു സംശയമില്ല.
ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേ പ്രിയകൃത്തമഃ
ഭവിതാ ന ച മേ തസ്മാദന്യഃ പ്രിയതരോ ഭുവി (69)
മനുഷ്യരില്‍ അവനേക്കാള്‍ എനിക്കു പ്രിയം ചെയ്തവനായി ആരുമില്ല. ഈ ഭൂമിയില്‍ അവനെക്കാള്‍ പ്രിയതരനായി വേറെയാരും ഉണ്ടായിരിക്കുകയില്ല.
അധ്യേഷ്യതേ ച യ ഇമം ധര്‍മ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹമിഷ്ടഃ സ്യാമിതി മേ മതിഃ (70)
നമ്മുടെ ധര്‍മ്മമൃതമായ ഈ സംവാദത്തെ പഠിക്കുന്നവനാല്‍ ജ്ഞാനയജ്ഞത്താല്‍ ഞാന്‍ യജിക്കപ്പെടുന്നു എന്നാണ് എന്റെ അഭിപ്രായം.
ശ്രദ്ധാവാനനസൂയശ്ച ശൃണുയാദപി യോ നരഃ
സോപി മുക്തഃ ശുഭാംല്ലോകാന് പ്രാപ്നുയാത്പുണ്യകര്‍മണാം (71)
ശ്രദ്ധയോടെയും, അസൂയയില്ലാതെയും യാതൊരുവനാണോ ഇതു കേള്‍ക്കുന്നത് അവന്‍ മുക്തനാകുകയും പുണ്യകര്‍മ്മം ചെയ്തവര്‍ പ്രാപിക്കുന്ന ശുഭലോകങ്ങളെ പ്രാപിക്കുകയും ചെയ്യും.
കച്ചിദേതച്ഛ്രുതം പാര്‍ഥ ത്വയൈകാഗ്രേണ ചേതസാ
കച്ചിദജ്ഞാനസമ്മോഹഃ പ്രനഷ്ടസ്തേ ധനഞ്ജയ (72)
ഹേ പാര്‍ഥ, നീ ഏകാഗ്രചിത്തനായി ഇതെല്ലാം കേട്ടുവോ? നിന്റെ അജ്ഞാനവും മോഹവും നഷ്ടമായോ?
അര്‍ജുന ഉവാച
നഷ്ടോ മോഹഃ സ്മൃതിര്‍ലബ്ധാ ത്വത്പ്രസാദാന്മയാച്യുത
സ്ഥിതോസ്മി ഗതസന്ദേഹഃ കരിഷ്യേ വചനം തവ (73)
അര്‍ജുനന്‍ പറഞ്ഞു: ഹേ അച്യുത, അവിടുത്തെ പ്രസാദം കൊണ്ട് എന്റെ മോഹം നഷ്ടമായി. എനിക്ക് ബോധമുണ്ടാകുകയും ചെയ്തു. ഞാന്‍ സംശയങ്ങളില്ലാത്തവനായി അവിടുത്തെ വാക്കു പാലിക്കുവാന്‍ തയ്യാറായി നില്ക്കുകയാണ്.
സഞ്ജയ ഉവാച
ഇത്യഹം വാസുദേവസ്യ പാര്‍ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൌഷമദ്ഭുതം രോമഹര്‍ഷണം (74)
സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം വാസുദേവനായ ശ്രീകൃഷ്ണന്റെയും മഹാനായ അര്‍ജുനന്മാരുടെ അത്ഭുതകരവും രോമാഞ്ചജനകവുമായ സംവാദം ഞാന്‍ കേട്ടു.
വ്യാസപ്രസാദാച്ഛ്രുതവാനേതദ്ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത്കൃഷ്ണാത്സാക്ഷാത്കഥയതഃ സ്വയം (75)
വ്യാസമഹര്‍ഷിയുടെ പ്രസാദത്താല്‍ അതീവരഹസ്യവും ഉത്കൃഷ്ടവുമായ ഈ യോഗം, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ പറയുന്നത് കേള്‍ക്കുവാന്‍ എനിക്കു സാധിച്ചു.
രാജന്‍ സംസ്മൃത്യ സംസ്മൃത്യ സംവാദമിമമദ്ഭുതം
കേശവാര്‍ജുനയോഃ പുണ്യം ഹൃഷ്യാമി ച മുഹുര്‍മുഹുഃ (76)
ഹേ രാജന്‍, അത്ഭുതകരമായ ആ സംവാദം ഓര്‍ക്കുന്തോറും ഞാന്‍ വീണ്ടും വീണ്ടും സന്തോഷിക്കുന്നു.
തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ
വിസ്മയോ മേ മഹാന്‍ രാജന്‍ ഹൃഷ്യാമി ച പുനഃ പുനഃ (77)
ഹേ രാജന്‍, വിഷ്ണുവിന്റെ ആ അത്ഭുതകരമായ രൂപത്തെ (വിശ്വരൂപത്തെ) ഓര്‍ക്കുന്തോറും എനിക്ക് പിന്നെയും പിന്നെയും മഹത്തായ വിസ്മയവും ആനന്ദവുമുണ്ടാകുന്നു.
യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്ധരഃ
തത്ര ശ്രീര്വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ (78)
എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അര്‍ജുനനുമുണ്ടോ അവിടെ ഐശ്വര്യവും, വിജയവും, അഭിവൃദ്ധിയും, നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
മോക്ഷസംന്യാസയോഗോ നാമ അഷ്ടാദശോധ്യായഃ
എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. ( 1.3 MB, 185 പേജുകള്‍ )