ശ്രീ പതഞ്ജലി മഹര്‍ഷി രചിച്ച യോഗസൂത്രം നാലാമത്തെ അദ്ധ്യായമായ വിഭൂതിപാദം മലയാളം അര്‍ത്ഥ സഹിതം ഇവിടെ വായിക്കാം. പാതഞ്ജല യോഗസൂത്രം PDF രൂപത്തില്‍ മുഴുവനായി (349KB, 74 പേജുകള്‍) ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സമയമനുസരിച്ച് കമ്പ്യൂട്ടറില്‍ വായിക്കാം, പ്രിന്റ് ചെയ്യാം.
പാതഞ്ജല യോഗസൂത്രം – കൈവല്യപാദം
ജന്മൌഷധിമന്ത്രതപഃസമാധിജാഃ സിദ്ധയഃ 1
ജന്മം, ഔഷധി, മന്ത്രം, തപസ്സ്, സമാധി എന്നിവയില്‍ നിന്നുണ്ടാകുന്നവയാണ് സിദ്ധികള്‍. ശരീരേന്ദ്രിയമനോബുദ്ധികളുടെ പരിവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന നൂതനമായ ശരീരസ്ഥിതിയെയാണ് സിദ്ധി യെന്നു പറയുന്നത്. ഇത് അഞ്ചു വിധത്തിലുണ്ടാകാം.
ജാത്യന്തരപരിണാമഃ പ്രകൃത്യാപൂരാത് 2
പ്രകൃതിയുടെ സമ്പൂര്‍ണ്ണത കൊണ്ട് ജാത്യന്തരപരിണാമം സംഭവിക്കുന്നു. മേല്‍പറഞ്ഞ സിദ്ധികളെക്കൊണ്ട് ഒരു നിലയിലുള്ള ശരീരേന്ദ്രിയമനസ്സുകള്‍ക്കു മറ്റൊരു നിലയിലേക്കുണ്ടാകുന്ന പരിവര്‍ത്തനമാണ് ജാത്യന്തര പരിണാമം.
നിമിത്തമപ്രയോജകം പ്രകൃതീനാം വരണഭേദസ്തു തതഃ
ക്ഷേത്രികവത് 3
പ്രകൃതിധര്‍മ്മങ്ങളുടെ ആപൂരണവിഷയത്തില്‍ നിമിത്തം അപ്രയോജകമാകുന്നു. വരണഭേദമാകട്ടെ കൃഷിക്കാരനില്‍ നിന്ന് ജലമെന്നപോലെ അതില്‍നിന്ന് സംഭവിക്കുന്നു. യോഗിക്ക് പരിവര്‍ത്തനത്തിനാസ്പദമായ പ്രകൃതിയെ തന്റെ കരണങ്ങളില്‍ നിറയ്ക്കുവാനുള്ള കഴിവില്ല. കരണങ്ങളെ വേണ്ടവണ്ണം പാകപ്പെടുത്തിയാല്‍ മാത്രം മതി. അതു താനെ നിറഞ്ഞോളും. കൃഷിക്കാരന്‍ വയലില്‍ വെള്ളം വന്നു നിറയാന്‍ വേണ്ട് ചാലുകീറുന്ന പോലെ ജന്മാദിനിമിത്ത പ്രകൃതി കളെക്കൊണ്ട് കരണങ്ങള്‍ സംശുദ്ധമാകുമ്പോള്‍ പരിവര്‍ത്തനത്തിനാസ്പദമായ പ്രകൃതി സ്വാഭാവികമായി വന്നു നിറയുന്നു.
