യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 380 [ഭാഗം 6. നിര്‍വാണ പ്രകരണം]

സംപദ്യതേ യഥാ യോഽസൌ പുരുഷ: സര്‍വകാരകഃ
അനേനൈവ ക്രമേണേഹ കീടഃ സംപദ്യതേ ക്ഷണാത് (6/42/19)

ഭഗവാന്‍ തുടര്‍ന്നു: അകമേയുള്ള നിശ്ശൂന്യതയില്‍ സ്വപ്നം കാണുന്നയാള്‍ വിവിധങ്ങളായ വസ്തുക്കളെ കാണുന്നതുപോലെ ജീവന്‍ ഈ ഘടകങ്ങള്‍കൊണ്ട് ശരീരം സംജാതമായതായി കരുതുന്നു. അതിപ്പോഴും അങ്ങിനെതന്നെയാണ്. വിശ്വബോധം അല്ലെങ്കില്‍ വിശ്വപുരുഷന്‍ ലോകത്തിന്റെ വൈവിദ്ധ്യതയെ തന്നില്‍ത്തന്നെ ദര്‍ശിക്കുകയാണ്. സ്വപ്നം കാണുന്നയാളും അങ്ങിനെയാണല്ലോ. ജീവന്‍ സ്വയം താന്‍ ബ്രഹ്മാവും വിഷ്ണുവും എല്ലാമാണെന്ന് കരുതുന്നു. എന്നാല്‍ ഇതെല്ലാം വെറും ചിന്താമൂര്‍ത്തികള്‍ മാത്രമാണ്. എന്നാല്‍ ഈ ചിന്താമൂര്‍ത്തികള്‍ മറ്റുള്ള ചിന്താമൂര്‍ത്തികളെ സങ്കല്‍പ്പിച്ചുണ്ടാക്കുന്നു. എന്നിട്ടവയെ അനുഭവിക്കുകയും ചെയ്യുന്നു. ഇവയിലെല്ലാമുള്ള അടിസ്ഥാന ധാരണ അഹംഭാവം തന്നെയാണ്. അതുണ്ടാവുന്നത് ബോധം ഒരു വസ്തുവിനെ തന്റെ ധാരണയ്ക്ക് വശംവദമാക്കി, അതിന്റെ പ്രതീതി തന്നില്‍ വസ്തുബോധമായി ഉണ്ടാകുന്നതായി അറിയുമ്പോഴാണ്. ബോധത്തിനത് ഒരു വിഷയമാവുകയാണ്.

ആ നിമിഷം തന്നെ യുഗമാണ്. അനേകം യുഗങ്ങളാണ്. അവയുടെ ഭാഗങ്ങളുമാണ്. ഈ നിലനില്‍പ്പിന്റെ എല്ലാ അണുക്കളിലും അനവരതം സ്വേഛയുടെയും ആത്മജ്ഞാനത്തിന്റെയും ഈ നാടകം എല്ലാ കാലങ്ങളിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതെല്ലാം വിശ്വബോധത്തിലെ വെറും ചിന്താകല്‍പ്പിതങ്ങള്‍ മാത്രമാകുന്നു. ഒന്നും തന്നെ വിശ്വമനസ്സിനാല്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. കാരണം അതിനു മാറ്റങ്ങളോ ഉപാധികളോ ഇല്ലല്ലോ. സ്വപ്നത്തില്‍ ദൃശ്യമായ ഒരു പര്‍വ്വതം കാണപ്പെടുന്നത് സമയദൂരസംബന്ധിയായാണ്. എന്നാല്‍ അതുണ്ടാവാനും മറയാനും സമയമെടുക്കുന്നില്ല. അതാണീ ലോകത്തിന്റെ സ്ഥിതിയും.

