വേണം ധാര്‍മികബോധനം എന്ന തലക്കെട്ടില്‍ ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോന്‍ എഴുതി മാതൃഭൂമി ദിനപത്രത്തില്‍ മാര്‍ച്ച്‌ 14-നു പ്രസിദ്ധീകരിച്ച ലേഖനം ശ്രേയസ് വായനക്കാര്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു.

ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായം സവിശേഷമായിരുന്നു. വിദ്യാര്‍ഥികള്‍ ‘അപര’ (ലൗകിക)വിദ്യയും ‘പര’ (ആത്മീയ) വിദ്യയും സ്വായത്തമാക്കണമെന്ന നിഷ്‌കര്‍ഷയായിരുന്നു ഇതിനു നിദാനം. നേടുന്ന അറിവ് ധര്‍മത്തിലും ആത്മീയതയിലും അധിഷ്ഠിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ നിഷ്‌കര്‍ഷ. ഗീതാധ്യാന ശ്ലോകത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള ‘ജ്ഞാനമുദ്ര’യില്‍നിന്നാണ് ഈ ആശയം ഉത്ഭവിച്ചത്.

എല്ലാവിധ അറിവുകളുടെയും സമന്വയത്തെയാണ് ‘ജ്ഞാനമുദ്ര’ പ്രതിനിധാനം ചെയ്യുന്നത്. അറിവിലെ ഈ പൂര്‍ണതയ്ക്കാണ് ഓരോ ഇന്ത്യക്കാരനും യത്‌നിച്ചത്. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്നാണ് ജനനംതൊട്ടേ അവനെ ഉദ്‌ബോധിപ്പിച്ചിരുന്നത്. ഗുരുക്കന്മാര്‍ സര്‍വ സദ്ഗുണങ്ങളുടെയും വിളനിലങ്ങളായിരുന്നു. ‘സത്യം വദാ, ധര്‍മം ചരാ’ എന്ന ഉപനിഷദ്മന്ത്രത്തിന് അനുസൃതമായി ജീവിതം നയിക്കാനാണ് അവര്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചത്.

വ്യക്തികളില്‍ ധാര്‍മികമൂല്യങ്ങള്‍ വളര്‍ത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അന്നത്തേത് എന്നു ചുരുക്കം. അത്തരം വ്യക്തികളാണ് അന്ന് രാജ്യത്തിന്റെ നട്ടെല്ലായി വര്‍ത്തിച്ചത്. ഓരോരുത്തന്റെയും ആത്മാവ് വിശുദ്ധമാണെന്ന് എല്ലാവരും വിശ്വസിച്ചു. അതുകൊണ്ടുതന്നെ, ദരിദ്രരുടെ ക്ഷേമം ഉറപ്പാക്കാന്‍ ധനികര്‍ ശ്രദ്ധവെച്ചിരുന്നു. അതുമൂലം സമൂഹം ഐശ്വര്യപൂര്‍ണമായി പരിലസിച്ചു.

ഇന്ത്യക്കാര്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുന്നുവെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഇന്ത്യയ്ക്ക് സാധിച്ചത് അതുകൊണ്ടാണ്. വൈദിക കാലഘട്ടം മുതല്‍ ബ്രിട്ടീഷ് അധിനിവേശത്തിനു തൊട്ടുമുമ്പുവരെ ഈ രാജ്യത്ത് പലവിധ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ജനങ്ങള്‍ അതൊക്കെ ഉള്‍ക്കൊണ്ടു. ‘ജ്ഞാനധര്‍മ’ത്തില്‍ അധിഷ്ഠിതമായ പൈതൃകമാണ് നമ്മുടെ രാജ്യത്തെ മഹത്തരമാക്കിയത്.

അതുകൊണ്ടുതന്നെ ഇന്ത്യയെ അടിമകളുടെ രാജ്യമാക്കുക എളുപ്പമല്ലെന്ന് ബ്രിട്ടീഷുകാര്‍ എളുപ്പം തിരിച്ചറിഞ്ഞു. അത് സാധ്യമാവണമെങ്കില്‍ ഇവിടെ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വേരറുക്കണമെന്ന് മെക്കാളെ പ്രഭു നിര്‍ദേശിച്ചത് ഇക്കാരണത്താലാണ്. പഠിതാക്കള്‍ക്ക് ആത്മീയജ്ഞാനം ലഭിക്കാത്തവിധമുള്ള പുതിയൊരു വിദ്യാഭ്യാസരീതി ആവിഷ്‌കരിച്ചെങ്കില്‍ മാത്രമേ ഇവിടെ യഥാര്‍ഥ അധിനിവേശം സാധ്യമാവൂവെന്നും അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തെ ത്വരപ്പെടുത്തി.