നിര്‍മ്മാണചിത്താന്യസ്മിതാമാത്രാത് 4
യോഗി പല പ്രകാരത്തില്‍ നിര്‍മ്മിച്ച ചിത്തങ്ങള്‍ അസ്മിതാഭാവത്തില്‍ നിന്നുണ്ടായവമാത്രമാകുന്നു. ചിത്തത്തിന്റെ ഉപാദാനകാരണം തന്നെ അസ്മിതയാണ്. അപ്പോള്‍ ഏതു പ്രകാരത്തില്‍ ചിത്തത്തെ നിര്‍മ്മിച്ചാലും അത് മൂലം അസ്മിത വര്‍ദ്ധിക്കുമെന്നല്ലാതെ വിട്ടു പോകുകയില്ല. അതിനാല്‍ ചിത്തത്തിന്റെ രൂപീകരണം കൊണ്ടുണ്ടാകുന്ന സിദ്ധികള്‍ എത്രയൊക്കെ ശ്രേഷ്ഠമാ യാലും അതോടൊപ്പം അസ്മിതാദോഷത്തിന്റെ വികാസ വും സംഭവിക്കും.
പ്രവൃത്തിഭേദേ പ്രയോജകം ചിത്തമേകമനേകേഷാം 5
അനേകചിത്തങ്ങളുടെ വ്യത്യസ്തപ്രവൃത്തികളില്‍ ഒരേ ഒരു ചിത്തമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പല ആളുകളെയും കൊണ്ട് പല പ്രവര്‍ത്തികളും ചെയ്യിപ്പിക്കുന്ന ഒരാളെപ്പോലെ പല ഇന്ദ്രിയങ്ങളെ വ്യത്യസ്ത വ്യാപരങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്തം ഏകമാണ്.
തത്ര ധ്യാനജം അനാശയം 6
അവയില്‍ വെച്ച് ധ്യാനം കൊണ്ട് ശുദ്ധീകരിച്ച ചിത്തം കര്‍മ്മവാസനകളകന്നതാകുന്നു. മേല്‍പറഞ്ഞ ജന്മാദി അഞ്ചു കരണങ്ങളെക്കൊണ്ട് അഞ്ചു പ്രകാരത്തില്‍ ഉത്കര്‍ഷത്തെപ്രാപിക്കുന്ന ചിത്തസംസ്കാര ങ്ങളില്‍ ധ്യാനം (സമാധി) കൊണ്ടുണ്ടാകുന്ന സംസ്കാരം ചിത്തത്തെ കര്‍മ്മാശയത്തില്‍ നിന്ന് വേര്‍പ്പെടുത്തുന്നു. അതായത് സമാധ്യഭ്യാസം കൊണ്ട് കര്‍മ്മവാസനകള്‍ നശിച്ച് കൈവല്യപ്രാപ്തിക്കു കാരണമായ സംസ്കാരമു ണ്ടാകുന്നു.
കര്‍മ്മാശുക്ലാകൃഷ്ണം യോഗിനഃ ത്രിവിധം ഇതരേഷാം 7
യോഗിയുടെ കര്‍മ്മം അശുക്ലം, അകൃഷ്ണം എന്നിങ്ങനെ രണ്ട് വിധമാകുന്നു. സാധാരണക്കാരുടെ കര്‍മ്മം മൂന്നു വിധത്തിലാകുന്നു – ശുക്ലം, കൃഷ്ണം, ശുക്ലകൃഷ്ണം (പുണ്യം, പാപം, മിശ്രം) എന്നിങ്ങനെ. പുണ്യകര്‍മ്മത്തെ ശുക്ലമെന്നും പാപകര്‍മ്മത്തെ കൃഷ്ണമെന്നും പറയുന്നു. സിദ്ധനായ ഒരു യോഗിയ്ക്ക് പുണ്യപാപാത്മകമായ ഒരു ഫലാനുഭൂതിയുണ്ടാകാന്‍ വയ്യ. അതിനാല്‍ യോഗിയുടെ കര്‍മ്മത്തെ ശുക്ലമെന്നോ കൃഷ്ണമെന്നോ പറയാനാവില്ല. അപ്പോള്‍ പുണ്യവുമല്ല, പാപവുമല്ല എന്നു സൂചിപ്പിക്കാനാണ് യോഗിയുടെ കര്‍മ്മത്തെ അശുക്ലം, അകൃഷ്ണം എന്നു പറയുന്നത്.