കണ്‍മിഴി തുറന്നടയ്ക്കുന്ന നേരത്തിനിടയ്ക്ക് സര്‍വ്വശക്തന്‍ ഈ ലോകത്തില്‍ എങ്ങിനെ സംജാതമായോ അങ്ങിനെതന്നെയാണീ ലോകത്തില്‍ കേവലമൊരു പുഴുവും ഉണ്ടായത്‌. ഈ വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാമെല്ലാം, രുദ്രദേവന്‍ മുതല്‍ വെറുമൊരു പുല്‍ക്കൊടി വരെ ഉണ്ടായിട്ടുള്ളത്‌ ഇപ്പറഞ്ഞ ഒരേ രീതിയിലാണ്. അണുരൂപിയാണെങ്കിലും അതിസ്തൂലജീവിയാണെങ്കിലും വ്യത്യാസമൊന്നുമില്ല. അങ്ങിനെ ഈ സംസാരലോകത്തിന്റെ വസ്തുതയെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ വൈവിദ്ധ്യതയെന്ന പ്രതീതി മറയുകയും ആത്മജ്ഞാനം അങ്കുരിക്കുകയും ചെയ്യും. അതാണ്‌ ഈശ്വരസാക്ഷാത്കാരം. എന്നാല്‍ അനന്താവബോധത്തിന്റെ ഉണ്മയുടെ നിറവ് ഒരു നിമിഷാര്‍ദ്ധത്തിന്റെ നൂറിലൊന്നു സമയം നമ്മില്‍ നിന്ന് വേറിട്ടുപോയാല്‍ ഈ മായാസൃഷ്ടികള്‍ അവയുടെ ലീലകള്‍ തുടരുകയായി.

ബ്രഹ്മം എന്ന് വിജ്ഞരായ മാമുനിമാര്‍ പറയുമ്പോള്‍ അവര്‍ വിവക്ഷിക്കുന്നത് ഒരുവന്‍ അനന്താവബോധത്തില്‍ രൂഢമൂലമായി നില്‍ക്കുന്ന സമതാവസ്ഥയെക്കുറിച്ചാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഇളക്കം ഉണ്ടാവുമ്പോള്‍ ലോകം സത്യമാണ്, ഉണ്മയാണ് എന്ന തോന്നല്‍ ഒരുവനില്‍ ഉണ്ടാവുന്നു. അത് അന്തമില്ലാത്ത വൈവിദ്ധ്യങ്ങള്‍ക്ക് നിദാനമാവുന്നു. ദേവന്മാര്‍ , അസുരന്മാര്‍ , മനുഷ്യര്‍ , ഉപമനുഷ്യര്‍ , അതിമാനുഷര്‍ , ചെടികള്‍ , കീടങ്ങള്‍ , എന്നിവയെല്ലാം അങ്ങിനെയുണ്ടാവുന്നു. എന്നാല്‍ അനന്തമായ അവബോധത്തില്‍ നിന്ന് വഴിതെന്നി വീഴാത്തവര്‍ എല്ലാത്തിന്റെയും പിറകിലെ സത്യമെന്തെന്ന നിറവില്‍ സദാ പ്രസന്നരായിരിക്കും.

വസിഷ്ഠന്‍ പറഞ്ഞു: ഇത്രയും പറഞ്ഞ പരമശിവന്‍ എന്റെ പൂജാദികള്‍ കൈക്കൊണ്ട് എന്നെ അനുഗ്രഹിച്ചു. എന്നിട്ട് തന്റെ പ്രിയപത്നിയായ പാര്‍വ്വതീദേവിയുമായി അവിടെ നിന്നും വിരമിച്ചു. ഭഗവാന്റെ പ്രഭാഷണം കേട്ട് അതില്‍ ആമഗ്നനാകയാല്‍ മുന്‍പ് ഞാന്‍ ചെയ്തിരുന്ന ആരാധനാക്രമങ്ങളെ ഉപേക്ഷിച്ചിട്ട് സര്‍വ്വവ്യാപിയും അദ്വയവുമായ ആത്മാവിനെ ഉപാസിക്കാന്‍ തുടങ്ങി.