യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 386 [ഭാഗം 6. നിര്‍വാണ പ്രകരണം]
ന ദൃശ്യം നോപദേശാര്‍ഹം നാത്യസന്നം ന ദൂരഗം
കേവലാനുഭവപ്രാപ്യം ചിദ്രൂപം ശുദ്ധമാത്മനഃ (6/48/10)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ അഹംകാരവും ആകാശവും മറ്റും സത്തായ വസ്തുക്കളുടെ സ്വഭാവസവിശേഷതകള്‍ ആര്‍ജ്ജിച്ചുവെങ്കിലും അവയൊന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒന്നും ഉണ്ടായിട്ടില്ലെങ്കില്‍ക്കൂടി അവിടെ എല്ലാം കാണായി.
അങ്ങിനെയാണ് മാമുനിമാരും ദേവതകളും ഉത്തമരായ ജീവികളും അവരവരുടെ അതീന്ദ്രിയബോധത്തില്‍ അഭിരമിക്കുന്നത്. അവരില്‍ ദ്വന്ദതയുടെ മായക്കാഴ്ച ഇല്ലേയില്ല. വിഷയവും വിഷയിയും എന്ന തരം തിരിവില്ലാത്തതിനാല്‍ അവരില്‍ ചിന്താസഞ്ചാരങ്ങള്‍ നിലച്ചിരിക്കുന്നു. അവരുടെ ദൃഷ്ടി അചഞ്ചലമാണ്. അവരുടെ ഇമകള്‍ ചിമ്മുന്നില്ല. ഈ ലോകത്ത് ചടുലതയോടെ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ ഈ മായാനുഭവത്തെ വിലമതിക്കുന്നില്ല. വിഷയ-വിഷയീ ബന്ധം എന്ന ധാരണപോലും അവരിലില്ല.
അവരുടെ പ്രാണനില്‍ ആകുലതകളില്ല. ചിത്രപടങ്ങള്‍ പോലെയാണവര്‍ . ഭംഗിയായി വരച്ചുവച്ച ചിത്രങ്ങളിലെ രൂപങ്ങള്‍ക്ക് മന:ശ്ചാഞ്ചല്യമുണ്ടാവുകയില്ലല്ലോ. കാരണം അവര്‍ ബോധത്തിന്റെ ധാരണാത്മകമായ ചോദനകളെ തീരെ ഇല്ലാതാക്കിയവരാണ്. ഭഗവാന്‍ ചെയ്യുന്നതുപോലെ, മനസ്സിന്റെ തുലോം ചെറിയൊരു ചലനം കൊണ്ട് ഉചിതമായ കര്‍മ്മങ്ങള്‍ അവരും അനുഷ്ഠിക്കുന്നു. അത്തരം ചെറുചലനങ്ങള്‍ പോലും അവര്‍ക്ക് ആനന്ദദായകമത്രേ. കാരണം വിഷയി വസ്തുവിനെ കാണുന്ന പ്രതിഭാസത്തെ അവര്‍ നിമിഷനേരത്തേക്ക് സ്വേഛയാല്‍ അനുഭവിക്കുകയാണല്ലോ. അവരുടെ ബോധം അതിനിര്‍മ്മലമാണ്. എല്ലാ സങ്കല്‍പ്പധാരണകളാകുന്ന മാലിന്യങ്ങള്‍ക്കും അതീതമാണത്.
“ആത്മാവിന്റെ അങ്ങിനെയുള്ള നിര്‍മ്മലത, അനന്താവബോധത്തിന്റെ നൈസര്‍ഗ്ഗിക ഭാവം എന്നത് ഒരു ദര്‍ശനമോ അനുഭവമോ അല്ല. അതിനെ സ്വാധീനിക്കാന്‍ ഒന്നിനുമാവില്ല. അത് അനായാസമോ ആയാസരഹിതമോ അല്ല. അരികത്തോ അകലയോ അല്ല. നേരറിവിനാല്‍ മാത്രം പ്രാപ്യമായ ഒരവസ്ഥയത്രേ അത്.”
‘അത്’ മാത്രമേ നിലനില്‍ക്കുന്നുള്ളു. മറ്റൊന്നിനും ഉണ്മയില്ല.ദേഹത്തിനോ ഇന്ദ്രിയങ്ങള്‍ക്കോ, പ്രാണനോ, മനസ്സിനോ സ്മരണയ്ക്കോ, വാസനയ്ക്കോ, ജീവനോ, ബോധത്തിലെ ചലനത്തിനോ, ബോധത്തിനോ, ലോകത്തിനോ ഒന്നിനും നിലനില്‍പ്പില്ല. അത് സത്തും അസത്തുമല്ല. അതിനിടയിലുള്ളതുമല്ല. ശൂന്യമോ ശൂന്യമല്ലാത്തതോ അല്ല. അത് കാലമോ, ദേശമോ, ആകാശമോ, സമൂര്‍ത്തമോ അല്ല.
ഇവയില്‍ നിന്നെല്ലാം സ്വതന്ത്രമായി, ഹൃദയത്തിലെ നൂറുകണക്കിന് മൂടുപടങ്ങള്‍ക്കും അപ്പുറം കാണപ്പെടുന്ന എല്ലാറ്റിനെയും ആത്മാവായി അനുഭവിച്ചറിയുന്ന അറിവാണ് അറിവ്. അത് ആരംഭമോ അവസാനമോ ഇല്ലാത്ത ഒന്നാണ്. അതെപ്പോഴും എവിടെയും നിറഞ്ഞതായതിനാല്‍ അത്, വന്നുചേര്‍ന്ന, അല്ലെങ്കില്‍ എത്തിച്ചേര്‍ന്ന ഒരവസ്ഥയല്ല. ആയിരക്കണക്കിനു ജീവനുകള്‍ ജനിച്ചു ജീവിച്ചു മരിക്കുന്നു. എന്നാല്‍ ആത്മാവ് ശാശ്വതമായി അകത്തും പുറത്തും യാതൊന്നിനാലും ബാധിക്കപ്പെടാതെയിരിക്കുന്നു.
അനന്തതയില്‍ നിന്നും ഒരല്‍പം വിഭിന്നമെന്നതുപോലെ അത് ദേഹാദികളില്‍ കുടികൊള്ളുന്നു. തികച്ചും ചടുലമായി, പ്രഭാവത്തോടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകഴിയുമ്പോഴും അതിന് ‘ഞാന്‍’, ‘എന്റെ’ എന്ന ഭാവങ്ങള്‍ ഇല്ല. കാണുന്നതെല്ലാം എല്ലാവിധ വിവരണങ്ങള്‍ക്കും ഗുണഗണങ്ങള്‍ക്കും അതീതമായ ബ്രഹ്മം. അത് ശാശ്വതവും പ്രശാന്തവും നിര്‍മ്മലവും അതീവനിശ്ചലവുമത്രേ.