യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 301 [ഭാഗം 5. ഉപശമ പ്രകരണം]

മൃതം മനോ മൃതാ ചിന്താ മൃതോഽഹങ്കാരരാക്ഷസഃ
വിചാരമന്ത്രേണ സമഃ സ്വസ്ഥസ്തിഷ്ഠാമി കേവലം (5/80/38)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാന്വേഷണനിരതനായവനെ അവന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ മറ്റൊന്നിനും ആവില്ല. കണ്ണ് കേവലം കാണുന്നു എന്നുമാത്രം എന്നാല്‍ അതിലൂടെ ലഭിക്കുന്ന അറിവ്, സന്തുഷ്ടമോ അസന്തുഷ്ടമോ ആയ ധാരണകള്‍ , എന്നിവ കണ്ണിലല്ല ഉദിക്കുന്നത്. അതുപോലെതന്നെ മറ്റ് ഇന്ദ്രിയങ്ങളും സ്വയം സംവേദനക്ഷമമല്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും ദുഷിച്ചതല്ല. എന്നാല്‍ ക്ഷണികങ്ങളായ ഈ ഇന്ദ്രിയപ്രവര്‍ത്തനങ്ങളുടെ കൂടെ അഹംകാരം ചേരുമ്പോള്‍ മനസ്സില്‍ ചാഞ്ചല്യമുണ്ടാവുന്നു. അവ ദുഷിക്കുന്നു.

കണ്ണുകളേ! നീ കാണുന്ന വസ്തുക്കള്‍ ഉണ്ടായി മറയുന്ന വെറും പ്രകടനങ്ങള്‍ മാത്രം. നീ അവയില്‍ത്തന്നെ ഏറെനേരം ആമഗ്നമാവരുത്. എന്തുകൊണ്ടെന്നാല്‍ നിന്റെ പുറകിലുള്ള അന്തര്യാമിക്കാണു അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരിക.

മനസ്സേ! കണ്ണുകള്‍ എണ്ണമറ്റ കാഴ്ചകള്‍ കാണുന്നത് അതിന്റെ സ്വഭാവമാണ്. നീയെന്തിനാണ് അവയില്‍ ഇടപെടുന്നത്? നിന്റെയുള്ളില്‍ ഈ കാഴ്ചകള്‍ പ്രതിഫലിക്കുകയും അവ നിനക്ക് തിരിച്ചറിയാനാവുകയും ചെയ്യുന്നു എന്നിരിക്കിലും നീയെന്തിനാണ് അവയോട് അഹംകാരത്തോടെ പ്രതികരിക്കുന്നത്? തീര്‍ച്ചയായും കണ്ണുകളും അവയുടെ കാഴ്ചവസ്തുക്കളും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് നിശ്ചയം. പക്ഷെ നീയെന്തിനാണ് ആ ബന്ധത്തിന് സ്വയം സമര്‍പ്പിച്ചും ഒത്താശചെയ്തും അതിനെ പരിപോഷിപ്പിക്കുന്നത്?

സത്യത്തില്‍ കാണപ്പെടുന്ന ദൃശ്യങ്ങളും കാഴ്ചയും മനസ്സും ഒന്നും പരസ്പരം ബന്ധപ്പെട്ടവയല്ല. അവ കണ്ണാടിയും അതില്‍ പ്രതിഫലിച്ച വസ്തുക്കളും പോലെയാണ്. എങ്കിലും ‘ഞാന്‍ കാണുന്നു’ എന്നൊരു ഭ്രമാത്മക ധാരണ ഉടലെടുക്കുകയാണ്. ഒന്ന് മറ്റൊന്നുമായി അജ്ഞാനം എന്ന മെഴുക് കൊണ്ടുറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ആത്മജ്ഞാനം എന്ന അഗ്നിയുടെ സാന്നിദ്ധ്യം ഈ മെഴുകിനെ പാടെ ഉരുക്കിക്കളയും.

