യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 306 [ഭാഗം 5. ഉപശമ പ്രകരണം]
യഥാസ്ഥിതമിദം വിശ്വം ശാന്തമാകാശ നിര്‍മലം
ബ്രഹ്മൈവ ജീവന്‍മുക്താനാം ബന്ധമോക്ഷദൃശഃ കുതഃ (5/84/30)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ആത്മാന്വേഷണത്തിന്റെ അവസാനം വീതഹവ്യമുനി പരമശാന്തനായി സമാധി അവസ്ഥയെ പ്രാപിച്ചു. അദ്ദേഹത്തില്‍ പ്രാണന്റെ സ്പന്ദനംപോലും ദൃശ്യമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ബോധം അകത്തോ പുറത്തോ ഉള്ള വസ്തുക്കളില്‍ കേന്ദ്രീകരിച്ചിരുന്നില്ല. തന്റെ ദൃഷ്ടി നാസാഗ്രത്ത് മൃദുവായി പതിപ്പിച്ച് അദ്ദേഹം ഒരു ശിലാവിഗ്രഹമെന്നപോലെ ശരീരം അനക്കാതെ നീണ്ടുനിവര്‍ന്നിരുന്നു. മുന്നൂറുകൊല്ലം ശരീരമുപേക്ഷിക്കാതെതന്നെ അദ്ദേഹം സമാധിയില്‍ കഴിഞ്ഞു. പ്രകൃതിയോ മനുഷ്യരോ, മനുഷ്യരിലും താഴ്ന്ന ജീവിവര്‍ഗ്ഗങ്ങളോ (കൃമി കീടങ്ങള്‍ ഒന്നും) ആ സമാധിയെ ശല്യപ്പെടുത്താന്‍ തുനിഞ്ഞില്ല. മുന്നൂറുകൊല്ലം ഒരു മണിക്കൂറുപോലെ പെട്ടെന്ന് കഴിഞ്ഞു.
ബോധത്തില്‍ പ്രതിഫലിച്ച ദേഹം ബോധത്തിനാല്‍ത്തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. സമാധികഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടായി. മനസ്സുണര്‍ന്നു. സൃഷ്ടിക്കായുള്ള ധാരണകള്‍ മനസ്സിലുണര്‍ന്നു. പിന്നീടദ്ദേഹം ഒരു നൂറുകൊല്ലം കൈലാസപര്‍വ്വതത്തില്‍ ഒരു മഹര്‍ഷിയായി വാണു. മറ്റൊരു നൂറുകൊല്ലം അദ്ദേഹം ദേവന്മാരിലൊരാളായി കഴിഞ്ഞു. പിന്നീട് അഞ്ചു ലോകചക്രങ്ങള്‍ അദ്ദേഹം ദേവരാജാവായ ഇന്ദ്രനായും കഴിഞ്ഞു.
രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഇന്ദ്രാദിദേവകളുടെ സമയക്രമീകരണത്തെ എങ്ങിനെയാണ് സ്വാധീനിക്കാന്‍ സാധിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: അനന്താവബോധത്തിന്റെ ചൈതന്യം സര്‍വ്വവ്യാപകമാണ്. അതിന് എവിടെ, എപ്പോള്‍ , എങ്ങിനെ വേണമെങ്കില്‍ സ്വയം പ്രകടമാകാം. അത് സ്വയമെന്ത് ഇച്ഛിക്കുന്നുവോ അപ്രകാരം സംഭവിക്കുന്നു. അതിനാല്‍ മുനി തന്റെയുള്ളില്‍ എന്തൊക്കെ ദര്‍ശിച്ചുവോ അതപ്രകാരം തന്നെ ഭവിക്കുകയാണുണ്ടായത് . ഉപാധികളൊഴിഞ്ഞ ഹൃദയത്തില്‍ അദ്ദേഹം ഇതെല്ലാം ദര്‍ശിച്ചു.
സ്വയം അനന്താവബോധത്തില്‍ ആമഗ്നമാകയാല്‍ മുനിയില്‍ ഉണ്ടായ ധാരണകള്‍ അനിച്ഛാപൂര്‍വ്വം ആയിരുന്നു. പിന്നീട് ഒരു യുഗം മുഴുവന്‍ അദ്ദേഹം പരമശിവന്റെ പാര്‍ഷദന്‍മാരില്‍ ഒരാളായി മാറി. വീതഹവ്യന്‍ എന്ന മഹാമുനി ഇങ്ങിനെയുള്ള വൈവിദ്ധ്യമായ അനുഭവങ്ങളിലൂടെ കടന്നുപോയി.
രാമന്‍ ചോദിച്ചു: ജീവന്‍മുക്തനായ വീതഹവ്യമുനിക്ക് ഇപ്രകാരമുള്ള അനുഭവങ്ങള്‍ ഉണ്ടായി എന്ന് വെച്ചാല്‍ ബന്ധനവും മുക്തിയും മഹര്‍ഷിമാര്‍ക്ക് പോലും ഉണ്ടെന്നാണല്ലോ അര്‍ത്ഥം!
വസിഷ്ഠന്‍ പറഞ്ഞു: “ജീവന്മുക്തന്റെ ദൃഷ്ടിയില്‍ ഈ ലോകം അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി, പ്രശാന്തവും പരിപൂര്‍ണ്ണവുമായ ബ്രഹ്മമായി, അനന്തമായി നിലനില്‍ക്കുമ്പോള്‍ എവിടെയാണ് ബന്ധനവും മുക്തിയും?” സ്വയം അനന്താവബോധസ്വരൂപമായതിനാല്‍ വീതഹവ്യനു എല്ലാവരുടെയും- സമഷ്ടിയുടെ – അനുഭവങ്ങള്‍ സ്വായത്തമാണ്. ഇപ്പോഴും അദ്ദേഹമങ്ങിനെ കഴിയുന്നു.
രാമന്‍ ചോദിച്ചു: ഈ മഹര്‍ഷിയുടെ ജന്മം പോലും വെറും മിഥ്യയും സങ്കല്‍പ്പവുമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ബോധതലത്തിലെ സമൂര്‍ത്തദേഹങ്ങള്‍ എങ്ങിനെയാണ് ചൈതന്യവത്തും ബോധമുള്ളതും ആയിത്തീര്‍ന്നത്?
വസിഷ്ഠന്‍ പറഞ്ഞു: വീതഹവ്യന്റെ സൃഷ്ടി വെറും സങ്കല്‍പ്പമായിരുന്നുവെങ്കില്‍ രാമാ, നീയിപ്പറഞ്ഞ കാര്യങ്ങളും വെറും മിഥ്യയായിരുന്നു. ‘അതും, ഇതും’ എല്ലാം ശുദ്ധമായ അവബോധം മാത്രം. മനസ്സിന്റെ ഭ്രമമാണ് പ്രകടിതരൂപങ്ങള്‍ക്ക് കാരണം. വാസ്തവത്തില്‍ സൃഷ്ടിയെന്ന പ്രതിഭാസം ഉണ്ടായിട്ടേയില്ല. ഇനിയുണ്ടാവുകയുമില്ല.! മൂന്നു കാലങ്ങളിലും ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നതായി ഉള്ളു. ഈ സത്യം സാക്ഷാത്കരിക്കുംവരെ ദൃഷ്ടാവിന് ഈ ലോകം ഉണ്മയായി കാണപ്പെടും.