തതസ്തദ്വിപാകാനുഗുണാനാം ഏവാഭിവ്യക്തിര്‍വ്വാസനാനാം 8
മേല്‍പറഞ്ഞ മൂന്നു തരം കര്‍മ്മങ്ങളില്‍നിന്ന് അതാതിന്റെ ഫലങ്ങള്‍ക്കനുരൂപമായ വാസനകള്‍ക്ക് പൂര്‍ണ്ണവികാസം സംഭവിക്കുന്നു. എത്രയധികം വാസനകള്‍ ചിത്തത്തിലൊതുങ്ങി നില്‍ക്കുന്നുണ്ടെങ്കിലും ഒരു സമയത്ത് ഏതു കര്‍മ്മമനു ഭവിക്കാനാണോ സന്ദര്‍ഭമെത്തിയിരിക്കുന്നത് അതിനുള്ള വാസന അപ്പോള്‍ ചിത്തത്തില്‍ ശക്തമാകുന്നു.
ജാതിദേശകാലവ്യവഹിതാനാം അപ്യാനന്തര്യം,
സ്മൃതിസംസ്കാരയോഃ ഏകരൂപത്വാത് 9
ജാതി, ദേശം, കാലം ഇവയാല്‍ മറയപ്പെട്ട കര്‍മ്മങ്ങ ള്‍ക്കും സ്മൃതിയ്ക്കും സംസ്കാരത്തിനും ഏകരൂപത്വമുള്ളതു കാരണം കര്‍മ്മാനുഭവത്തിനു തടസ്സമുണ്ടാകുന്നില്ല. കര്‍മ്മങ്ങള്‍ കാലദേശാദികളെക്കൊണ്ട് വിഭിന്നങ്ങളാണെ ങ്കിലും ഒരു തരം കര്‍മ്മത്തിന്റെ സ്മൃതിസംസ്കാരങ്ങള്‍ ഏകരൂപമായത് കൊണ്ട് കര്‍മ്മഫലാനുഭൂതിയില്‍ പ്രസ്തുത വൈവിധ്യം തടസ്സമാകുന്നില്ല.
താസാമനാദിത്വം ചാശിഷോ നിത്യത്വാത് 10
ആഗ്രഹം നിത്യമായതിനാല്‍ – അനാദിയായതിനാല്‍ – കര്‍മ്മവാസനകള്‍ക്കും ആദ്യന്തരാഹിത്യം സംഭവിക്കുന്നു. എത്ര നിസ്സാരജീവിയിലും മരണഭയവും, ജീവിക്കുവാനുള്ള ആഗ്രഹവും വ്യക്തമായിക്കാണാം. ആ ജീവിക്കു പൂര്‍വ്വ ജന്മങ്ങളുണ്ടായിരുന്നുവെന്നും അപ്പോള്‍ മരണമനുഭവി ക്കുകയും അത് ദുഃഖപ്രദമാണെന്നു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കരുതേണ്ടതാണ്.
ഹേതുഫലാശ്രയാലംബനൈഃ സംഗൃഹീതത്വാദ് ഏഷാമഭാവേ തദഭാവഃ 11
ഹേതു, ഫലം, ആശ്രയം, ആലംബനം ഇവയോട് ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഹേതുഫലാശ്രയാലംബന ങ്ങളുടെ അഭാവത്തില്‍ വാസനകള്‍ക്ക് നാശം സംഭവിക്കുന്നു. കര്‍മ്മത്തിന് അവിദ്യാദി ക്ലേശങ്ങള്‍ ഹേതുവും, പുനര്‍ജന്മവും, ഭോഗാനുഭവങ്ങളും ഫലവുമാണ്. ചിത്തം ആശ്രയവും, ശബ്ദാദി പഞ്ചവിഷയങ്ങള്‍ ആലംബനവു മാണ്. ഈ നാലുപാധികളോടു കൂടാതെ കര്‍മ്മം ഉണ്ടാകുകയോ നിലനില്‍ക്കുകയോ ചെയ്യില്ല. ഇവ നാലുള്ളപ്പോള്‍ കര്‍മ്മവാസനകളും ഉണ്ടായിരിക്കും. ഇവ നാലും നശിച്ചാല്‍ വാസനകളും നശിക്കും.