ബ്രിട്ടീഷ് പ്രഭുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മെക്കാളെ ഇങ്ങനെ പറഞ്ഞു. ”ഇന്ത്യയുടെ തലങ്ങും വിലങ്ങും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഒരു യാചകനെയോ മോഷ്ടാവിനെയോ ഞാന്‍ അവിടെ കണ്ടിട്ടില്ല. ആളുകള്‍ ഉന്നത ധാര്‍മികമൂല്യം പുലര്‍ത്തുന്നവരാണ്. ആ രാജ്യത്തിന്റെ സ‍ാംസ്‌കാരിക -ആത്മീയ പൈതൃകം തകര്‍ക്കാതെ അവിടം കീഴടക്കാനാവുമെന്നു എനിക്ക് തോന്നുന്നില്ല. അതിന് ചെയ്യേണ്ടത് അവിടത്തെ പൗരാണികമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇല്ലാതാക്കുകയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് കൂടുതല്‍ കേമമെന്ന് ഇന്ത്യക്കാര്‍ക്ക് തോന്നിക്കഴിഞ്ഞാല്‍ അവരുടെ ആത്മാഭിമാനവും സംസ്‌കൃതിയും കൈമോശം വരും. അതോടെ ഇന്ത്യ നമ്മളാഗ്രഹിക്കുന്നതുപോലെ അടിമരാജ്യമായിത്തീരും.”

ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച വിദ്യാഭ്യാസരീതി സനാതന ധര്‍മത്തില്‍ അധിഷ്ഠിതമായ നമ്മുടെ സ‍ാംസ്‌കാരിക പൈതൃകത്തെ തുടച്ചുനീക്കിയതിനു ചരിത്രം സാക്ഷിയാണ്. പുതിയ ബോധന സമ്പ്രദായം ജനങ്ങളില്‍ അതിരുവിട്ട ലൗകിക മോഹങ്ങളുണര്‍ത്തി. തല്‍ഫലമായി മൂല്യബോധം ഇല്ലാതാവുകയും സാമൂഹികതിന്മകള്‍ ഏറുകയും ചെയ്തു. വര്‍ധിത കാമനകളും ത്വരകളും അക്രമങ്ങളും സാമൂഹിക സംവിധാനത്തെ അപചയത്തിലാഴ്ത്തി. സ്വാര്‍ഥത പിടിമുറുക്കുകയും എല്ലാവരും തന്നിഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്തു. സദ്ഗുണങ്ങള്‍ അപ്രത്യക്ഷമായി; മതബോധനങ്ങള്‍ വിസ്മരിക്കപ്പെട്ടു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ന‍ാം മെക്കാളെയുടെ വിദ്യാഭ്യാസ സമ്പ്രദായം ഉപേക്ഷിച്ചില്ല എന്നതാണ് ഏറെ സങ്കടം. ഫലമോ? ‘അവിദ്യ’യുടെ തമസ്സില്‍ നാമിപ്പോഴും കൈകാലിട്ടടിക്കുന്നു. ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് ഇവിടെയുണ്ടായിരുന്ന വിദ്യാഭ്യാസരീതി പുനരവതരപ്പിച്ചുകൊണ്ടല്ലാതെ നമ്മുടെ ഭാവി തലമുറകളെ രക്ഷിക്കാനാവില്ല. അറിവുകേടില്‍നിന്നും ആത്മീയ അന്ധതയില്‍ നിന്നുമുള്ള വിമോചനം അങ്ങനെയേ സാധ്യമാവൂ.

മൂല്യാധിഷ്ഠിതമായ ആ പഴയ ബോധന സമ്പ്രദായം എങ്ങനെ പുനരവതരിപ്പിക്കാനാവുമെന്നതാണ് ചോദ്യം. ഉത്തരം ലളിതമാണ്. ആത്മീയ ചിന്തകളും മതഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്‌ബോധനങ്ങളും പാഠ്യപദ്ധതികളുടെ ഭാഗമാക്കുകയാണ് വഴി.

എല്ലാ മതങ്ങളും ഉദ്‌ബോധിപ്പിക്കുന്ന സനാതന ധര്‍മത്തിന്റെ വിവിധവശങ്ങള്‍, സ്വാതന്ത്ര്യംകിട്ടി അറുപതാണ്ട് പിന്നിട്ടിട്ടും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ല എന്നത് അതിശയകരമാണ്. മെക്കാളെ ഇന്ത്യക്കാരില്‍ സൃഷ്ടിച്ച അടിമമനോഭാവം ഇപ്പോഴും നമ്മെ വിട്ടൊഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല.

വിദ്യാഭ്യാസത്തിലൂടെ ധാര്‍മികമൂല്യങ്ങള്‍ വളര്‍ത്താന്‍ സാധിച്ചെങ്കില്‍ മാത്രമേ ‘വിസ്തൃത ഇന്ത്യ’ എന്നു സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ. സനാതനധര്‍മം മനസ്സിലേറ്റുന്നവരേ ദുര്‍ബലരോട് ദയയും സ്നേഹവും സഹിഷ്ണുതയും കാട്ടൂ എന്നതില്‍ തര്‍ക്കമില്ലല്ലോ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള മുറവിളി തന്നെയാണ് ഇപ്പോള്‍ വേണ്ടത്.