യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 343 [ഭാഗം 6. നിര്‍വാണ പ്രകരണം]

താത ജ്ഞാതമലം ജ്ഞേയം ബ്രാഹ്മ്യാ ദേവ്യാഃ പ്രസാദതഃ
കിംത്വേകാന്തസ്ഥിതേഃ സ്ഥാനമഭിവാഞ്ഛാമ ഉത്തമം (6/19/25)

ഭുശുണ്ടന്‍ തുടര്‍ന്നു: ഇങ്ങിനെ ദേവതമാര്‍ സ്വയം മറന്ന് മേളിച്ചു മദിക്കുമ്പോള്‍ അവരുടെ വാഹനങ്ങളും ലഹരിപിടിച്ചവരേപ്പോലെ നൃത്തമാടാന്‍ തുടങ്ങി. ആലംബുഷയുടെ വാഹനമായ ചണ്ഡയുടെ (കാക്ക) കൂടെ അരയന്നപ്പിടകള്‍ നൃത്തംചെയ്തു. അങ്ങിനെ നൃത്തമാടിക്കൊണ്ടിരിക്കെ അവരില്‍ മൈഥുനാസക്തിയുണ്ടായി. മധുലഹരിയില്‍ ആയിരുന്ന അരയന്നപ്പിടകള്‍ ഓരോരുത്തരായി ഈ കാക്കയുമായി മൈഥുനത്തില്‍ ഏര്‍പ്പെട്ടു. എല്ലാവരും കാലക്രമത്തില്‍ ഗര്‍ഭിണികളുമായി.

ആഘോഷമെല്ലാം കഴിഞ്ഞ് ദേവതമാര്‍ ഹരന്റെ അടുക്കല്‍ ചെന്നു. അവര്‍ ഉമയുടെ ശരീരം പാകംചെയ്ത് അദ്ദേഹത്തിനു ഭക്ഷണമായി നല്‍കി. മായാവിദ്യകൊണ്ട് ഉമയുടെ ദേഹത്തെ അവര്‍ അങ്ങിനെയാക്കിമാറ്റിയിരുന്നു. ശിവന് കാര്യം മനസ്സിലായി. ദേവതമാരോടദ്ദേഹം ദേഷ്യപ്പെട്ടു. ഉടനെതന്നെ അവര്‍ ഉമയെ പുനരുജ്ജീവിപ്പിച്ചു ഭഗവാന് മുന്നില്‍ നിര്‍ത്തി. അങ്ങിനെ ഹരന് ഉമയെ തിരിച്ചു കിട്ടി. ദേവതമാര്‍ അവരവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങി. ബ്രാഹ്മിയുടെ വാഹനമായ അരയന്നങ്ങള്‍ ആ മേളയില്‍ സംഭവിച്ചതെന്താണെന്ന് തങ്ങളുടെ നാഥയോടു പറഞ്ഞു. ബ്രാഹ്മി അവരോടു പറഞ്ഞു: നിങ്ങള്‍ ഗര്‍ഭിണികളായതിനാല്‍ വലിയ വയറുമായി നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ആവില്ലല്ലോ. അതിനാല്‍ കുറച്ചുകാലത്തേയ്ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളുക.

ഇത്രയും പറഞ്ഞു ബ്രാഹ്മിദേവത ധ്യാനനിരതയായി ഇരുന്നു. അരയന്നങ്ങള്‍ കാലക്രമത്തില്‍ ഇരുപത്തിയൊന്നു മുട്ടകള്‍ ഇട്ടു. താമസംവിനാ അവയെല്ലാം വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവന്നു. അങ്ങിനെ, ചണ്ഡയുടെ വര്‍ഗ്ഗമായാണ് ഞങ്ങള്‍ ഇരുപത്തിയൊന്നു കാക്കകള്‍ ഉണ്ടായത്. ഞങ്ങള്‍ അമ്മമാരോടൊപ്പം കുലദേവതയായ ബ്രാഹ്മിയെ ഉപാസിക്കുന്നു. ആ ദേവിയുടെ കൃപയാല്‍ ഞങ്ങള്‍ക്ക് ആത്മജ്ഞാനം സിദ്ധമായിട്ടുണ്ട്. ഞങ്ങള്‍ സദാ മുക്തരുമാണ് .

അങ്ങിനെയിരിക്കെ ഞങ്ങളുടെ പിതാവ് അടുത്തുവന്നു ഞങ്ങളെ ആലിംഗനം ചെയ്തു. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പിന്നീട് ആലംബുഷാദേവിയെ പൂജിച്ചു.

ചണ്ഡന്‍ പറഞ്ഞു: കുഞ്ഞുങ്ങളേ വാസനകളാകുന്ന കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ്, മാനസികോപാധികളുടെ ശല്യമില്ലാതെ പ്രത്യക്ഷലോകമെന്ന വലയില്‍ നിന്നും നിങ്ങള്‍ എന്നെങ്കിലും പുറത്തുകടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ വരൂ, പരമോന്നതജ്ഞാനം പ്രദാനം ചെയ്യാന്‍ കഴിവുള്ള ആ ദേവതയെ നമുക്ക്‌ ഒരുമിച്ചു പൂജിക്കാം.

ഞങ്ങള്‍ പറഞ്ഞു: ‘പിതാവേ, ബ്രാഹ്മിദേവതയുടെ കൃപകൊണ്ട് കിട്ടാന്‍ യോഗ്യമായവയില്‍ വെച്ചേറ്റവും പരമമായ ജ്ഞാനം ഞങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക്‌ താമസിക്കാന്‍ ഉചിതമായ, വിജനമായ ഒരിടം ഇനി കണ്ടെത്തുകയാണാവശ്യം.”

ചണ്ഡന്‍ പറഞ്ഞു: ലോകത്ത് ഏറ്റവും ഉത്തമമായ ഒരു പര്‍വ്വതമുണ്ട്. മേരു എന്നാണതിന് പേര്. പതിന്നാലുലോകങ്ങളെയും അതില്‍ നിവസിക്കുന്ന ജീവികളെയും മേരു പര്‍വ്വതം താങ്ങി നിര്‍ത്തുന്നു. ദേവന്മാരും മഹര്‍ഷികളും അവിടെയാണ് വാസം. അതില്‍ അഭീഷ്ടവരപ്രദായിനിയായ ഒരു വന്‍മരമുണ്ട്. ആലംബുഷാ ദേവി ധ്യാനത്തിലിരുന്ന അവസരത്തില്‍ അതിന്റെ ഒരു ചില്ലയില്‍ പണ്ട് ഞാനൊരു കൂടു കൂട്ടിയിരുന്നു. എല്ലാവിധത്തിലും നല്ലൊരു കൂടായിരുന്നു അത്. കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കതില്‍പ്പോയി താമസിക്കാം. യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങളെല്ലാം ഇവിടെവന്ന് ആ കൂട്ടില്‍ താമസമാക്കി.