യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 356 [ഭാഗം 6. നിര്‍വാണ പ്രകരണം]

യത്കിഞ്ചിദുദിതം ലോകേ യന്നഭസ്യത വാ ദിവി
തത്സര്‍വം പ്രാപ്യതേ രാമ രാഗദ്വേഷപരിക്ഷയാത് (6/28/74)

വസിഷ്ഠന്‍ തുടര്‍ന്നു: മരണം എല്ലാവര്‍ക്കും അനിവാര്യമായ കാര്യമാണെന്ന് തികഞ്ഞ അറിവുള്ള ഒരാള്‍ എന്തിനാണ് തന്റെ ബന്ധുക്കളുടെ വിയോഗത്തില്‍ ദുഖിക്കുന്നത്? എന്തിനാണ് തനിക്ക് മരണമടുത്തു എന്നുകരുതി വിഷാദിക്കുന്നത്?. ഐശ്വര്യസമൃദ്ധികള്‍ ചിലപ്പോള്‍ കൈവരുകയും മറ്റുചിലപ്പോള്‍ ഇല്ലാതാവുകയും ചെയ്യുക എന്നതില്‍ എന്താണൊരു പുതുമ? എല്ലാവര്‍ക്കും അത് സാധാരണമാണെന്നറിയാവുന്ന ഒരുവന്‍ എന്തിനാണ് ലാഭനഷ്ടങ്ങളില്‍ വികാരവാനാവുന്നത്? ജീവജാലങ്ങള്‍ ബോധസമുദ്രത്തിനു മീതെയുള്ള അലകള്‍പോലെ ഉണ്ടായി മറയുന്നവയാണെന്നു തിരിച്ചറിയുന്ന ഒരാള്‍ക്ക് വിഷാദിക്കാന്‍ എന്തുള്ളു?

സത്തായി ഉള്ളതെന്നും സത്തായിത്തന്നെ നിലകൊള്ളും. അസത്തോ, അതപ്രകാരം തന്നെ സ്ഥിരതയില്ലാത്തതായി ഇരിക്കുകയും ചെയ്യും. അപ്പോള്‍ ദുഖത്തിനെവിടെയാണ് സ്ഥാനം? ‘ഞാന്‍’ എന്ന ഒരു സത്ത ഇല്ലാത്തതാണ്. അത് പണ്ടുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ദേഹം വിസ്മയകരമായ ഒരു ഭ്രമചിന്തയുടെ ഫലമായി സംജാതമായതാണ്. അത് ഉണ്മയാണെന്നപോലെ നിലകൊള്ളുന്നു, അത്രമാത്രം. എങ്കിലും അത് വിഷാദത്തിനു കാരണമാകുന്നതെങ്ങിനെ?

അഥവാ ഈ ദേഹം സത്താണെന്നു വരികിലും ‘ഞാന്‍’ അതില്‍നിന്നും വിഭിന്നമാണെന്നും ‘ഞാന്‍’ അനന്താവബോധത്തിന്റെ വെറും പ്രതിഫലനം മാത്രമാണെന്നും ഉള്ള സത്യമറിഞ്ഞവന് സന്താപങ്ങളില്ല. അതുകൊണ്ട് അയഥാര്‍ത്ഥ്യമായ ഒന്നിന്റെമേല്‍ തന്റെ ആശയും പ്രതീക്ഷയും ഉദ്ഗതിയുമെല്ലാം സമര്‍പ്പിച്ചു കാത്തിരിക്കുന്നത് നാം സ്വയം തീര്‍ത്ത ബന്ധനം തന്നെയാണ്.

അല്ലയോ രാമാ, ഈ ലോകത്ത് വൃഥപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ ജീവിതം നയിച്ചാലും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയും തള്ളേണ്ടവയെ തള്ളുകയും വേണം. അഭികാമ്യം, അനഭികാമ്യം എന്നിങ്ങിനെ ഇഷ്ടാനിഷ്ടവിവേചനം ചെയ്യാതെ വെറുമൊരു ലീലയായി ഈ ലോകത്ത് ജീവിക്കൂ. എല്ലാടവും സത്തായി നിലകൊള്ളുന്നത് അനന്താവബോധം മാത്രമാണെന്ന് നിനക്കറിയാമല്ലോ. കാണപ്പെടുന്നത്, വെറും നിഴല്‍ക്കാഴ്ച് മാത്രമാണ്. ഈ സത്യം ഒരുണര്‍വ്വായി അറിവാകുമ്പോള്‍ സത്യസാക്ഷാത്കാരമായി.