അതീതാനാഗതം സ്വരൂപതോസ്ത്യധ്വഭേദാദ് ധര്‍മ്മാണാം 12
കാലഭേദം ഹേതുവായിട്ട് ധര്‍മ്മങ്ങള്‍ക്ക് (കര്‍മ്മവാസന കള്‍ക്ക്) സ്വരൂപത്തില്‍ അതീതവും ഭാവിയും ഉണ്ടാകുന്നു. അതായത് കാലഭേദം കൊണ്ട് അസ്തിത്വം ഇല്ലാതാ കുന്നില്ല.
തേ വ്യക്തസൂക്ഷ്മാ ഗുണാത്മാനഃ 13
കര്‍മ്മവാസനകള്‍ വ്യക്താവസ്ഥയിലും (പ്രകടമായ വര്‍ത്തമാനാവസ്ഥ), സൂക്ഷ്മാവസ്ഥയിലും (ലീനമായ അതീ താനാഗതാവസ്ഥ) ഗുണസ്വരൂപത്തില്‍ വര്‍ത്തിക്കുന്നു. വിഭിന്നങ്ങളായ എല്ല ധര്‍മ്മങ്ങള്‍ക്കും മൂലകാരണമാണ് ഗുണങ്ങളെന്നതിനാല്‍ അവ ഒരിക്കലും ഗുണങ്ങളെ വിട്ടു നില്‍ക്കുന്നില്ല്ല.
പരിണാമൈകത്വാദ് വസ്തുതത്ത്വം 14
പരിണാമാവസ്ഥയിലെ ഏകവദ്ഭാവം കാരണം വാസ്തവ ത്തില്‍ മൂലവസ്തുവില്‍ മാറ്റമുണ്ടാകുന്നില്ല. ധര്‍മ്മങ്ങള്‍ക്ക് ഗുണഭേദങ്ങളുണ്ടെങ്കിലും പരിണതവസ്തു വില്‍ അത് കാണപ്പെടുന്നില്ല. ഭൂമി, ജലം, ആദിത്യ ചന്ദ്രരശ്മികളും ചേര്‍ന്നു പരിണമിച്ചതാണ് വൃക്ഷം. പരിണാമത്തിനു വിധേയ ങ്ങളായ വസ്തുക്കളിലെ വൈരുദ്ധ്യം പരിണതവസ്തുവായ വൃക്ഷത്തില്‍ കാണുന്നില്ല.
വസ്തുസാമ്യേ ചിത്തഭേദാത് തയോര്‍വ്വിഭക്തഃ പന്ഥാഃ 15
വസ്തുവിന്റെ ഏകത്വത്തിലും ചിത്തഭേദം കാരണം അവയുടെ (വസ്തുവിന്റെയും ചിത്തത്തിന്റെയും) മാര്‍ഗ്ഗം വിഭിന്നമാകുന്നു. ഒരു വസ്തുവിനെ പലര്‍ പലതരത്തിലാണ് വീക്ഷിക്കുന്നത്. ഒരാള്‍ക്ക് നല്ലതായി കാണപ്പെടുന്ന ഒരു വസ്തു മറ്റൊരാളുടെ ദൃഷ്ടിയില്‍ നേരെ മറിച്ചാണ്. ചിത്തഭേദമാണിതിനു കാരണം, പദാര്‍ഥഭേദമല്ല.