ആവര്‍ത്തിച്ചു ചിന്തിച്ചുറപ്പിക്കുന്നതിലൂടെ മാത്രമാണ് ഈ ബന്ധം ദൃഢീകരിച്ചത്. പക്ഷെ ശരിയായ അന്വേഷണംകൊണ്ട് ഞാന്‍ ഇതിനെ തീര്‍ച്ചയായും ഇല്ലാതാക്കും. ഒരിക്കല്‍ ഈ അജ്ഞാനം നീങ്ങിയാല്‍പ്പിന്നെ ദൃക്, ദൃശ്യം, മനസ്സ്‌, എന്നിവ തമ്മില്‍ വീണ്ടും ബന്ധമുണ്ടാവുകയില്ല. മനസ്സാണ് ഇന്ദ്രിയങ്ങള്‍ക്ക് ആവശ്യമായ ബുദ്ധിശക്തി നല്‍കുന്നത്. അപ്പോള്‍ മനസ്സിനെയാണ് ഇല്ലാതാക്കേണ്ടത്. മനസ്സേ എന്തിനാണ് നീ പഞ്ചേന്ദ്രിയങ്ങള്‍ മൂലം കഷ്ടപ്പെടുന്നത്? “ഇതെന്റെ മനസ്സാണ്’ എന്ന് കരുതുന്നവര്‍ മാത്രമേ നിന്റെ മായയ്ക്കു വശംവദരാവൂ. മനസ്സേ നിനക്ക് അസ്തിത്വമില്ല. നീ എന്നെ വിട്ടുപോയാലും എന്റെ കൂടെ നിന്നാലും എനിക്കൊന്നുമില്ല. നീ വെറും മിഥ്യ. അസത്ത്. മായ. വെറുമൊരു മൂഢനേ നീയൊരുക്കുന്ന ഭ്രാമക്കാഴ്ചയില്‍ അടിപതറുകയുള്ളു. ജ്ഞാനിക്ക് നീ ഒരു പ്രശ്നമേയല്ല.

ഈ അറിവ് അജ്ഞാനത്തിന്റെ ഇരുട്ടിനെ ഇല്ലായ്മചെയ്യുന്നു. അല്ലയോ ദുര്‍ഭൂതമേ, ഈ ശരീരത്തില്‍ നിന്നും പുറത്തുകടക്കൂ. കൂടെ നിന്റെ ക്രോധാദി വികാരങ്ങളെയും കൊണ്ടുപോകാന്‍ മറക്കരുത്. മനസ്സേ, നിന്നെ ഞാന്‍ ഇന്ന് നശിപ്പിച്ചിരിക്കുന്നു. നിന്റെ നിജാവസ്ഥ എന്തെന്ന് ഞാന്‍ മനസ്സിലാക്കി. സത്യത്തില്‍ നീ ‘ഇല്ലാത്ത’ ഒന്നാണ്. ഏറെക്കാലം മനസ്സെന്ന ഈ ഭൂതം എന്നില്‍ കാമ ക്രോധ ലോഭാദികളെ വളരാന്‍ അനുവദിച്ചു. എന്നാല്‍ ആ ഭൂതം ഇല്ലാതായിക്കഴിഞ്ഞപ്പോള്‍ പണ്ട് എന്നിലുണ്ടായിരുന്ന മൂഢത്വത്തെപ്പറ്റിയോര്‍ത്ത്‌ ഞാനിപ്പോള്‍ ചിരിക്കുകയാണ്.

“മനസ്സ് മരിച്ചിരിക്കുന്നു. എന്നിലെ ആശങ്കകളും ആകുലതകളും ഇല്ലാതായിരിക്കുന്നു. അഹങ്കാരം എന്ന് പേരായ ആ അസുരനും മരിച്ചു. ഇതെല്ലാം സാധിച്ചത് അന്വേഷണം എന്ന മന്ത്രം കൊണ്ടാണ്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനും സന്തുഷ്ടനുമാണ്.” എന്നിലെ ആശകളും പ്രത്യാശകളും തീര്‍ന്നിരിക്കുന്നു. എന്റെ ആത്മാവിനെ ഞാന്‍ നമസ്കരിക്കട്ടെ. ഇനി എന്നില്‍ ദു:ഖങ്ങളില്ല, വിഭ്രമങ്ങളില്ല, മറ്റൊന്നുമില്ല.

ഞാന്‍ വ്യതിരിക്തമായ ആത്മാവോ മറ്റാരോ ഒന്നുമല്ല. ഞാന്‍ എല്ലാറ്റിന്റെയും സത്തയാണ്. എനിക്ക് നമസ്കാരം. ഞാന്‍ ആദിയാണ്. ഞാന്‍ ബോധമാണ്. ഞാന്‍ പ്രപഞ്ചമാണ്. എന്നില്‍ വിഭിന്നതകളില്ല. എന്നിലെ എനിക്ക് നമോവാകം. എല്ലാവരിലും വാണരുളുന്ന സൂക്ഷ്മവും സര്‍വ്വവ്യാപിയുമായ അന്തരാത്മാവിന് നമസ്കാരം. നമസ്കാരം!