യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 363 [ഭാഗം 6. നിര്‍വാണ പ്രകരണം]

ശരീരപങ്കജഭ്രാന്ത മനോഭ്രമരസംഭൃതാം
ആസ്വാദയതി സങ്കല്‍പമധുസത്താം ചിദീശ്വരീ (6/30/34)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ചിലയിടങ്ങളില്‍ ചിലപ്പോള്‍ ഈ ഭഗവാന്‍ ആകാശമായും ജീവനായും കര്‍മ്മങ്ങളായും വിഷയവസ്തുക്കളായും പല വിധത്തില്‍ അനിച്ഛാപൂര്‍വമെങ്കിലും പ്രവര്‍ത്തനനിരതമായി കാണപ്പെടുന്നു. വിവിധ സമുദ്രങ്ങളെല്ലാം വാസ്തവത്തില്‍ ജലത്തിന്റെ അവിച്ഛിന്നമായ ഒരു മഹാനിവഹമാണെന്നതുപോലെ ബോധവും പലവിധത്തില്‍ പ്രകടമാകുന്ന ഒരേയൊരു വിശ്വമഹാബോധം തന്നെയാണ്.

“താമരപ്പൂവില്‍നിന്ന് തേനീച്ച തേന്‍ എടുക്കുന്നതുപോലെ അശാന്തമായ മനസ്സ് ദേഹത്തിലൂടെ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുന്നതും ഈ ബോധത്തിനാലാണ്.” ജലസമുദ്രത്തില്‍ പ്രത്യക്ഷമാകുന്ന മലരികളും ചുഴികളുമെന്നപോലെ ദേവതകള്‍, അസുരന്മാര്‍, പര്‍വതങ്ങള്‍ സമുദ്രങ്ങള്‍ എന്നിങ്ങിനെയുള്ള കാഴ്ചകള്‍ പ്രത്യക്ഷമാകുന്നത് ബോധസമുദ്രത്തിലാണ്.

ഈ ബോധത്തിന്റെ ചൈതന്യം എപ്പോഴും ചലനാത്മകമായതിനാല്‍ ജനനമരണങ്ങള്‍ക്ക് ഹേതുവാകുന്ന അവിദ്യയുടെ ചാക്രികചലനം പോലും നടക്കുന്നത് ബോധത്തിലാണ്.

ഭൂമിയില്‍നിന്നുയര്‍ന്നു പൊങ്ങുന്ന താപത്തിനറുതി വരുത്തുന്നതും എന്നാല്‍ ഇടിവേട്ടോടുകൂടിയ പേമാരിയെ അണിയിച്ചൊരുക്കുന്നതുമായ മഴവില്ലിനു സമാനമായി നാല് കൈകളുള്ള ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍ അസുരന്മാരെക്കൊന്നൊടുക്കിയത് ഈ ബോധമായാണ്.

ശിവപാര്‍വതിമാരായും ബ്രഹ്മാവായും മറ്റ് അനേകമനേകം ജീവജാലങ്ങളായതും ഈ ബോധം തന്നെ. തന്റെയുള്ളില്‍, ആത്മാവില്‍ മാറ്റങ്ങളേതും ബാധിക്കപ്പെടാതെ വെറും പ്രതിഫലനമായി ഛായകളെ സൂക്ഷിക്കുന്ന കണ്ണാടിയെന്നപോലെയാണ് ബോധം. സ്വയം മാറ്റങ്ങള്‍ക്കു വിധേയമാകാതെ ഈ വിശ്വം മുഴുവന്‍ നിറഞ്ഞു വിളങ്ങുന്ന വൈവിദ്ധ്യമാര്‍ന്ന വസ്തുവിഷയങ്ങളായി കാണപ്പെടുന്നത് ബോധം തന്നെയാണ്.

അനന്താവബോധം, പടര്‍ന്നു കയറുന്ന ഒരു വള്ളിച്ചെടിപോലെയാണ്. അതില്‍ എണ്ണമറ്റ ജീവജാലങ്ങളുടെ വാസനകള്‍ കുടഞ്ഞു തളിച്ച് വളംവച്ച് ആശകളാകുന്ന മുളപൊട്ടിയിരിക്കുന്നു. സചേതനവും അചേതനവുമായ ജീവജാലങ്ങള്‍ ഈ ചെടിയുടെ ഭാഗങ്ങളാകുന്നു. ആ ‘ഒന്ന്‍’ പലതായി കാണപ്പെടുന്നു എങ്കിലും അതൊരിക്കലും പലതായിട്ടില്ല.

അനന്താവബോധത്തിന്റെ നിറവിലാണ് ഇപ്പറഞ്ഞതെല്ലാം ആലോചിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സൂര്യനായി ജ്വലിക്കുന്നത് ഈ ബോധമാണ്. കേവലം ജഡമായ വസ്തുവകകളാകുന്നതും അവയുടെ ചാര്‍ച്ചയില്‍ വേദ്യമാകുന്ന അനുഭവങ്ങളാകുന്നതും ബോധംതന്നെ. സ്വന്തം പ്രഭാവത്തിലെന്നപോലെ മണല്‍ത്തരികളും പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങി വട്ടംചുറ്റുമ്പോള്‍ ചുഴലിക്കാറ്റിനെപ്പറ്റി നാം അറിയുന്നു, എന്നാല്‍ ചുഴലിക്കാറ്റിനെ മാത്രമായി നമുക്ക് കാണാനാവുന്നില്ല. അതുപോലെയാണ് ബോധം.

സ്വയം ഒരു നിഴലുണ്ടാക്കുന്നപോലെ, ബോധം, തമസ്സിനെയും മന്ദതയെയും ‘ഉണ്ടാക്കുന്നു’. ചിന്തകളും ധാരണകളും നല്‍കി ഈ ശരീരത്തെ കര്‍മ്മോന്മുഖമാക്കുന്നതും ഈ ബോധമാണ്. ബോധത്തിന്റെ അഭാവത്തില്‍ തന്റെ തൊട്ടുമുന്നിലുള്ള വസ്തുവിനെപ്പോലും ആര്‍ക്കും അനുഭവിക്കാന്‍ കഴിയില്ല. ദേഹത്തിനു നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും ബോധം ഉണ്ടെങ്കിലേ സാധിക്കൂ. അതാണ്‌ ആഹാരം കഴിക്കുന്നതും, വളരുന്നതും തളരുന്നതും എല്ലാം. ചരാചരങ്ങളായ എല്ലാറ്റിന്റെയും സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ഹേതുവായിരിക്കുന്നത് ഈ ബോധമാണ്. കാരണം ഈ അനന്താവബോധമല്ലാതെ മറ്റൊന്നും ഇല്ല. ബോധത്തിലാണ് ബോധം ബോധമായിത്തന്നെ ഉദിച്ചുയര്‍ന്നത്. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം പലതായി കാണപ്പെടുന്നു.