ന ചൈകചിത്തതന്ത്രം വസ്തു തദപ്രമാണകം തദാ കിം സ്യാത് 16
ദൃശ്യവസ്തു ഒരു ചിത്തത്തിന്റെ നിര്‍മ്മാണമല്ല. എന്തെ ന്നാല്‍ ആ വസ്തു ചിത്തത്തിന് വിഷയമാകാത്തപ്പോള്‍ അതിന് എന്തു സംഭവിക്കും? അതായത് ദൃശ്യവസ്തു ഒരു ചിത്തത്തിന്റെയും കല്പനയല്ല; വസ്തുവിന് സ്വതന്ത്രമായ അസ്തിത്വമുണ്ട്. അതിനെ ഒരു ചിത്തവും വീക്ഷിക്കാത്തപ്പോഴും അത് നിലനില്‍ക്കുന്നു.
തദുപരാഗാപേക്ഷത്വാത് ചിത്തസ്യ വസ്തു ജ്ഞാതാജ്ഞാതം 17
വസ്തു ഇന്ദ്രിയങ്ങളിലൂടെ ചിത്തത്തില്‍ പ്രതിബിംബി ക്കുന്നതുകൊണ്ട് ചിത്തത്തിന് ആ വസ്തു ജ്ഞാതവും അജ്ഞാതവുമാകുന്നു. അതായത്, ഏതൊരു വസ്തുവിനെയും അറിയാന്‍ ചിത്ത ത്തിനു പ്രതിബിംബം ആവശ്യമാണ്. എപ്പോള്‍ ഏതു വസ്തു ഇന്ദ്രിയങ്ങളിലൂടെ ചിത്തത്തില്‍ പ്രതിബിംബിക്കുന്നുവോ അത് ചിത്തത്തിന് ജ്ഞാതവും പ്രതിബിംബിക്കാത്ത പ്പോള്‍ അത് അജ്ഞാതവുമായിത്തീരുന്നു.
സദാ ജ്ഞാതാശ്ചിത്തവൃത്തയസ്തത്പ്രഭോഃ
പുരുഷസ്യാപരിണാമിത്വാത് 18
ചിത്തത്തിന്റെ പ്രഭുവായ (അധീശനായ) പുരുഷന്റെ പരിണാമാഭാവം കാരണം ചിത്തവൃത്തികളെല്ലാം അപ്പപ്പോള്‍ അറിയപ്പെടുന്നു.
ന തത് സ്വാഭാസം ദൃശ്യത്വാത് 19
ചിത്തം ദൃശ്യവസ്തുവായതിനാല്‍ ചൈതന്യാത്മകമല്ല (സ്വയം പ്രകാശകമല്ല).
ഏകസമയേ ചോഭയാനവധാരണം 20
ഒരേ സമയം രണ്ടു വസ്തുക്കളെ അറിയാന്‍ കഴിവില്ലായ്മയും ചിത്തത്തിന്റെ സ്വഭാവമാണ്. ഇതിനുകാരണം ചിത്തം ചൈതന്യാത്മകല്ല, ജഡമാണെ ന്നതാണ്. നേരെ മറിച്ച് ചൈതന്യസ്വരൂപനായ പുരുഷന് ഒരേസമയം പലതിനെ അറിയാന്‍ സാധിക്കുന്നുണ്ട്.
ചിത്താന്തരദൃശ്യേ ബുദ്ധിബുദ്ധേരതിപ്രസങ്ഗഃ സ്മൃതിസംകരശ്ച 21
ഒരു ചിത്തം മറ്റൊരു ചിത്തത്തിന് ദൃശ്യമാകുന്നു എന്നു കരുതുകയാണെങ്കില്‍ ഒരു ബുദ്ധിയില്‍ നിന്ന് മറ്റൊരു ബുദ്ധിയിലേക്ക് അനവസ്ഥിതത്വവും സ്മൃതിസങ്കരവും സംഭവിക്കുന്നു. ഒരു ചിത്തത്തെ മറ്റൊരു ചിത്തം ദര്‍ശിക്കുകയാണെങ്കില്‍ അതിനെയും വേറൊരു ചിത്തം ദര്‍ശിക്കുന്നുണ്ടെന്നു കരുതണം. ഇങ്ങനെ ഈ യുക്തി സമാപ്തിയില്ലാതെ തുടരും. അതാണ് അനവസ്ഥാ ദോഷം. ഇതുകാരണം സ്മൃതികള്‍ കലരുവാനും സാദ്ധ്യതയുണ്ട്. ഇതാണ് സ്മൃതിസങ്കരമെന്ന ദോഷം.