ഒന്നുകില്‍ ‘ഞാന്‍ ഇല്ല, ഈ അനുഭവങ്ങള്‍ ഒന്നും എന്റേതല്ല’, എന്നോ അല്ലെങ്കില്‍ ‘ഞാനാണെല്ലാം’ എന്നോ അറിഞ്ഞുണര്‍ന്നാല്‍ പ്രത്യക്ഷലോകത്തിന്റെ ആകര്‍ഷണങ്ങളില്‍നിന്നും നിനക്ക് മുക്തിയായി. ഈ രണ്ടു ഭാവങ്ങളും ഉത്തമം തന്നെ. നിനക്കതില്‍ ഇഷ്ടമുള്ളത് സ്വീകരിക്കാം. രാഗദ്വേഷങ്ങളില്‍നിന്നും നിനക്കങ്ങിനെ മുക്തി നേടാം.

“ദ്വിവിധ ശക്തികളായ രാഗദ്വേഷങ്ങളെ ഇല്ലാതാക്കിയവന് ഈ ലോകത്തിലെയും ആകാശത്തിലെയും സ്വര്‍ഗ്ഗത്തിലെയും എല്ലാമെല്ലാം സ്വായത്തമാണ്.” അജ്ഞാനികള്‍ ഈ ദ്വന്ദശക്തികളുടെ പിടിയില്‍പ്പെട്ടു നട്ടം തിരിയുന്നു. വേദശാസ്ത്രവിശാരദനാണെങ്കില്‍പ്പോലും അവയുടെ വരുതിയിലായാല്‍ ഒരുവന്റെ സ്ഥിതി പരിതാപകരം തന്നെ. ‘എന്നെ അയാള്‍ കൊള്ളയടിച്ചു’, ‘ഞാന്‍ എന്റെ സുഖങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു’, എന്നിത്യാദി സംഭാഷണങ്ങളാണ് ‘പുസ്തകജ്ഞാനിയായ’ അയാളില്‍ നിന്ന് കേള്‍ക്കുക.

സമ്പത്തും ബന്ധുമിത്രാദികളും വന്നുപോയിക്കൊണ്ടിരിക്കുന്നവയാണ്. ജ്ഞാനി അവയെത്തേടി അലയുകയോ അവയെ ഉപേക്ഷിക്കാന്‍ പണിപ്പെടുകയോ ചെയ്യുന്നില്ല. തുടക്കവും ഒടുക്കവുമുള്ള ഒന്നിനെയും ജ്ഞാനി തന്റെ ശ്രദ്ധയ്ക്ക് യോഗ്യമായി കരുതുന്നില്ല. ഈ ലോകത്ത് ഒരുവന്‍ എന്തെങ്കിലും പണിപ്പെട്ട് തയ്യാറാക്കുന്നു, വളര്‍ത്തി വലുതാക്കുന്നു. (ഉദാഹരണത്തിനു നാം വളര്‍ത്തി വലുതാക്കുന്ന പുത്രിമാരേക്കൊണ്ടുള്ള അനുഭവം മറ്റൊരു വീട്ടിനാണല്ലോ (ഭര്‍തൃഗൃഹം). ഇതില്‍ ആര് ആരെയാണ് കബളിപ്പിക്കുന്നത്?

രാമാ നിന്റെ ആത്മീയോന്നതിക്കായി ഞാന്‍ വീണ്ടും വീണ്ടും പ്രഖ്യാപിക്കട്ടെ – ഈ പ്രകടിതലോകം ദീര്‍ഘമായൊരു സ്വപ്നം മാത്രമാണ്. ഉണരൂ, ഉണരൂ. സൂര്യപ്രഭയോടെ ജാജ്വല്യമാനമായ ആത്മാവിനെ കാണൂ. ഈ അമൃതസമാനവാക്കുകള്‍കൊണ്ട് നിന്നില്‍ ഉണര്‍വുണ്ടായിരിക്കുന്നു. ഇനി നിനക്ക് ജനനമോ, ദുഖമോ, പാപമോ, വിഭ്രമമോ ഇല്ല. എല്ലാ ധാരണകളെയും ഉപേക്ഷിച്ച് നീ ആത്മാഭിരാമനാകൂ.