യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 339 [ഭാഗം 6. നിര്‍വാണ പ്രകരണം]

സംസാരോത്തരണേ യുക്തിര്‍യോഗശബ്ദേന കഥ്യതേ
തം വിദ്ധി ദ്വിപ്രകാരം ത്വം ചിത്തോപശമധര്‍മിണീം (6/13/3)

സത്യസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ മഹാത്മാക്കളായ ഋഷികള്‍ സമതയിലും പ്രശാന്തതയിലും അഭിരമിച്ച് എക്കാലവും വാണിരുന്നു. അവരില്‍ മനോപാധികള്‍ ഇല്ലാതിരുന്നതുകൊണ്ട് ജീവിതമോ മരണമോ ഒന്നും അവര്‍ പ്രത്യേകിച്ച് ആഗ്രഹിക്കുകയോ തിരസ്കരിക്കുകയോ ചെയ്തില്ല. മേരുപര്‍വ്വതമെന്നപോലെ സുദൃഢമായി അവര്‍ തങ്ങളുടെ നേരനുഭവത്തിന്റെ വെളിച്ചത്തില്‍ അക്ഷോഭ്യരായി നിലകൊണ്ടു. എങ്കിലും അവര്‍ കാട്ടിലും ദ്വീപുകളിലും, നഗരങ്ങളും കൂടാതെ ദേവതകളെപ്പോലെ ആകാശങ്ങളിലും കറങ്ങി നടന്നു. അവര്‍ ശത്രുക്കളെ വെന്നു, രാജ്യങ്ങള്‍ ഭരിച്ചു. വൈവിദ്ധ്യമാര്‍ന്നതും ഉചിതവുമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സദാ മുഴുകിയിരുന്നു. ശാസ്തോക്തമായ ഉചിതകര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് അവര്‍ക്കറിയാമായിരുന്നു.

അവര്‍ ജീവിതസുഖങ്ങള്‍ അനുഭവിച്ചു. നന്ദനോദ്യാനങ്ങള്‍ സന്ദര്‍ശിച്ചു. അവരെ സ്വര്‍ഗ്ഗീയസുന്ദരികള്‍ പരിചരിച്ചു. ഒരു ഗൃഹസ്ഥന്റെ കടമകളും അവര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. അവര്‍ മഹത്തായ യുദ്ധങ്ങളില്‍ പങ്കെടുത്തു. മറ്റുള്ളവര്‍ക്ക് പ്രശാന്തി നഷ്ടപ്പെടുന്ന അവസരങ്ങളില്‍പ്പോലും അവരുടെ സമതാഭാവത്തില്‍ മാറ്റമേതുമുണ്ടായില്ല. അവരുടെ മാന:ശാന്തിക്ക് കോട്ടമുണ്ടായില്ല. അവരുടെ മനസ്സ് പൂര്‍ണ്ണമായി സത്വഭാവമാര്‍ജ്ജിച്ചു കഴിഞ്ഞിരുന്നതിനാല്‍ അവര്‍ ഭ്രമചിന്തകളില്‍ നിന്നും മുക്തരായിരുന്നു. ‘ഞാന്‍ ഇത് ചെയ്യുന്നു’ എന്ന തരം അഹംഭാവത്തോടെ അവര്‍ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. അതേസമയം ഉണ്ടായ നേട്ടങ്ങളെയോ പരിശ്രമഫലങ്ങളെയോ അവര്‍ നിരസിച്ചതുമില്ല.

ശത്രുക്കളെ വെല്ലുന്നതില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചില്ല. അതുപോലെ സ്വയം പരാജയം ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ ഖേദിച്ചുമില്ല. അവര്‍ അനിച്ഛാപൂര്‍വം നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി നടത്തിവന്നു. രാമാ നീയും അവരുടെ മാര്‍ഗ്ഗം പിന്തുടരൂ.

നിന്നിലെ വ്യക്തിത്വമാവുന്ന അഹംഭാവം ഉപേക്ഷിച്ച് ഉചിതമായും സ്വാഭാവീകമായും നിന്നില്‍നിന്നും ഉണ്ടാവുന്ന കര്‍മ്മങ്ങള്‍ അനവരതം നടക്കട്ടെ. അവിച്ഛിന്നമായ അനന്താവബോധം മാത്രമാണ് സത്യം. അതാണീ വൈവിദ്ധ്യങ്ങളുടെ കാഴ്ചയ്ക്ക് ഹേതുവാകുന്നത്. എന്നാലീ വൈദ്ധ്യമായ കാഴ്ചകളെ സത്തെന്നോ അസത്തെന്നോ നിര്‍വചിക്കുക വയ്യ. അതിനാല്‍ ഒന്നിനോടും ആസക്തികൂടാതെ പൂര്‍ണ്ണമായും ജീവിതത്തെ കൊണ്ടാടൂ. വെറുമൊരജ്ഞനെപ്പോലെ നീയെന്തിനാണ് രാമാ വിഷാദാകുലനാവുന്നത്?

രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങയുടെ കൃപകൊണ്ട് ഞാന്‍ സത്യത്തിലേയ്ക്ക് ഉണര്‍ന്നിരിക്കുന്നു. എന്നിലെ ഭ്രമചിന്തകള്‍ അസ്തമിച്ചിരിക്കുന്നു. അങ്ങയുടെ ഉപദേശപ്രകാരം ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഇപ്പോള്‍ ജീവന്മുക്തന്റെ അവസ്ഥയില്‍ ഞാന്‍ അഭിരമിക്കുന്നു. പ്രാണനെ നിയന്ത്രണം ചെയ്തുകൊണ്ട്, പരിമിതികളെയും മനോപാധികളെയും ഒഴിവാക്കി ഒരുവന്‍ എങ്ങിനെയാണീ മുക്താവസ്ഥയില്‍ നിലകൊള്ളുന്നതെന്നു ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: “ജനനമരണചക്രത്തിന്റെ ആവര്‍ത്തനം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗത്തിന് യോഗം എന്ന് പറയും. മനസ്സിനതീതമായ അതീന്ദ്രിയാവസ്ഥയാണത്. രണ്ടു തരത്തിലാണതുള്ളത്.” ആത്മജ്ഞാനം വഴിയും പ്രാണായാമം വഴിയുമാണതു സാധിക്കുക. എങ്കിലും പൊതുവേ യോഗം എന്ന് പറയുമ്പോള്‍ പ്രാണായാമം എന്നാണ് വിവക്ഷ. രണ്ടു മാര്‍ഗ്ഗങ്ങളും ഒരേ ലക്ഷ്യത്തിലേയ്ക്കു നയിക്കുന്നു. ചിലര്‍ക്ക് ആത്മജ്ഞാനമാര്‍ജ്ജിക്കുക എന്നത് എളുപ്പമല്ല. മറ്റു ചിലര്‍ക്ക് യോഗം എളുപ്പമല്ല. എന്നാല്‍ ആത്മജ്ഞാനമാര്‍ഗ്ഗമാണ് എളുപ്പമെന്നു ഞാനുറപ്പിച്ചു പറയുന്നു. കാരണം ഇപ്പോഴും എങ്ങും നിറഞ്ഞു വിളങ്ങുന്ന സത്യമാണല്ലോ അത്. ഇനി ഞാന്‍ നിനക്ക് യോഗത്തെപ്പറ്റി പറഞ്ഞു തരാം.