ചിതേരപ്രതിസംക്രമായാസ്തദാകാരാപത്തൌ സ്വബുദ്ധിസംവേദനം 22
ക്രിയാരഹിതനും അസംഗനുമായ പുരുഷന് ചിത്തവൃത്തി യുമായുള്ള താദാത്മ്യമുണ്ടാകുമ്പോള്‍ സ്വന്തം ചിത്തവൃത്തി യുടെ സംവേദനമുണ്ടാകുന്നു.
ദ്രഷ്ടൃദൃശ്യോപരക്തം ചിത്തം സര്‍വ്വാര്‍ഥം 23
ദ്രഷ്ടാവായ പുരുഷന്റെയും ദൃശ്യങ്ങളായ പദാര്‍ഥങ്ങളുടെയും പ്രതിഫലനത്തോടുകൂടിയ ചിത്തം സര്‍വ്വാര്‍ഥസ്വരൂപ മാണ്. അതായത് അതിന് എല്ലാ പദാര്‍ഥങ്ങളെയും അറിയുവാന്‍ കഴിയുന്നു.
തദസംഖ്യേയവാസനാചിത്രമപി പരാര്‍ഥംസംഹത്യകാരിത്വാത് 24
അസംഖ്യമായ വാസനകളെക്കൊണ്ട് വിചിത്രമായിരിക്കു മ്പോഴും ചിത്തം വാസനാനിബിഡമായതിനാല്‍ പരാര്‍ഥം (പുരുഷനു വേണ്ടി) ആണ്.
വിശേഷദര്‍ശിന ആത്മഭാവഭാവനാവിനിവൃത്തിഃ 25
വിശേഷദര്‍ശിയായ (ചിത്തത്തിന്റെയും ആത്മാവിന്റെയും ഭേദത്തെ വിവേകജ്ഞാനം കൊണ്ട് വേര്‍തിരിച്ചറിയാന്‍ കഴിയുന്ന) യോഗിയ്ക്ക് ആത്മവിഷയകമായ ഭാവനയുടെ വിനിവൃത്തി (വിശേഷേണയുള്ള നിവര്‍ത്തനം) സംഭവി ക്കുന്നു. അതായത് ആത്മഭാവനയില്ലാതാകുന്നു. വിവേകജ്ഞാനമുണര്‍ന്ന് ചിത്തത്തിന്റെയും ആത്മാവിന്റെ യും ഭേദം പ്രത്യക്ഷമായി ബോധ്യപ്പെട്ട യോഗിയ്ക്ക് ഞാന്‍ ആരാണ്? എന്തിനു വേണ്ടി ജനിച്ചു? എന്തു സാധിക്കണം? എങ്ങനെ സാധിക്കണം? എന്നീ ചിന്തകള്‍ ഉണ്ടാകുന്നില്ല.
തദാ വിവേകനിമ്നം കൈവല്യപ്രാഗ്ഭാരം ചിത്തം 26
അപ്പോള്‍ വിവേകനിമ്നമായ (സംസാരവിമുഖമായ) യോഗിയുടെ ചിത്തം കൈവല്യാഭിമുഖമയി പ്രവര്‍ത്തി ക്കുന്നു.
തച്ഛിദ്രേഷു പ്രത്യയാന്തരാണി സംസ്കാരേഭ്യഃ 27
അതിന്റെ (ചിത്തവിക്ഷേപങ്ങളെ ഓരോന്നായി സംയമനം ചെയ്യുന്ന സമാധിയുടെ) വിടവുകളില്‍ പൂര്‍വ്വ സംസ്കാരങ്ങളെക്കൊണ്ട് പദാര്‍ഥാന്തരജ്ഞാനം ആവിര്‍ഭ വിക്കുന്നു. വിവേകനിമ്നമായ ചിത്തം കൈവല്യത്തിലേക്കുയരുമ്പോള്‍ അന്യപദാര്‍ഥജ്ഞാനം ഉണ്ടാകുന്നുവെങ്കില്‍ അത് ദഗ്ദ്ധബീജം പോലെ തികച്ചും നശിച്ചിട്ടില്ലാത്ത പൂര്‍വ്വ സംസ്കാരങ്ങള്‍ കാരണമാണ്.
ഹാനം ഏഷാം ക്ലേശവദുക്തം 28
ഇവയുടെ (അന്യപദാര്‍ഥജ്ഞാനങ്ങളുടെ) ഹാനം – അകറ്റല്‍ – ക്ലേശഹാനത്തെക്കുറിച്ച് നേരത്തെ പറഞ്ഞതു പോലെ സാധിക്കേണ്ടതാണ്. ക്ലേശഹാനത്തെക്കുറിച്ച് ദ്വിതീയപാദത്തില്‍ പത്തും പതിനൊന്നും സൂത്രങ്ങളില്‍ വിവരിച്ചിരുന്നു. ദഗ്ദ്ധബീജം വീണ്ടും മുളക്കുന്നില്ലെന്നതു പോലെ ഈ അന്യപദാര്‍ഥ ജ്ഞാനവും പുതിയ വാസനയായി രൂപം കൊള്ളുന്നില്ല. എങ്കിലും, അവയും തികച്ചും നശിച്ചാല്‍ മാത്രമേ കൈവല്യപ്രാപ്തിയുണ്ടാകുന്നുള്ളൂ എന്ന കാരണത്താല്‍ കൈവല്യപ്രാപ്തിക്കു താമസം നേരിടുന്നു എന്നുമാത്രം.
പ്രസംഖ്യാനേപ്യകുസീദസ്യ സര്‍വ്വഥാ വിവേകഖ്യാതേര്‍
ധര്‍മ്മമേഘഃ സമാധിഃ 29
വിവേകജ്ഞാനമഹിമകൊണ്ടു വൈരാഗ്യം പൂര്‍ണ്ണമായി ത്തീരുമ്പോള്‍ നിരീഹന് (യോഗിയ്ക്ക്) എല്ലാ പ്രകാരത്തിലു മുള്ള വിവേകജ്ഞാനം പ്രകാശമാനമായിത്തീരുന്നതു കൊണ്ട് ധര്‍മ്മമേഘമെന്നു പ്രസിദ്ധമായ സമാധി സിദ്ധിക്കുന്നു.
തതഃ ക്ലേശകര്‍മ്മനിവൃത്തിഃ 30
അതുകാരണം ക്ലേശങ്ങളും കര്‍മ്മങ്ങളുമെല്ലാം നിവര്‍ത്തി ക്കപ്പെടുന്നു. ധര്‍മ്മമേഘസമാധിയുടെ പ്രഭാവത്താല്‍ യോഗിയുടെ അവിദ്യാദി പഞ്ചക്ലേശങ്ങളും ശുക്ലാദി ത്രിവിധകര്‍മ്മങ്ങളും നിശ്ശേഷം നശിക്കുന്നു. അതോടെ യോഗി സര്‍വ്വക്ലേശ കര്‍മ്മവിലയം വന്നു ജീവന്മുക്തനായിത്തീരുന്നു.
തദാ സര്‍വ്വാവരണമലാപേതസ്യ ജ്ഞാനസ്യാനന്ത്യാജ്ഞേയം അല്പം 31
അപ്പോള്‍ എല്ലാ ആവരണങ്ങളും ദോഷങ്ങളും അകന്നു പരിശുദ്ധമായ ജ്ഞാനത്തിന്റെ അനന്തത പ്രത്യക്ഷമാ കുന്നതിനാല്‍ ജ്ഞേയവസ്തു അല്പമായിത്തീരുന്നു. അനന്ത ജ്ഞാനാനുഭൂതി സിദ്ധിച്ച യോഗിയ്ക്ക് അറിയാനായി ഒന്നും തന്നെയില്ലാതാകുന്നു.
തതഃ കൃതാര്‍ഥാനാം പരിണാമക്രമപരിസമാപ്തിര്‍ഗുണാനാം 32
അനന്തരം പ്രവര്‍ത്തനരഹിതങ്ങളായ സത്വാദിഗുണങ്ങ ളുടെ പരിണാമക്രമങ്ങള്‍ക്ക് അന്ത്യം വരുന്നു. യോഗി നിര്‍ഗുണനായിക്കഴിഞ്ഞാല്‍ ഗുണപരിണാമങ്ങളും അവസാനിക്കും. ധര്‍മ്മമേഘസമാധി കിട്ടിയ യോഗിയ്ക്ക് ഗുണങ്ങളെ ക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. പുരുഷന് ഭോഗാപവര്‍ഗങ്ങളെക്കൊടുക്കലാണല്ലോ ഗുണ ങ്ങളുടെ പ്രയോജനം. മുക്തനായ യോഗിയ്ക്ക് ഇവരണ്ടും അനാവശ്യമാകയാല്‍ ഗുണങ്ങള്‍ അവയുടെ കാരണത്തില്‍ ലയിക്കുന്നു. നിര്‍ഗുണനായ യോഗിയ്ക്ക് പിന്നീട് ശരീര മുണ്ടാകുവാനും ഇടവരുന്നില്ല.
ക്ഷണപ്രതിയോഗീ പരിണാമാപരാന്തനിഗ്രാര്‍ഹ്യഃ ക്രമഃ 33
ക്ഷണങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നതും പരിണാമാന്ത്യ ത്തില്‍ മാത്രം നിശ്ശേഷം ഗ്രഹിക്കാന്‍ കഴിയുന്നതുമാണ് ക്രമം. ഒരു വസ്തു ജീര്‍ണ്ണിച്ചു നശിച്ചുവെന്നിരിക്കട്ടെ. ആ നാശം ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. ഓരോ ക്ഷണ ത്തിലും അതിനു പരിണാമം സംഭവിച്ചുകൊണ്ടിരുന്നു. എങ്കിലും പൂര്‍ണ്ണമായി നിശിച്ചപ്പോഴാണ് ദ്രഷ്ടാവിന് അറിയാന്‍ കഴിഞ്ഞത്. ഇതിനെ പരിണാമാപരാന്ത നിര്‍ഗ്രാഹ്യം എന്നു പറയുന്നു. ഏറ്റവും സൂക്ഷ്മമായ കാല ഘടകമായ ക്ഷണങ്ങളുടെ വഴിക്കുവഴിയായുള്ള പ്രവാഹ ത്തെ ക്രമം എന്നും പറയുന്നു.
പുരുഷാര്‍ഥശൂന്യാനാം ഗുണാനാം പ്രതിപ്രസവഃ കൈവല്യം, സ്വരൂപപ്രതിഷ്ഠാ വാ ചിതിശക്തിരേതി 34
പുരുഷനെ അപേക്ഷിച്ച് ഉപയോഗശൂന്യങ്ങളായ സത്വാദി ഗുണങ്ങള്‍ അവയുടെ കാരണത്തിലുള്ള വിലയമോ ചിച്ഛക്തിയുടെ സ്വരൂപപ്രതിഷ്ഠയോ ആകുന്നു കൈവല്യം. സദ്വാദിഗുണങ്ങള്‍ സര്‍വ്വകാരണമായ പുരുഷനുമായി തദാത്മ്യം പ്രാപിച്ച് ചിത്തും ശക്തിയും സ്വരൂപത്തി ലുറയ്ക്കുന്നതുതന്നെ കൈവല്യം.
ഇതി പതഞ്ജലിവിരചിതേ യോഗസൂത്രേ ചതുര്‍ഥഃ കൈവല്യപാദഃ
ഇതി പാതഞ്ജലയോഗസൂത്രാണി